തര്‍ജ്ജനി

explore the rich cultural heritage of kerala
നങ്ങ്യാര്‍കൂത്ത്‌ - കുറിപ്പുകള്‍

കൂടിയാട്ടത്തിലെ സ്ത്രീസാന്നിദ്ധ്യം ഒരു ബാഹ്യാവലോകനം
ക്ഷേത്രകേന്ദ്രീകൃതമായി കൂത്തും കൂടിയാട്ടവും നടന്നിരുന്ന കാലത്തും ഇപ്പോഴും സ്ത്രീക്ക്‌ കൂടിയാട്ടത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്‌. സ്ത്രീകള്‍ക്ക്‌ രംഗപ്രവേശം അനുവദനീയമല്ലാതിരുന്ന കാലങ്ങളിലും കൂടിയാട്ടത്തിലെ സ്ത്രീസാന്നിദ്ധ്യത്തിന്‌ അത്‌ ബാധകമായിരുന്നില്ല. കുടുംബങ്ങളില്‍ത്തന്നെ അഭ്യസനവും കുടുംബാംഗങ്ങളോടൊപ്പം അവതരണവും; അങ്ങനെ തികച്ചും ഒരു കുടുംബാന്തരീക്ഷത്തിലാണ്‌ ഈ കലാരൂപം നിലനിന്നുപോന്നത്‌ എന്നതുകൊണ്ട്‌ നടികളെന്ന വര്‍ഗ്ഗത്തിനോടുള്ള സമൂഹത്തിന്റെ ഒരു പ്രത്യേക കാഴ്ചപ്പാട്‌ നങ്ങ്യാന്മാരോടുണ്ടായിരുന്നില്ല. മാത്രമല്ല, അവര്‍ക്കൊരു പതിത്വം കല്പിക്കുക എന്ന ചിന്താഗതിതന്നെ അന്ന്‌ അന്യമായിരുന്നു. വേഷം ധരിച്ചാല്‍ ശ്രീലകത്തിനു മുമ്പില്‍ സോപാനത്തില്‍ കയറി നിന്ന്‌ മണിയടിച്ചു തൊഴുവാന്‍ പോലും അനുവാദമുണ്ടായിരുന്ന അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാന്യമായ ഒരു പദവിതന്നെ സമൂഹത്തില്‍ ഉണ്ടായിരുന്നു. മറ്റു രംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടിയാട്ടത്തിലെ സ്ത്രീവിഭാഗത്തിനോട് പൊതുവെ ഇന്നും ഏറെക്കുറെ ആ മനോഭാവം തന്നെയാണ്‌ ഉള്ളത്‌.

