തര്‍ജ്ജനി

സാഹിതീയം

എഴുത്തിന്റെ അനുഭവലോകങ്ങള്‍

ഞാന്‍ ഉറങ്ങുകയായിരുന്നു, ഒരു മണിക്കൂറിനകത്ത് അവര്‍ നോബല്‍ പ്രൈസ് ആര്‍ക്കാണെന്നു പറയും. ആരെങ്കിലും എന്നെ വിളിച്ചത് അറിയിക്കും. പിന്നെ ഞാന്‍ ആലോചിച്ചു. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ? എന്താണ് ഇന്നത്തെ ജോലി? കുറച്ചു കൂടുതല്‍ മയക്കം തോന്നിയിരുന്നു. അപ്പോഴാണ് ഫോണ്‍ വന്നത്. ഏഴര കഴിഞ്ഞിരുന്നു സമയം. ന്യൂയോര്‍ക്കില്‍ വെളിച്ചം കണ്ട് സമയം തീരുമാനിക്കാന്‍ പറ്റില്ല. ഞാനാണെങ്കില്‍.... ഫോണെടുത്തപ്പോള്‍ അവര്‍ പറഞ്ഞു എനിക്കാണ് നോബല്‍ പ്രൈസ് എന്ന്.

സമ്മാനവിവരം പത്രപ്രവര്‍ത്തകര്‍ നീണ്ടു നിന്ന കൈയടിയോടെയാണു സ്വീകരിച്ചത് എന്ന വാര്‍ത്ത വല്ലാതെ സന്തോഷിപ്പിക്കുന്നു. പത്രപ്രവര്‍ത്തകരായ കുറെ കൂട്ടുകാര്‍ എനിക്കീ സമ്മാനം കിട്ടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നവരാണ്. ഈ സമ്മാനം കിട്ടിയ ആദ്യ തുര്‍ക്കി എഴുത്തുകാരനാണ് ഞാന്‍ എന്നത് സന്തോഷമുള്ള കാര്യമാണ്, തുര്‍ക്കിയ്ക്ക് ഇത് വിലപിടിപ്പുള്ള സമ്മാനവുമാണ്. പക്ഷേ കാര്യങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംവേദനത്വമുള്ളതും രാഷ്ട്രീയമുള്ളതുമായതു കൊണ്ട് ഒരു തരത്തില്‍ ഭാരം വര്‍ദ്ധിപ്പിക്കുകയാണിതു ചെയ്യുക.

