തര്‍ജ്ജനി

കാലിഡോസ്കോപ്പിലെ വളത്തുണ്ടുകള്‍

അയാള്‍ക്ക്‌ അച്ഛന്‍ പണ്ടു വാങ്ങിക്കൊടുത്തതാണ്‌ ഈ കാലിഡോസ്കോപ്പ്‌. നിറം മങ്ങിപ്പോയെങ്കിലും അതിനെ തിരിച്ചും മറിച്ചുമിരിക്കാന്‍ എന്തോ രസം തോന്നി. ചില്ലുകളില്‍ കാലം ചാലിച്ചു ചേര്‍ത്ത പോറലുകളും മങ്ങലുകളും.

ഏതോ ഒരു മാഷ്‌ പറഞ്ഞ കൌതുകത്തിന്റെ പിന്നാലെയുള്ള യാത്ര. വളത്തുണ്ടുകള്‍ക്ക്‌ അങ്ങനെയൊക്കെ ആകാനാകുമോ? അന്നയാള്‍ സ്കൂളിലായിരുന്നപ്പോഴും വീട്ടിലെത്തിയപ്പോഴുമൊക്കെ ഒരേ ചിന്തയായിരുന്നു "പൂക്കളങ്ങള്‍ തീര്‍ക്കുന്ന വളത്തുണ്ടുകള്‍, ശലഭങ്ങളായി മാറുന്ന വളത്തുണ്ടുകള്‍, വണ്ടുകളായി മാറുന്ന വളത്തുണ്ടുകള്‍!"

വൈകുന്നേരം ഏറെ കഴിഞ്ഞപ്പോള്‍ ഒരുപാടാളുകളുമായി അച്ഛനെത്തി.

"ഇയാള്‍ക്കിന്നൊന്നും വായിക്കനില്ലയോ"? അയാളുടെ മനസ്സില്‍ കാലിഡോസ്കോപ്പ്‌ മാത്രമായിരുന്നു.

"ഇയാള്‍ക്കിപ്പോള്‍ കാലിഡോസ്കോപ്പ്‌ എന്തിനാ, ജീവിതം അതുതന്നെയല്ലയോ. അല്ലേ, കേശവന്നായരേ...."
"പിന്നല്ലാണ്ടേ?"

എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരം മതിയെന്നു കണ്ടെത്തിയ മഹാനുഭാവന്‍. അങ്ങിനെ പറഞ്ഞപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ടച്ഛന്‍ പറഞ്ഞു:
"ഇയാളിതു കേട്ടോ, കേശവന്നായര്‍ക്കൊന്നിന്റെയും ഉത്തരം അറിഞ്ഞുകൂടങ്കിലും ഒക്കെത്തിനും ചേര്‍ത്തുള്ള ഒരു ഉത്തരം കേട്ടോ. സംഗതി നമുക്കൊരണ്ണം നാളെ സഘടിപ്പിക്കാം അല്ലേ, കേശവന്നായരേ..."
"പിന്നല്ലാണ്ടേ?"

രാത്രിയില്‍ സ്വപ്നങ്ങള്‍ നിറയെ വളത്തുണ്ടുകളായിരുന്നു. ചെമപ്പും പച്ചയും മഞ്ഞയും പിന്നെ കാക്കപ്പൂവിന്റെ നിറത്തില്‍ തൊട്ടാവാടിയുടെ നിറത്തില്‍, അങ്ങിനെ അങ്ങിനെ... പെട്ടെന്ന് വളത്തുണ്ടുകള്‍ പശുക്കളായി മാറി പിന്നെ അമ്പാടിക്കണ്ണനായി, കാളിയനായി, ഗോപസ്ത്രീകളായി, തൈര്‍ക്കുടങ്ങളായി, ഓടക്കുഴല്‍ നാദമായി....

അയാള്‍ അതികാലത്തു തന്നെ എഴുന്നേറ്റ്‌ തൊടിയിലേക്കിറങ്ങി. അന്നത്തെ പ്രഭാതം എന്തൊക്കയോ പുതുമകള്‍ ഉള്ളതാണെന്ന് അയാള്‍ക്കു തോന്നി. തൊടിയുടെ പറ്റിഞ്ഞാറെ അറ്റത്തുനിന്നും ചെമ്പോത്ത്‌ വന്നു പറഞ്ഞു "പട്ടണം കാണേണ്ടതു തന്നെ!"

പട്ടണം കാണാന്‍ അയാള്‍ അച്ഛന്റെ കയ്യും പിടിച്ചു നടന്നു. പട്ടണത്തിലെ നിരത്തുകളുടെ ഗന്ധം വേറെയായിരുന്നു. പട്ടണത്തിലെ കടകളുടെ മുഖം വേറെയായിരുന്നു. അവിടുത്തെ ഹോട്ടലുകളിലെ തീന്മേശക്കും കസേരക്കും ആകൃതി വേറെയായിരുന്നു. അവിടുത്തെ
അമ്പലമണികള്‍ കിലുങ്ങിയത്‌ വേറെ നാദത്തിലായിരുന്നു, അവിടുത്തെ പശുക്കള്‍ക്ക്‌ കഴുത്തില്‍ കയറില്ലായിരുന്നു. അവര്‍ക്ക്‌ കിടാങ്ങളില്ലായിരുന്നു.

അച്ഛന്‍ പറഞ്ഞു : "ഇയാള്‍ക്ക്‌ വെറുതെ തോന്നുന്നതാണ്‌".
അമ്മ പറഞ്ഞു: "മോനിനി എത്രയോ പട്ടണങ്ങള്‍ കാണാനിരിക്കുന്നു...."
കേശവന്‍നായര്‍ പറഞ്ഞു: "പിന്നല്ലാണ്ടേ?"

പട്ടണത്തില്‍ കാലിഡോസ്കോപ്പുണ്ടായിരുന്നു. അന്നു മുതല്‍ അയാള്‍ക്ക്‌ വളത്തുണ്ടുകള്‍ വളത്തുണ്ടുകളല്ലാതായി.

അയാള്‍ക്കവയൊക്കെയും കുറെ രൂപങ്ങളായി മാറുന്നതാണെന്നറിയാം. എങ്കിലും അവയൊക്കെ രൂപങ്ങളാണ്‌, മുറിത്തുണ്ടുകളല്ല.

അമ്മ പറഞ്ഞു: "പൊട്ടന്‍ ചെക്കന്‍."
അച്ഛന്‍ പറഞ്ഞു "മുറിഞ്ഞു പോയവയും ഉടഞ്ഞു പോയവയും രൂപങ്ങളുള്ളവയായും ആത്മാക്കളുള്ളവയായും കാണാന്‍ നീ ഇതിലൂടെ പഠിക്കണം"
കേശവന്‍നായര്‍ പറഞ്ഞു:"പിന്നല്ലാണ്ടെ?"

അയാള്‍ പിന്നെയും ആ പുരാവസ്തു തിരിച്ചും മറിച്ചും നോക്കി. നരച്ചു പോയ വളത്തുണ്ടുകള്‍ക്കും കാഴ്ച്ചകള്‍ക്കുമിടയില്‍ രൂപങ്ങളും ആത്മാക്കളും. കണ്ണിനും കാഴ്ച്ചയ്ക്കുമിടയിലൂടെ, അയാള്‍ അത്‌ തിരിച്ചും മറിച്ചും നോക്കികൊണ്ടേയിരുന്നു.

പ്രേംചന്ദ്‌