തര്‍ജ്ജനി

നഴ്സറി

"എനിക്കെത്ര ആലോചിച്ചിട്ടും അങ്ങോട്ട്‌ ദഹിക്കുന്നില്ല...വെറും രണ്ട്‌ വയസ്സ്‌, അതായത്‌ വെറും ഇരുപത്തിനാലു മാസം പ്രായമുള്ള കുട്ടിയെ (പൊടിക്കുഞ്ഞിനെ?) നഴ്സറിയില്‍ പറഞ്ഞു വിടുന്നതെന്തിനാണ്‌? ഒരുപാട്‌ നേരത്തേയല്ലെ അത്‌?"
"അതേ ഇവിടെ ഒന്നര വയസ്സ്‌, അതായത്‌ വെറും പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ്‌ നഴ്സറിയില്‍ പോകുന്നത്‌. മനസ്സിലായോ...?"
"അത്‌ മനസ്സിലായി. പക്ഷെ എന്തിനാണിത്ര നേരത്തേയെന്നാണ്‌ മനസ്സിലാകാത്തത്‌?"
"നമ്മളിത്‌ മനസ്സിലാക്കി വരുമ്പോഴേയ്ക്കും കാലം കുറച്ചു കഴിയും. അതു കൊണ്ട്‌ അധികം ചിന്തിച്ച്‌ തല പുകയ്ക്കണ്ട. നാടോടുമ്പോള്‍ നടുവേ... എന്നല്ലേ പ്രമാണം?"
"അതിരിക്കട്ടെ നീ എന്നാ നഴ്സറിയില്‍ പോയിത്തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ?"
"അമ്മ പറയാറുള്ളത്‌ മൂന്നു വയസ്സെന്നാ..."
"ഞാന്‍ പോയത്‌ നാല്‌ കഴിഞ്ഞിട്ടാ... എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. കാരണം അന്ന് നല്ല മേളമായിരുന്നു"
"ഇപ്പം പറഞ്ഞു വരുന്നതെന്താ?"
"അല്ല ഇനി അടുത്ത തലമുറ നേരെ നഴ്സറിയിലേയ്ക്കാവുമോ പ്രസവിക്കുക എന്നൊരു ശങ്ക.."

രൂക്ഷമായൊരു നോട്ടത്തില്‍ മറുപടിയൊതുക്കി, അവള്‍ കുഞ്ഞിന്റെ ഉടുപ്പുമായി മുറിയിലേയ്ക്ക്‌ പോയി.

Submitted by കെവിന്‍ (not verified) on Tue, 2005-03-08 13:46.

എടോ, ആദ്യം എന്നെ തൊട്ടടുത്തുള്ള ബാലവാടിയിലായിരുന്നു പറഞ്ഞയച്ചതു്. പിന്നെ ഇംഗ്ലീഷു് ജ്വരം ബാധിച്ച മാതാപിതാക്കള്‍, അടുത്തു മുളച്ചു പൊന്തിയ ഇംഗ്ലീഷു് മീഡിയം എല്‍ക്കേജീലേയ്ക്കെന്ന പറിച്ചു നട്ടു. അവിടുത്തെ നിശ്ചിതപോഷകഗുണമുള്ള കാലിത്തീറ്റ തിന്നാണു പിന്നെ ഞാന്‍ വളര്‍ന്നതു്. ഇപ്പോ എന്നെ സൂക്ഷിച്ചു നോക്കു്, കണ്ടാലൊരു നല്ല ജഴ്സിപ്പശൂന്റെ ലക്ഷണമില്ലേ, ഇംഗ്ലീഷു് മീഡിയത്തിന്റൊരു ഗുണേ!

Submitted by chinthaadmin on Wed, 2005-03-09 04:46.

കെവിന്‍, പ്രതിഷേധിച്ചില്ലേ? ഞാന്‍ വളരെ ശക്തമായി പ്രതിഷേധിച്ചു. മാസങ്ങളോളം നീണ്ടു നിന്ന സമരത്തിനൊടുവില്‍ എന്നെ മലയാളം മീഡിയത്തിലാക്കി. അങ്ങനെ ഭാഗ്യത്തിന്‌ ഒന്നാം ക്ലാസ്സു മുതല്‍ മലയാളം പഠിക്കാന്‍ പറ്റി.

