തര്‍ജ്ജനി

വര്‍ത്തമാനം

ജീവിതം സാഹിത്യം സമൂഹം

എം. മുകുന്ദന്റെ പുസ്തകങ്ങള്‍
നോവല്‍:
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റു ചിലരും, ഒരു ദളിത്‌ യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, കേശവന്റെ വിലാപങ്ങള്‍, നൃത്തം
ചെറുകഥാ സമാഹാരങ്ങള്‍: തേവിടിശ്ശിക്കിളി, അഞ്ചര വയസുള്ള കുട്ടി, മുകുന്ദന്റെ കഥകള്‍, റഷ്യ, പാവാടയും ബിക്കിനിയും, നഗരവും സ്ത്രീയും
പഠനം:എന്താണ്‌ ആധുനികത?

എം. മുകുന്ദനുമായി ബെന്യാമിന്‍ സംസാരിക്കുന്നു:

ഏതൊരു ഗള്‍ഫു മലയാളിയെക്കാളും നീണ്ട ഒരു പ്രവാസത്തിനു ശേഷം നാട്ടിലേക്ക്‌ മടങ്ങിവരുവാന്‍ ഒരുങ്ങുകയാണല്ലോ. നാടിനെ എങ്ങനെ നോക്കിക്കാണുന്നു..?

ഞാന്‍ നാല്‌പതു വര്‍ഷം മുന്‍പ്‌ നാടുവിടുമ്പോള്‍ ഉള്ള ഒരു നാടിന്റെ അവസ്ഥയും ഇന്നത്തെ അവസ്ഥയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. അതില്‍ സ്നേഹബന്ധങ്ങളില്‍ വന്ന വ്യത്യാസമുണ്ട്‌, കാഴ്ചപ്പാടിലുള്ള വ്യത്യാസമുണ്ട്‌, രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള അന്തരമുണ്ട്‌. കേരളത്തിന്റെ മനസ്സ്‌ അനുദിനം സങ്കുചിതമായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. നമ്മള്‍ പുറത്തൊക്കെ പോയി വിശാലമായ ലോകമൊക്കെ കണ്ട്‌ തിരിച്ചു ചെല്ലുമ്പോഴും കേരളത്തിന്റെ മനസ്സ്‌ ആ പഴയ ഇടത്തില്‍ തന്നെ നില്‌ക്കുന്നതുപോലെ ഒരു തോന്നലുണ്ട്‌. തികച്ചും പ്രാദേശികമായ വിഷയങ്ങളില്‍ അനാവശ്യമായി മുഴുകിയും ഇടപെട്ടും കാലം കഴിക്കുന്നതുപോലെ ഒരു തോന്നല്‍. അതുകൊണ്ടുതന്നെ നമ്മള്‍ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ ഒരു തോന്നല്‍ ഉണ്ടാകും. ഒരുപക്ഷേ കുറേക്കാലം പ്രവാസം കഴിഞ്ഞ്‌ തിരിച്ചു ചെല്ലുന്ന ഏതൊരു മലയാളിക്കും ഈ ഒരു അവസ്ഥ ഉണ്ടായിരിക്കാം. ഞാനിതിനെ കുറച്ചൊക്കെ മറികടക്കുന്നത്‌ മയ്യഴി വിട്ട്‌ തലശ്ശേരിയിലേക്ക്‌ ചെല്ലും അവിടെ ഒരു സാഹിത്യ കൂട്ടായ്മയുണ്ട്‌. എന്‍.പ്രഭാകരന്‍, എന്‍.ശശിധരന്‍ എന്നിവരെല്ലാം ഉണ്ട്‌. അതൊരു ആശ്വാസമാണ്‌. പിന്നെ നാട്ടിലെ മറ്റൊരു പ്രശ്നം തീരെ മനഃസ്വാസ്ഥ്യം കിട്ടില്ല എന്നതാണ്‌. നിരന്തരം മീറ്റിംഗുകള്‍. ചര്‍ച്ചകള്‍. സെമിനാറുകള്‍. അതിനിടയില്‍പ്പെട്ട്‌ നശിക്കുന്നത്‌ നമ്മുടെ ക്രിയേറ്റിവിറ്റി വിനിയോഗിക്കാനുള്ള നിമിഷങ്ങളാണ്‌. ഒരു എഴുത്തുകാരന്‌ പ്രധാനമായും വേണ്ടത്‌ ധ്യാനസുന്ദരമായ കുറേ ഏകാന്ത നിമിഷങ്ങളാണ്‌. നാട്‌ അതു നഷ്ടപ്പെടുത്തുമോ എന്ന് എനിക്ക്‌ ഭയമുണ്ട്‌. അല്ലെങ്കില്‍ എല്ലാവരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ച്‌ ഏകനായി ഇരിക്കാനുള്ള മനഃധൈര്യം വേണം, സത്യത്തില്‍ എനിക്കതില്ല.

