തര്‍ജ്ജനി

എച്മുക്കുട്ടി

ബ്ലോഗ് : http://echmuvoduulakam.blogspot.com/
മെയില്‍ : echmukutty@gmail.com

Visit Home Page ...

കഥ

ഒരാള്‍ അച്ഛനാവുന്നത്

അയാള്‍ക്കോ അവള്‍ക്കോ എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ഗുമസ്തരായ അതിസാധാരണക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍. കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളില്‍ വാടകയ്ക്ക് പാര്‍ക്കുകയും, പിന്നെ ലോണെടുത്ത് ചെറിയൊരു വീട് വെയ്ക്കാനാഗ്രഹിയ്ക്കുകയും ചെയ്തവര്‍. ബസ്സില്‍ സഞ്ചരിയ്ക്കുമ്പോള്‍ സ്ക്കൂട്ടറിനേയും അതു കഴിഞ്ഞ് ബൈക്കിനേയും സ്വപ്നം കണ്ടവര്‍. തമ്മില്‍ത്തമ്മില്‍ വലിയ ഈശാപോശകളൊന്നുമില്ലാതെ തികച്ചും സന്തോഷത്തോടെ, കോഫീ ഹൌസിലെ മസാലദോശയും കരീംസിലെ ചിക്കന്‍ ബിരിയാണിയും, മാസത്തില്‍ ഒന്നോ രണ്ടോ സിനിമകളും പോലെയുള്ള കൊച്ചുകൊച്ച് ആര്‍ഭാടങ്ങളുമായി ജീവിച്ചുപോന്നവര്‍.

അവള്‍ ഗര്‍ഭിണിയായപ്പോള്‍ സ്നേഹവാനായ ഏതു ഭര്‍ത്താവിനെയും പോലെ അയാളും ഉല്‍ക്കണ്ഠാകുലനായി. താഴെ വീണാല്‍ ഉടഞ്ഞു പോകുന്ന ചില്ലുപാത്രമാണവള്‍ എന്ന മട്ടില്‍ അതീവശ്രദ്ധയോടെയും കരുതലോടെയും പരിചരിച്ചു. നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ആശുപത്രിയില്‍ ആയിരുന്നു അവളുടെ പ്രസവം. പക്ഷെ, കുഞ്ഞ് ജനിച്ച് രണ്ട് ദിവസം മാത്രമേ ജീവിച്ചുള്ളൂ. ആ ആഘാതം അയാള്‍ മനസ്സുരുക്കത്തോടെ എങ്ങനെയെല്ലാമോ സഹിച്ചു. മുലപ്പാല്‍ നിറഞ്ഞ് വീങ്ങി നീരുവെച്ച മുലകളുമായി വേദനയും സങ്കടവും കൊണ്ട് ഭ്രാന്തിയെപ്പോലെ കരയുന്ന അവളെ നിസ്സഹായനായി നോക്കി നില്ക്കുമ്പോള്‍ ആണായിപ്പിറന്ന മഹാഭാഗ്യത്തിന് ആരോടെല്ലാമോ നന്ദി പറയണമെന്ന് അയാള്‍ക്ക് തോന്നി. കൈകള്‍ താഴ്ത്താനാവാതെ ജനല്‍ക്കമ്പിയില്‍ പിടിച്ച് നിന്ന് തീവ്രവേദനയില്‍ അവള്‍ പുളയുന്നത് അയാള്‍ നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു.

ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ വീര്‍ത്തുനിന്ന മുലകള്‍ വറ്റി, കുഞ്ഞൊഴിഞ്ഞു തുളുമ്പി നിന്ന വയറ് മെല്ലെമെല്ലെ ഉറച്ചു. അവളുടെ വയറിന്മേലെ വെളുത്തപാടുകള്‍ മാത്രം ഗര്‍ഭിണിയായതിനെയും പ്രസവിച്ചതിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മായാന്‍കൂട്ടാക്കാതെ നിന്നു.

പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് എല്ലാത്തരം പരീക്ഷണങ്ങള്‍ക്കും അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ശേഷം പുഞ്ചിരിയോടെ പറഞ്ഞു, “നതിംഗ് ടു വറി. നിങ്ങള്‍ക്കിരുവര്‍ക്കും ഒരു കുഴപ്പവുമില്ല. കുഞ്ഞിന് ആയുസ്സില്ലായിരുന്നുവെന്ന് മാത്രം കരുതിയാല്‍ മതി. നിങ്ങള്‍ക്കിനിയും നല്ല കുട്ടികള്‍ ഉണ്ടാകും.“

പതുക്കെപ്പതുക്കെ അവരിരുവരും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ഓഫീസില്‍ നിന്നിറങ്ങി ഒരു സിനിമയ്ക്ക് പോയി, കടല്‍ത്തീരത്തു കപ്പലണ്ടി കൊറിച്ചുകൊണ്ട് അസ്തമയം കണ്ടു. മസാല ദോശ തിന്നു… വീട്ടില്‍നിന്ന് പടിയിറങ്ങിപ്പോയിരുന്ന നിറവും തെളിമയും സംഗീതവും മടങ്ങി വരാന്‍ തുടങ്ങി.

അവള്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അല്പാല്പം ക്ഷേത്രവിമര്‍ശനവും ചില്ലറ യുക്തിവാദവും ലേശം ദൈവനിഷേധവുമൊക്കെ മനസ്സില്‍ സൂക്ഷിച്ചിരുന്ന അയാള്‍ അതെല്ലാം കുടഞ്ഞു കളഞ്ഞ് ശരിയ്ക്കുമൊരു പരിപൂര്‍ണ്ണവിശ്വാസിയായി. സ്നേഹം കൊണ്ടവളെ വീര്‍പ്പുമുട്ടിച്ചു. അവള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കുക എന്നതു മാത്രമായിത്തീര്‍ന്നു അയാളുടെ ജീവിതോദ്ദേശം. അയല്പക്കക്കാരും ബന്ധുക്കളും പരിചയക്കാരുമെല്ലാം അയാളുടെ ഉല്‍ക്കണ്ഠയും പരവേശവും കണ്ട് അമര്‍ത്തിയ പുഞ്ചിരികള്‍ കൈമാറിയിരുന്നു.

മൂന്നുമാസം കഴിഞ്ഞപ്പോള്‍ സ്കാന്‍ റിപ്പോര്‍ട്ട് നോക്കിക്കൊണ്ട് ഡോക്ടര്‍ അഭിനന്ദിച്ചു, “കണ്‍ഗ്രാജുലേഷന്‍സ്!, ഇരട്ടക്കുട്ടികളാണ് . യാതൊരു വിഷമവും വേണ്ട, എല്ലാം മംഗളമായിത്തീരും.”

ശമ്പളമില്ലാത്ത ലീവ് എടുപ്പിച്ചായാലും അവളെ പ്രസവം കഴിയുന്നതുവരെ ഓഫീസിലയയ്ക്കേണ്ടെന്ന് അയാള്‍ അന്ന് തീരുമാനിച്ചു. അയാളുടെ ശരീര ചലങ്ങളാകെത്തന്നെയും അവളോടുള്ള കരുതലുകള്‍ മാത്രമായി മാറുകയായിരുന്നു. ആധിപ്പെട്ട് ക്ഷീണിതനായ അയാളുടെ മുഖത്തുമ്മ വെച്ചുകൊണ്ട് അവള്‍ അലിവോടെയും നിറഞ്ഞപുഞ്ചിരിയോടെയും സമാധാനിപ്പിച്ചു. “എനിയ്ക്കൊരു കുഴപ്പവുമില്ല. ഇത് ഒരു സാധാരണ കാര്യമല്ലേ? ഈ ഭൂമിയിലെല്ലാവരും ഇങ്ങനെയല്ലേ ജനിയ്ക്കുന്നത്? ധൈര്യമായിരിയ്ക്കു.” അപ്പോള്‍ ഹേയ്! ഞാനെത്ര പ്രസവം കണ്ടിരിയ്ക്കുന്നുവെന്ന മട്ടില്‍ ചിരിച്ചു കാണിച്ചുവെങ്കിലും അയാളുടെ ഉള്ള് ഉല്‍ക്കണ്ഠയില്‍ വെന്തു പിളരുകയായിരുന്നു.

