തര്‍ജ്ജനി

മംഗല്യപ്പുഴയോരത്ത്‌

"കാപ്പി എടുത്താട്ടെ..."
അമ്മാവന്റെ ശാസനാസ്വരത്തിലുള്ള ശബ്ദം കേട്ടാണു ചിന്തയില്‍ നിന്നുണര്‍ന്നത്‌. മുന്നില്‍ കാപ്പിട്രേയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ ഒരു ജാള്യതയുമില്ല. കുസ്യതി നിറഞ്ഞ പുഞ്ചിരികള്‍ക്കു മുകളിലായി എല്ലാവരുടേയും കണ്ണുകള്‍ ഈ ദിശയില്‍. ചിരിച്ചെന്നു വരുത്തി ഒരു ചായക്കപ്പ്‌ പെട്ടെന്ന്‌ കൈയ്യിലെടുത്തു.

"നീയൊന്നു പോയി കുട്ടിയെ കാണു... കല്യാണം കഴിക്കണമെന്നാരു പറഞ്ഞു?" കല്യാണാലോചനകള്‍ക്കു നിരത്തിയ നിരവധി നിബന്ധനകളിലൊന്നും പെടാത്ത ഈ ആലോചനയില്‍ താത്പര്യമില്ലാതിരിന്നിട്ടും ഒരു വെപ്രാളം. അല്ല, ഇപ്പൊ ഒന്നു പോയിക്കണ്ടാലെന്താ? അപ്പോള്‍, തനിക്കിത്തരം കച്ചവടങ്ങളിലും പ്രദര്‍ശനങ്ങളിലും താത്പര്യമില്ലെന്ന് ഇന്നലെ വരെ വിചാരിച്ചിരുന്നത്‌...

"ഇതെത്രാമത്തെയാ..." പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ചെറുതായൊന്നു ഞെട്ടി. ചോദിക്കാന്‍ തയ്യാറാക്കിയിരുന്ന ലിസ്റ്റില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരുന്ന മനസ്സ്‌ പെട്ടന്ന്‌ വര്‍ത്തമാനത്തിലേയ്ക്ക്‌...

"ഇല്ല, ഇത്‌... ഇത്‌ ആദ്യമാ..."
"അപ്പൊ ഞാനാവും ഗിനിപ്പന്നി, അല്ലേ...?" ചിരിയുടെ അകമ്പടിയോടെയുള്ള ആ തമാശ ഇഷ്ടമായി. നല്ല നര്‍മബോധം.

ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം വളരെ ചുരുക്കി അവതരിപ്പിച്ചു. മിടുക്കി, വളരെ എഫിഷ്യന്റായി കാര്യങ്ങള്‍ പറയുന്നുണ്ടല്ലൊ. ഉം. വളരെ നല്ലത്‌. എന്നാലിനി സ്വന്തം ഊഴമാകട്ടെ... വിശദമായിത്തന്നെ പറഞ്ഞുകളയാം...

"ഫ്ലാഷ്ബാക്കും കുടുംബമാഹാത്മ്യവുമെല്ലാം വായിച്ചു. നെറ്റിലുണ്ടായിരുന്നല്ലോ. ഇപ്പോ ഈ ഇന്റര്‍നെട്ടും കമ്പ്യൂട്ടറുമൊക്കെ വന്നതില്‍ പിന്നെ എന്താ... ഏതെങ്കിലും ഒരു വിധത്തില്‍ തെളിഞ്ഞാല്‍ പിന്നെ വെബ്ബ്‌ പേജ്‌, ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കാഴ്ച്ചപ്പാടുകള്‍, ബ്രാഹ്മണ പിത്യത്വമന്വേഷിച്ചുള്ള ലിങ്കുകളൂം..."

