തര്‍ജ്ജനി

പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിലോലമായ ബന്ധം വിവിധ ചൂഷണങ്ങളുടെ ഫലമായി തകര്‍ന്നു തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. വികലമായ പരിസ്ഥിതി നയങ്ങളും രാഷ്ട്രീയ ഇടപെടലുകളും നിയന്ത്രണമില്ലാത്ത നഗരവത്കരണവും പ്രകൃതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ നാം തിരിച്ചറിയാതെ പോകുകയും ചെയ്യുന്നു. പ്രകൃതിയില്‍ നിന്ന്‌ അകന്നു പോകുന്നാരു സമൂഹം വിനീതരാകുന്നത്‌ പ്രകൃതിക്ഷോഭങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ മാത്രമാണ്‌.

പോരാട്ടങ്ങളും യുദ്ധങ്ങളും ഉപേക്ഷിച്ച്‌, പരസ്പരം സഹായിക്കാനും ദുരന്തഭൂമിയിലേയ്ക്ക്‌ സഹായം എത്തിക്കാനും ഓരോ വ്യക്തിയും ഈ അവസരത്തില്‍ മുന്നോട്ട്‌ വരുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ജാതിയും മതവും ദേശീയതയും പ്രത്യയശാസ്ത്രങ്ങളും സഹജീവികളെ സഹായിക്കുന്നതിന്‌ തടസ്സമാകാതിരിക്കട്ടെ. വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടപ്പെടുന്ന ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളും ഒരു പുനഃപരിശോധനയ്ക്ക്‌ വിധേയമാകുമെന്ന്‌ നമുക്ക്‌ സ്വപ്നം കാണാം.

ലോകം മുഴുവന്‍ വിതുമ്പുമ്പോള്‍, ആഘോഷങ്ങള്‍ മാറ്റി വയ്ക്കപ്പെടുമ്പോള്‍, മെഴുകുതിരികള്‍ക്ക്‌ മുന്നില്‍ പ്രാര്‍ത്ഥനാനിരതരാകുമ്പോള്‍ നാമറിയുന്നു മനുഷ്യത്വം മരിച്ചിട്ടില്ലെന്ന്‌, സഹായം വിളിപ്പാടകലെ എന്നും ഉണ്ടായിരിക്കുമെന്ന്‌.

ചിന്ത.കോം പ്രവര്‍ത്തകര്‍