തര്‍ജ്ജനി

ലേഖനം

പൂട്ടിയിട്ട വാതിലിനുമുന്നില്‍

കാഴ്ചകളൊന്നും അതില്‍ മാത്രമായി നിന്നു പോകുന്നില്ല. വാക്കുകള്‍ അവയുമായി യാതൊരു ബന്ധവുമില്ലാത്ത വസ്തുക്കളെയും സ്ഥിതികളെയും ഭാവങ്ങളെയും നിരന്തരം ചൂണ്ടിക്കൊണ്ടിരിക്കുന്നതുപോലെ നിരവധി സൂചനകളുടെ ശൃംഖലകളില്‍ കുടുങ്ങിക്കിടക്കുകയാണ്, ഓരോ കാഴ്ചയും. കാഴ്ചമാത്രമല്ല കാഴ്ചയെ ചൂണ്ടുന്ന കാഴ്ചയും. ചുവപ്പിന് ചോരയെന്നും ത്യാഗമെന്നും അപകടമെന്നും അര്‍ത്ഥമുണ്ട്. ഇനിയുമുണ്ടാവും. അര്‍ത്ഥത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യവസ്ഥയാണ് ഇതെല്ലാം സാധുവാക്കുന്നത്. ഈ വ്യവസ്ഥയ്ക്കുള്ളിലാണ് ആശയവിനിമയം എന്ന പ്രതിഭാസത്തിന്റെ പ്രവര്‍ത്തനം. ചുവപ്പ് ഒരു സൂചനമാത്രമാണ്. സംസ്കാരം, സന്ദര്‍ഭം, സാഹചര്യം ..അങ്ങനെ നിരവധി ഘടകങ്ങള്‍ ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിച്ച് അത് ഏതര്‍ത്ഥമാണ് ഉദ്ദേശിക്കുന്നതെന്ന് കാണുന്നവര്‍ മനസ്സിലാക്കുന്നു. ട്രാഫിക് ഐലണ്ടിലെ ചുവന്ന വിളക്കിന് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ നിര്‍ത്തിക്കാന്‍ (പ്രതികരിപ്പിക്കാന്‍) കഴിയുന്നതില്‍ രണ്ടു ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1. നിശ്ചയിക്കപ്പെട്ട അര്‍ത്ഥവ്യവസ്ഥയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. 2. അതു വ്യാഖ്യാനിക്കാനും തിരിച്ചറിയാനും വാഹനമോടിക്കുന്ന മനുഷ്യര്‍ക്ക് (അഡ്രസ്സികള്‍ക്ക്) കഴിയുന്നു.

ഫോട്ടോഗ്രാഫിയ്ക്കോ ചിത്രകലയ്ക്കോ ഭാഷയുണ്ടെന്നു പറയുന്നത് അവയുടെ ആശയസംവേദനപരമായ അംശം മുന്‍‌നിര്‍ത്തിയാണ്. അല്ലാതെ സാഹിത്യപരമായ ഗുണം വിശകലനം ചെയ്യാനല്ല. ‘ഭാഷ’ എന്ന വാക്കിന്റെ പരിമിതി കണക്കിലെടുത്തുകൊണ്ട് മറ്റു പേരുകള്‍ അന്വേഷിച്ചുപോയ പണ്ഡിതരുണ്ട്. അങ്ങനെയാണവ കോഡുകളും ചിഹ്നങ്ങളുമായി പരിണമിക്കുന്നത്. പ്രപഞ്ചത്തെ ചിഹ്നങ്ങളുടെ സംഘാതമായാണ് ചാള്‍സ് സാന്‍ഡേഴ്സ് പിയേഴ്സ് കണ്ടത്. ചിഹ്നവിശകലനത്തിന്റെ തുടക്കകാലം മുതല്‍ തത്ത്വശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും കാലുകള്‍ വച്ച് നിന്നുകൊണ്ടാണ് അവ, സൂചനകളുടെയും ആശയസംവേദനങ്ങളുടെയും പ്രതിഭാസങ്ങളായി വ്യാഖ്യാനത്തിനു വഴങ്ങിയത്. ആ കണക്കനുസരിച്ച്, മടക്കി വച്ച കൈയും കൊളുത്തിവച്ച വിളക്കും കൊടിയും കുങ്കുമപ്പൊട്ടും രാഖിയും നിസ്കാരത്തഴമ്പും തൊപ്പിയും മൂക്കുത്തിയും തലയിലൂടെ ഇട്ട സാരിയും ഖദറും ചിഹ്നങ്ങളാണ്, സാഹിത്യം ചിഹ്നങ്ങളുടെ വ്യവസ്ഥയാണ്. മനുഷ്യന്‍ പോലും ചിഹ്നമാണ്.