നര്‍മബോധം അല്‍പ്പം കൂടുതലാണെന്നു തോന്നുന്നു... പറഞ്ഞുതുടങ്ങിയതു പൂര്‍ത്തിയാക്കാനാവാഞ്ഞതിന്റെ വൈക്ലബ്യം ഉണ്ടായിരുന്നെങ്കിലും സന്ദര്‍ഭത്തിന്റെ ലാളിത്യം അതു ലഘൂകരിച്ചു.

"എഴുത്തുകാരനാണെന്നുകണ്ടു... ഒ. വി. വിജയനെ വായിക്കാറുണ്ടോ...?"

ഹാവൂ, അവസാനം സാഹിത്യത്തിലേയ്ക്കെത്തിയല്ലോ. ആശ്വാസം. "അങ്ങനെ ഒരുപാടൊന്നുമില്ല...
ഖസാക്കിന്റെ ഇതിഹാസം രണ്ടുമൂന്നു തവണ വായിച്ചിട്ടുണ്ട്‌." എം. ടി വാസുദേവന്‍ നായരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഓര്‍മ്മയുടെ ഒളങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നപോലെ പറയാന്‍ ഹ്യദിസ്ഥമാക്കിയ വാക്കുകള്‍ മനസ്സില്‍ നിരത്തുന്നതിനിടയില്‍ പറഞ്ഞു.

"രണ്ടു മൂന്നു തവണ അല്ലെ? കാല്‍പനികതയെ ആധുനികതയുടെ ചട്ടയില്‍ പൊതിഞ്ഞ്‌ വായനക്കാരനെ ഇതുവരെ ഒരു മലയാള എഴുത്തുകാരനും എത്തിച്ചിട്ടില്ലാത്ത ആസ്വാദനത്തിന്റെ മേടകളിലേയ്ക്ക്‌ എത്തിച്ചയാളാണു വിജയന്‍. ധര്‍മപുരാണത്തിലും ഗുരുസാഗരത്തിലും തലമുറകളിലുമെല്ലാം നാം എന്താണു കാണുന്നത്‌? മനുഷ്യന്റേയും സമൂഹത്തിന്റേയും പ്രതിസന്ധികളെ കാലത്തിന്റെ ക്യാന്‍ വാസിലാക്കി സഹ്യദയന്റെ ആത്മാവിലെ ചുമര്‍ചിത്രങ്ങളാക്കുകയല്ലെ വിജയന്‍ ചെയ്യുന്നത്‌..."

മുന്നിലിരുന്ന കാപ്പിക്കപ്പ്‌ കൈയിലെടുത്ത്‌ ഒന്നുരണ്ടു കവിള്‍ കുടിച്ചു. അങ്ങനെ വിട്ടൂകൊടുത്താല്‍ പറ്റില്ലല്ലൊ. പക്ഷെ എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ്‌ അതാ വരുന്നു അടുത്ത വട്ടം.

"ആനന്ദിനെ വായിച്ചിട്ടുണ്ടോ? മനുഷ്യമനസ്സിന്റെ ഉള്ളറകളിലേയ്ക്ക്‌ ഇത്രയും ഇറങ്ങിച്ചെന്ന ഒരു എഴുത്തുകാരന്‍ ഉണ്ടാവില്ല. ഈ എം ടി യും പത്മനാഭനും മട്ടും എഴുതുന്ന സെമി പൈങ്കിളി കഥകള്‍ പോലെയല്ല..."

ഉള്ളിലെവിടെയോ ഒരു വിഗ്രഹം വീണുടഞ്ഞ നൊമ്പരം...

"പക്ഷേ ഗ്യഹാതുരത്വം നിറഞ്ഞ... ഓര്‍മ്മകള്‍... " തപ്പിത്തടഞ്ഞു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ...

അതാ വരുന്നു സമസ്യാ പൂരണം പോലെ...

