തര്‍ജ്ജനി

വര്‍ത്തമാനത്തിലെ വര്‍ത്തമാനം

കടല്‍ത്തീരത്ത്‌ കളിവീടുണ്ടാക്കുകയായിരുന്നു കുട്ടിക്കാലത്ത്‌ ഞങ്ങളുടെ പ്രധാന വിനോദം. നനഞ്ഞ മണ്‍തരികളെ മാര്‍ബിളുകളാക്കി അവയെ മനോഹരമായി അലങ്കരിച്ച്‌ ഞങ്ങളുടെ ചെറിയ മനസ്സിലെ കുഞ്ഞുഭാവനകളിലെ സ്വപ്നസൌധങ്ങളുണ്ടാക്കും. അങ്ങനെ ഞങ്ങള്‍ രാജശില്‍പികളെപ്പോലെയാകും. ആര്‍ക്കുമില്ലാത്തതൊക്കെ സ്വന്തമാക്കിയവരുടെ ഭാവം മുഖത്ത്‌ വരും. ക്ഷണമാത്രയില്‍ ഒരു തിരമാല പാല്‍നുരകളായെത്തി ഞങ്ങളുടെ സ്വപ്നസൌധങ്ങളെ തകര്‍ത്തു നിലം പരിശാക്കും. അപ്പോള്‍ ഞങ്ങള്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പട്ടാളക്കാരെപ്പോലെ നിസ്സഹായരായി പരസ്പരം നോക്കി നില്‍ക്കും.

രാജ്യം നഷ്ടപ്പെട്ട നെപ്പോളിയന്‍ ഒളിവില്‍ കഴിഞ്ഞ്‌ ഒടുവില്‍ ശക്തിയും സൈന്യവും സമാഹരിച്ച്‌ തിരിച്ചെത്തി രാജ്യവും അധികാരവും പിടിച്ചെടുത്തതു പോലെ രാത്രിയില്‍ ഞങ്ങളുടെ ഉറക്കമില്ലാത്ത മനസ്സുകള്‍ നഷ്ടപ്പെട്ടതിനേക്കാള്‍ മനോഹരങ്ങളായ വലിയ കൊട്ടാരങ്ങളെ സ്വപ്നം കാണും. അടുത്ത പ്രഭാതത്തില്‍ കടല്‍ത്തീരത്ത്‌ അത്‌ യാഥാര്‍ത്ഥ്യമാകും. കുരുന്നു മനസ്സുകളെ വീണ്ടും വേദനിപ്പിയ്ക്കാന്‍ കടല്‍ത്തിരകള്‍ പിന്നെയും കൈ നീട്ടി വരും. അങ്ങനെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തകര്‍ച്ചകളും ഞങ്ങളുടെ ദിനരാത്രങ്ങളില്‍ തുടര്‍ച്ചകളായി. ആ കടല്‍ത്തീരത്ത്‌ നിന്നുമാണ്‌ ഞാന്‍ ആദ്യപാഠം പഠിച്ചത്‌ - ജീവിതം.

'സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും പിന്നെ തകര്‍ച്ചകളിലേയ്ക്കും തുടര്‍ന്ന് സ്വപ്നങ്ങളിലേയ്ക്കും കാലത്തിന്റെ നീണ്ട പ്രതലങ്ങളിലൂടെ ഉരുളുന്ന ചക്രം.'

ആത്മഹത്യകള്‍ കലികാലത്തിന്റെ ശാപമാണ്‌. വിശപ്പും വ്യാപാരവും വിശ്വാസവഞ്ചനയും വ്യയവ്യതിയാനങ്ങളും മുന്‍കൂട്ടിനിര്‍ണ്ണയിക്കപ്പെട്ട മരണത്തിന്റെ അകാല ഹേതുവായി ഭവിക്കുന്നു. നിങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാകരുത്‌.

തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എനിക്ക്‌ ഒരു രാത്രി മതി. എന്റെ സ്വപ്നസിംഹാസനങ്ങളെ സുതാര്യമായ പകല്‍ വെളിച്ചത്തില്‍ കടലെടുക്കുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. കനലെരിയുന്ന മനസ്സിനെ നിലാവെളിച്ചമില്ലാത്ത ഇരുണ്ട രാത്രിയിലേയ്ക്ക്‌ ഞാന്‍ അഴിച്ചുവിടും. ഊതിക്കാച്ചിയ പുത്തന്‍ സ്വപ്നങ്ങളുമായി അത്‌ എന്നിലേയ്ക്ക്‌ തിരികെ കുടിയേറും. അങ്ങനെ ഞാന്‍ വിജയത്തിന്റെ തിലകച്ചാര്‍ത്തുള്ള പുതിയ പ്രഭാതത്തെ കാത്തിരിക്കും - ആഘോഷിക്കാന്‍.

നിങ്ങളുടെ അടുത്ത രാത്രി മരണത്തിന്റേതാണോ? അതോ വിജയസ്വപ്നങ്ങളുടേതാണോ?

സന്തോഷ്‌ ജോസഫ്‌, മരുത്തടി