തര്‍ജ്ജനി

പുസ്തകം

ഒറ്റപ്പെട്ടവരുടെ ആത്മരോദനങ്ങള്‍

കഥ കാലത്തിന്റെ കണ്ണാടിയാവണം. ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനം കഥകളുടെ സവിശേഷ സൗന്ദര്യമായി പുതുതലമുറയിലെ പല എഴുത്തുകാരുടെയും രചനകളില്‍ നിഴലിക്കുന്നത്‌ ആശ്വാസകരമാണ്‌. എന്നാല്‍ അനുഭവങ്ങളുടെ അഭാവവും ജീവിതവീക്ഷണങ്ങളിലുള്ള അപൂര്‍ണതയും പുതിയ കഥകളുടെ പരിമതിയായിത്തീരുന്നു, മിക്കപ്പോഴും. മാറിയ ജീവിത സാഹചര്യങ്ങളെ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കി മൂല്യനിര്‍ണയം നടത്തുന്നത്‌ പ്രായോഗികമല്ലാത്തതുകൊണ്ടാവണം പുത്തന്‍ ജീവിചതാവിഷ്കാരത്തില്‍ മാനുഷിക മൂല്യങ്ങള്‍ പകര്‍ത്താന്‍ പുതുതലമുറയിലെ എഴുത്തുകാര്‍ക്ക്‌ പലപ്പോഴും സാധ്യമാവാതെ വരുന്നത്‌.

falooja

മുഖ്യധാരാ എഴുത്തുകാരുടെ രചനകളില്‍ നിന്നും വിഭിന്നമാണ്‌ പ്രവാസി എഴുത്തുകാരുടെ രചനകള്‍. ഗൃഹാതുര നൊമ്പരങ്ങള്‍ക്കപ്പുറത്ത്‌ പ്രവാസാനുഭവത്തെ ഒരു ദാര്‍ശനിക സമസ്യയായി ആവിഷ്കരിക്കുകയും മനുഷ്യന്റെ ഒറ്റപ്പെടലുകളെയും ചെറുത്തുനില്‍പ്പുകളെയും തീവ്രമായ തലത്തില്‍ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ ചില രചനകളെങ്കിലും മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. പ്രവാസി എന്ന തരം തിരിവോടെ മുഖ്യധാരയില്‍ നിന്നും മാറ്റി നിറുത്തപ്പെടുന്നുവെന്ന ആരോപണം മിക്ക പ്രവാസി എഴുത്തുകാരും ഉന്നയിക്കാറുണ്ട്‌. ഇത്‌ ഒരു പരിധിവരെ ശരിയാണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത മൂല്യബോധം സമ്പന്നമാക്കിയ പ്രവാസി എഴുത്തുകാരുടെ ചില രചനകള്‍ ഈ വെല്ലുവിളികളെ അതിജീവനം നടത്തിയിട്ടുള്ളതായി കാണാം. കരുണാകരന്റെയും ബര്‍ഗ്മാന്‍ തോമസിന്റെയും ചില കഥകള്‍ ഇതിനു ഉദാഹരണമാണ്‌.

സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആര്‍ദ്രത വറ്റിയ മനുഷ്യമനസ്സുകളെ മാറിയ ലോകം എവിടേക്കോ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴും സ്വപ്നങ്ങള്‍ ബാക്കിനിര്‍ത്തി ആ വെല്ലുവിളിയെ നേരിടാനാണ്‌ പുതിയകാലത്തെ മനുഷ്യന്‍ വ്യഗ്രത കാണിക്കുന്നത്‌. ജീവിതത്തിന്റെ ഇത്തരം സന്ദിഗ്ദ്ധാവസ്ഥകളിലകപ്പെട്ടു പോകുന്ന ചില മനുഷ്യരുടെ ഒറ്റപ്പെടലുകളുടെയും അതിജീവനത്തിന്റെയും കഥകള്‍ പറയുന്നു ഹക്കിം ചോലയിലിന്റെ ‘ഫലൂജ’.

