തര്‍ജ്ജനി

കിളിരൂര്‍ നല്‍കുന്ന പാഠം

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളില്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പെണ്‍-വാണിഭക്കേസുകളാണല്ലോ സൂര്യനെല്ലി, കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍, കിളിരൂര്‍ എന്നിവ. അതില്‍ സൂര്യനെല്ലിയുടെ തീയും പുകയും ഏതാണ്ട്‌ ഒഴിഞ്ഞു കഴിഞ്ഞു. കോഴിക്കോടു സംഭവം ഒരു രതി ചിത്രം പോലെ മസാല രുചിയോടെ നാം ചര്‍വ്വണം ചെയ്തു കൊണ്ടിരിക്കുന്നു. അവസാനമായി സാംസ്കാരിക കേരളം, ദൈവത്തിന്റെ നാട്‌ ചാപല്യം മാറാത്ത ഒരു പെണ്‍കുട്ടിയുടെ പ്രാണത്യാഗത്തില്‍ അകമേ ചിരിച്ചു കൊണ്ട്‌ അടുത്തതിനായി ചുറ്റും പരതുന്നു.

വ്യഭിചാരം, ബലാത്സംഗം, പീഡനം എന്നിവയൊന്നും തന്നെ ലോകത്തിനു്‌ പുതുമയല്ല. മനുഷ്യചരിത്രത്തോളം തന്നെ ഇവയ്ക്ക്‌ പഴക്കമുണ്ട്‌. ഒരുപക്ഷെ നിയമപരമായോ ആചാരപരമായോ അനുഷ്ടാനപരമായോ ആണ്‌ ഇവ നിര്‍വ്വഹിക്കപ്പെട്ടു പോന്നിരുന്നത്‌. ബോധപൂര്‍വ്വമായ ധനസമ്പാദനം ആയിരുന്നില്ല അന്നവയുടെ പിന്നിലെ ഉദ്ദേശ്യങ്ങള്‍. മദ്ധ്യവര്‍ത്തികളെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള സുഖഭോഗതൃഷ്ണയായിരുന്നു അതിനു പിന്നില്‍.

സ്വത്ത്‌, അധികാരം, സ്വാര്‍ത്ഥത എന്നിവയുടെ അടിസ്ഥാന സ്രോതസ്സുകളായി പെണ്‍വാണിഭം ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു. സ്ത്രീ എന്ന നാമത്തിനു തന്നെ പുത്തന്‍ വ്യാഖ്യാനങ്ങള്‍ തേടുന്ന തിരക്കിലാണു നാം. അമ്മയും ദേവതയും ആണ്‌ സ്ത്രീ എന്ന ഭാരതീയ സങ്കല്‍പ്പത്തില്‍ നിന്നും മേലുദ്യോഗസ്ഥനെ പ്രീണിപ്പിക്കുവാനും സ്ഥലം മാറ്റം ലഭിക്കുവാനും പ്രമോഷന്‍ ലഭിക്കുവാനും ഉന്നതശ്രേണികളില്‍ നിയമിക്കപ്പെടാനും ധനം സ്വരൂപിക്കുവാനും, എന്തിന്‌ ഭരണം നിലനിര്‍ത്തുവാനും, ബ്ലാക്ക്മെയില്‍ ചെയ്യുവാനും, നിരപരാധിയെ ക്രൂശിക്കുവാനും വരെ നാമിന്ന് സ്ത്രീ ശരീരം ഉപയോഗിക്കുന്നു.

ഒരു സീരിയല്‍ നടി ആയാല്‍, അതുവഴി തന്റെ വരുമാനം കുടുംബത്തിന്റെ അത്താണിയാകുമെന്ന കൌമാര ചാപല്യമാണ്‌, തന്റെ ഇളയമ്മയുടെ കൈകളിലൂടെ കേരളം കണ്ട ഏറ്റവും വലിയ കൂട്ടിക്കൊടുപ്പുകാരിയായ ലതയിലൂടെ ആ കുട്ടിയുടെ ജീവന്‍ എടുത്തത്‌. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം പണം കൈമാറ്റപ്പെടുന്നത്‌ മാംസവ്യാപാരത്തിലൂടെയാണ്‌. നിമിഷങ്ങള്‍ കൊണ്ട്‌ ലക്ഷങ്ങളും കോടികളും കൈമാറ്റം ചെയ്യപ്പെടുന്ന മേഖലയും ഇതു തന്നെ.

ആഗോളവല്‍ക്കരണവും ഉപഭോഗ മൂലധനസംസ്കാരവും കൂടി ഒരു ജനതയെ എത്രത്തോളം അധഃപതിപ്പിക്കാം
എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ്‌ കേരളം. ഇക്കഴിഞ്ഞ സംഭവങ്ങളില്‍ സംശയിക്കപ്പെടുന്നവരും ഇനിയും ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലാത്തവരെയും പരിഗണിക്കിമ്പോള്‍ ഇതൊരു മെട്രോപൊളിറ്റന്‍ സെക്സ്മാനിയ ആണെന്നതില്‍ തര്‍ക്കമില്ല. സമ്പന്നതയുടെ ധൂര്‍ത്തിനും മാംസദാഹത്തിനും അധികാരാഹങ്കാരങ്ങള്‍ക്കും ചിലവാകുന്ന സാധാരണക്കാരന്റെ നികുതിപ്പണം യാതൊരുവിധ മറയുമില്ലാതെ ധൂര്‍ത്തടിക്കുന്ന സംസ്ഥാനം ഒരുപക്ഷെ ഭാരതത്തില്‍ കേരളമല്ലാതെ മറ്റൊന്നായിരിക്കുകയില്ല.

ആധുനിക കാലത്ത്‌ നമ്മെ മറക്കാന്‍ പഠിപ്പിക്കുന്നത്‌ മാധ്യമങ്ങളാണ്‌. സാധാരണക്കാരന്റെ ദുര്‍ബലവികാരങ്ങളെ പത്രത്താളുകളിലൂടെ ധനസമ്പാദന മാര്‍ഗ്ഗമായി കരുതുന്ന മാധ്യമങ്ങളുടെ നിലപാട്‌ നമുക്ക്‌ ബോധ്യമാകുമ്പോള്‍ തന്നെ ഇലയെയും പുഴകളെയും മലകളെയും കുറിച്ച്‌ പരിതപിക്കുന്ന സാംസ്കാരിക മുനികള്‍ക്ക്‌ സമൂഹത്തിനു നല്‍കാന്‍ സന്ദേശങ്ങളില്ലാതാകുന്നു. അക്കാദമിക്‌ ചര്‍ച്ചകളും അടച്ചിട്ട മുറികളിലെ രാഷ്ട്രീയ പ്രസ്ഥനങ്ങളുടെ ഗ്വാഗ്വാ വിളികളും നിയമപാലകരുടെ നിസംഗതയും ബ്യൂറോക്രസിയുടെ അഴ്ഞ്ഞാട്ടവുമാകുമ്പോള്‍ സാമൂഹ്യജീര്‍ണ്ണതയുടെ ഗ്രാഫ്‌ ഇനിയൊരിടമില്ലാത്തതുപോലെ സാമൂഹ്യബോധത്തിന്റെ അടിത്തട്ടിലേയ്ക്ക്‌ ആഴ്ന്നു പോകുകയാണ്‌.

തോമസ്‌ വെള്ളാക്കല്‍
പെണ്ണ്‍ മാസിക, പി ബി നമ്പര്‍ 7, പൊന്‍കുന്നം, കോട്ടയം 686506
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ Rs 12/-, വിദേശത്ത്‌ Rs‌ 100/-