അടഞ്ഞു കിടക്കുന്ന ഒരു വാതിലിന്റെ ചിത്രത്തിനു മുന്നിലിരുന്നുകൊണ്ടാണ് ഇങ്ങനെ ചില കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. അടഞ്ഞു കിടക്കുക മാത്രമല്ല, വാതില്‍ തഴുതിട്ടിരിക്കുന്നു. ഇതൊരു നേര്‍ക്കാഴ്ചയല്ല. ഒരു കാഴ്ച പകര്‍ത്തി വച്ചതാണ്. ചിത്രകല പ്രകൃതിയെ നേരിട്ട് പകര്‍ത്തുന്നതാണെങ്കിലും അതു ചിത്രമായി തീരുന്നതോടെ അതില്‍ ഒരു പുതിയ മൂലകം കൂടിക്കലര്‍ന്ന് ചിത്രകാരന്റെ സ്വന്തമായി തീരുന്നു എന്നു പറയും പോലെ ഒന്ന് ഫോട്ടോഗ്രാഫിയിലും സംഭവിക്കുന്നുണ്ട്. തന്റെ മുന്നിലുള്ള എണ്ണമറ്റ കാഴ്ചകളില്‍ ഒന്നിനെ ചിത്രീകരിക്കാനുള്ള അയാളുടെ/അവളുടെ തീരുമാനമാണത്. ഒരു നിമിഷത്തെയാണ് ചിത്രീകരിക്കുന്നതെങ്കിലും ഒരു നിമിഷം കൊണ്ടാണ് ആ തീരുമാനമെടുത്തതെങ്കിലും, ഏതു വീക്ഷണക്കോണിലൂടെ, ഏതു നിറത്തിനു പ്രാമുഖ്യം നല്‍കി ഏതേതംശങ്ങളെ ഒഴിവാക്കി എത്ര പശ്ചാത്തല ആഴത്തോടെ ചിത്രീകരിക്കണമെന്ന നിശ്ചയത്തിലൂടെ ഒരു ഛായാഗ്രാഹകന്‍ കണ്‍വഴികളില്‍ നിന്ന് ഒരു കാഴ്ചവട്ടത്തെ അടര്‍ത്തിയെടുക്കുകയാണ്. ഒരര്‍ത്ഥത്തില്‍ നാം കാണുന്നത് ഛായാഗ്രാഹകന്റെ ബോധം, മൂല്യമുള്ളത് എന്നു കരുതുന്ന ദൃശ്യത്തിന്റെ ഒരു ബിന്ദുവിനെയാണ്. താന്‍ കണ്ട കാഴ്ചയ്ക്ക് അയാള്‍ കല്‍പ്പിച്ച മൂല്യത്തെയാണ് നാം വ്യാഖ്യാനാത്മക വായനയ്ക്ക്- ഹെര്‍മന്യൂട്ടിക് റീഡിംഗിനു- വിധേയമാക്കുന്നത്. (ചിത്രത്തെയല്ല) തന്റെ കണ്ണിനെ ഒരു ദൃശ്യത്തില്‍ പതിച്ചു നിര്‍ത്തുന്നതു വഴി അതിന് മറ്റൊന്നിലേയ്ക്ക് (മറ്റ് അനേകങ്ങളിലേയ്ക്ക്) ചൂണ്ടുന്ന ഒരു അര്‍ത്ഥമുണ്ടെന്നാണ് അയാള്‍/അവള്‍ പറയുന്നത്, അതൊരു ചിഹ്നമാണെന്ന്.