Submitted by reshma (not verified) on Wed, 2005-03-09 09:15.

Oppose all the politics behind an English medium education at the age of 4/5 years when we hardly know anything , Paul?I didn't regret being educated in a 'Your name will be on the board if you speak in Malayalam' jail until years after stepping out.
yet another 'jersey pashu'.

Submitted by chinthaadmin on Wed, 2005-03-09 18:40.

Not the politics... but the language was a burden that i could not carry with... it was too hard...

Submitted by കെവിന് (not verified) on Thu, 2005-03-10 21:55.

താനും ഞാനുമെല്ലാം ഭാഗ്യവാനാണെടോ, മലയാളം എഴുതാനും വായിയ്ക്കാനും ഇപ്പോള് ടൈപ്പു ചെയ്യാനും അറിയുന്നുണ്ടല്ലോ. അതു തന്നെ മഹാഭാഗ്യം.

Submitted by Cibu C J (not verified) on Sat, 2005-03-12 03:38.

ഭാഷ പഠിക്കാന്‍ വളരെ എളുപ്പമുള്ള, കുഞ്ഞുപ്രായത്തില്‍ തന്നെ രണ്ടു ഭാഷ പഠിക്കുന്നതിനോട്‌ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല. അതിന്‌ കൃത്യമായ cognitive advantages ഉണ്ട്‌ താനും. പഠിപ്പിക്കുന്ന രീതിയോടാണ്‌ പലപ്പോഴും വിയോജിപ്പ്‌ കണ്ടിട്ടുള്ളത്‌. കുട്ടികള്‍ക്ക്‌ രസിക്കുന്ന രീതിനോക്കാതെ ടീച്ചര്‍ക്ക്‌ ഇഷ്ടമുള്ള വഴിക്ക്‌ പഠിപ്പിക്കാനുള്ള incentive/motivation-നേ ഏതൊരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകനും ഇന്നുള്ളൂ.. ഇംഗ്ലീഷില്‍ സയന്‍സും സാമൂഹ്യപാഠവും മറ്റും പഠിക്കുന്നത്‌, ഇംഗ്ലീഷ്‌ പറയാനും എഴുതാനും അത്യാവശ്യം അറിവായിട്ടുമതി എന്നു വച്ചാല്‍ മാത്രം മതി ഇംഗ്ലീഷ്‌ മീഡിയം‍ കുട്ടികള്‍ക്കിഷ്ടപ്പെട്ടുതുടങ്ങാന്‍.


ഇംഗ്ലീഷ്‌ മീഡിയംകളുടെ നേരേ വിപരീതദിശയിലാണ്‌ മലയാളം മീഡിയം UP സ്കൂളുകളിലേയും ഹൈ സ്കൂളുകളിലേയും വിദ്യാഭ്യാസത്തിന്റെ കാര്യം. എല്ലാ technical വാക്കുകളും മലയാളീകരിക്കണം എന്നു വാശിപിടിക്കുന്നതെന്തിന്‌? ഉദ്ദാഹരണത്തിന്‌ 'ക്വഥനാങ്കം' എന്ന വാക്ക്‌ പാഠപുസ്തകത്തിനുപുറത്ത്‌ എത്ര തവണ നിങ്ങള്‍ കേട്ടിട്ടുണ്ട്‌. അടിസ്ഥന വിദ്യാഭാസത്തില്‍ എന്തിനാണ്‌ M.A.-ക്കാര്‍ മുതല്‍ പഠിക്കേണ്ടുന്ന പുരാതനവൃത്തങ്ങളും മറ്റും ഉള്‍പ്പെടുത്തിരിയിരിക്കുന്നത്‌...പോള്‍, പലതിന്റേയും ന്യായാന്യായങ്ങള്‍ മനസ്സിലാവാത്ത 4/5 വയസ്‌ പ്രായത്തില്‍ ഇംഗ്ലീഷ്‌ മീഡിയം വേണോ മലയാളം മീഡിയം വേണോ എന്ന തീരുമാനം എടുക്കേണ്ടിവരിക എന്നത്‌ കഷ്ടമാണ്‌. അതുപോലെ 4/5 വയസ്സുള്ളകുഞ്ഞിന്റെ വാശികേട്ട്‌ വളരെ ആലോചിച്ചെടുത്ത തീരുമാനം മാറ്റുക എന്നതും നല്ലതല്ല. 'നാലാം വയസ്സില്‍ നടുംപൊട്ടന്‍' എന്നാണല്ലോ :)

Submitted by chinthaadmin on Sun, 2005-03-13 03:33.