പ്രസവത്തീയതിയ്ക്ക് രണ്ടാഴ്ച മുമ്പേ അവളെ ആശുപത്രിയിലാക്കി, അയാള്‍ ലീവെടുത്ത് കണ്ണിമ ചിമ്മാതെ അവള്‍ക്ക് കാവലിരുന്നു. കണ്ണടച്ചാല്‍ ആരെങ്കിലും വന്ന് അവളേയും വയറ്റിലുള്ള ഓമനകളേയും കൊത്തിക്കൊണ്ട് പോയെങ്കിലോ എന്ന ഭീതി അയാളെ തളര്‍ത്തി. അമ്മയും അമ്മായിഅമ്മയും ആശ്വാസവാക്കുകള്‍ പറഞ്ഞതൊന്നും അയാളുടെ ചെവിയില്‍ കയറിയതേയില്ല. മൂന്നാം നാള്‍ രാവിലെ സിസേറിയന്‍ ചെയ്ത് കുഞ്ഞുങ്ങളെ വേഗം പുറത്തെടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം മുതല്‍ അയാള്‍ തീയിലുരുകാന്‍ തുടങ്ങി. ഓപ്പറേഷന്‍ തീയറ്ററിനു മുമ്പില്‍ കാത്തുനിന്ന നിമിഷങ്ങളാകട്ടെ നിശ്ചലമായ ഒരു നാഴികമണിയാലാണു അളക്കപ്പെട്ടത്.

പുറത്തു വന്ന ഡോക്ടര്‍ ചുറ്റുപാടും നോക്കി, അയാളെ അരികില്‍ വിളിച്ചു.

“ഒരു കുഞ്ഞിനെ മാത്രമേ കിട്ടിയുള്ളൂ. മിടുക്കനായ ഒരാണ്‍കുട്ടി. വൈഫിന് ഒരു പ്രശ്നവുമില്ല, ഇപ്പോള്‍ മയക്കത്തിലാണെങ്കിലും ഷി ഈസ് ആള്‍ റൈറ്റ്.”

സ്തബ്ധനായിപ്പോയെങ്കിലും അയാള്‍ ആശ്വസിയ്ക്കാന്‍ ശ്രമിച്ചു. “സാരമില്ല, സാരമില്ല ഇത്ര ഭാഗ്യമുണ്ടായല്ലോ” എന്ന് തന്നോട് തന്നെ പലവട്ടം മന്ത്രിച്ചു. അവളെ സങ്കടവിവരം ഉടനെ അറിയിയ്ക്കേണ്ടെന്ന് ഡോക്ടറോട് പറഞ്ഞപ്പോള്‍ അതീവസ്നേഹത്തോടെയും നിറഞ്ഞ സഹതാപത്തോടെയും അവന്‍ തലകുലുക്കി.

അസ്വാഭാവികമായി വളര്‍ന്ന ശരീരത്തോടെ മൃതനായി ജനിച്ച കുഞ്ഞിനെ കൈയിലേറ്റു വാങ്ങുമ്പോള്‍ അയാള്‍ വല്ലാതെ ഭയന്നു. ആ മുഖമൊന്നു കാണണമെന്ന് ലേശം പോലും ആഗ്രഹമുണ്ടായില്ല. ഏറ്റവും പെട്ടെന്ന് സംസ്ക്കരിയ്ക്കാന്‍ തയാറെടുക്കുമ്പോള്‍, തന്റെ ദൈന്യതയിലും ഗതികേടിലും സ്വയം വെറുപ്പ് തോന്നി. തന്റെ ചോര, തന്റെ മാംസം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് അപ്പോഴയാള്‍ തിരിച്ചറിഞ്ഞു. അത്തരം പറച്ചിലുകളില്‍ വല്ല വാസ്തവവുമുണ്ടായിരുന്നെങ്കില്‍ ഈ കുഞ്ഞു ഭാരത്തെ ഇത്രമേല്‍ ഭയക്കേണ്ടി വരില്ലായിരുന്നുവല്ലോ. കണ്ണിറുക്കി തല കുടഞ്ഞ് ആ ഭാരം ഉപേക്ഷിച്ച്, വിയര്‍പ്പൊപ്പി കിതപ്പൊതുക്കി അയാള്‍ തിരിച്ചുപോന്നു.

അവളേയും കുഞ്ഞിനേയും മുറിയിലേയ്ക്ക് കൊണ്ടു വരുമ്പോള്‍ ആവുന്നത്ര ഉല്ലാസവാനായിരിയ്ക്കണമെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. സംഭവിച്ചുപോയ നഷ്ടത്തെക്കുറിച്ച് അല്പം പോലും ഖേദിയ്ക്കാനവള്‍ക്ക് അവസരം കൊടുക്കരുത്. കൊച്ചു കുഞ്ഞിന്റെ സാന്നിദ്ധ്യം ബാക്കി വേദനകളെയെല്ലാം അകറ്റിക്കൊള്ളുമെന്ന് സമാധാനിച്ചുവെങ്കിലും അമ്മ ഉറക്കെ നിലവിളിച്ചുകൊണ്ട് മുറിയിലേയ്ക്ക് വന്ന നിമിഷം അയാള്‍ക്ക് എല്ലാം വ്യക്തമായി.

