തര്‍ജ്ജനി

മോഹന്‍ പുത്തന്‍‌ചിറ

P.O. Box 5748,
Manama, Kingdom of Bahrain.
ഇ മെയില്‍: kbmohan@gmail.com
ബ്ലോഗുകള്‍ : www.mohanputhenchira.blogspot.com
www.thooneeram.blogspot.com
www.photo-times.blogspot.com

Visit Home Page ...

കവിത

പ്രതിഷ്ഠ

സ്തുതികള്‍ പാടി
കൈകള്‍ കൂപ്പി
കുമ്പിട്ട് വന്ദിച്ച്
വിശാലതയില്‍ നിന്നും
ഒരു ശിലയുടെ സ്ഥൂലതയിലേക്ക്
മന്ത്രങ്ങളാല്‍ വരിഞ്ഞു മുറുക്കി
നിന്നെ ആവാഹിക്കാനും
പിന്നെ കുടിയിരുത്താനും പെട്ട പാട്
എനിക്കു മാത്രമല്ലെ അറിയൂ.

അകത്ത് ശ്രീകോവില്‍,
പുറത്ത് ചുറ്റമ്പലം
അതിനും പുറത്ത് മതില്‍ക്കെട്ട്
എല്ലാം ഭദ്രം
ഇതിനകത്തു നിന്നും ഒരു ദൈവവും
ഇനി പുറത്തു പോകില്ല.

ശ്രീകോവിലടച്ച്
ചുറ്റമ്പല വാതിലുകളടച്ച്
മതില്‍ക്കെട്ടിലെ ഗേറ്റുകളടച്ച്
താക്കോല്‍ അരയില്‍ തിരുകി
ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ
ഞാന്‍ വീട്ടിലേക്ക്.

Subscribe Tharjani |
Submitted by grkaviyoor (not verified) on Tue, 2011-08-09 18:41.

നല്ലവനായ ദൈവം ഇതെല്ലാം സഹിച്ചു കഴിഞ്ഞു കുടുന്നു
എന്ന് കരുതുന്ന താക്കോല്‍ മടിയില്‍ തിരുകുന്നവന്‍ അറിയില്ലല്ലോ
അവന്റെ ഉള്ളിലെ ആത്മാംശം പ്രതിഷ്ടിച്ചത് പുട്ടുവാന്‍ അറിയിയാതെ
മുന്നേറുന്നു പാവം അവന്‍ ,കഷ്ടം നല്ല കവിത മോഹന്‍ജി

Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Fri, 2011-08-26 14:15.

നന്ദി കവിയൂര്‍ജി, വായന്യ്ക്കും, അഭിപ്രായത്തിനും.

Submitted by Jayan (not verified) on Fri, 2011-08-26 16:39.

മോഹന്ജി..
കവിതയുടെ തീം ഇഷ്ടപ്പെട്ടു..പക്ഷെ..എനിക്ക് ഇപ്പോഴും ഇത്തരത്തിലുള്ള എഴുത്ത് രീതികളോട് യോജിക്കാന്‍ കഴിയുന്നില്ല...
കവിതകളുടെ രീതി വ്യത്യസ്തം തന്നെയാണ്....മനോഹരമായ ഒരു ചെറുകഥ വായിക്കുന്ന പോലെയേ ഇത് തോന്നു...
എന്തുകൊണ്ട് ഇത് ചെറുകഥയാക്കി കൊടുത്തുകൂട....ക്ഷമിക്കണം കവിതകളുടെ പുതു രീതികളോട് ഇപ്പോഴും സമരസപെട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലാ..

ജയന്‍

Submitted by Mohan (not verified) on Tue, 2011-09-06 14:14.

ജയന്‍, കവിതയ്ക്ക് ഒരു ചട്ടക്കൂടു കൊടുത്തത് കൊണ്ട് എന്നും ആ വട്ടത്തില്‍ത്തന്നെ കറങ്ങിയാലേ കവിതയാകൂ എന്നില്ലല്ലോ. കവിതയെഴുത്തിന്റെ രീതികള്‍ മാറാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞു. ഈ മാറ്റം എല്ലാ ഭാഷകളിലും പ്രകടമാണ്. കടമ്മനിട്ടയുടെ ശാന്ത, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടം തുള്ളര്‍ രീതിയിലായിരുന്നെങ്കില്‍ എങ്ങിനെയിരുന്നേനെ? ചന്തുമേനോനും, സി.വി. രാമന്‍പിള്ളയും എഴുതിയതില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ലേ വിജയന്റേയും, മുകുന്ദന്റേയും, കാക്കനാടന്റേയും ശൈലി? രീതികള്‍ മാറിക്കൊണ്ടേയിരിക്കും. എന്നും കേകയും കാകളിയും നതോന്നതയുമൊക്കെ പാടിക്കൊണ്ടിരുന്നാല്‍ എന്താണ് രസമുണ്ടാവുക? എഴുത്തിന്റെ പുതിയ രീതികളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഇന്നത്തെ വായനക്കാര്‍ക്ക് കഴിയുന്നുണ്ട്. വായന ഗൌരവമായി എടുക്കുന്ന എല്ലാവരും പഴയ കാലങ്ങളില്‍ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് നീങ്ങണം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. സസ്നേഹം - മോഹന്‍

Submitted by Sapna George (not verified) on Wed, 2011-09-07 10:14.

അകത്ത് ശ്രീകോവില്‍,
പുറത്ത് ചുറ്റമ്പലം
അതിനും പുറത്ത് മതില്‍ക്കെട്ട്
എല്ലാം ഭദ്രം..................
മോഹന്‍ജി, ഈ താങ്കളുടെ കവിതകളാകുന്ന വാക്കുകള്‍, വരികളില്‍, മനസ്സില്‍ നൊമ്പരങ്ങളും സന്തോഷങ്ങളും ധാരാളം സ്വരുക്കൂട്ടിവെക്കാം എന്നുള്ള ആഗ്രഹത്തില്‍ എല്ലാവരും കവിതകള്‍ എന്ന ഭാഷാസാഗരത്തിലേക്കിറങ്ങിയ എല്ലാവരുടെയും മനസ്സില്‍ നിന്നും വന്ന വാക്കുകള്‍പോലെയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും തിരച്ചിലില്‍ കിട്ടിയത് പവിഴങ്ങളും മുത്തുകളും ആയിരുന്നില്ല. ഇനിയും തുറന്നു നോക്കാത്ത ചിപ്പികളും, പവിഴക്കല്ലുകളുടെ പുറ്റുകളും ആയിരുന്നു. അതൊന്നും കവിതയല്ല എന്നു്, ഒറ്റവായനയില്‍ വിലയിരുത്തിയവര്‍ക്കിടയില്‍, കവിതകളുടെ കൊല്ലന്മാരും ഉണ്ടായിരുന്നു. ഒറ്റയിരിപ്പിനു ആരും കവികളാകുന്നില്ല. എല്ലാവര്‍ക്കും ദൈവം തുല്യകഴിവും, ബുദ്ധിയും, മനസ്സും ആണ് നല്കിയിരിക്കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായം ആണ്.