രണ്ടു വര്‍ഷം, എല്ലാ ദിവസും സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുന്ന കുട്ടിയെ എന്തു ചെയ്യും? ഇടയ്ക്ക്‌ ഒരു പരീക്ഷണത്തിന്‌ മലയാളം മീഡിയത്തില്‍ പറഞ്ഞുവിട്ടതോടെ പ്രശ്നം തീരുകയും ചെയ്തു. എന്റെ അഭിപ്രായത്തില്‍ വീട്ടില്‍ സംസാരിക്കാന്‍ ഉപയോഗിയ്ക്കാത്ത ഒരു ഭാഷ 3/4 വയസ്സില്‍ പഠിപ്പിയ്ക്കാതിരിക്കുകയാണ്‌ നല്ലത്‌. ഒന്നുകില്‍ വീട്ടിലും ഇംഗ്ലീഷും മലയാളവും ഉപയോഗിക്കുക. പിന്നെ ഇംഗ്ലീഷും മലയാളവും പഠിപ്പിയ്ക്കുന്ന സ്കൂളുകളില്‍ പഠിപ്പിയ്ക്കുക. അല്ലാതെ, മലയാളം പറഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്ന സ്കൂളില്‍ വിട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നത്‌ 3/4 വയസ്സുകാരോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. സിബു പറയുന്നത്‌ ശരിയാണ്‌, പഠിപ്പിക്കുന്ന രീതിയാണ്‌ മാറേണ്ടത്‌. പിന്നെ കെവിന്‍ പറഞ്ഞ "മാതാപിതാക്കളുടെ ഇംഗ്ലീഷ്‌ ജ്വരവും". ഭാഷ പഠിക്കുന്നതിനുള്ള congnitive advantages അറിഞ്ഞിട്ടോ മനസ്സിലാക്കിയിട്ടോ ആണോ കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നത്‌? അല്ല, അതൊരു ഫാഷന്‍ ആയതു കൊണ്ടും എന്തൊക്കെയോ പ്രയോജനങ്ങളുണ്ടെന്ന അബദ്ധധാരണകളുള്ളതു കൊണ്ടുമാണ്‌. മറ്റു ഭാഷകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും നല്ലതാണ്‌, പക്ഷെ മലയാളത്തെ തഴഞ്ഞു കൊണ്ടുള്ള ഇംഗ്ലീഷ്‌ പഠനം അംഗീകരിക്കാന്‍ കഴിയുകയില്ല.

എഴുതിത്തുടങ്ങിയത്‌ എത്ര വയസ്സില്‍ നഴ്സറിയില്‍ വിട്ടു തുടങ്ങണമെന്നായിരുന്നു, ഇപ്പോള്‍ ഇംഗ്ലീഷ്‌/മലയാളം വിവാദത്തിലെത്തിയതെങ്ങിനെയാണ്‌?

Submitted by വിശ്വപ്രഭ (not verified) on Sat, 2005-03-19 00:41.

ഇംഗ്ലീഷു വേണോ മലയാളം വേണോ?

എന്തായാലും എനിക്കറിയില്ല.

പണ്ടു പലതും പറഞ്ഞു നടന്നിരുന്നു ഈ ഞാന്‍.

പക്ഷേ ഈയിടെയായി ഒന്നും പറയാന്‍ തോന്നുന്നില്ല; അറിയില്ല.

