![]() |
|||||

ഈ വര്‍ഷം ഗാന്ധിജയന്തിനാളില്‍ കേരളത്തിന്റെ വടക്കേയറ്റത്തു് കാസര്‍ഗോട്ടു നിന്നു് ഒരു അസാധാരണമായ പദയാത്ര തലസ്ഥാനനഗരിയായ തിരുവനന്തപുരത്തേക്കു് പുറപ്പെട്ടു. ജവഹര്‍ലാല്‍ നെഹറുവിന്റെ പിറന്നാളായ നവംബര്‍ പതിനാലിനു് സമാപിപ്പിക്കുന്നതാണു് ഈ പദയാത്ര എന്നാണു് സംഘാടകര്‍ അറിയിച്ചതു്. സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ അനൂപ് ജോണും മൂന്നു് സുഹൃത്തുക്കളുമാണു് പദയാത്രാസംഘത്തിലുള്ളതു്. പദയാത്രകളുടെ പതിവുരീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു് നാല്‍വര്‍സംഘം നടത്തുന്ന യാത്ര. ഉദ്ദേശ്യലക്ഷ്യങ്ങളിലും പ്രയോഗരീതിയിലും എല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന ഈ പദയാത്ര ഒരു മാദ്ധ്യമവിശേഷം പോലുമല്ല. അതില്‍ അസ്വാഭാവികതയില്ല. അരിക്കും വൈദ്യുതിക്കും വികസനത്തിനും കേന്ദ്രാവഗണനയ്ക്കെതിരെയും നടത്തുന്ന പദയാത്രകളുടെ പ്രചരണോദ്ദേശ്യമോ ലക്ഷ്യമോ അല്ല ഈ പദയാത്രയ്ക്കുള്ളതു്. ജനസാമാന്യത്തിന്റെ നിത്യജീവിതപ്രശ്നമല്ലാത്ത കാര്യമാണു് ഈ പദയാത്രയുടെ ഉദ്ദേശ്യലക്ഷ്യം. അതു് സ്വാതന്ത്ര്യമാണു്.