"അതെ... ഗ്യഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുമായി ഒരു കുട്ടിയും പൊളിഞ്ഞ തറവാടും ക്രൂരനായ അമ്മാവനും ചെറുപ്പത്തിലെ പ്രേമവും തന്നെയല്ലേ ഈ എം ടി? പദ്മനാഭനന്‍ കുറച്ചുകൂടി ഭേദമാണു. പക്ഷെ വികലമായ പാത്രസങ്കല്‍പ്പങ്ങള്‍ കഥകളേയും വിക്യതമാക്കുന്നു..."

ആരാണു ഈ മുന്നിലിരിക്കുന്നത്‌? മുണ്ടശ്ശേരി മാഷുടേയൊ അഴീക്കോടു സാറിന്റേയൊ മറ്റോ അവതാരമാണോ... വിഷയം മാറ്റൂകയാണു ബുദ്ധി. സ്പോര്‍ട്സില്‍ അത്രതാത്പര്യമുണ്ടാവില്ല. ചെസ്സിലെങ്കിലും താത്പര്യമുണ്ടാവുമോ എന്നറിയണമല്ലോ.

"ചെസ്സിനെ എന്തിനാണു സ്പോര്‍ട്സിന്റെ കൂടെ ഉള്‍പ്പെടുത്തുന്നതു എന്നത്‌ എത അലോചിച്ചിട്ടും മനസ്സിലാവാത്തതാണു. ഒരു
കായികാധ്വാനവുമില്ലാത്തതിനെയെല്ലാം കലാമത്സരങ്ങളുടെ കൂട്ടത്തിലാക്കണം."

ചിന്തകള്‍ നിര്‍ത്താതെ പ്രവഹിക്കുകയാണു...

"എനിക്ക്‌ ഏറ്റവും ഇഷ്ടം ടെന്നീസാണു. റാക്കെറ്റ്‌ സ്പോര്‍ട്സിന്റെ മനോഹാരിതയും ബാസ്കറ്റ്‌ ബോളിന്റെ വന്യതയും ബേസ്‌ ബോളിന്റെ ക്യത്യതയും ഒത്തു ചേരുന്ന മറ്റൊരു സ്പോര്‍ട്സ്‌ ഉണ്ടാവുമോ? ഫെഡറര്‍ ബാക്ക്‌ ഹാന്‍ഡ്‌ ക്രോസ്കോര്‍ട്ട്‌ ഷോട്ടുകളാല്‍ കവിത രചിക്കുന്നത്‌ എത്രകണ്ടിരുന്നാലാണു മതിയാവുക...?"

പെണ്‍മുഖമുള്ള ആ നീളന്‍ മുടിക്കാരന്‍ ടെന്നീസ്‌ കോര്‍ട്ടില്‍ കിടന്ന്‌ അങ്ങോട്ടൂമിങ്ങോട്ടും ഓടുന്നതാണോ ഈ കവിത...? ക്രിക്കറ്റിനേക്കാള്‍ വലിയ ഒരു കളി ഈ ലോകത്തിലുണ്ടോ?

"ക്രിക്കറ്റ്‌ എനിക്കു തീരെയിഷ്ടമല്ല. വര്‍ഷത്തിലൊരിക്കല്‍ വെയിലുകാണുന്ന വെള്ളക്കാരന്റെ നാട്ടില്‍ ജോലിയില്ലാതിരുന്നവര്‍ക്ക്‌ സമയം കളയാന്‍ കണ്ടു പിടിച്ച ഈ ക്രിക്കറ്റ്‌ തന്നെ വേണോ നമുക്ക്‌ ദേശീയോത്സവമാക്കാന്‍? ഇതെല്ലാം നവീന കൊളോണിയലിസത്തിന്റെ ഭാഗമല്ലേ?"

"നവീന കൊളോണിയലിസം...?" ദഹിക്കാത്ത വാക്ക്‌ അയവിറക്കിയത്‌ അല്‍പം ഉച്ചത്തിലായിപ്പോയി.