വീണ്ടും അതിക്രൂരമായി വഞ്ചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

പ്രസന്നമായിരുന്ന ഡോക്ടറുടെ മുഖത്ത് ഇപ്പോള്‍ രക്തമയമില്ല.

മൂടിപ്പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ട് മൂന്നാം തവണയും അയാള്‍ ആശുപത്രിയുടെ പടികളിറങ്ങി. അവള്‍ ബോധഹീനയായിക്കിടക്കുന്നതോര്‍ത്തപ്പോള്‍ അയാള്‍ക്ക് അസൂയ തോന്നാതിരുന്നില്ല. തനിയ്ക്ക് ബോധംകെടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ.

ദു:ഖം മറക്കാന്‍വേണ്ടി മദ്യത്തിലും മയക്കുമരുന്നിലും അലിയുന്നവരെക്കുറിച്ച് അയാളുടെ വെന്തുവിങ്ങുന്ന മനസ്സില്‍ അന്നാദ്യമായി സഹതാപം നിറഞ്ഞു.

ആരെല്ലാം മരിച്ചാലും ജനിച്ചാലും ഈ ലോകത്തിന് യാതൊരു മാറ്റവും സംഭവിയ്ക്കുന്നില്ല. ഒന്നുമറിയാത്തതു പോലെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എല്ലാം അതീവ സാധാരണമായി കടന്നുപോകുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ സത്യവും അതു തന്നെയാണെന്ന് അയാള്‍ക്ക് മനസ്സിലായി. ഏറ്റവും പ്രിയപ്പെട്ടതെന്നും ജീവിതത്തിന്റെ ആധാരമെന്നും മറ്റും വാഴ്ത്തപ്പെടുന്നവയൊക്കെ ഇല്ലാതായാലും, മനുഷ്യന് വിശക്കുകയും ദാഹിയ്ക്കുകയും തണുക്കുകയും വിയര്‍ക്കുകയും ചെയ്യും. ആഗ്രഹങ്ങള്‍ക്കൊന്നും ഒരു കുറവും വരികയില്ല.

സഹപ്രവര്‍ത്തകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അയാള്‍ വീണ്ടുമൊരു ഡോക്ടറെ കാണാന്‍ പോയത്. ആവര്‍ത്തിച്ചുള്ള മടുപ്പിയ്ക്കുന്ന ലജ്ജയില്ലാത്ത പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് അയാളും അവളും പിന്നെയും വിധേയരായി. സ്വന്തം… തന്റെ സ്വന്തം… തന്റെ മാത്രം സ്വന്തം… എന്ന ആശ മനുഷ്യരെക്കൊണ്ട് എന്തും ചെയ്യിയ്ക്കുമെന്നും എത്ര അപമാനവും പേറാന്‍ ഒരുവനെ സന്നദ്ധനാക്കുമെന്നും അയാള്‍ വേദനയോടെ മനസ്സിലാക്കുകയായിരുന്നു.

എന്നിട്ടും ഡോക്ടര്‍ പറഞ്ഞതെല്ലാം കേട്ട് അയാള്‍ അമ്പരന്നു.

“നോക്കൂ, നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങളിരുവരും നല്ല ആരോഗ്യമുള്ള അച്ഛനമ്മമാരാകാന്‍ കഴിയുന്ന ചെറുപ്പക്കാര്‍ തന്നെയാണ്“. നാടകീയമായി അല്പമൊന്നു നിറുത്തിയിട്ട് ഡോക്ടര്‍ തുടര്‍ന്നു. “എന്തുകൊണ്ടോ നിങ്ങളുടെ ബോഡി കെമിസ്ട്രി ശരിയാകുന്നില്ല. അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തില്‍ ചില കപ്പിള്‍സിനു സംഭവിയ്ക്കുന്ന ഒരു അപാകമുണ്ട് നിങ്ങള്‍ തമ്മില്‍……. വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ വരാറുള്ളൂ. എങ്കിലും നിങ്ങളുടെ കാര്യത്തില്‍ ആ പ്രത്യേകതയുണ്ട്. തീരെ ചാന്‍സില്ല എന്ന് കരുതി വിഷമിയ്ക്കാനൊന്നുമില്ല. നിങ്ങളെ ഹെല്പ് ചെയ്യാന്‍ കൃത്രിമമാര്‍ഗ്ഗങ്ങളുണ്ട് കേട്ടോ. ഒരു ഡോണര്‍ക്ക് നിങ്ങളെ……“

