തര്‍ജ്ജനി

ഓര്‍മ്മക്കുറിപ്പ്‌

മറക്കാനാവില്ല സതീര്‍ത്ഥ്യാ
എനിക്കും, ഈ മലമടക്കുകള്‍ക്കും
നാളെ പുലരിയിലുണരുന്ന കിളികള്‍ക്കും.
അത്രമേല്‍ പ്രിയമായിരുന്നു നീ
ഗ്രാമത്തിനും കുട്ടുകാര്‍ക്കും.

ഇനിയീ മുറിവേറ്റ ഹൃദയങ്ങള്‍ക്കു നീ
നെഞ്ചിലൊരു പേരറിയാ നൊമ്പരം
കണ്ണിലൊരു നിറം മങ്ങാത്ത കാഴ്ച
പന്ഥാവില്‍ നിറയും ഏകാന്തത.
അത്യാസന്ന വാര്‍ഡിലെപ്പൊഴോ,
ഞങ്ങളാം കുട്ടുകാര്‍ തന്‍
കോട്ട മറികടന്നെത്തിയ മരണം.

സായാഹനങ്ങളിലിനി
കടമ്മനിട്ടക്കവിത കൊറിക്കാന്‍
മൈതാനങ്ങളില്‍
പന്തുരുട്ടി പാഞ്ഞുകേറാന്‍
സുഹൃത്തുക്കളെ വിളക്കുന്ന
കണ്ണിയായിനി നീയുണ്ടാവില്ലലോ.

പാലക്കല്‍ക്കാവില്‍
ഉത്സവം കൊടിയേറുകയാണ്‌,
ഈ വയലോരത്തു
ഭൂതനു തിറയും തുടികൊട്ടും ഉയരുകയാണ്‌.
നീയില്ലാതെ ഞങ്ങളൊരു കൊമ്പനെ
നെറ്റിപട്ടമേറ്റുകയാണ്‌.
തിടമ്പെഴുന്നെള്ളിക്കുകയാണ്‌.
ക്ഷമിക്കുക, പൊറുത്തുനല്‍കുക.

[കവിതയെയും കഥയെയും സ്നേഹിച്ച അകാലത്തില്‍ പൊലിഞ്ഞു
പോയ ഒരു സുഹൃത്തിന്റെ ഓര്‍മ്മക്കായി ]

സുനില്‍പടിഞ്ഞാക്കര, വരവൂര്‍