അജ്ഞതമൂലം കാരാഗൃഹത്തിലേക്ക്‌ ജീവിതം വലിച്ചിഴക്കേണ്ടിവരുന്ന, പൊതുമാപ്പില്‍ നാട്ടിലെത്തുന്ന പ്രവാസിയുടെ അനിരോധ്യമായ വിധി (അന്ന), കള്ളപ്പണത്തിന്റെ അഴിയാക്കുരുക്കുകളില്‍പ്പെട്ട്‌ വീടുപേക്ഷിക്കേണ്ടിവരുന്ന പ്രവാസിയുടെ വിഹ്വലതകള്‍ (ഗൃഹപ്രവേശം), സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക്‌ നല്‍കിയ പ്രവാസിയുടെ തിരസ്ക്കരിക്കപ്പെടുന്ന പ്രണയം (പ്രവാസി) എന്നിങ്ങനെ വേറിട്ട കാഴ്ചകള്‍ നല്‍കുന്ന ചില കഥകളും ഇറാഖിലെ യുദ്ധക്കാഴ്ചകള്‍ നിറഞ്ഞ അധിനിവേശത്തിന്റെ രാഷ്ട്രീയത പ്രമേയമാക്കിയ രണ്ടുകഥകളും വളരെ വ്യത്യസ്തവും ആഖ്യാനത്തിലെ ചാരുതകൊണ്ട്‌ അതിസൂക്ഷ്മമായ മാനുഷിക ഭാവങ്ങള്‍ തുടിക്കുന്നവയുമാണ്‌.

രാഷ്ട്രീയാധിനിവേശത്തിന്റെയും ധ്വംസിക്കപ്പെടുന്ന മാനുഷികതയുടെയും കാഴ്ചപ്പാടിനുള്ളിലൂടെ നിസ്സഹായരായ വിദേശമലയാളികളുടെ അനാഥത്വത്തിന്റെയും വേട്ടയാടപ്പെടലുകളുടെയും രോദനങ്ങളാണ്‌ ഫലൂജ എന്ന ചെറുകഥ. ആനിയും അരവിന്ദനും മിശ്രവിവാഹത്തിലൂടെ ഒരുമിച്ച്‌ ഇറാഖിന്റെ പ്രാന്തപ്രദേശത്ത്‌ ജീവിതമാരംഭിച്ചവരാണ്‌. ഇരുവരുടെയും കുടുംബ ബന്ധങ്ങള്‍ അറ്റുപോയതിനാല്‍ അവര്‍ക്ക്‌ ജന്മനാട്ടിലേക്ക്‌ തിരിച്ചുപോകേണ്ടതുണ്ടായിരുന്നില്ല. പ്രഭാതങ്ങള്‍ ആനിയുടെതും സായന്തനങ്ങള്‍ അരവിന്ദന്റ്റേതുമായി ജീവിതം ആസ്വദിച്ച്‌ കഴിഞ്ഞിരുന്ന ഒരണുകുടുംബത്തിലെ അംഗങ്ങള്‍. എന്നാല്‍ ഫലൂജയിലെ ആക്രമണങ്ങള്‍ അവരിലൊരാളെ യുദ്ധത്തിന്റെ ഇരയാക്കിമാറ്റുന്നു. കൊല്ലപ്പെട്ടോ അര്‍ദ്ധപ്രാണനായി തെരുവിന്റെ ഏതെങ്കിലുമൊരുകോണില്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാതെ യുദ്ധത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയിലൂടെ അലയുന്ന ആനി അധിനിവേശം അതിന്റെ ഇരകള്‍ക്കെന്ന പോലെ പ്രയോക്താക്കള്‍ക്കും വൃത്തിഹീനവും അധാര്‍മ്മികവും മാനുഷിക മുല്യങ്ങളുടെ ധ്വംസനവുമാണെന്ന സന്ദേശം നല്‍കുന്നു. ബോംബുകളും മിസൈലുകളും ചവിട്ടിമെതിച്ച ഫലൂജയെ ബലാല്‍സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ചതഞ്ഞരഞ്ഞ ഉടലിലേക്ക്‌ സ്വാംശീകരിക്കപ്പെടുമ്പോള്‍ ഈ കഥ യുദ്ധത്തിന്റെ ഭീകരത മാത്രമല്ല, ദൈന്യതയും അടയാളപ്പെടുത്തുന്നുണ്ട്‌.