****

യാതൊരു തരത്തിലും ആരെക്കൊണ്ടും ഒരു പേരുദോഷവും വരുത്താതെ ദാരിദ്യ്രരേഖക്കു കീഴില്‍ നിശ്ശബ്ദം അള്ളിപ്പിടിച്ചുകിടന്നു പത്തുമുപ്പതു കുടുംബങ്ങളുടെ പൈദാഹവും പ്രതിവര്‍ഷം പത്തഞ്ഞൂറു കുഞ്ഞുങ്ങളുടെ അക്ഷരദാഹവും നിവര്‍ത്തിച്ചിരുന്ന ഒരു പാവം management ഷ്കൂളിലായിരുന്നു ഈയുള്ളവന്റെ വിദ്യാരംഭം.

ഒന്നാം ഗ്ലാസ്സില്‍ നാലു ഡിവിഷനില്‍ പരന്നു കിടക്കുന്ന വിദ്യാസാമ്രാജ്യം ഏഴിലെത്തുമ്പോഴേക്കും രണ്ടു കുഞ്ഞുഡിവിഷനിലേക്ക്‌ ഉണങ്ങിച്ചുരുങ്ങുകയായിരുന്നു പതിവ്‌.

തന്റെ പഴയ സഹപാഠികള്‍ പാടത്തുപണിക്കു പോകുന്നതും കണ്ടുകൊണ്ടാണ്‌ നിത്യവും ഞാന്‍ ഏഴാം ഗ്ലാസിലേക്കു പോവാറുണ്ടായിരുന്നത്‌.

പിന്നെ എട്ടിലെത്തുമ്പോളാണ്‌ അറിയുന്നത്‌, പഠിക്കാന്‍ ഇംഗ്ലീഷിലും ഒരു മീഡിയം ഉണ്ടെന്നു തന്നെ!

എന്തായാലും സാമാന്യം തരക്കേടില്ലാതെ ആംഗലവും ഒട്ടൊക്കെ മല്യാലവും എഴുതാനും വായിക്കാനും പറയാനും കശിയാമെന്ന ഒരു ഗര്‍വ്വിലാണ്‌ ഈയിടെയായി.

എന്നിട്ടും മകളെ വീണ്ടും താന്‍ പഠിച്ച ഷ്കൂളില്‍ തന്നെ വിട്ടുകൂടേ എന്നാരെങ്കിലും ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകുന്നു...

വയ്യ.

അറിയില്ല.

എത്ര വാശി പിടിച്ചിട്ടും ഓടുന്ന നാടിന്റെ നടുവിലിടുങ്ങാതെ വയ്യ!

ഹരിശ്രീ വിദേശത്താണ്‌. അതുകൊണ്ടു തന്നെ അച്ഛന്റെ ഷ്കൂളില്‍ പഠിക്കാതിരിക്കാനുള്ള ന്യായമുണ്ട്‌.

എങ്കിലും ഒരു സന്തോഷം: അവള്‍ ഭംഗിയായി മലയാളം പറയുന്നുണ്ട്‌. അത്യാവശ്യം എഴുതുകയും വായിക്കുകയും ചെയ്യുന്നു. പുറത്തെ സദസ്സുകളില്‍ അപകര്‍ഷമില്ലാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചോളും. തമിള്‍ കേട്ടാല്‍ ഒരു ഭാഷയെന്ന നിലയില്‍ അവള്‍ക്കു തിരിച്ചറിയാം. അത്യാവശ്യം സംസ്കൃതഗന്ധവും ആയിട്ടുണ്ട്‌.
രണ്ടു മാസത്തിനുള്ളില്‍ (സാഹചര്യസമ്മര്‍ദ്ദം മൂലം) അറബിയും പഠിച്ചു തുടങ്ങും.

ആറര വയസ്സില്‍ ആറു ഭാഷകള്‍! ഒന്നും നിര്‍ബന്ധമായി ചെലുത്തുന്നതല്ല. വളരെ ആയാസരഹിതമായി അവളിലേക്ക്‌ അലിഞ്ഞിറങ്ങുകയാണ്‌.

കുട്ടിക്ക്‌ ഒട്ടും സങ്കടം വരുന്നില്ല. പ്രത്യുത, അവളിപ്പോള്‍ ഏതു പുതിയ വാക്കു കേട്ടാലും അഞ്ചു
ഭാഷകളിലും അതിന്റെ സമാനപദങ്ങള്‍ ചോദിച്ചു അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.

