തര്‍ജ്ജനി

മുത്തശ്ശിക്കു പറയുവാനുള്ളത്‌

ചൂലും ചുരയ്ക്കയും
ഉലയ്ക്കയും അരിവാളും
വെള്ളുകപ്പയും മുറവും മുരിങ്ങയുമെല്ലാം
എന്റെ ഗ്രാമത്തിലെ ചുണ കെടാത്ത
അടയാളങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഉമിക്കരിപ്പാളയും ഉപ്പുകുറ്റിയും
പത്തായവും തട്ടിന്‍പുറവുമെല്ലാം
അന്നെന്റെ ഗവേഷണ കേന്ദ്രങ്ങളായിരുന്നു.
പിന്നീടൊരിക്കല്‍ അരിവാളു കൈവിട്ടുപോയി
ചുറ്റികയെന്റെ കണ്ണിലൂടെ പൊന്നീച്ചയെ പായിച്ചു
മുറവും വിശറിയും ജപ്തി ചെയ്യപ്പെട്ടു
കോണ്‍ക്രീറ്റും മാര്‍ബിളും ചിരിച്ചു നില്‍ക്കുമ്പോള്‍
അടുക്കളത്തളത്തിലെവിടെയോ ഉരല്‍
അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നു
മുത്തശ്ശി പറയുന്നു.
ജ്വരബാധകള്‍ക്കിടയില്‍
'സീരിയലെപ്പഴാ മക്കളെ'യെന്ന
ഞരക്കം മാത്രമാണിപ്പോള്‍ ബാക്കി.

ആന്റണി മുനിയറ
പെണ്ണ്‍ മാസിക, പി ബി നമ്പര്‍ 7, പൊന്‍കുന്നം, കോട്ടയം 686506
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ Rs 12/-, വിദേശത്ത്‌ Rs‌ 100/-