തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

ഓര്‍മ്മ

നീ നിന്റെ പൂക്കിലക്കിളികളെ എന്തുചെയ്തു?

നമ്മുടെ നാട്ടുകവലകളിലും മറ്റും കണ്ടിരുന്ന അങ്ങാടിക്കുരുവികള്‍ എന്ന പേരുള്ള ചെറിയ കിളികളെ ഇപ്പോള്‍ കാണാനില്ല എന്ന് ഈയടുത്ത് എവിടെയൊ വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നത് ഞങ്ങളുടെ നാട്ടിലെ പൂക്കിലക്കിളികളെയാണ്. ഇവ രണ്ടും ഒരേ കിളി തന്നെയോ? രണ്ടുപേരുകളില്‍ അറിയപ്പെടുന്നു എന്നതാവാം. (പൂക്കിലക്കിളി എന്നു തന്നെയാണോ അവയെ വിളിച്ചിരുന്നത്? അതോ പൂക്കുലക്കിളിയോ? അതോ പൂക്കലക്കിളിയോ? അവയുമായി കളിച്ചുനടന്ന കാലത്ത് പിന്നീടൊരിക്കല്‍ അവയെകുറിച്ച് എഴുതാന്‍ അക്ഷരങ്ങള്‍ വഴങ്ങും എന്ന വിദൂരസൂചനകള്‍ പോലും ഇല്ലാതിരുന്നതിനാല്‍ ശരിയുച്ചാരണം എന്തെന്ന് ആലോചിച്ച് വ്യസനിച്ചിരുന്നില്ല.)

പുക്കിലക്കിളികളെ കണ്ടിട്ടിപ്പോള്‍ ഒരുപാടുകാലമാകുന്നു. പൂക്കിലക്കിളികള്‍ വാരാറുള്ള ഇടങ്ങളില്‍നിന്നും ഞാന്‍ നാടുവിട്ടുപോയിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നുവല്ലോ. ചില ദേശങ്ങളില്‍, ചില അവാസവ്യവസ്ഥകളില്‍ മാത്രമേ ചില കിളികള്‍ക്ക് ജീവിക്കാനാവു. അതുകൊണ്ടാവാം പൂക്കിലക്കിളികള്‍ എന്നോടൊപ്പം ഈ ചൂടുദേശത്തേക്ക് വരാതിരുന്നത്. എന്നാല്‍ ഇവിടെയും കുരുവികളുണ്ട്. വേനല്‍ക്കാലത്ത് അവ നാലാംനിലയിലെ ഫ്ലാറ്റിന്റെ ജനല്‍ക്കൊമ്പില്‍ വന്നിരിക്കും (‘ജനല്‍ക്കൊമ്പ്‘ എന്ന പ്രയോഗം കൂട്ടുകാരനായ ഷിബു ഫിലിപ്പിന്റേത് – മരങ്ങളില്ലാത്ത ദേശത്തെ പ്രക്ഷേപണംചെയ്യുന്ന ഉലയ്ക്കുന്ന ബിംബം).

വളമിട്ട്, നിരന്തരം വെള്ളംനനച്ച് വളര്‍ത്തുന്ന മരങ്ങള്‍ എന്നാല്‍ ഇവിടെയുമുണ്ട്. നിരത്തുകളുടെ ഇരുവശത്തും, പൊടിക്കാറ്റുമൂടി അവ തഴച്ചുനരയ്ക്കും - വല്ലപ്പോഴും പെയ്യുന്ന മഴയില്‍മാത്രം പച്ചപൊതിയും. ഗസ്സാലി എക്സ്പ്രസ്സ്-വേ കടന്നുപോകുന്ന ആ വലിയ ഓവര്‍ബ്രിഡ്ജിന് കീഴിലുള്ള സിഗ്നലില്‍, കൊമ്പുകള്‍ വെട്ടി ഭംഗിവരുത്താറുള്ള മരങ്ങള്‍ക്ക് വിപരീതമായി, കാടുപിടിച്ച് വളര്‍ന്നുകയറിയ ഒരു മരക്കൂട്ടമുണ്ട്. സിഗ്നല്‍ പച്ചയാവുന്നതും കാത്തുകിടക്കുമ്പോള്‍ നാടും കാടും എവിടെന്നോ ഇറങ്ങിവരും. വലിയ പാലത്തിന്റെ നിഴലിലുള്ള ആ കാവില്‍, തിളയ്ക്കുന്ന ചൂടിലും കുത്തുന്ന തണുപ്പിലും ഈ രാജ്യത്തെ കുരുവികള്‍ മുഴുവന്‍ വന്നിരുന്ന് കൊക്കുതുറന്ന് നിര്‍ത്താതെ ചിലയ്ക്കും. കിളികളില്ലാത്ത ലോകം അസാദ്ധ്യമാണെന്ന് അതുവഴി സഞ്ചരിക്കുമ്പോള്‍ അറിയും.

