|
വെയില്‍ച്ചുള്ളികള്‍
ഒടിച്ചു മടക്കി
മടിയില്‍ വച്ച്
ഇടവഴിയരികിലെ തണല്‍മരം
മയക്കം പിടിച്ചപ്പോള്‍
അതുവഴി കടന്നു പോയൊരു
കാറ്റ്
ചുണ്ടുകള്‍ തുറന്ന്
പതുക്കെ വിളിച്ചു:
“"ശവമേ..."
ഇടവഴിയില്‍
തൊലിയുരിഞ്ഞു പോയ
സ്വപ്നങ്ങളില്‍ നിന്ന്
ചോര മോന്തുന്ന പകല്‍ച്ചുട്...
അനാഥത്വത്തിന്റെ
കര്‍ഫ്യൂവില്‍ പെട്ടുപോയ
കാലടിപ്പാടുകളില്‍
കണ്ണുനീരിന്റെ പട്ടാളങ്ങള്‍
മാര്‍ച്ചു ചെയ്യുന്നു.
അപസ്മാര ബാധയാല്‍
വിറതുള്ളുന്ന
മൌനത്തിന്റെ കുരുവികളെ
കൂട്ടബലാത്സംഗത്തിനിരയാക്കുന്നു
വാക്കിന്റെ മണമുള്ള
ചരല്‍ക്കല്ലുകള്‍...
നിദ്രയുടെ പുതപ്പു നീക്കി
കണ്ണുകള്‍ തുറന്ന്
തണല്‍മരം
നിഴലിനെ നീട്ടിത്തുടങ്ങുമ്പോഴേക്കും
ഇടവഴി കടന്ന്
താടി ചൊറിഞ്ഞ്
കല്ലുമുരുട്ടി
കുന്നുകയറി
ശവക്കാടുകള്‍ തിരഞ്ഞ്
യാത്രയായിരുന്നു
ഭ്രാന്തന്‍ കാറ്റ്...
യാസര്‍ അറാഫത്ത്
|