വളരെവിശാലമായ ലോകത്തിലെ ഇടുങ്ങിയ രാഷ്ട്രീയത മനുഷ്യനെ എത്രമാത്രം ചെറുതാക്കുകയും മാനുഷിക മുല്യങ്ങളെ എത്രവേഗത്തില്‍ തകര്‍ക്കുകയും ചെയ്യുന്നുവെന്ന ദര്‍ശനമാണ്‌ ഈ കഥ. ഇതിനായി സ്വീകരിച്ചിരിക്കുന്ന ആഖ്യാന സങ്കേതവും ബിംബകല്‍പ്പനകളും വൈകാരികതയുടെ സര്‍വ്വലൗലികമായ ഒരു ഭാഷയിലേക്ക്‌ ഇക്കഥയെ തര്‍ജ്ജമചെയ്യുന്നതായി കാണാം . അരവിന്ദനില്ലാതെ പ്രഭാതം മുറിയിലേക്ക്‌ കടക്കാനാവാതെ പുറത്ത്‌ വിറങ്ങലിച്ചു നിന്നു, അരവിന്ദനില്ലാത്ത മുറികള്‍ ആനിക്ക്‌ അപരിചിതമായി തോന്നി, തുടങ്ങി കഥകള്‍ക്കുണ്ടാവേണ്ട സൂക്ഷ്മതയും സ്വത്വബോധവും രചനയില്‍ ഉടനീളം പാലിക്കുക വഴി ആനിയുടെയും അരവിന്ദന്റെയും ആത്മബന്ധം ഇവിടെ ഗുപ്തമായി ആലേഖനം ചെയ്യപ്പെടുന്നുണ്ട്‌.

മറ്റൊരു ഭേദപ്പെട്ട രചനയാണ്‌ 'അന്ന'. ഒരു പ്രവാസിയുടെ ഭാര്യയാകേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ വൈകാരികവും തീഷ്ണതയാര്‍ന്നതുമായ വേദനകളുടെ ആവിഷ്കാരമാണ്‌ ഇക്കഥ. രാത്രികളിലൂടെമാത്രം ജീവിതമറിഞ്ഞ ഈ പെണ്‍കുട്ടിയുടെ ജീവിതത്തിലുടനീളം രാത്രി നിറഞ്ഞ്‌ നില്‍ക്കുന്നു. പോക്കുവെയില്‍ നാളം ഒളിപ്പിച്ച രാത്രിയും മഴയുടെ കാലടയാളങ്ങള്‍ മായാതെ കിടക്കുന്ന രാത്രിയും നിലാവു നിറഞ്ഞ രാത്രിയും അവളെ ജീവിതത്തിന്റെ ഓരോ സന്ദിഗ്ദ്ധതകളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നു. അന്നയുടെ പ്രണയാതുരമായ മനസ്സിലൂടെ അപമാനിക്കപ്പെടുന്ന സ്ത്രൈണതയുടെ ഏകാന്തതയും വ്യര്‍ഥചിന്തകളും അവളെ ഇരുട്ടിന്റെ പ്രണയിനിയാക്കുന്നു. കമ്പിയഴികള്‍ക്കുള്ളിലെ ഭര്‍ത്താവിന്റെ കരുവാളിച്ച മുഖം കണ്ടിറങ്ങുന്ന അവളുടെ മുന്നിലിഴയുന്ന രണ്ടായി പിരിയുന്ന വഴി, ജീവിതത്തിനും മരണത്തിനുമിടയിലെ സമസ്യയാണെന്ന തിരിച്ചറിവില്‍ പകച്ചുനില്‍ക്കാനേ അവള്‍ക്കാവുന്നുള്ളൂ. നിരപരാധികള്‍ നിയമക്കുരുക്കുകളിലേക്ക്‌ വലിച്ചെറിയപ്പെടുന്നതിന്റെ ഒരന്വേഷണം കൂടിയാണ്‌ ഈ കഥ.

