തര്‍ജ്ജനി

കാമ്പസ്‌ അഥവാ ഒരു പടനിലം

ലക്ഷ്യമില്ലാത്ത രാഷ്ട്രീയബോധം - വ്യക്തവും സ്വതന്ത്രവുമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വ്യക്തിയ്ക്ക്‌ ഉണ്ടായിരിക്കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇന്ന് കാമ്പസുകളില്‍ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം അതിന്‌ സഹായകമാകുന്നില്ല എന്നതും എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്‌. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക്‌ കടന്നു വരുന്നത്‌ കാമ്പസ്സുകളിലാണെന്നിരിക്കെ, യുക്തിസഹമായ തീരുമാനങ്ങളെടുക്കാന്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കേണ്ടത്‌ ഓരോ രാഷ്ട്രീയ സംഘടനകളുടെയും രക്ഷകര്‍ത്താക്കളുടെയും കടമയാണ്‌. പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന നയമാണ്‌ എല്ലാ പ്രധാന രാഷ്ട്രീയ സംഘടനകളും തുടരുന്നത്‌. ദീര്‍ഘവീക്ഷണമില്ലാത്ത ഈ നിലപാടുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ആരും തന്നെ ആശങ്കാകുലരുമല്ലെന്നതാണ്‌ അതിലും വലിയ പ്രശ്നം.

രാഷ്ട്രം, നിര്‍മ്മാണം അപകടത്തില്‍ - പലപ്പോഴും കാമ്പസ്‌ രാഷ്ട്രീയത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ നിരക്ഷരരും തൊഴില്‍രഹിതരുമായ കവലച്ചട്ടമ്പികളാണ്‌. ഇത്തരക്കാര്‍ക്ക്‌ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച്‌ പങ്കുവയ്ക്കാന്‍ ആകുലതകളില്ല. പകരം സ്വന്തം കസേര സംരക്ഷണവും കീശ നിറയ്ക്കലും മാത്രമാവും അജണ്ട. ഈ പാഠങ്ങള്‍ പഠിച്ചു വളരുന്ന കാമ്പസ്‌ രാഷ്ട്രീയക്കാര്‍ നാളെ ഭരണത്തിലെത്തിയാലത്തെ അവസ്ഥ എന്തായിരിക്കും? ഇവിടെ രാഷ്ട്രീയത്തെക്കാള്‍ 'ഗുണ്ടായിസമാണ്‌' പരിപോഷിപ്പിക്കപ്പെടുന്നത്‌.

വിഫലമാകുന്ന പ്രതീക്ഷകള്‍ - മക്കള്‍ വളര്‍ന്ന് ആദര്‍ശബോധമുള്ള രാഷ്ട്രീയക്കാരാകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇന്ന് കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. മക്കള്‍ രാഷ്ട്രീയവും തൊഴുത്തില്‍ക്കുത്തും സ്ഥിരം കലാപരിപാടിയകുമ്പോള്‍ അവര്‍ അങ്ങനെ ചിന്തിക്കുന്നതിലെന്താണ്‌ തെറ്റ്‌? രാഷ്ട്രീയം മഹത്തായ അതിന്റെ നിര്‍വ്വചനങ്ങളില്‍ നിന്ന് വളരെയധികം അധഃപതിച്ചത്‌ അവര്‍ തിരിച്ചറിയുകയെങ്കിലും ചെയ്യുന്നുണ്ട്‌.

ആരോഗ്യകരമായ സംവാദങ്ങള്‍ക്കുള്ള അന്തരീക്ഷം ഇല്ലാത്തിടത്തോളം കാമ്പസ്സുകളില്‍ രാഷ്ട്രീയം നിരോധിക്കപ്പെടേണ്ടതു തന്നെയാണ്‌. സ്കൂളുകളില്‍ നിന്ന് രാഷ്ട്രീയക്കാരെ പുറന്തള്ളിയതോടെ ഉണ്ടായ മാറ്റങ്ങള്‍ പഠിക്കപ്പെടുകയും വേണം. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനത്തിന്‌
രാഷ്ട്രീയേതര വേദികള്‍ ഉണ്ടാക്കുകയും അവയെ "കൂലിത്തല്ലുകാരില്‍" നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുകയാവും ഒരു പ്രതിവിധി.

ചിന്ത.കോം പ്രവര്‍ത്തകര്‍