“വേണ്ട, ഡോക്ടര്‍“ എന്നു അദ്ദേഹത്തെ കൈയെടുത്ത് വിലക്കി അയാള്‍ അതിവേഗം അവിടെ നിന്നിറങ്ങിപ്പോന്നു. അതുവരെ ജീവിച്ച ജീവിതം ആ നിമിഷം മുതല്‍ മറ്റാരുടേതോ ആയിരുന്നുവെന്ന് തോന്നി.

അയാള്‍ക്ക് വേറൊരു സ്ത്രീയിലും അവള്‍ക്ക് മറ്റൊരു പുരുഷനിലും നിന്ന് കുഞ്ഞുങ്ങളെ കിട്ടാമെങ്കിലും അവര്‍ക്ക് തമ്മില്‍ ഒരിയ്ക്കലും ആ ഭാഗ്യമുണ്ടാവുകയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞുവെച്ചത്. ഇനി ഒരു ഡോക്ടറെയും കാണുകയില്ലെന്ന് അയാള്‍ തീരുമാനിച്ചു. കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ എന്തു സംഭവിയ്ക്കും? ഒന്നും സംഭവിയ്ക്കുകയില്ല. ആളുകള്‍ കുറെ നാള്‍ കുട്ടികളൊന്നുമായില്ലേ എന്ന് ചോദിയ്ക്കും. മടുക്കുമ്പോള്‍ സ്വയം നിറുത്തിക്കൊള്ളും.

സ്വന്തം കുഞ്ഞിനെ താലോലിയ്ക്കാന്‍ അവള്‍ ഉല്‍ക്കടമായി മോഹിയ്ക്കുന്നുണ്ടാവുമോ? സ്ത്രീ ജീവിതത്തിന്റെ പൂര്‍ണ്ണത അമ്മയായി, കുഞ്ഞിനെ വാത്സല്യപ്പെടുത്തുമ്പോഴാണെന്നാണ് അയാള്‍ കേട്ട് പഠിച്ചിട്ടുള്ളത്. അവളും അങ്ങനെ പഠിച്ചിട്ടുണ്ടാവില്ലേ? തന്നോട് പറയാതെ അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്നതായിരിയ്ക്കുമോ? ഡോക്ടറുടെ മുറിയില്‍നിന്ന് ഒപ്പം ഇറങ്ങിപ്പോന്നത് നിസ്സഹായത കൊണ്ടായിരിയ്ക്കുമോ? അദ്ദേഹം പറഞ്ഞതെല്ലാം അവളും കേട്ടുകൊണ്ടിരുന്നതല്ലേ.

അങ്ങനെയെല്ലാമാലോചിച്ചപ്പോള്‍ അയാള്‍ക്ക് ചുട്ടുപൊള്ളി. തല ചുറ്റുന്നതു പോലെയും കണ്ണിലിരുട്ടുകയറുന്നതു പോലെയും തോന്നി. പുരുഷജീവിതത്തിന്റെ പൂര്‍ണ്ണതയെക്കുറിച്ച് ഒന്നും കേള്‍ക്കുകയോ വായിയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പോഴയാള്‍ ഓര്‍മ്മിയ്ക്കാതിരുന്നില്ല.

എന്തൊരു നിസ്സഹായതയാണിത്! ഇതില്‍ നിന്നൊരു മോചനമില്ലേ?

അവളോട് പലപ്പോഴും ചോദിയ്ക്കാനാഞ്ഞുവെങ്കിലും ധൈര്യം വന്നില്ല. പല രാത്രികളിലും ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റിയും അവളുടെ ജീവിതത്തില്‍ നിന്ന് വഴി മാറിപ്പോകുന്നതിനെപ്പറ്റിയുമാലോചിച്ച് പരവശമാവുകയായിരുന്നു മനസ്സ്. അവളും അത്തരമൊരു വിങ്ങലില്‍ കഴിഞ്ഞുകൂടുകയാവുമോ എന്ന വിചാരമുയര്‍ന്നപ്പോഴെല്ലാം തളര്‍ന്നു വീഴാതിരിയ്ക്കാന്‍ അയാള്‍ പാടുപെട്ടു.