കുറെ കഴിയുമ്പോള്‍ അവളുടെ പ്രഥമഭാഷ സ്വന്തം ഇഷ്ടപ്രകാരം ഇംഗ്ലീഷ്‌ ആയി മാറുമായിരിക്കാം. എങ്കിലും മലയാളം അറിയാമെന്ന അഭിമാനം അവളോടൊപ്പം ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നാണെന്റെ പ്രതീക്ഷ!

*****

ഇനി ഷ്കൂളില്‍ ചേരേണ്ട യഥായുജ്യമായ വയസ്സിനെ ക്കുറിച്ച്‌:

മൂന്നര വയസ്സില്‍ LKG യില്‍ പോകണമെന്നത്‌ ഈ നാട്ടിലെ നിയമം. അതിനാല്‍ പോകാതെ വയ്യ.
പക്ഷേ ഇഷ്ടം പോലെ ഉഴപ്പാന്‍ അവസരം കൊടുത്തിരുന്നു. ആദ്യവര്‍ഷം ആകെ അറ്റന്‍ഡന്‍സ്‌ 50 ശതമാനം മാത്രം. മാര്‍ക്കു കിട്ടിയാലും ഇല്ലെങ്കിലും ഒരു പരാതിയുമില്ല. പോവാനിഷ്ടമില്ലാത്ത ദിവസം പോവണ്ട അത്ര തന്നെ.

പിന്നെ കുറേശ്ശെക്കുറേശ്ശെ സ്കൂള്‍പ്പോക്ക്‌ ഗൌരവമായ ഒരു ജോലിയാണെന്നു്‌ അവള്‍ക്കു തന്നെ തോന്നിത്തുടങ്ങി.

ഇടക്കൊരു അവധിക്കാലത്ത്‌ ഒരു മൂന്നു മാസം നാട്ടിലെ പഴയ ഷ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. ചുമ്മാ ഒരു രസം.

പക്ഷേ സത്യമായും അവള്‍ അവിടെനിന്നും ഇവിടെക്കിട്ടാത്ത പല പുതിയ പാഠങ്ങളും പഠിച്ചു.

അത്യ്രൊക്കേ ഈ ഒറ്റയാള്‍ പട്ടാളത്തിനു ചെയ്യാന്‍ വെക്ക്യൂ.

Submitted by കെവിന് (not verified) on Sun, 2005-03-20 12:12.

ഇംഗ്ലീഷു് പഠിച്ചു് ലോകത്തെ ജയിയ്ക്കാം,
മലയാളം പഠിച്ചു് അമ്മയെ സ്നേഹിയ്ക്കാം.

Submitted by chinthaadmin on Mon, 2005-03-21 07:14.

ഇംഗ്ലീഷും മലയാളവും പഠിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ മലയാളം മറക്കുന്നതും ഇംഗ്ലീഷ്‌ പൊങ്ങച്ചം കാണിക്കുന്നതുമാണ്‌ സഹിക്കാന്‍ പറ്റാത്തത്‌. പിന്നെ രണ്ടും മൂന്നും വയസ്സില്‍ സ്കൂളില്‍ വിടേണ്ടി വരുന്നത്‌ കഷ്ടം തന്നെ. കളിച്ചു നടക്കാന്‍ പറമ്പുകളും ആര്‍ത്തു വിളിക്കാന്‍ കുട്ടിക്കൂട്ടവും ഇല്ലാതാവുമ്പോള്‍ ടെലിവിഷനു്‌ മുന്നില്‍ തളച്ചിടുന്നതിനേക്കാള്‍ സ്കൂള്‍ തന്നെ നല്ലത്‌. അധികം പഠിപ്പിക്കാത്ത, അതായത്‌ കളികള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സ്കൂളുകളാണെങ്കില്‍ വളരെ നല്ലത്‌.

Submitted by പാമരന്‍ (not verified) on Thu, 2006-02-16 15:45.

കെവിന്‍ ഭവാനു ബുദ്ധിയുണ്ടു ...ഹ്രദയവുമുണ്ടു
- പാമരന്‍