സംവേദനങ്ങളുടെ മുള്ളുവേലികള്‍
ചിലപ്പോഴൊക്കെ എനിക്ക് ചെറിയ സംഭ്രമം തോന്നാറുണ്ട്. അഭിമുഖങ്ങളില്‍ ഞാന്‍ ചില മണ്ടന്‍ ഉത്തരങ്ങള്‍ കൊടുത്തുപോകുന്നതില്‍. ഇംഗ്ലീഷിലും തുര്‍ക്കിയിലും ഇതു സംഭവിച്ചു പോകാറുണ്ട്. എഴുതിയതിന്റെ പേരിലല്ല, അഭിമുഖങ്ങളുടെ പേരിലാണ് കൂടുതലും പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളത്‍. രാഷ്ട്രീയ എഴുത്തുകാരും പ്രവര്‍ത്തകരും തുര്‍ക്കിയില്‍ പുസ്തകം വായിക്കാറില്ല. അതുകൊണ്ട് അവര്‍ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യം എടുത്തു പിടിച്ച് വിവാദങ്ങളുണ്ടാക്കുന്നു. ഞാന്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് മുന്‍ തലമുറ പതുക്കെ പിന്‍ വാങ്ങുകയായിരുന്നു. പുതിയ എഴുത്തുകാരന്‍ എന്ന പരിഗണനയാണ് എനിക്കു കിട്ടിയത്. മുന്‍ തലമുറയെന്നാല്‍, സാമൂഹികമായ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നു കരുതിയ എഴുത്തുകാര്‍. രാഷ്ട്രീയത്തെയും സദാചാരത്തെയും സാഹിത്യം പരിചരിക്കണം എന്നു ഉറച്ചു വിശ്വസിച്ചവര്‍. പരന്ന യാഥാര്‍ത്ഥ്യവാദക്കാര്‍. അവര്‍ പരീക്ഷണകുതുകികളായിരുന്നില്ല. ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ള പല എഴുത്തുകാരെയും പോലെ രാജ്യത്തെ സേവിക്കാന്‍ അവര്‍ സ്വന്തം പ്രതിഭാശക്തിയെ ഹോമിച്ചു. ഇതു പറയുന്നത് എണ്‍പതുകളിലെ എഴുത്തുകാരാടുള്ള ബഹുമാനത്തോടെ തന്നെയാണ്. പക്ഷേ അവരുടെ പ്രമേയം വളരെ ഇടുങ്ങിയതായിരുന്നു. ഞാന്‍ അവരെ പോലെ ആകാനല്ല ആഗ്രഹിച്ചത്. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ പോലും ഫോക്നറെയും വെര്‍ജീനിയ വൂള്‍ഫിനെയും പ്രൂസ്തിനെയും ആസ്വദിച്ചു. ഗോര്‍ക്കിയുടെയും സ്റ്റെയ്ന്‍ ബെര്‍ഗിന്റെയും സാമൂഹിക യാഥാര്‍ത്ഥ്യ മാതൃകകള്‍ എന്നെ പ്രചോദിപ്പിച്ചിട്ടില്ല. എഴുപതുകളിലെയും എണ്‍പതുകളിലെയും സാഹിത്യം താത്പര്യ രഹിതമായി തീര്‍ന്ന കാലത്താണ് പുതിയ തലമുറയുടെ എഴുത്തുകാരനായി ഞാന്‍ സ്വീകരിക്കപ്പെടുന്നത്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ എന്റെ പുസ്തകങ്ങള്‍, തുര്‍ക്കിയിലെ ഒരാളും സ്വപ്നം കാണാത്ത തരത്തില്‍ വിറ്റുപോകാന്‍ തുടങ്ങിയപ്പോള്‍ തുര്‍ക്കിയിലെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളുമായുള്ള എന്റെ മധുവിധുകാലം കഴിഞ്ഞു. അതുമുതല്‍ വിമര്‍ശനങ്ങള്‍, പരസ്യത്തിനും വില്പനയ്ക്കുമുള്ള പ്രതികരണങ്ങളാണ്. പുസ്തകത്തിലെ ആശയങ്ങളുമായി അവയ്ക്ക് ബന്ധമില്ല. ഇപ്പോഴാണെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഞാന്‍ എന്റെ രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലുമാണ്. പരാമര്‍ശങ്ങളെല്ലാം എടുത്തിട്ടുള്ളത് എന്റെ അഭിമുഖങ്ങളില്‍ നിന്നാണ്. തുര്‍ക്കിയിലെ ദേശീയവാദികളായ പത്രപ്രവര്‍ത്തകള്‍ ലജ്ജയില്ലാതെ അവയെ വളച്ചൊടിച്ച് എന്നെ ബഹളക്കാരനും രാഷ്ട്രീയമണ്ടത്തരങ്ങള്‍ വിളമ്പുന്ന ഒരുവനുമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജന്മനാടിന്റെ വിഷാദഭരിതമായ ആത്മാവു തേടി
ഇസ്താംബൂളിന് എഴുത്തിന്റെ നീണ്ട ഒരു പാരമ്പര്യമുണ്ട്. വര്‍ഷങ്ങളായി ആളുകളുടെ ഭാവനയെ ജ്വലിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന എന്താണ് ആ പട്ടണത്തിനുള്ളതെന്നു ചോദിച്ചാല്‍ അതു യൂറോപ്പിന്റെ വ്യത്യസ്തമായ വിളുമ്പാണെന്നു ഞാന്‍ പറയും. അതുകൊണ്ട് അത് ഏറ്റവുമടുത്ത “മറ്റൊന്നാ’ണ്. അടുത്തായിരിക്കുമ്പോഴും അകലെയായിരുന്ന ഒന്നാണത്. നിഗൂഢമായത്, അപരിചിതമായത്, പിടികൊടുക്കാത്തത്, തികച്ചും യൂറോപ്യന്‍ അല്ലാത്തത്. എങ്കിലും അതിന്റെ ആത്മാവില്‍ യൂറോപ്പിനു എപ്പോഴും സ്ഥലമുണ്ടായിരുന്നു. ആദ്യത്തെ ആധുനിക പട്ടണങ്ങളിലൊന്നാണ് ഇസ്താംബൂള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നേ അവിടെ ആധുനികത അസ്തമിച്ചുപോവുകയും ചെയ്തു. ഭൂതകാലത്തിന്റെ കെടുതികളും ദാരിദ്ര്യവുമാണ് ഈ നഗരത്തെ വിഷാദഭരിതമാക്കിതീര്‍ത്തത്. ഇപ്പോള്‍ അതു സ്വന്തം ദുഃഖത്തില്‍ നിന്നും ഉണര്‍ന്നു വരുന്നു. അതാണ് എന്റെ പ്രതീക്ഷ.

