തര്‍ജ്ജനി

ബക്കറ്റ്‌

ആര്‍ഭാട പൂര്‍ണ്ണമായ
ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ്‌
അയാള്‍ അവളെ സ്വന്തമാക്കിയത്‌.
മുല്ലപ്പൂ മണക്കുന്ന
ഒരു തിങ്കളാഴ്ച
10.32 കഴികെ 10.41 നകമുള്ള
ശുഭമുഹൂര്‍ത്തത്തില്‍.
അയാള്‍ക്ക്‌ ചില സൌജന്യങ്ങളും കിട്ടിയിരുന്നു.
"ന്റെ പുന്നാര ബക്കറ്റ്‌"
ഒടുക്കത്തെ തേന്‍വാക്ക്‌.

അയാളുടെ വീട്ടിലെത്തിയ അവള്‍
കാടി കുടിച്ചു
തറതുടയ്ക്കാന്‍ ഒപ്പം കൂടി
അടുക്കളയില്‍
അമ്മിക്കരികില്‍
തൊഴുത്തില്‍.... ടോയ്ലെറ്റില്‍...
ഓട്ടമായിരുന്നു.
കുളിമുറിയില്‍ വെച്ചും
അവള്‍ ഉപയോഗിക്കപ്പെട്ടു.
അനുഭവങ്ങളുടെ ആഭരണങ്ങള്‍ നിറഞ്ഞു നിറഞ്ഞ്‌,
ഉടല്‍ പൊളിഞ്ഞ ദിവസം
തെക്കേക്കുഴിയിലേക്ക്‌.
അയാളുടെ വീട്ടില്‍ വന്നതിനുശേഷം
അങ്ങനെ അവള്‍ ആദ്യമായി പുറത്തിറങ്ങി.
കുഴിയില്‍
മണ്ണിരകള്‍ ചുംബിച്ചപ്പോള്‍
അവള്‍ ഓര്‍ത്തു;
എന്റെ കൂട്ടുകാരികളും
ഇതുപോലെ, ഇതുപോലെ.

കുരീപ്പുഴ ശ്രീകുമാര്‍

Submitted by Anonymous (not verified) on Sun, 2005-04-24 10:45.

Dear mr. Sreekumar,
Manipulated personification in your poem is appreciable..keep it up...best wishes