"അതേ, ഇപ്പോള്‍ ആള്‍ക്കാരെ ശാരീരികമായിത്തന്നെ അടിമകളാക്കണമെന്നില്ല. ചിന്തകളും വിശ്വാസങ്ങളും അടിച്ചേല്‍പ്പിച്ച്‌, പത്രങ്ങളും ടിവിയും സിനിമയും പിടിച്ചടക്കി ഗ്ലോബലൈസേഷന്‍ പ്രചരിപ്പിച്ച്‌ ഉള്ളവന്‍ ഇല്ലാത്തവനില്‍ നിന്നും പിന്നെയും പിന്നെയും കവര്‍ന്നെടുക്കുന്നു. അരുന്ധതീറോയിയേയും നോം ചോസ്കിയേയും ഒന്നും വായിച്ചിട്ടില്ലേ?"

"ഉവ്വ്‌, എവിടെയോ കേട്ടതുപോലെ..." അധികമൊന്നും മനസ്സിലായില്ലെങ്കിലും വെറുതെ പറഞ്ഞു.

"നമ്മള്‍ ചൈനയുടെ വ്യവസായിക പുരോഗതി കണ്ടു മനസ്സിലാക്കണം. കണ്ടില്ലേ കഴിഞ്ഞവര്‍ഷം 87 ബില്ല്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപവും കൈക്കലാക്കി 10% വളര്‍ച്ച നേടിയത്‌? നമുക്ക്‌ അതേസമയം 4 ബില്ല്യണ്‍ ഡോളറും വെറും 7% ശതമാനം വളര്‍ച്ചയും. ഒരല്‍പ്പം വ്യക്തി സ്വാതന്ത്യ്രവും വായില്‍ വച്ചു കഴിക്കാന്‍ പറ്റുന്ന ആഹാരവും കൂടിയുണ്ടെങ്കില്‍ അടുത്ത ദശകത്തില്‍ ചൈനയാവും ലോകത്തിലെ ഏറ്റവും അധികം കുടിയേറ്റക്കാരുള്ള സ്ഥലം."

വെയിലിനു വല്ലാതെ ചൂടു കൂടിയതു പോലെ. മുകളില്‍ ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും വല്ലാത്ത ഉഷ്ണം. വല്ലാത്ത ഒരു വിമ്മിട്ടം.

അതിരാവിലെ എഴുന്നേട്ട്‌ കുളിച്ച്‌ പുളിയിലക്കര മുണ്ടുമായി വിളക്കുകൊളുത്തി
തുളസിക്കതിര്‍ ചൂടി ഈറനായ മുടിയില്‍ തോര്‍ത്തും ചുട്ടി ചായക്കപ്പുമായി കിടക്കറയിലെത്തി കാലില്‍ വന്ദിച്ച്‌ മെല്ലെ വിളിച്ചുണര്‍ത്തുന്ന ആ മുഖം ആരുടെയാണു...

"കാപ്പി കുറച്ചുകൂടി എടുക്കട്ടെ...?" ആവര്‍ത്തിച്ചുള്ള ചോദ്യം ചിന്തയില്‍ നിന്നും ഉണര്‍ത്തി. മഴ തോര്‍ന്ന ഒരു പ്രതീതി.

"വേണ്ട... ഇതു തന്നെ ധാരാളം."

"എന്നോടെന്തെങ്കിലും ചോദിക്കാന്‍..."

"ഇല്ല..." യാന്ത്രികമായിപ്പറഞ്ഞു. ഇഷ്ടങ്ങളില്‍ നിന്ന്‌ അനിഷ്ടങ്ങളിലൂടെ വര്‍ത്തമാനവും ഭാവിയും കടന്ന്‌ മംഗല്യപ്പുഴയോരത്തേയ്ക്കുള്ള യാത്ര ഇനിയെത്രയകലെയാണു...

ഉല്ലാസ്‌, ullas.kumar@gmail.com