മൌനം അവര്‍ക്കിടയില്‍ ഘനീഭവിച്ചു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അവളാണ് തികച്ചും സാധാരണമായ ഒരു കാര്യം പറയുന്നതു പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് അയാളോട് പറഞ്ഞത്. രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ ടീവിയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോഴായിരുന്നു അത്.

അയാളുടെ പകച്ച നോട്ടം കണ്ട് അവള്‍ മുഖം കുനിച്ചു. അല്പം കഴിഞ്ഞ് കുറച്ച് പേപ്പറുകള്‍ മുന്നിലേയ്ക്ക് നീക്കിവെച്ചു.

കുട്ടികളെ ദത്തെടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായ അനുവാദം നല്കിയ വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള കടലാസ്സുകളായിരുന്നു, അവ. അവയില്‍ നോക്കിയിരിയ്ക്കുമ്പോള്‍ കുറെയേറെ ദിവസങ്ങളായി വലിഞ്ഞു മുറുകിനിന്ന അയാളുടെ ഞരമ്പുകള്‍ അയഞ്ഞു. കടലാസ്സുകള്‍ വായിച്ചു കഴിഞ്ഞ് അവളുടെ ഉള്ളിമണമുള്ള വിരലുകളില്‍ ഉമ്മ വെച്ചുകൊണ്ട് അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.

നഗരമദ്ധ്യത്തിലായിരുന്നു, കന്യാസ്ത്രീകളുടെ നടത്തിപ്പിലായിരുന്ന ആ സ്ഥാപനം. മുന്‍വശത്തെ മുറ്റത്ത് ഉണ്ണീശോയെ കൈയിലേന്തിയ കന്യാമറിയത്തിന്റെ ഗ്രോട്ടൊ, അല്പം മാറി മലക്കറിത്തോട്ടം, കടപ്ലാവ്, ചുവട്ടില്‍ കൊത്തിപ്പെറുക്കുന്ന താറാവുകള്‍…

വൃദ്ധയായ കന്യാസ്ത്രീ തികച്ചും ഹാര്‍ദ്ദമായി സ്വീകരിച്ചപ്പോഴും വാക്കുകള്‍ വളരെ നിശിതമായിരുന്നു.

നല്ല പോലെ ആലോചിച്ചുവോ എന്ന് അവര്‍ പലതവണ ചോദിച്ചു. കുഞ്ഞിനോട് ദത്തെടുത്തതാണെന്ന സത്യം വെളിപ്പെടുത്തണമെന്നും അത് മാതാപിതാക്കന്മാര്‍ തന്നെ ചെയ്യണമെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരില്‍ നിന്ന് ആ സത്യം കുട്ടിയറിയും മുമ്പ് വീട്ടില്‍ വച്ച് തന്നെ അറിയുന്നതാണ് നന്മ. ദത്തെടുക്കപ്പെട്ട കുട്ടിയെന്ന രീതിയില്‍ ആവശ്യമില്ലാതെ ലാളിച്ചോ ആവശ്യത്തിലുമധികം ശാസിച്ചോ വളര്‍ത്തരുത്. തികച്ചും സാധാരണമായി പെരുമാറുക. സിനിമകളിലും കഥകളിലുമൊക്കെ കാണുന്ന മാതിരി മുന്‍വിധികളോടെ കുഞ്ഞുമായി ഇടപഴകരുതെന്നും അവര്‍ താക്കീതു ചെയ്തു.

നാലഞ്ചു വര്‍ഷം മുമ്പ് ഇരുവരും ഇന്നത്തെ പോലെ സ്വന്തമായിരുന്നില്ലല്ലോ. വിവാഹച്ചടങ്ങിനു ശേഷം പരസ്പരപ്രയത്നം കൊണ്ട് സ്വന്തമാവുകയായിരുന്നില്ലേ? അതു പോലെ കുഞ്ഞിനേയും മെല്ലെ മെല്ലെ സ്വന്തമാക്കിക്കൊള്ളുവാന്‍ പറഞ്ഞ് അവര്‍ മനോഹരമായി ചിരിച്ചു.

മേശപ്പുറത്തിരുന്ന ബെല്ലില്‍ ആ ചുളുങ്ങിയ വിരലുകള്‍ അമര്‍ന്നപ്പോള്‍ പൊക്കം നന്നെക്കുറഞ്ഞ ഒരു കന്യാസ്ത്രീ കടന്നു വന്നു.

“നമ്മുടെ ഇമ്മാനുവലിനെ ഒന്നെടുത്തോണ്ടു വരാമോ സിസ്റ്റര്‍?“

ഒട്ടു കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെ കൈകളില്‍ ഏന്തിക്കൊണ്ട് കൊച്ചു സിസ്റ്റര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഇരു നിറത്തില്‍, ചടച്ചു മെലിഞ്ഞ ഒരു സാധാരണ കുട്ടി. ഞാനൊന്നുമറിയുന്നില്ലല്ലോ എന്ന മട്ടില്‍ അവന്‍ കന്യാസ്ത്രീയമ്മയുടെ കൈയിലിരുന്ന് അവരെ കണ്ടപാടെ ചെറുതായി ഒന്നു പുഞ്ചിരിച്ചു. അടുത്ത നിമിഷം അവന്റെ ശ്രദ്ധ മേശപ്പുറത്തെ ഫ്ലവര്‍വേസിലായി. അതിനു നേരെ കൈ നീട്ടുകയും മൂളുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന കുഞ്ഞിനെ അയാള്‍ സൂക്ഷിച്ചു നോക്കി.

“ഇവന്‍… ഇവന്‍… എന്റെ മകന്‍“ അയാള്‍ മനസ്സില്‍ പറഞ്ഞു. പലവട്ടം പറഞ്ഞുറപ്പിച്ചു. അപ്പോള്‍ ദൈന്യവും വിങ്ങലും തോന്നി. എന്നാലും അയാള്‍ തളര്‍ന്നില്ല.

കണ്ണു തുടച്ചുകൊണ്ട് അവള്‍ കുഞ്ഞിനെ കൈയില്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ മുഖം തിരിച്ച് വിസമ്മതം പ്രകടിപ്പിച്ചു.

“സാരമില്ല, എല്ലാ പ്രോസീജിയറും കഴിയുമ്പോഴേയ്ക്കും കുറച്ചു ദിവസമാകും. ഇടയ്ക്കെല്ലാം വന്ന് അവനുമായി പരിചയത്തിലായാല്‍ ഈ പ്രയാസം മാറിക്കോളും.“ കൊച്ചു സിസ്റ്ററുടെ സ്വരത്തില്‍ അലിവുണ്ടായിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അയാളും അവളും ഇടയ്ക്കിടെ അവിടെ പോയി, അവനെ കണ്ടു പോന്നു. അവന്‍ മെല്ലെ മെല്ലെ ചിരിയ്ക്കാനും കുറച്ചു സമയം മടിയിലിരിയ്ക്കാനുമെല്ലാം തയാറായി. അവന്‍ പരിചയം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അയാളുടെ മനസ്സ് അല്പമൊന്നു തണുത്തു. കെട്ടുപോയിരുന്ന ആത്മവിശ്വാസത്തിന്റെ തിരികള്‍ മെല്ലെ മെല്ലെ തെളിയാനാരംഭിച്ചു.

നിയമം അനുശാസിയ്ക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ ദിവസം സിസ്റ്റര്‍ പറഞ്ഞു, “നാളെ അവനെ കൊണ്ടു പോകാം, ഇന്ന് നിങ്ങള്‍ ഒന്നിച്ച് ഇവിടെ താമസിയ്ക്കു.”

അയാള്‍ തല കുലുക്കി. സന്ധ്യയോടെ അവളേയും കൂട്ടി അയാള്‍ സ്ഥാപനത്തിലെത്തിച്ചേര്‍ന്നു. കന്യാമറിയം ഉണ്ണീശോയെ കൈയിലേന്തി നില്ക്കുന്ന ഗ്രോട്ടോയ്ക്കു മുമ്പിലെ വിശദമായ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