ചുവപ്പിന് ആധിക്യമുള്ള പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന വാതിലാണ് തുളസിയുടെ ചിത്രം. ഒറ്റനോട്ടത്തില്‍ നാം നിരവധി പ്രാവശ്യം കടന്നു പോയിട്ടുള്ള സാധാരണമായ ദൃശ്യം. അതിന്റെ സാധാരണത്വം കൊണ്ടു തന്നെ ഒറ്റനോട്ടം ചിത്രത്തിനു മതിയാവാതെ വരുന്നു. തലച്ചോറിന്റെ അറകളില്‍ പലപ്പോഴായി സൂക്ഷിച്ചിട്ടുള്ള സമാനചിത്രങ്ങളുമായുള്ള ഒത്തുനോട്ടം മാത്രമാണ് ഒറ്റനോട്ടത്തില്‍ /ഒന്നാം വായനയില്‍ (ഇതിനെ ഹ്യൂറിസ്റ്റിക് റീഡിംഗ് എന്നാണ് മൈക്കല്‍ റിഫാറ്റര്‍ വിളിക്കുന്നത്) സംഭവിക്കുക. പൂട്ടിക്കിടക്കുന്ന വാതില്‍ അവിടെ തന്നെ അവസാനിക്കുന്ന ഒന്നല്ലെന്ന ബോധം രണ്ടാം വായനയ്ക്ക്/ ആലോചനകള്‍ക്ക് വഴിതെളിക്കും. ഇതിനെയാണ് നേരത്തെ ‘ഹെര്‍മന്യൂട്ടിക്’എന്നു വിളിച്ചത്. അതനുസരിച്ച് വാതിലുകള്‍ പ്രകൃതിയുടെ സ്വാഭാവികമായ സൃഷ്ടികളല്ല. അതില്‍ മാനുഷികമായ അതിരുകല്‍പ്പനകളുണ്ട്. അടഞ്ഞതായാലും തുറന്നതായാലും വാതില്‍ നിയന്ത്രണത്തെക്കുറിച്ചുള്ള ബോധത്തെ പെട്ടെന്ന് നിവേദിപ്പിക്കും. അതോടൊപ്പം വീട്ടു വാതില്‍ ഒരു സ്വകാര്യതയുടെ ലോകത്തിലേയ്ക്കുള്ള ചൂണ്ടുപലകയുമാണ്. അതിനു പിന്നില്‍ സ്വേച്ഛാനുസാരിയായ ഒരു മനസ്സുണ്ട്. ഇഷ്ടമുള്ളപ്പോള്‍ തുറക്കാനും വേണ്ടപ്പോള്‍ അടച്ചിടാനും എന്ന നിലക്ക്. പക്ഷേ ക്യാമറ കാണുന്ന വാതില്‍, പുറത്തു നിന്നുള്ളതാണ്, പുറത്തുള്ള നില്‍പ്പാണ് ഈ കാഴ്ചയുടെ കര്‍ത്താവിനെ അടയാളപ്പെടുത്തുന്നത്. ഒപ്പം ചുവപ്പു പ്രതലം സാഹചര്യത്താല്‍ നിരോധിതമായ ഒരവസ്ഥയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് ചിത്രത്തില്‍ പ്രാധാന്യം നേടിയിരിക്കുകയും ചെയ്യുന്നു. വാതിലിനപ്പുറമോ പുറത്ത് മറ്റെവിടെയോ ആയിരിക്കുന്ന, വാതില്‍ തുറക്കാന്‍ കഴിവുള്ള ഒരു അധികാരസങ്കല്‍പ്പത്തെയും ഈ കാഴ്ചവട്ടം കുറിച്ചു വയ്ക്കുന്നു. ആ അദൃശ്യത ശ്രദ്ധേയമാണ്. എവിടെയാണയാള്‍? ഇതൊരു കടയാവാം. അറിയിപ്പുകള്‍ക്കുള്ള കറുത്ത ബോഡ് ശൂന്യമാണ്. അധികാരത്തിന്റെ ആശയവിനിമയ സാദ്ധ്യതയുടെ ഇല്ലായ്മ വ്യക്തമാണ് ചിത്രത്തില്‍.