എന്റെ അപരസ്വത്വം
18 മാസം മാത്രം എന്നേക്കാള്‍ മൂപ്പുള്ള, കഴിവുകള്‍ ധാരാളമുള്ള ആളാണ് എന്റെ സഹോദരന്‍. ഒരു തര‍ത്തില്‍ അവന്‍ എന്റെ പിതാവും കൂടിയാണ്, ഒരു ഫ്രോയിഡിയന്‍ പിതാവ്. അധികാരത്തിന്റെ പ്രതിനിധി. എന്റെ അപര സ്വത്വം. മറിച്ചു നോക്കിയാല്‍ അവനും ഇതേപോലെ വെല്ലുവിളിയുയര്‍ത്തുന്ന, സഹോദരന്റെ സൌഹൃദമുണ്ട്. വളരെ സങ്കീര്‍ണ്ണമായ ബന്ധം. ഞാനിക്കാര്യം വളരെ വിശദമായി ‘ഇസ്താംബൂളി’ല്‍ എഴുതിയിട്ടുണ്ട്. ഞാന്‍ തനി തുര്‍ക്കിപയ്യനായിരുന്നു. ഫുട്ബോള്‍ കളിക്കാനിഷ്ടപ്പെടുന്ന, എല്ലാ കളികളും മത്സരങ്ങളും ഉള്ളു തുറന്ന് ആസ്വദിക്കുന്ന ഒരുത്തന്‍. സ്കൂളില്‍ അവനായിരുന്നു എന്നേക്കാള്‍ മിടുക്കന്‍. എനിക്ക് അവനോടും അവനു എന്നോടും അസൂയയുണ്ട്. അവന്‍ ഉത്തരവാദിത്വബോധവും കാര്യപ്രാപ്തിയുമുള്ളയാളായിരുന്നു. ഞാന്‍ ശ്രദ്ധ മുഴുവന്‍ കളികള്‍ക്കു നല്‍കി അവന്‍ നിയമങ്ങള്‍ക്കും. ഞങ്ങള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. അവനെപോലെയായി തീരുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എനിക്കൊരു മാതൃകയുണ്ട്. പക, അസൂയ.. ഇവയാണ് ഹൃദയം നിറഞ്ഞു നിന്ന എന്റെ ആശയങ്ങള്‍. സഹോദരന്റെ ശക്തിയോ വിജയമോ എന്നെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നത് എന്റെ ഏറ്റവും വേവലാതി പിടിച്ച ചിന്തയാണ്. അവ എന്റെ ആത്മാവിലെ ഒഴിവാക്കാനാവാത്ത ഭാഗങ്ങളായതു കൊണ്ട് അത്തരം വികാരങ്ങളുമായി ഞാന്‍ പരമാവധി അകലം പാലിച്ചു. അവ ചീത്തയാണെന്നറിയാവുന്നതു കൊണ്ട് പരിഷ്കൃതമനുഷ്യന്റെ ഇച്ഛാശക്തിയാല്‍ ഞാന്‍ അവയോട് ഏറ്റുമുട്ടി. ഞാന്‍ അസൂയാമനോഭാവത്തിന്റെ ഇരയാണെന്നല്ല, എല്ലായ്പ്പോഴും ഞാന്‍ ഒത്തുത്തീര്‍പ്പിനു ശ്രമിച്ചുകൊണ്ടിരുന്ന മാനസികാവസ്ഥയുടെ മര്‍മ്മസ്ഥാനം അതായിരുന്നു എന്നാണ് പറഞ്ഞു വരുന്നത്. ഒടുവില്‍ അത് എന്റെ കഥകളുടെ ആശയകേന്ദ്രമായി. ‘വെളുത്ത കോട്ട‘ (വൈറ്റ് കാസില്‍) യിലെ പ്രധാന രണ്ടു കഥാപാത്രങ്ങളുടെ സാഡോ-മസോക്കിസ്റ്റു ബന്ധങ്ങളില്‍ ഞാനും സഹോദരനുമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പാശ്ചാത്യ സംസ്കാരത്തെ അഭിമുഖീകരിക്കുമ്പോള്‍ തുര്‍ക്കിയ്ക്കുണ്ടാവുന്ന ദുര്‍ബലതയിലും അതു പ്രതിഫലിക്കുന്നു. മറ്റൊരാളാല്‍ സ്വാധീനിക്കപ്പെടുമോ എന്ന ഉത്കണ്ഠ തുര്‍ക്കിയുടെ അവസ്ഥയെ നന്നായി വെളിവാക്കുന്നുണ്ടെന്ന് ‘വെളുത്ത കോട്ട’ എഴുതിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ വ്യക്തമായി. പാശ്ചാത്യവത്കരിക്കപ്പെടാന്‍ വെമ്പുക, അതേ സമയം സ്വന്തം തനിമ നഷ്ടപ്പെടുന്നതില്‍ പഴി കേള്‍ക്കുക. യൂറോപ്പിന്റെ ആത്മാവ് പിടിച്ചെടുക്കാന്‍ ശ്രമിക്കുക എന്നിട്ട് അനുകരണഭ്രമത്തില്‍ വല്ലാത്ത കുറ്റബോധം കൊണ്ട് കുഴങ്ങുക. ഈ അവസ്ഥയുടെ ഉയര്‍ച്ച താഴ്ചകള്‍ പരസ്പരം മത്സരിക്കുന്ന സഹോദരന്മാരുടെ ബന്ധത്തിന്റെ മിച്ചപത്രങ്ങളാണ്.