പറങ്കിക്കാടുകളിലാണ് പൂക്കിലക്കിളികളെ ആദ്യമായി കാണുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശൈശവത്തില്‍ ഓര്‍മ്മയെത്തുന്ന കാലത്ത് പൂക്കിലക്കിളികളും പറങ്കിമരങ്ങളും ഒന്നിച്ചാണ് ബോധത്തില്‍ നില്ക്കുക – അവയ്ക്ക് വേറിട്ടൊരു അസ്തിത്വം ഇല്ല. വീടിനുചുറ്റും ഏക്കറുകളോളം പറങ്കിമരങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലും കശുമാവുകള്‍ തീരെ കുറഞ്ഞിരിക്കുന്നു – ഒക്കെ തെങ്ങിന്‍തോപ്പുകളാണ്. തെങ്ങുവയ്ക്കാന്‍വേണ്ടിയാണ് പറങ്കിമരങ്ങള്‍ മുറിച്ചുമാറ്റിയത്. പറങ്കിയുടെ വേരുകള്‍ കൊമ്പുകളെക്കാള്‍ വിരുതരും ഊര്‍ജജസ്വലരും – വെള്ളംതേടി അവ നീണ്ടദൂരങ്ങള്‍ താണ്ടിപ്പോകുന്നു. കിണറ്റിന്‍കരയില്‍ തുണിയലക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന നാരുപോലുള്ള വേരിനെ മണ്ണ് മാന്തി പിന്തുടര്‍ന്നാല്‍ സങ്കീര്‍ണ്ണമായ അതിജീവനത്വരയുടെ വിചിത്രമായ ലോകം ഭൂമിയുടെ അടിയില്‍ തുറന്നുവരും. അഴിമുഖത്ത് നിന്നും പ്രഭവത്തിലേക്ക് ഒരു നദിയുടെ തീരത്തുകൂടി നടക്കുന്നതുപോലെയാണത്. എവിടേയ്ക്കും ഇഴഞ്ഞുചെന്ന് ജലം ഊറ്റിയെടുക്കുന്ന പറങ്കിമാവുകള്‍, യാത്രപോകാനറിയാത്ത വേരുകളുമായി നില്ക്കുന്ന തെങ്ങുകള്‍ക്ക് ഭീഷണിയായപ്പോഴാണ് ആളുകള്‍ അവയെ മുറിച്ചുമാറ്റാന്‍ തുടങ്ങിയത്. അക്കാലത്ത് തേങ്ങയ്ക്ക് വിലയുണ്ടായിരുന്നു – ഇപ്പോള്‍ കരിക്കിനാണ് വില. പറങ്ങാണ്ടിക്ക് വിലയില്ലെന്നല്ല. എന്നാല്‍ വര്‍ഷത്തില്‍ രണ്ടുമാസം മാത്രം സഹായിക്കുന്ന കശുവണ്ടിയെക്കാള്‍ ലാഭകരം തെങ്ങ് തന്നെ.

വീടിനടുത്തുള്ള പറങ്കിമരങ്ങള്‍ കളിപ്പാട്ടങ്ങളാണ് – വലിയ കളിപ്പാട്ടങ്ങള്‍. അവയുടെ ചാഞ്ഞകൊമ്പുകളില്‍ കയറിയിരുന്ന് ബസ്സോടിച്ച് കുട്ടികള്‍ യാത്രപോകും. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമുണ്ടാവും. എല്ലാവരും കൂടി എത്ര ആഞ്ഞുകുലുങ്ങിയാലും ശിഖരമൊടിയില്ല, മണലില്‍ വന്നുതൊട്ടാല്‍പ്പോലും. ഒരു ചുള്ളിക്കമ്പ് അകലേക്ക് വലിച്ചെറിഞ്ഞ് ഒരുത്തനെയോ ഒരുത്തിയേയോ അതെടുക്കാന്‍ ഓടിക്കും. അപ്പോഴേക്കും മറ്റുകുട്ടികള്‍ പറങ്കിയുടെ എത്താചില്ലകളില്‍ കയറിക്കൂടിയിട്ടുണ്ടാവും. കമ്പെടുത്ത് വരുന്നയാള്‍ അത് മരചുവട്ടിലിട്ട് മരത്തിലിരിക്കുന്ന ആരെയെങ്കിലും തൊട്ടാല്‍ അവന്‍ കളി ജയിച്ചു. എന്നാല്‍ അതിനിടയ്ക്ക് മരത്തിലിരിക്കുന്ന ഏതെങ്കിലുമൊരു കുട്ടി, അണ്ണാരക്കണ്ണനെ പോലെ വാലിലെ ചിറകുകള്‍വിടര്‍ത്തി പറന്നിറങ്ങി മരച്ചുവട്ടിലെ കമ്പില്‍ത്തൊട്ടാല്‍ അതേ ആള്‍തന്നെ വീണ്ടും കമ്പെടുക്കാന്‍ -‘ലൂട്ടി’യെടുക്കാന്‍ - പോകണം. കുട്ടികള്‍ ഓടികളിക്കുന്ന മരച്ചുവടുകളില്‍ കരിയിലകളുണ്ടാവില്ല, അവരുടെ ഓട്ടത്തിലും ചാട്ടത്തിലും കരിയിലകള്‍ എവിടേയ്ക്കൊക്കെയോ പറന്നുപോയിട്ടുണ്ടാവും. പറങ്കിച്ചുവട്ടിലെ മണല്‍മദ്ധ്യാഹ്നങ്ങളുടെ നിഴലിലെന്നെങ്കിലും ഒറ്റയ്ക്കായപ്പോഴാവണം ആദ്യമായി കവിതയുടെ ഒരു വരി മനസ്സിലോ മണലിലോ വരഞ്ഞിട്ടുണ്ടാവുക. ആദ്യത്തെ അനുഭവം പ്രകൃതിയാണ്. ആദ്യത്തെ പ്രതിഭാസ്ഫുരണവും പ്രകൃതിയാണ്.

കുട്ടികള്‍ കളിക്കുന്ന മരത്തില്‍ നീറുകള്‍ വരില്ല. പരന്ന ഹരിതപത്രങ്ങള്‍ ചേര്‍ത്തുതുന്നി കൂടുകള്‍ ഉണ്ടാക്കാനോ സ്വൈര്യവിഹാരം നടത്താനോ, കുട്ടികള്‍ ചവിട്ടിമെതിക്കുന്ന ആ മരക്കൊമ്പുകളില്‍ നീറുകള്‍ക്ക് സാധിക്കില്ല. ഒരുപക്ഷെ നീറുകളില്ലാത്തതുകൊണ്ടാവുമോ എന്നറിയില്ല, കുട്ടികളെ കാര്യമാക്കാതെ പൂക്കിലക്കിളികല്‍ ഇതേമരത്തില്‍ കൂടുവയ്ക്കും, മുട്ടയിടും, കുഞ്ഞുവിരിയിക്കും, കിളികുഞ്ഞുങ്ങള്‍ക്ക് ആഹാരവുമായി പറന്നുവരും. നാരുകള്‍കോര്‍ത്ത് പൂക്കിലകിളികള്‍ ഉണ്ടാക്കുന്ന കൂടുകള്‍ ഒരു വാസ്തുവിസ്മയമാണ്. അത്രയും ഭംഗിയും ഊഷ്മളതയും അനുഭവിപ്പിക്കാന്‍ മനുഷ്യരുണ്ടാക്കുന്ന വീടുകള്‍ക്ക് ആവില്ല. ഒരു കിളിക്കുഞ്ഞായി അതിന്റെ സുരക്ഷിതമായ ചൂടില്‍ കയറിയിരിക്കാന്‍ കൊതിതോന്നിപ്പിക്കുന്ന രൂപഭംഗി. ചിലപ്പോള്‍ കുട്ടികളുടെ ബഹളത്തില്‍ അവരറിയാതെ കിളിക്കൂടുകള്‍ താഴെവീണ് ചിതറും. മുട്ടകള്‍ പൊട്ടിപോകും. തള്ളക്കിളി കരഞ്ഞുകൊണ്ട് കുറച്ചുനേരം അതിനുചുറ്റും പറന്നുനടക്കും – പിന്നെ മരചില്ലകളിലോ ആകാശത്തിലോ അപ്രത്യക്ഷമാവും. കിളികള്‍ക്ക് വലിയ തലച്ചോറുകളില്ലെന്ന് ശാസ്ത്രത്തിന് അറിയാം – പക്ഷെ, വൈകാരികമായ ചോദനകള്‍ ഉണ്ടെന്ന് കുട്ടികള്‍ക്ക് അറിയാം. അല്ലെങ്കില്‍ എന്തിനാ തള്ളകിളി പൊട്ടിയ മുട്ടകള്‍ക്കുചുറ്റും അതുവരെ കേള്‍ക്കാത്ത ശബ്ദത്തില്‍ ഉറക്കെ ചിലച്ചുകൊണ്ട് പറക്കണം. അതിന്റെ മഞ്ഞകള്‍ പീലികള്‍ക്കുള്ളിലെ സ്പടികനീലിമ എന്തിന് കുട്ടികളുടെ സ്വപ്നങ്ങളില്‍ വന്ന് ആ രാത്രി പേടിപ്പിക്കണം.

വീടിന്റെ അടുത്തുള്ള മരങ്ങളെ പോലെയല്ല പരിസരവൃത്തത്തിന് പുറത്തുള്ളവ. അവയുടേ കൊമ്പുകള്‍ മുകളില്‍നിന്ന് താഴേക്കുവളര്‍ന്ന് ഒരു വലിയ പച്ചകൂടാരം പോലെ ഉള്‍ഭാഗത്തെ ഇരുണ്ടതാക്കുന്നു. ചേര്‍ന്നുനില്ക്കുന്ന പത്ത് പറങ്കിമരങ്ങള്‍ നിഗൂഡതയുടെ വനഗര്‍ഭമാണ്. അങ്ങിനെ നീണ്ട് നീണ്ട് പോകുന്ന പറങ്കിക്കാടുകള്‍. നടക്കുമ്പോള്‍ കരിയിലകളുടെ മര്‍മ്മരം പ്രേതസഞ്ചാരങ്ങളെ ഓര്‍മ്മിപ്പിക്കും. പൂക്കിലക്കിളികളോ അണ്ണാരക്കണ്ണന്മാരോ അവിടെ ആര്‍ത്ത് ചിലയ്ക്കില്ല. ചിലയ്ക്കുമ്പോള്‍ ആ ശബ്ദം ക്രമാതീതമായി പ്രതിദ്ധ്വനിക്കും. പെട്ടെന്ന് പൊന്തയില്‍നിന്ന് കരിയിലകള്‍ പറപ്പിച്ച് ഒരു നരിയോ പെരുച്ചാഴിയോ പായും. ഒരുനിമിഷം ശ്വാസം നിലച്ചുപോകും. ഒരിക്കല്‍ പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ഇരുട്ടിയനേരത്ത് രണ്ട് കുട്ടികള്‍ അതുവഴി വരുമ്പോള്‍ മരക്കൂട്ടത്തിനുള്ളില്‍ ചിലങ്കകിലുക്കി മിന്നായംപോലെ നടന്നുമറഞ്ഞ ഒരു യക്ഷിയെ കണ്ടിരുന്നു. പിറ്റേന്ന് സ്കൂളില്‍ വച്ച് ആ സംഭവം വിവരിക്കുമ്പോഴും പേടികൊണ്ട് അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതിലൊരു കുട്ടിയെ, മദ്ധ്യവയസ്കനായി ബഹറിന്‍ എയര്‍പോര്‍ട്ടിന്റെ ട്രാന്‍സിറ്റ് ലോഞ്ചില്‍ വച്ചുകണ്ടു. അവനാ സംഭവം മറന്നേപോയിരിക്കുന്നു.

പറങ്കിമരം ഒരു തദ്ദേശിയ വൃക്ഷമല്ല - പറങ്കികള്‍ അവരുടെ തെക്കനമേരിക്കന്‍ കോളനികളില്‍ നിന്നും കൊണ്ടുവന്നതാണ്. തെക്കനമേരിക്കയുടെ വടക്കന്‍പ്രദേശങ്ങളുടെ എതാണ്ടതേ ട്രോപ്പിക്കല്‍ കാലവസ്ഥയുള്ള നമ്മുടെ നാട്ടില്‍ അതങ്ങ് പച്ചപിടിക്കുകയും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി ഉല്പാദനരാജ്യങ്ങളിലൊന്നായി മാറുകയും ചെയ്തു. പറങ്കികള്‍ കൊണ്ടുവന്നതുകൊണ്ട് നമ്മളിതിനെ പറങ്കിമരം എന്നുവിളിക്കുന്നു. എന്നാല്‍ കശുമാവ് എന്നത് കുറച്ചുകൂടി ചേരും – പറങ്കിഭാഷയിലെ മൂലനാമമായ ‘കാജു’വിനോട് സാമ്യമുള്ളതുകൊണ്ട്. കാജു എന്നതില്‍ നിന്നാണ് ‘കാഷ്യൂ’ എന്ന ആംഗലേയനാമവും ഉണ്ടായിവന്നത്.

പറങ്കിമരത്തിന്റെ തണ്ടില്‍ ചുമപ്പ് ഇലകളുള്ള ഇത്തിള്‍ വളരും. അതിന്റെ നീണ്ട പൂക്കളില്‍ നിന്നുള്ള തേന്‍ പൂക്കിലക്കിളികള്‍ക്ക് പഥ്യം. അന്തരീക്ഷത്തില്‍ ചിറകുകള്‍ വിടര്‍ത്തി നിന്നാണ് സാധാരണ കിളികള്‍ പൂക്കളെ ഉമ്മവയ്ക്കുക. മനുഷ്യന്റെ കാഴ്ചശക്തിയെ തോല്പിച്ച് അതിവേഗം ചലിക്കുന്നതുകൊണ്ടാണ് ചിറകുകള്‍ വിടര്‍ന്നിരിക്കുന്നതായി തോന്നുക. പാരസ്പര്യത്തിന്റെ ജൈവലോകമാണ് ഒരോ മരവും. പറങ്കിക്ക് മിനുസമായ പുറമാണ്. ഒന്ന് വരഞ്ഞാല്‍ അതിലൂടെ കട്ടിയുള്ള ജലം പുറത്തേയ്ക്കുവരും. അങ്ങിനെ മരത്തെ വേദനിപ്പിക്കരുതെന്ന് ചില കുട്ടികള്‍ പറയും – അവ കരയുകയാണത്രേ. അല്പനേരം കഴിഞ്ഞാല്‍ ആ ദ്രാവകം കട്ടിയാവും – വായിലിട്ട് ചവച്ചാല്‍ ച്യൂങത്തെ പോലെ. അക്കാലത്ത് നാട്ടിന്‍പുറത്തെ കടകളില്‍ ച്യൂങം കിട്ടിതുടങ്ങിയിരുന്നില്ല. പഴുത്ത ഇത്തിള്‍ക്കായ്കളും കുട്ടികള്‍ തൊലികളഞ്ഞ് വായിലിട്ട് നുണയും – കുരുവിന് ചുറ്റുമുള്ള പശദ്രാവകം മധുരതരമാണ്. നാലഞ്ച് കുരു നുണഞ്ഞുകഴിയുമ്പോഴേക്കും നാക്ക് മുഴുവന്‍ പശ കൊണ്ട് ഒട്ടും. ഏത് പഴത്തിന്റെ രുചിയും ഓര്‍മ്മപ്പെടുത്തികൊണ്ട് കടകളിലിന്ന് കുപ്പിയില്‍ നിറച്ച പാനീയങ്ങള്‍ കിട്ടും. പക്ഷേ ഇത്തിള്‍ക്കായുടെ രുചി…?

വേനല്‍ക്കാല അവധി തുടങ്ങുന്നതിനു മുമ്പുതന്നെ പറങ്കിമരങ്ങള്‍ പൂത്തുതുടങ്ങും. ഒറ്റപ്പെട്ട പൂക്കളല്ല, പൂക്കുലകളാണ് - ഇളംറോസ് നിറത്തില്‍. അതിനിടയ്ക്ക് നല്ലൊരു വേനല്‍മഴ പെയ്താല്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോകും. അക്കൊല്ലത്തെ വിളവും കുറയും. പൂക്കളില്‍ നിന്നും ആദ്യം പച്ചണ്ടികള്‍ ഉണ്ടായി വരും - പച്ചനിറത്തില്‍ത്തന്നെയുള്ള കുഞ്ഞു പറങ്കിമാങ്ങയുടെ തുമ്പത്ത്. പഴുത്ത പറങ്കിപ്പഴങ്ങള്‍ നിറത്തിന്റേയും രൂപത്തിന്റേയും വൈവിദ്ധ്യമാണ്. ഇളംമഞ്ഞയില്‍ തുടങ്ങി കടുംചുമപ്പ് വരെ. ചെറിയ ആപ്പിള്‍ പോലെ തോന്നിക്കുന്നവയും, നീളത്തില്‍ വാളന്‍പൂളി പോലുള്ളവയും ഒക്കെയുണ്ടാവും. ഏത് മരത്തില്‍ ഏതുതരം പഴമാണെന്നും അതിന്റെ രുചിയെന്താണെന്നും കുട്ടികള്‍ക്കറിയാം. പറങ്കിമാങ്ങയുടെ ചാറ് ഉടുപ്പുകളില്‍ വീണാല്‍ ആ കറ ഒരിക്കലും പോകില്ല. ചാറ് ഇറ്റിക്കാതെ കഴിക്കാനും പറ്റില്ല. അതിന്റെ പേരില്‍ കുട്ടികള്‍ക്ക് അമ്മമാരുടെ കയ്യില്‍ നിന്ന് നല്ല അടികിട്ടും. അടികിട്ടാതിരിക്കാന്‍ കുട്ടികളെല്ലാം മുന്നോട്ടാഞ്ഞുനിന്നാണ് പറങ്കിമാങ്ങ കഴിക്കുക. വിളയാത്ത പറങ്ങാണ്ടി (പച്ചണ്ടി) കത്തികൊണ്ട് രണ്ടായി മുറിച്ച് പാകമാവാത്ത അണ്ടിപ്പരിപ്പ് കഴിക്കാം. പച്ചണ്ടിയുടെ ചാറ് തൊലിപൊള്ളിക്കും സൂക്ഷിച്ചില്ലെങ്കില്‍. പച്ചണ്ടി പറിക്കാന്‍ അമ്മമാര്‍ സമ്മതിക്കാറില്ല – അസീസ് നല്ല പാകമായ കശുവണ്ടി മാത്രമേ വാങ്ങാറുള്ളു. പാകമായി പറിച്ചുകഴിഞ്ഞാലും പിന്നെ എത്രയോ ദിവസം വെയിലില്‍ ഉണക്കണം നല്ല വിലകിട്ടാന്‍. കശുവണ്ടി ചുട്ട്, കല്ലില്‍വച്ച് തല്ലിപ്പൊളിച്ചെടുക്കുന്ന പരിപ്പിന് പ്രത്യേക രുചിയാണ്. ചുടുന്നനേരത്ത് പുറന്തോടിന്റെ നെയ്യ് ചെറിയ മുക്കുപടക്കങ്ങള്‍ പോലെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ കടകളില്‍ സുലഭം വാങ്ങാന്‍കിട്ടുന്ന പ്രോസെസ്സ് ചെയ്ത അണ്ടിപ്പരിപ്പിന്റെ രുചിയുമായി അതിന് അശേഷം സാമ്യമില്ലെന്നത് ആശ്ചര്യം തന്നെ.

പറങ്ങാണ്ടി പറിക്കാനുള്ള കാലമായാല്‍ തോട്ടയുമായി അമ്മമാരും കുട്ടികളും ആഴ്ചയിലൊരിക്കലെങ്കിലും അണ്ടിപറിക്കാന്‍ ഇറങ്ങും. വേനലവധിയായതുകൊണ്ട് ചുറ്റുവട്ടത്തുള്ള കുട്ടികള്‍ ഒക്കെ കാണും, ഒരുത്സവം പോലെ. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും കോഴിയും ഒക്കെ കൂടെവരും. പട്ടിയുള്ളതുകൊണ്ടാവും പൂച്ചകള്‍ ഒരിക്കലും ഒപ്പം കൂടാറില്ല. മാത്രവുമല്ല വളര്‍ത്തുജീവികളില്‍ കുറച്ച് സങ്കീര്‍ണ്ണമായ സ്വഭാവമാണ് പൂച്ചയ്ക്ക്. മരത്തിനുമുകളിലൂടെ പൂക്കിലക്കിളികളും അണ്ണാരക്കണ്ണന്മാരും ചിലച്ചുകൊണ്ട് പിന്തുടരും. പറങ്ങാണ്ടിയുടെ ആദായം പലരും ഒരധികവരുമാനമായേ എടുത്തിട്ടുള്ളു എന്നു കരുതണം. അതിനാല്‍ അണ്ടിവിറ്റുകിട്ടുന്ന തുകയില്‍ നിന്ന് കുറച്ചുകാശ് അമ്മമാര്‍ കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. അതുംകൊണ്ട് ആണ്‍കുട്ടികള്‍ കണിയാപുരത്തെ മൊത്തവ്യാപാര കടയില്‍പോയി മിട്ടായികള്‍ വാങ്ങിവന്ന്, പെണ്‍കുട്ടികള്‍ക്ക് കച്ചവടം നടത്തും. വര്‍ഷകാലംവരുന്നതും സ്കൂള്‍തുറക്കുന്നതും ഒന്നിച്ചാണല്ലോ. അപ്പോള്‍ ഒരു അദ്ധ്യായം അടയുകയും മറ്റൊരു അദ്ധ്യായം തുറക്കുകയുമാണ്. പിറന്നാളിനല്ല, അടുത്ത ക്ലാസിന്റെ പുസ്തകം കിട്ടുമ്പോളാണ് നമ്മള്‍ ഒന്നുകൂടി വളര്‍ന്നിരിക്കുന്നു എന്നത് മൂര്‍ത്തമാവുന്നത്.

പാരമ്പര്യമായി കിട്ടിയ ഒരു ചെറിയ തുണ്ട് ഭൂമിയുണ്ട് നാട്ടില്‍. കാര്യമായ ഫലവൃക്ഷങ്ങളൊന്നുമ്മില്ലാതെ തരിശായികിടക്കുന്ന ഭൂമി. ആ ഭാഗത്ത് ഒരു വീടുവച്ച് കഴിയുക എന്ന സ്വപ്നമൊക്കെ, പലവിധ മുന്‍ഗണനകളാള്‍ ഹാജര്‍വെട്ടി പോയികഴിഞ്ഞു. ആ പറമ്പിന്റെ ഒരു ഭാഗത്ത്, കിണറിനടുത്തായി എട്ടുപത്ത് പറങ്കിമരങ്ങള്‍ തഴച്ചുവളര്‍ന്ന് നില്പുണ്ട് – എറെക്കൂറെ പറങ്കിമരങ്ങള്‍ അന്യമായിതുടങ്ങുന്ന ഒരു ഭൂപ്രദേശത്ത്. അവധിക്കു ചെല്ലുമ്പോള്‍ ബന്ധുക്കള്‍ ചോദിക്കാറുണ്ട് അവിടെ തെങ്ങോ മറ്റെന്തെങ്കിലും ഫലവൃക്ഷങ്ങളോ വച്ചുപിടിപ്പിച്ചുകൂടേ എന്ന്. പറങ്കിമരങ്ങള്‍ മുറിച്ചുമാറ്റുക എന്നാവുമത്. അവിടെ വളര്‍ന്നുനില്ക്കുന്ന ഒന്നുരണ്ട് മരത്തിന് എന്നെക്കാള്‍ പ്രായമുണ്ട്. ഇപ്പോള്‍ അപരിചിതഭാവം തോന്നുമെങ്കിലും എനിക്കവയെ നന്നായി അറിയാം. കുട്ടിക്കാലത്ത് അതിന്റെ തണലിലെ മദ്ധ്യാഹ്നങ്ങള്‍ ഇലമണം കൊണ്ടെന്നെ ഉറക്കിയിട്ടുണ്ട്. അന്നവയും ചെറുതായിരുന്നു. മറ്റുമരങ്ങളൊക്കെ പിന്നീടുണ്ടായവയാണ്. കശുവണ്ടികള്‍ അവിടെത്തന്നെ വീണുമുളച്ചതാവണം - പറിച്ചുവില്ക്കാനൊന്നും ആരുമില്ലല്ലോ.

കഴിഞ്ഞതവണ നാട്ടില്‍ ചെന്നപ്പോള്‍ ഒരു കശാപ്പുകാരന്‍ വരുക തന്നെചെയ്തു. എല്ലാ മരത്തിനും കൂടി അയാളൊരു വിലയിട്ടു. കത്തിക്കാന്‍ മാത്രം കൊള്ളുന്ന പറങ്കിമരത്തിന്റെ തടിക്കും ഇത്രയ്ക്ക് ആവശ്യക്കാരോ? ഗള്‍ഫുക്കാരന് പൊതുവേ ചാര്‍ത്തികിട്ടാറുള്ള, അഹങ്കാരംപുരട്ടിയ തിരക്കഭിനയിച്ച് ഞാനയാളെ ഒഴിവാക്കി. ആ മരങ്ങള്‍ അവിടെ നില്ക്കട്ടെ. മുജ്ജന്മവാസനകളാല്‍ ഒരു പൂക്കിലക്കിളി എവിടെനിന്നെങ്കിലും പറന്നുവന്നാല്‍ അതിനിരിക്കാനും കൂടുകൂട്ടാനും ഒരു പറങ്കിമരം വേണമല്ലോ. കാരണം, കുറച്ചുനാളുകള്‍ക്ക് മുമ്പ് ഷർഖിലെ കടല്പാലത്തില്‍, ഷുവൈഖ് തുറമുഖത്തുനിന്നും യാത്രപോകുന്ന കപ്പലുകള്‍ നോക്കിനില്ക്കേ ഒരു കടല്‍ക്കാക്ക അടുത്തുവന്ന് ചോദിച്ചു; നീ നിന്റെ പൂക്കിലക്കിളികളെ എന്തുചെയ്തു?

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍ പി (not verified) on Mon, 2012-06-25 13:26.

നന്നായിരിക്കുന്നു ലാസര്‍;

സ്വല്പനേരം എനിക്കും എന്റെ ബാല്യം ഓര്‍മ്മിക്കാനായി. ഞാന്‍ ജനിച്ച നാട്ടിന്‍പുറത്തേയും.

നന്ദി

ചന്ദ്രശേഖരന്‍.പി