തര്‍ജ്ജനി

ഓര്‍മ്മ

പ്രഭാത കിരണങ്ങള്‍ തിലകം ചാര്‍ത്തുമെന്‍ ഗ്രാമമേ
സഹ്യന്റെ മടിയില്‍ വിരല്‍ നുണഞ്ഞുറങ്ങുന്ന ചാരുതേ
കണികണ്ടുണരുന്ന നിന്‍ സുസ്മേരവദനമെത്ര ശോഭനം
അതില്‍ ഞാന്‍ കാണും കിനാക്കള്‍ക്കെത്ര വര്‍ണ്ണം
ഏറെ ഞാന്‍ നുകര്‍ന്നു, നിന്‍ കനവും സ്നേഹവും
അവയൊക്കെയെന്നില്‍ സംഗീതമായ്‌ പെയ്തിറങ്ങി
പിന്നെയെപ്പോഴൊ, ഞാനറിഞ്ഞു ആ സത്യത്തെ
എനിക്കന്യമായ ആ നഷ്ട സ്വപ്നങ്ങളേ
നിന്നു ഞാന്‍, കര്‍മ്മങ്ങളുടെ കാവല്‍ക്കാരനായ്‌
തോളത്തു ഭാണ്ഡമായ്‌ ജീവിത മാറാപ്പ്‌
ഓടി ഞാനാവോളം, കര്‍മവീര്യനായെപ്പൊഴും
ചിരിക്കുന്ന വദനവും, തളരുന്ന മനവുമായ്‌
ഓര്‍ക്കാന്‍ ശ്രമിച്ചു ഞാന്‍, ഞാന്‍ കണ്ട കിനാവുകളൊക്കെയും
പിന്നെ ഞാന്‍ അറിഞ്ഞു, ഓര്‍മ്മക്കുപോലും ഓര്‍മ്മക്കുറവാണോ
രാത്രിയില്‍, ചീവീടു ചീളുന്ന കര്‍ക്കിടക രാത്രിയില്‍
കണ്ണുകളിറുക്കി ഞാന്‍ കേട്ടു, മഴയുടെ സംഗീതം, സാന്ത്വനം
ക്ലാവു പിടിച്ച ഓര്‍മ്മകള്‍ പിന്നെയും ബാക്കിയായ്‌
തോളത്തെ ഭാരം വീണ്ടും മുറുകുന്നു
ഇല്ലൊരു അത്താണി, വഴിയിലൊന്നെങ്ങുമേ
കേട്ടില്ലിതാരുമേ കിതക്കുന്ന രോദനം
ചാട്ടകള്‍ മുതുകിലായ്‌ വീണ്ടും പതിക്കുന്നു
പൊള്ളുന്ന വഴികളിലെന്‍ കണ്ണീരു ബാഷ്പമായ്‌
പിന്നെയും ബാക്കിയായ്‌, കര്‍മ ബന്ധങ്ങളൊക്കെയും.

രാജന്‍ കിണറ്റിങ്കര