രണ്ടാം വായനയ്ക്കുള്ള വഴി തുറക്കുന്നത് ആദ്യവായന വഴിമുട്ടി നില്‍ക്കുന്ന അവ്യാകരണങ്ങള്‍‍-അണ്‍ഗ്രമാറ്റിക്കാലിറ്റീസ്- ആണെന്ന് പറയും. സ്വാഭാവികമല്ലാത്ത വഴിയിലൂടെയാണ് മൌലികമായ ചില പ്രശ്നങ്ങളിലേയ്ക്ക് കോഡുകള്‍ വിരള്‍ചൂണ്ടുക. ഇക്കാര്യത്തിന്റെ പ്രതീകാത്മകമായ അംശത്തെ ചിത്രം തന്നെ ഉള്ളടക്കിയിട്ടുള്ളത്, ആ താഴിലൂടെയാണ്. ജീവിതത്തിന്റെ സ്തംഭനാവസ്ഥ, താക്കോല്‍ മറ്റെവിടെയോ/ മറ്റാരുടെയോ പക്കല്‍ ആയതിനാല്‍ നമ്മുടെ താത്പര്യങ്ങള്‍ക്കു മേല്‍ നമുക്ക് നിയന്ത്രണമില്ലാതെ വരുന്ന തരം നിസ്സഹായത എന്നിവ വൈകാരികാംശങ്ങളായി ചിത്രത്തില്‍ നിഹിതമാണ്. തുളസിയുടെ തന്നെ മറ്റൊരു ‘തുറന്നും അടഞ്ഞും കിടക്കുന്ന ജാലകത്തിനു’ മുന്നിലിരിക്കുന്ന വൃദ്ധന്‍ ഈ അവസ്ഥകളെ നന്നായി അയാളുടെ നോട്ടത്തിന്റെ ദൈന്യം കൊണ്ടു തന്നെ സൂചിപ്പിക്കുന്നില്ലേ? മറ്റൊരു തരം വ്യാഖ്യാനം സാദ്ധ്യമാണ് താക്കോലുമായി വീടു തുറക്കാനെത്തുന്ന ഉടമസ്ഥന്റെ തന്നെ വീക്ഷണമായി ചിത്രത്തെ കണക്കിലെടുത്തുകൂടേ എന്നുള്ളതാണ് അത്. മറ്റൊരു അണ്‍ഗ്രാമറ്റിക്കാലിറ്റിയാണത്. തത്സൂചകമായ കോഡുകളെ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ടു അതിനു മറ്റൊരു വ്യാഖ്യാനം പണിയേണ്ടതുണ്ട്. അര്‍ത്ഥം ഒരു കേന്ദ്രത്തില്‍ നിന്നല്ല ഉദ്ഭവിക്കുന്നത് എന്നുള്ളതിന്റെ തെളിവാണത്. കോഡുകള്‍ നിരവധി സൂചനകളുമായി പല ദിക്കിലേയ്ക്കും കൈച്ചൂണ്ടി നില്‍ക്കുന്ന നാല്‍ക്കവലയാണ്. ആ നിലയ്ക്ക് വീടിനു പുറത്തിരിക്കുന്ന (അതോ അകത്തോ ?) വൃദ്ധന്‍, വാര്‍ദ്ധക്യത്തിന്റെ അനാഥത്വം എന്ന വ്യക്തിഗതവും മദ്ധ്യവര്‍ഗജീവിതത്തിന്റെ ആശ്രിതത്വം എന്ന സാമൂഹികവും സ്വന്തം ഭൂമിയില്‍ തന്നെ അന്യരാവുക എന്ന മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സംഭവങ്ങളിലെ മര്‍ദ്ദിതരുടെ പാര്‍ശ്വവത്കരണം എന്ന രാഷ്ട്രീയവും ആയ മൂലകങ്ങളുടെ ദിശാസൂചി ആയിക്കൂടെന്നില്ല. ചിത്രീകരണം അബോധപൂര്‍വം നടന്ന സര്‍ഗാത്മക പ്രക്രിയ ആയതിനാല്‍ ഛായാഗ്രാഹകന്‍ അതേക്കുറിച്ച് ബോധവാനാകണമെന്നില്ല. എന്നാല്‍ രണ്ടാം വായനയ്ക്കായി പാഠത്തെ (സാഹിത്യത്തിലെ ആയാലും കലയിലെ ആയാലും) സമീപിക്കുന്ന അനുവാചകന്റെ ബോധം പ്രവര്‍ത്തിക്കുമ്പോഴേ വ്യഖ്യാനാത്മക പ്രതികരണങ്ങള്‍ സജ്ജമാകൂ. ട്രാഫിക് ഐലണ്ടിലെ ചുവന്ന വിളക്കിന്റെ കാര്യത്തിലെന്നപോലെ.


