തര്‍ജ്ജനി

വഴിപിഴപ്പിക്കുന്ന ട്രെന്റുകള്‍

മുമ്പൊരിക്കല്‍ ഒരു ക്ലാസ്സില്‍ ഒസ്ബോണിന്റെ Look back in anger എന്ന നാടകം പഠിപ്പിക്കാന്‍ പോയി. ഒസ്ബോണിനെക്കുറിച്ചും അദ്ദേഹത്തിന്റെ നാടകസങ്കേതങ്ങളെക്കുറിച്ചും ഞാന്‍ വിശദമായി സംസാരിച്ചു. ഒസ്ബോണിന്റെ നാടകസങ്കേതങ്ങളും പ്രമേയങ്ങളും അരങ്ങില്‍ വിസ്മയങ്ങളുടെ വിസ്ഫോടങ്ങള്‍ സൃഷ്ടിച്ചു. ഇതൊക്കെ കേട്ടിരുന്ന ഒരു യുവാവ്‌ എഴുന്നേറ്റ്‌ ചോദിച്ചു, "ഇത്തരം വിസ്ഫോടനങ്ങള്‍ നമ്മുടെ നാടക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ?" ഈ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ആര്‍ക്കും പ്രയാസമുണ്ടാവില്ല. കാരണം ഇവിടെ തിയേറ്റര്‍ സംസകാരം അങ്ങനെയൊരു പ്രസ്ഥാനമേ ഇല്ല. അതുകൊണ്ട്‌ തന്നെ അത്തരം നാടക ദര്‍ശനങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. നമ്മുടെ നാടകം എന്‍.എന്‍.പിള്ള വരെയെങ്കിലും വളര്‍ന്നെങ്കിലെന്ന്‌ നമുക്കാശിക്കാം. പൈങ്കിളി പ്രേക്ഷകരാണു്‌ നമുക്കുള്ളതെന്ന മുന്‍വിധിയോടെ നാടകം പടയ്ക്കുന്നവരാണു്‌ നമ്മുടെ ദുരന്തം. ഈയിടെ ടി.വിയുടെ മിനിസ്ക്രീനിലിരുന്നു്‌ മലയാള സിനിമാ സംഗീതസംവിധായകരില്‍ പ്രമുഖന്‍ പറഞ്ഞതോര്‍ക്കുന്നതു്‌ ഇവിടെ സാംഗത്യമുള്ളൊരു കാര്യമാണു്‌. ഇപ്പൊഴത്തെ സ്പീഡ്‌ നിറഞ്ഞ ലോകത്തു്‌ സംഗീതവും സ്പീഡാകണമത്രെ. മെലഡിയല്ല ഇപ്പൊള്‍ നിലനില്‍ക്കുന്ന ട്രെന്റ്‌, അലര്‍ച്ചയും അമറലും കോട്ടുവായിടലുമൊക്കയാണു പോലും.

ട്രെന്റ്‌ സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും ഇവര്‍ തന്നെ. ഇക്കാലത്തെ യുവത്വം മുഖ്യധാരയില്‍ നിന്നും അകന്നു്‌ ആക്രന്തനങ്ങളെയും മോങ്ങലുകളെയും താളവല്‍ക്കരിച്ചു്‌ നൃത്തം വയ്ക്കുന്ന വഴി തെറ്റിയ വെറും ആള്‍കൂട്ടമാണന്നെ മുന്‍വിധിയില്‍ നിന്നുമാണു്‌ ഇത്തരം ട്രെന്റുകള്‍ സൃഷ്ടിക്കപ്പെടുന്നതു്‌.

വെറും ഫ്ലാറ്റായ അമറലും അലര്‍ച്ചയും മാറ്റിവച്ചു്‌ പാട്ടുകള്‍ പാട്ടുകളായിരിക്കണമെന്നു്‌ സംഗീത സംവിധായകന്‍ സ്വയം തീരുമാനിക്കുമ്പോള്‍ അതൊരു ട്രെന്റായി മാറും. അതു്‌ ജനം പിക്കു ചെയ്യും. കഥാകാരന്മാരും കവികളും നോവലിസ്റ്റുകളുമൊക്കെ വായനക്കാരനെ അണ്ടര്‍ എസ്റ്റിമേറ്റു ചെയ്യുന്നു. അപ്പോഴാണ്‌ കഴമ്പില്ലാത്ത പൈങ്കിളി സാഹിത്യമുണ്ടാകുന്നതു്‌. പഴയ ഭാഷ ഉപേക്ഷിക്കാതെ, ഭാഷക്കുള്ളില്‍ നിന്നൊരു പുത്തന്‍ ഭാഷ ഉണ്ടാക്കിയെടുക്കാനാവാത്ത പ്രതിഭയില്ലാത്ത എഴുത്തുകാരാണ്‌ കാലവും പ്രയോഗപരതയും ചേര്‍ന്നു്‌ പ്രകടനപരതയെ കാര്‍ന്നു തിന്നുതീര്‍ത്ത പദങ്ങള്‍ കൊണ്ടു്‌ പറഞ്ഞു പതിഞ്ഞുപോയ ക്ലീഷേകളായ കഥകള്‍ രചിച്ചു്‌, അതു്‌ ഈ തലമുറയുടെ ട്രെന്റാണന്നു പറഞ്ഞു്‌ പാവം വായനക്കാരെ അപമാനിക്കുന്നതു്‌. ഈ തലമുറയിലെ വായനക്കാര്‍ ഇത്രയും തരംതാണവരാണന്ന ദുര്‍വിചാരമാണു്‌ ഇത്തരം സാഹിത്യത്തിന്റെ ഉറവിടം.

സുരന്‍ശര്‍മ്മ