ഹൃദയം

1.
നെഞ്ചില്‍ ഒരു ജയിലും
അതില്‍ കഴുത്തറുക്കപ്പെട്ട ഒരു കിളിയും.
അത്‌
മരണത്തിന്റെ നിമിഷങ്ങളെണ്ണുന്ന
പിടച്ചിലില്‍.
ഇടയിലെപ്പൊഴോ,
തലയില്ലാത്ത കുരലില്‍
ഹിന്ദോളരാഗം.

2.
നിന്റെ മുടിയിഴകളിലെ
തിരമാലകളെനിക്കു തരിക.
അതിന്റെ ആരോഹണം,
പ്രണയത്തിനു സാരംഗിയാകട്ടെ.
നിന്റെ കണ്ണിലെ
മേഘങ്ങളെനിക്കു തരിക
ഈ രാഗത്തിന്‌
ഒരു മയൂരനൃത്തമുണ്ടാവട്ടെ.
ഒടുവില്‍,
നിന്നെയെനിക്കു തരിക.
മരിക്കാത്ത രാഗങ്ങള്‍ക്‌
ഒരു അപവാദമുണ്ടാകട്ടെ.
ഒരു കൊലപാതകത്തിനും
മരണത്തിനുമിടയില്‍
എന്റെ നെഞ്ചിലെ കിളിക്ക്‌
നാദം നഷ്ടപ്പെടട്ടെ.

അനൂപ്‌ ചന്ദ്രന്‍
| Subscribe Tharjani