![]() |
|||||
|
അമ്മ കുനിഞ്ഞുമ്മവയ്ക്കുമ്പൊഴെന്നുള്ളില്‍ മഞ്ഞിന്‍ മുടികളടര്‍ന്നു പതിക്കുന്നു. നീരായൊലിച്ചുവറ്റീടുന്നിതെന്നഹ- ങ്കാരം; അലൌകികമേതു പരിമളം വായുവില്‍? താണ്ടിക്കടന്ന ജന്മങ്ങളും തേടാനിരിക്കുന്ന ജന്മാന്തരങ്ങളും ഇപ്പോള്‍, ഇവിടെ, ഒരൊറ്റമാത്രയ്ക്കകം മുറ്റി ത്രസിക്കുന്നു ഞാനെന്ന കര്‍മ്മമായ് ! ഏതോ കടങ്കഥ പോല്‍ അയഥാര്‍ത്ഥമാം കാലം ചിലന്തിവലയായ് വിറയ്ക്കുന്നു. ഉള്ളില്‍ കുടുങ്ങുന്ന ജീവപ്രപഞ്ചങ്ങള്‍ ചന്ദ്രാര്‍ക്കതാരകള്‍ കോടാനുകോടികള്‍. മുക്തിയെന്തിന്ന്, വാത്സല്യത്തിനാല്‍ നില- നില്പിനെ അമ്മയമൃതമായ് മാറ്റവേ?
വിഷ്ണുനാരായണന്‍ നമ്പൂതിരി
|