നാല്പതു കുട്ടികളുണ്ടെന്നും പലരുടേയും ദത്തുകുട്ടികളായി പോകാന്‍ തയാറെടുക്കുകയാണ് കുട്ടികളെന്നും സിസ്റ്റര്‍ പറഞ്ഞു. വിസ്താരമുള്ള വലിയൊരു പാത്രത്തില്‍ കുറേയേറെ പാല്ക്കുപ്പികള്‍ ഒന്നിച്ചിട്ട് തിളപ്പിയ്ക്കുന്നത് അവര്‍ അയാളെ ചൂണ്ടിക്കാണിച്ചുകൊടുത്തു. പാല്ക്കുപ്പി കൈയില്‍ പിടിയ്ക്കാന്‍ പ്രായമാകുമ്പോള്‍ മുതല്‍ കുട്ടികളെ തനിച്ചു പാല്‍ കുടിയ്ക്കുവാന്‍ ശീലിപ്പിയ്ക്കുമെന്നും മൂന്നു വയസ്സു മുതല്‍ അവരെ സ്വന്തം വസ്ത്രങ്ങള്‍ അലക്കുവാനും സ്വയം കുളിയ്ക്കുവാനുമെല്ലാം പഠിപ്പിയ്ക്കുമെന്നും മറ്റും അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

ആരുമില്ലാത്ത കുട്ടികള്‍ കഴിയുംവേഗം സ്വയംപര്യാപ്തരാവേണ്ടതുണ്ട്. ഒരു കുട്ടിയെ മാത്രം നോക്കിവളര്‍ത്തിയാല്‍ പോരല്ലോ അവര്‍ക്ക്.

സംസാരിച്ചിരിയ്ക്കെ മടിയില്‍ കിടന്നുറങ്ങിയ മകനെ മുറിയില്‍ കിടത്താന്‍ അവള്‍ പോയപ്പോള്‍ സിസ്റ്റര്‍ മന്ത്രിച്ചു, “ഇവിടത്തെ ആശുപത്രിയില്‍ നിന്നാണവനെ ഞങ്ങള്‍ക്ക് കിട്ടിയത്, പാവം! കര്‍ത്താവ് അവന് എല്ലാ സൌഭാഗ്യങ്ങളും നല്കട്ടെ.”

അയാള്‍ക്ക് നെഞ്ചു കടയുന്നതു പോലെ തോന്നി. അയാള്‍ നിശ്ശബ്ദനായി നിന്നു.

കൊച്ചുസിസ്റ്റര്‍ സംശയിച്ച് സംശയിച്ച് നില്ക്കുന്നത് അയാള്‍ അപ്പോഴാണു കണ്ടത്. അവര്‍ക്കെന്തോ പറയാനുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി.

അവരെ ശ്രദ്ധിച്ചപ്പോള്‍ സിസ്റ്റര്‍ അല്പം മടിയോടെയും ചെറിയ പരുങ്ങലോടെയും അറിയിച്ചു. “ഇമ്മാനുവലിന്റെ അപ്പനോട് അവളെയൊന്ന് എടുക്കാന്‍ പറയാമോന്ന് ചോദിയ്ക്കുന്നു ഞങ്ങടെ ഒരു കുട്ടി. അപ്പന്‍ ഒന്നെടുക്കാന്‍ ആശയാണ് പാവത്തിന്. അവള്‍ ദാ, ആ തൂണിന്റെ മറവിലുണ്ട്.“

പൊടുന്നനെ അയാളുടെ നെഞ്ചില്‍ ഒരായിരം മിന്നലുകള്‍ ഒന്നിച്ചു മിന്നി. ചെവിയില്‍ ഒരായിരം ഇടികള്‍ ഒന്നിച്ചു മുഴങ്ങി. അതുവരെയറിയാത്ത ഒരു കൊടുംകാറ്റിന്റെ ആവേഗത്തില്‍ അയാളുടെ നെഞ്ചുംകൂട് തകര്‍ന്നു. അമ്മേ എന്നോ അച്ഛാ എന്നോ ദൈവമേ എന്നോ വിളിയ്ക്കാനാകാത്ത വണ്ണം ആ ഇടിയിലും മിന്നലിലും കാറ്റിലും അയാളുടെ സംശയങ്ങളും പേടിയും ആധിയുമെല്ലാം വെണ്ണയായി ഉരുകിയൊഴുകി.

പതിയെ നടന്ന് ചെന്ന് ഒരു പൂവിനെ എന്ന പോലെ ആ കുഞ്ഞുശരീരം എടുത്തുയര്‍ത്തവേ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച എല്ലാവര്‍ക്കും വേണ്ടി മനസ്സില്‍ മാപ്പു പറഞ്ഞുകൊണ്ട് അയാള്‍ വിളിച്ചു. “എന്റെ… എന്റെ പൊന്നു മോളെ…”

Subscribe Tharjani |