ചിഹ്നങ്ങളിലൂടെ വെളിപ്പെടുന്ന ‘പാഠ’ത്തിന്റെ ഉയര്‍ന്നതലത്തെ തിരിച്ചറിയാനും സൂചനകളെ ഏകീകരിക്കാനും വ്യാഖ്യാനം സഹായിക്കുന്നുണ്ട്. സാഹിത്യസംബന്ധിയായ വ്യാഖ്യാനശാസ്ത്രത്തില്‍ നിന്നും ചിഹ്നങ്ങളുടെ അഴിച്ചെടുക്കലിനുള്ള പ്രധാനവ്യത്യാസം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തിരയുകയല്ല, എങ്ങനെയാണത് ചിഹ്നം അര്‍ത്ഥം നേടുന്നത് എന്ന് അന്വേഷിക്കുകയാണിവിടെ. സൂചനകളുടെ ഗംഭീരലീലയാണീ പ്രപഞ്ചം എന്നുള്ളതുകൊണ്ട്, ഒന്നു മറ്റൊന്നിനെ ചൂണ്ടി അനന്തമായി സന്നിഹിതമായിക്കൊണ്ടേയിരിക്കുകയാണെന്നും തിരിച്ചറിയണം. അഴിച്ചെടുക്കപ്പെട്ട കോദു തന്നെ മറ്റൊന്നിന്റെ സൂചനയാണെന്നു വരാം. അടച്ചിട്ട വാതില്‍ സ്വയമേവ ഒരു കോഡാണ്, അതിന്റെ ചിത്രീകരണമാവട്ടേ മറ്റൊരു കോഡ്, ചിത്രം വേറൊന്ന്, പ്രമേയം, വ്യാഖ്യാനം, വിമര്‍ശനം.......എല്ലാം വീണ്ടും മറ്റെവിടെയ്ക്കൊക്കെയോ കൈചൂണ്ടി നില്‍ക്കുന്ന സൂചകങ്ങള്‍..

വെള്ളെഴുത്ത്
http://vellezhuthth.blogspot.com

ഫോട്ടോ: തുളസി
http://kakkat.blogspot.com/

Subscribe Tharjani |