നങ്ങ്യാര്‍കൂത്ത് - വളര്‍ച്ച

ഏതാണ്ട്‌ 20-25 വര്‍ഷത്തെ പഴക്കമേ നങ്ങ്യാര്‍ക്കൂത്തിന്റെ ഇന്നത്തെ അവതരണത്തിനും ദൃശ്യാനുഭവത്തിനും അവകാശപ്പെടാനാവു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ ഈ കാലഘട്ടത്തില്‍ ഇതിനുണ്ടായത്‌. അനുഷ്ഠാനമെന്ന പുറംതോട്‌ പൊട്ടിച്ച്‌ കുടുംബങ്ങളില്‍ നിന്ന്‌ പടിയിറങ്ങി കൂടിയാട്ടത്തിന്‌ പൈങ്കുളം രാമചാക്യാരുടെ നേതൃത്വത്തില്‍ കേരളകലാമണ്ഡലത്തില്‍ അഭ്യാസക്കളരികള്‍ ഒരുങ്ങി. അവിടെയെത്തിയ വിദ്യാര്‍ത്ഥിനികള്‍ കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങള്‍ക്ക്‌ പ്രാധാന്യം നല്കിക്കൊണ്ട്‌ നങ്ങ്യാര്‍കൂത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. കൂടിയാട്ടത്തിന്‌ വ്യാപ്തി നല്കിയ രാമചാക്യാര്‍ക്ക്‌ നങ്ങ്യാര്‍ക്കൂത്തിന്റെ വളര്‍ച്ച കണ്ടറിയുവാനുള്ള അവസരം ഉണ്ടായില്ല. തുടര്‍ന്ന്‌, മിഴാവദ്ധ്യാപകനായിരുന്ന പി.കെ.നാരായണന്‍ നമ്പ്യാര്‍ 1984ല്‍ നങ്ങ്യാര്‍ക്കൂത്തിന്റെ ആട്ടപ്രകാരം അച്ചടിച്ച്‌ പ്രസിദ്ധപ്പെടുത്തി. ഇതിനിടെ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തില്‍ നങ്ങ്യാര്‍ക്കൂത്തിന്റെ പരിശീലനം ആരംഭിക്കുന്നു. പ്രസിദ്ധഗവേഷകരും കലാപ്രവര്‍ത്തകരും ആയ ശ്രീ വേണുജിയുടെയും ശ്രീമതി നിര്‍മ്മലാപണിക്കരുടെയും ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹനങ്ങളും നങ്ങ്യാര്‍ക്കൂത്തിന്റെ ഇന്നത്തെ വളര്‍ച്ചക്ക്‌ സഹായകമായി. അമ്മന്നൂര്‍ ആശാന്മാരുടെ ശിക്ഷണത്തില്‍ ഗുരുകുലത്തില്‍ നങ്ങ്യാര്‍ക്കൂത്ത്‌ സമ്പൂര്‍ണ്ണമായി പരിശീലിക്കപ്പെട്ടു. തൃശ്ശൂര്‍ വടക്കുംനാഥന്റെ കൂത്തരങ്ങ്‌ തുടര്‍ച്ചയായുള്ള അവതരണത്തിന്‌ വേദിയൊരുക്കി. 1988-ഓടെ തിരുവനന്തപുരത്ത്‌ മാര്‍ഗിയിലും നങ്ങ്യാര്‍ക്കൂത്തിന്‌ അരങ്ങുകളുണ്ടായി. 1992-ല്‍ ശ്രീമതി നിര്‍മ്മലാപണിക്കര്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം തയ്യാറാക്കി. ഇന്ന്‌ എല്ലാ സ്ഥാപനങ്ങളിലും നങ്ങ്യാര്‍ക്കൂത്ത്‌ കലാകാരികളുണ്ട്‌. കൂടിയാട്ടത്തോടൊപ്പം ഇതും മുഖ്യപാഠ്യവിഷയമാണ്‌.

നങ്ങ്യാര്‍കൂത്ത് - അവതരണാവകാശം

കേരളീയ ക്ഷേത്രങ്ങളുടെ കൂത്തമ്പലങ്ങളിലോ , വലിയമ്പലങ്ങളിലോ നിശ്ചിത കാലങ്ങളില്‍ നടന്നുപോന്നിരുന്ന ഈ അവതരണങ്ങളുടെ അവകാശികള്‍ നമ്പ്യാര്‍ കുടുംബങ്ങള്‍ മാത്രമാണ്‌. നിശ്ചിത ക്ഷേത്രങ്ങളിലെ അവതരണത്തിന്‌ അതാതിടങ്ങളില്‍ നിന്ന് തുച്ഛമെങ്കിലും അവര്‍ക്ക്‌ പ്രതിഫലവും ലഭിച്ചിരുന്നു. തങ്ങളുടെ കുലത്തൊഴില്‍ എന്ന രീതിയില്‍ തന്നെയാണ്‌ അവര്‍ അതിനെ കണ്ടിരുന്നതും. തൃശ്ശൂര്‍ വടക്കുംനാഥന്‍ ‍, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം, തിരുവില്വാമല, പഴയന്നൂര്‍, മുളഞ്ഞൂര്‍, തിരുമാന്ധാംകുന്ന്‌, കുഴൂര്‍, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ചൊവ്വര ശിവക്ഷേത്രം, കൃഷ്ണക്ഷേത്രം, പ്രളയക്കാട്‌, അമ്പലപ്പുഴ, തകഴി, കുമരനെല്ലൂര്‍ ‍, തിരുവാറ്റ, ആര്‍പ്പൂക്കര, തിരുനക്കര, കവിയൂര്‍ ‌എന്നിവിടങ്ങളിലെല്ലാം നങ്ങ്യാര്‍ക്കൂത്ത്‌ അഭിനയിച്ചിരുന്നു. ഏഴോ പന്ത്രണ്ടോ ദിവസങ്ങള്‍കൊണ്ട്‌ അവസാനിക്കത്തക്ക രീതിയിലാണ്‌ ഇത് അവതരിപ്പിച്ചിരുന്നത്‌.