വര്‍ത്തമാനകാലത്തെ തൊഴില്‍ രൂക്ഷതയും പ്രവാസത്തിന്റെ മായാവിഭ്രാന്തികളും കൃത്യമായി അടയാളപ്പെടുത്തുന്ന രചനയാണ്‌ മണല്‍ നഗരത്തിലെ വിശേഷങ്ങള്‍. പുതുതലമുറ നിലനില്‍പ്പിനായി സാഹചര്യങ്ങളോട്‌ പൊരുതുന്നതും മതിവരാത്ത അഭിലാഷങ്ങള്‍ക്ക്‌ മുമ്പില്‍ തോറ്റ്‌ നാഗരികതയുടെ കുരുക്കുകളില്‍ സ്വയം ഒടുങ്ങുന്നതുമായ ഒരു കഥയാണ്‌ ലാസറിന്റെ കഥാ കഥനത്തിലൂടെ ആവിഷ്കൃതമാവുന്നത്‌. സമകാലിക ഇന്ത്യന്‍ യുവത്വത്തിന്റെ പൊതുസ്വഭാവമുള്ള പ്രതിനിധിയാണ്‌ ഇവിടെ ലാസര്‍. രണ്ടുതലമുറയിലെ പ്രതിനിധികള്‍ ഒരേ അവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും ചരിത്രസന്ധികളില്‍ അവര്‍ വ്യതിചലിക്കുന്നതായി കാണാം. ലാസറിന്റെയും ജോസഫിന്റെയും സവിശേഷ സൗഹൃദത്തെ മനുഷ്യജിവിതത്തിന്റെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൊന്നാക്കി മാറ്റാന്‍ ഇവിടെ എഴുത്തുകാരന്‌ സാധിച്ചിട്ടുണ്ട്‌.

falooja

ആവിഷ്കാരത്തിലെ ദുരൂഹത പുതിയകഥകളുടെ സവിശേഷതയാണെന്ന്‌ ഈ കഥാകൃത്തും ധരിച്ചുവെച്ചിരിക്കുന്നു എന്നു തോന്നുന്നു.‘നപുംസകം’ എന്ന കഥ ഒരാളുടെ ജീവിതത്തെ അമിത ലൈംഗികാസക്തി തകര്‍ക്കുന്നതാണ്‌. ഇതിനായി ദുരൂഹമായ ഒരു രചനാസങ്കേതമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ജഗുപ്സാവഹമായ ബിംബങ്ങളും മൃദുവല്ലാത്ത വാക്കുകളും വായനയുടെ ഒഴുക്കിനെ പ്രതിരോധിക്കുന്നതരത്തിലുള്ള അവതരണവും ഈ കഥയുടെ ചാരുതയെ നശിപ്പിക്കുന്നതായി കാണാം. ആധുനികാനന്തരതയിലും ആധുനികോത്തരതയിലുമുള്ള അജ്ഞത പല എഴുത്തുകാരെയും ഇത്തരം പരീക്ഷണങ്ങളിലേക്ക്‌ വലിച്ചടുപ്പിക്കുകയും രചനകളില്‍ കൃത്രിമത്വം കലരാനിടയാക്കുകയും ചെയ്യുന്നുവെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാകുന്നു ഈ കഥ.

വ്യത്യസ്തമായ പ്രമേയ സ്വീകരണവും അതിന്‌ യോജിച്ച ആഖ്യാനതലവും ഹക്കിം ചോലയിലിന്റെ കഥകളുടെ പ്രത്യേകതയായി കാണാം. എന്നാല്‍ ഇവ പുതിയ കഥകളുടെ ചടുലവും വേഗതയാര്‍ന്നതുമായ ശില്‍പഘടനയെ പിന്‍തുടരുന്നവയല്ല. വേറിട്ട ചില അന്വേഷണങ്ങളിലൂടെ സമകാലിക യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കുവാന്‍ ഈ കഥകള്‍ക്കു കഴിയുന്നുവെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.

ഫലൂജ (കഥകള്‍)
ഹക്കിം ചോലയില്‍
പ്രസാധനം: പാപ്പിയോണ്‍, കോഴിക്കോട്‌.
വില: 45 രൂപ.

വി. ശ്രീധരന്‍
Subscribe Tharjani |