സംസ്കാരങ്ങളുടെ സംഭാഷണം
കിഴക്ക് പടിഞ്ഞാറിനെ സന്ധിക്കുന്നുവെന്നും സംസ്കാരങ്ങള്‍ സംഘര്‍ഷങ്ങളിലാണെന്നുമുള്ളത് കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഏറ്റവും അപകടകരവും ഭയപ്പെടുത്തുന്നതുമായ ആശയങ്ങളാണ്. നിര്‍ഭാഗ്യവശാല്‍, സംസ്കാരങ്ങളെ പരസ്പരം ഏറ്റുമുട്ടാന്‍ സഹായിച്ചുകൊണ്ടും നിരവധിയാളുകളെ കൊന്നൊടുക്കിക്കൊണ്ടും ഈ ഭ്രമാത്മകമായ ആശയം വാസ്തവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംസ്കാരം ഒരു മിശ്രിതമാണ്. മറ്റു പ്രഭവങ്ങളില്‍ നിന്നുള്ള സംഗതികളുടെ ചേരുവ എന്നാണ് സംസ്കൃതി എന്നതിനര്‍ത്ഥം. എന്റെ നാടായ ഇസ്താംബൂളിന് ഇങ്ങനെയൊരു മിശ്രസംസ്കാരമുണ്ട്. ഇസ്താംബൂളും എന്റെ എഴുത്തും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംസ്കാരമിശ്രണത്തിന്റെ തെളിവാണ്. അങ്ങനെയുള്ള അന്വേഷങ്ങളാണ് നടത്തേണ്ടത്. എന്റെ കഥാപാത്രങ്ങളെറെയും ഭിന്നസംസ്കൃതികളാല്‍ സ്വാധീനിക്കപ്പട്ടവരാണ്. അവര്‍ പാശ്ചാത്യരെന്നോ പൌരസ്ത്യരെന്നോ ഉള്ള സാമ്പ്രദായിക ചട്ടക്കൂടില്‍ ഒതുങ്ങുന്നവരല്ല. അതൊരു കലര്‍പ്പാണ്.

ഞാനും ഭാഷയും
സാഹിത്യ മാസികകള്‍ക്കു വേണ്ടി ആറോ ഏഴോ ലേഖനങ്ങള്‍ ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടാവും. പക്ഷേ ഞാന്‍ തുര്‍ക്കി എഴുത്തുകാരനാണ്. ഞാന്‍ ജീവിക്കുന്നത് ആ ഭാഷയിലാണ്. ഭാഷതന്നെയാണ് ഞാന്‍. ഒരര്‍ത്ഥത്തില്‍. ആ തോന്നലെനിക്കുണ്ട്. ഞാന്‍ വളരെ മോശമായാണ് തുര്‍ക്കിഭാഷ സംസാരിക്കുന്നത്. ഉച്ചരിക്കുന്നത് വികലവാക്യങ്ങളും. എങ്കിലും തുര്‍ക്കിഭാഷയില്‍ മാത്രം പ്രകടിപ്പിക്കാന്‍ കഴിയുന്ന ആശയങ്ങള്‍ എനിക്കുണ്ട്. അവ മറ്റുഭാഷകളില്‍ പ്രകടിപ്പിക്കുക പ്രയാസമാണ്. കാരണം ചിന്ത രണ്ടു സംഗതികള്‍ കൂടിച്ചേരുന്ന കര്‍മ്മമാണ്. ഭാഷയും ചിത്രവും. വായന വ്യക്തിപരമായ താത്പര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ള ഭാഷകള്‍ അറിയാം എന്നാല്‍ തുര്‍ക്കിഭാഷ അറിയാത്ത വായനക്കാരോട് ഇംഗ്ലീഷു പരിഭാഷയാണ് ഞാന്‍ തെരഞ്ഞെടുക്കാന്‍ പറയുക. ഇംഗ്ലീഷ് ലോകഭാഷയായിട്ടുണ്ട്. അതിലൂടെയാണ് എന്റെ പുസ്തകങ്ങളെ ഞാന്‍ തട്ടിച്ചുനോക്കുന്നത്. തര്‍ജമകള്‍ മോശമല്ല. അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.

ഒര്‍ഹാന്‍ പാമൂക്
മൊഴിമാറ്റം: ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |