തര്‍ജ്ജനി

എന്റെ ഗ്രാമം

മായ നടന്നു. സൂക്ഷിച്ച്‌, വളരെപ്പതുക്കെ. അല്‍പ്പം അശ്രദ്ധ മതി തെന്നി വീഴാന്‍. മഴവെള്ളത്തില്‍ ഒലിച്ചുപോയ മണ്ണു വരുത്തിവച്ച വിള്ളലുകള്‍. ചെരുപ്പില്ലാതെയാണു നടക്കാനിറങ്ങിയത്‌. പക്ഷെ കല്ലുകൊണ്ടു പാദങ്ങള്‍ വല്ലാതെ നോവുന്നു. പണ്ടു ഓടിക്കളിച്ചു വളര്‍ന്ന മണ്ണു, ഇന്ന് കുത്തി നോവിക്കുന്നു. അല്‍പ്പം മുന്‍പിലായി കുഞ്ഞു മോളുണ്ട്‌. അവള്‍ വീഴാതിരിക്കാന്‍ മാലതി മുറുകെ പിടിച്ചിട്ടുണ്ട്‌, തന്റെ കളിക്കൂട്ടുകാരി മാലതി.

അന്യനാട്ടിലെ ഫ്‌ളാറ്റില്‍ കിടന്നു വീര്‍പ്പുമുട്ടുമ്പോഴൊക്കെ മനസ്സില്‍ അറിയാതെ ഉയരുന്ന ഒരു മരതകപ്പച്ചയുണ്ടായിരുന്നു. തന്റെ ഗ്രാമം. ഇരുവശവും നിറയെ വയലേലകളും അരുകിലായൊഴുകുന്ന അരുവിയും. കൈതച്ചെടികള്‍ നിറഞ്ഞ നടപ്പാതകളും... ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാനായി പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന പാറക്കൂട്ടങ്ങള്‍. അവയ്ക്കു തണലായുള്ള മാമരങ്ങളും ഒക്കെ ഓര്‍മ്മവരും. നാട്ടില്‍ വരുമ്പോഴൊക്കെ അതാണോര്‍മ്മ. അവിടെ ഒന്നു പോകാന്‍,ആ അരുവിയില്‍ കൈകാല്‍ കഴുകി, ആ പാറപ്പുറത്തിരുന്നു വിശ്രമിക്കാന്‍. കുഞ്ഞിലേ ഓടിക്കളിച്ച വയല്‍വരമ്പില്‍ കൂടി സ്വച്ഛമായ്‌ നടക്കാന്‍ ഒക്കെ മോഹിച്ചിട്ടുണ്ട്‌. ഇന്നാണതിനവസരം കിട്ടിയത്‌. ഇരുവശവും നെല്‍പ്പാടങ്ങള്‍ പഴയതിലും ഹരിതാഭയോടെ നില്‍ക്കുന്നു. ശരിക്കും ഗ്രാമീണത തിങ്ങി നില്‍ക്കുന്ന അന്തരീക്ഷം. ആധുനികത തേടിപ്പോയവര്‍ ശേഷിച്ചിട്ട ഭൂമി പച്ചപ്പുതപ്പില്‍ മൂടി നിര്‍വികാരതയോടെ കിടക്കുന്നു. ശേഷിക്കുന്ന കുറച്ചുപേര്‍ കൂടി ഒഴിഞ്ഞു പോയാല്‍ താന്‍ സര്‍വ സ്വതന്ത്രയാകുമെന്ന പ്രത്യാശയിലോ..?

മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും മോചനം കാംഷിക്കുമ്പോള്‍ പ്രകൃതിക്കും ആ ആഗ്രഹം കാണില്ലേ? തീര്‍ച്ചയായും ഉണ്ടാകും. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കൊത്തു വഴങ്ങുന്ന ഭൂമി, അധ്വാനികള്‍ക്കു പൊന്നു വിളയിക്കുന്ന ഭൂമി. നിശ്ചലയായി നിര്‍വികാരയായി കിടക്കുന്നു. മനുഷ്യനില്‍ നിന്നും, അവന്റെ പരാക്രമങ്ങളില്‍ നിന്നും മോചനം നേടിയ ചുരുക്കം ചില പ്രകൃതികള്‍. അതിലൊന്നാണ്‌ തന്റെ ഗ്രാമവും ആധുനികയ്ക്ക്‌ ഇനിയും കടന്നു വരാന്‍ വഴിയില്ലാത്തതിനാല്‍ രക്ഷപ്പെട്ടു കിടക്കുന്ന പ്രകൃതി.

അതിനിടയിലൂടെ ഒരു പ്രയാണം. എന്തിനെന്നറിയാതെ. നഷ്ടപ്പെട്ട ഇന്നലെകളെത്തേടി ഈ ഞാനും. എല്ലാവരും ഉപേക്ഷിക്കാനൊരുങ്ങുന്ന ഈ ഭൂമിയില്‍ കൈമോശം വന്ന വിലപ്പെട്ട എന്തോ ഒന്നു തിരയാനായി എന്റെ പഴയ വീടു നിന്ന സ്ഥലം കിളച്ചു മറിച്ചു റബ്ബര്‍പാകിയിരിക്കുന്നു. പട്ടണങ്ങള്‍ തേടിപ്പോയ പുത്തന്‍ തലമുറ.

ഞാനതിനിടയിലൊക്കെ എന്റെ കൈമോശം വന്ന ബാല്യത്തെ തിരഞ്ഞു. ചെത്തി മിനുക്കിയിട്ടിരുന്ന മുറ്റം, ഇരു വശവും പല നിറത്തിലുള്ള പൂച്ചെടികള്‍, എന്റെ പൂന്തോട്ടം. ഊഞ്ഞാല്‍ കെട്ടിയിരുന്ന പ്ലാവും, ഒന്നുമില്ല. എല്ലാം മാറിയിരിക്കുന്നു.

നെടുവീര്‍പ്പോടെ പടിയിറങ്ങുമ്പോള്‍ ഓര്‍ത്തു, നഷ്ടപ്പെട്ടതിനെ തിരഞ്ഞു നടന്നതുകൊണ്ടുഒരു പ്രയോജനവുമില്ല. എല്ലാം മാറിയിരിക്കുന്നു. മനുഷ്യന്‌ ഒരിക്കലും സൂക്ഷിച്ചു വയ്ക്കാന്‍ കഴിയാത്ത അവന്റെ ഭൂതകാലം.

ചെറുതിലേ കളിച്ചു നടന്ന വയല്‍ വരമ്പുകള്‍ ഇന്നു നടക്കാന്‍ കൂടി പറ്റാത്ത വിധത്തില്‍ചെറുതായിരിക്കുന്നു. താന്‍ വലുതായതോ, വരമ്പുകളുടെ വീതി കുറഞ്ഞതോ. അരുവിയും തീരെ വീതി കുറഞ്ഞു കാണപ്പെട്ടു. തന്റെ ഭാവനയിലെ ഗ്രാമത്തിന്റെ ഛായയേ മാറിപ്പോയിരിക്കുന്നു. ഇതു താന്‍ തേടുന്ന ഭൂമിയല്ല.

പെട്ടെന്നെ മായയ്ക്കു ഭയം തോന്നി. ഇരുവശവുമുള്ള പൊന്തക്കാടുകളിലൊക്കെ പതിയിരിക്കുന്നത്‌ സര്‍പ്പങ്ങളാണോ? മായ വളരെ വേഗം വീട്ടിലെത്താന്‍ കൊതിച്ചു, മോഹഭങ്ങങ്ങളെല്ലാം ഉള്ളിലൊതുക്കി. തിരിച്ചു നടന്നു. ഭൂതകാലത്തെ തേടിയുള്ള യാത്രയില്‍ തന്റെ വര്‍ത്തമാനം കൂടി നഷ്ടമാകരുതേ, മായ പ്രാര്‍ത്ഥിച്ചു.

മായ തിടുക്കിട്ട്‌ നടന്നു ആധുനികതയില്‍ കുളിച്ചു നില്‍ക്കുന്ന തന്റെ വീട്ടിലേക്ക്‌. അവിടെ തന്റെ അച്ഛനും അമ്മയും ഉണ്ട്‌ . സഹോദരനുണ്ട്‌. പക്ഷെ, അവിടെയും താന്‍ തിരയുന്ന ഭൂതകാലമില്ല, തന്റെ ബാല്യവും കൌമാരവും ഒന്നും ഇല്ല. സുരക്ഷിതയായി പണ്ടു താന്‍ പുസ്ത്കങ്ങളും വായിച്ചു സ്വപ്നം കണ്ട്‌ കവിതയെഴുതിയിരുന്ന തന്റെ മുറി കൂടി തനിക്ക്‌ അന്യമായിരിക്കുന്നു. തന്റെ ബൂക്കുകള്‍ തട്ടിന്‍ മുകളിലേക്ക്‌ സ്ഥലം മാറ്റപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ കുറച്ചു നാള്‍ തങ്ങാന്‍ വന്ന വഴിയാത്രക്കാരി, വിദേശിക്കായിട്ട്‌, എന്തിന്‌ ആ മുറി ഒഴിക്കുന്നു.

പഴമ പുതുമയ്ക്ക്‌ വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്നു എല്ലായിടത്തും. അവിടെ താന്‍ മാത്രം സാഹചര്യത്തിനൊത്ത്‌ ഉയരാന്‍ കഴിയാതെ
വിഡ്ഢിയായി മാറുമോ? എന്നും പുറകോട്ടു മാത്രം നടക്കാന്‍ കൊതിക്കുന്ന യാത്രക്കാരി. തനിക്കെവിടെയും സമാധാനമുണ്ടാകില്ല. ഉണ്ടാകും..ഒരിക്കല്‍.. അശാന്തമായ തന്റെ ആത്മാവ്‌ ഈ ശരീരത്തെ വിട്ട്‌ പോകുമ്പോള്‍, താന്‍ വീണ്ടും മണ്ണായ്‌ മാറുമ്പോള്‍ അതുവരെ ഈ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കും.പരസ്പര വിരുദ്ധങ്ങളായ ചിന്തകളും എന്തിനെന്നറിയാത്ത ഈ അന്വേക്ഷണവും, തുടര്‍ന്നുകൊണ്ടേ ഇരിക്കും.

മുന്ന