മുകുന്ദന്‍ എന്ന എഴുത്തുകാരന്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയ സന്ദര്‍ഭം ആധുനികയെ തള്ളിപ്പറഞ്ഞ്‌ ഉത്തരാധുനികനായപ്പോഴാണ്‌. എങ്ങനെ കാണുന്നു ആ കാലത്തെ..?

സത്യത്തില്‍ ഞാന്‍ ആധുനികതയെ തള്ളിപ്പറയുകയല്ല ചെയ്‌തത്‌. മറിച്ച്‌ അതിനെ മറികടന്നു പോരുകയാണുണ്ടായത്‌. അത്‌ സ്വയം തിരിച്ചറിവില്‍ നിന്നുണ്ടായ ഒരു മാറ്റമാണ്‌. ഓരോ എഴുത്തുകാരനും കാലഘട്ടത്തിനനുസരിച്ച്‌ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം എന്നാണ്‌ എന്റെ അഭിപ്രായം അല്ലെങ്കില്‍ അയാള്‍ കെട്ടിക്കിടക്കുന്ന വെള്ളമായിപ്പോകും. ഇവിടെ എന്താണ്‌ സംഭവിച്ചതെന്നു ചോദിച്ചാല്‍ ആധുനികത ശരിക്കും സ്ഥാപനവത്കരിക്കപ്പെട്ടു.
അതോടെ അതിന്റെ പ്രസക്‌തി നഷ്ടമായി. കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും അത്‌ സംഭവിച്ചു. മറ്റ്‌ സാഹിത്യപ്രസ്ഥാനങ്ങളെയും നമ്മള്‍ അതിന്റെ പ്രസക്‌തി കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചിരുന്നല്ലോ. പുരോഗമനസാഹിത്യപ്രസ്ഥാനമൊക്കെ അതിനെയാരും വിമര്‍ശിച്ചില്ലല്ലോ. ഇവിടെ എന്താണ്‌ സംഭവിച്ചതെന്നു ചോദിച്ചാല്‍ - എഴുത്തുകാരന്‍ സ്വയം നവീകരിച്ചു. നിരൂപകരും വായനക്കാരും നമ്മള്‍ നിന്നിടത്തുതന്നെ നില്‍‌ക്കാന്‍ ആഗ്രഹിച്ചു. അതുതന്നെ.

മറ്റൊരു ചോദ്യമുണ്ടായത്‌ - ആധുനികതയെ തള്ളിപ്പറഞ്ഞ മുകുന്ദന്‍ അക്കാലത്ത്‌ എഴുതിയ പുസ്‌തകങ്ങളെയും തള്ളിപ്പറയുമോ എന്നാണ്‌..?

സത്യത്തില്‍ അതിന്റെ ആവശ്യമില്ല. ചില നല്ല കാലങ്ങളെ നമ്മള്‍ക്ക്‌ മറികടന്നു പോരേണ്ടതായി വരുന്നില്ലേ..? നമ്മുടെ നല്ല ബാല്യങ്ങളെ നമ്മുടെ യൌവ്വനത്തെ ഒക്കെ നമുക്ക്‌ ഉപേക്ഷിച്ചു പോരേണ്ടതായി വരുന്നില്ലേ..? ഇതിനെയും അങ്ങനെ കണ്ടാല്‍ മതി. എന്റെ അക്കാലത്തെ പുസ്‌തകങ്ങള്‍ ഇനി വായിക്കപ്പെടുക, അക്കാലത്തെ വായിക്കുവാന്‍ ആയിരിക്കും. ഓരോ വായനയിലും കാലത്തെ വായിക്കുക എന്നൊരു പ്രക്രിയ നടക്കുന്നുണ്ട്‌.
നമ്മള്‍ ഇപ്പോള്‍ കുറ്റവും ശിക്ഷയും വായിക്കുക 2006-നെ മനസ്സില്‍ കണ്ടുകൊണ്ടല്ല, ആ ഒരു കാലത്തെ മനസ്സില്‍ കണ്ടുകൊണ്ടാണ്‌. അതാണ്‌ കാലത്തെ വായിക്കുക എന്ന് ഞാന്‍ പറഞ്ഞത്‌. എന്റെ കൃതികള്‍ക്കും ഇനി അങ്ങനെ ഒരു പ്രസക്‌തിയേയുള്ളൂ. അതാണ്‌ പുസ്‌തകങ്ങളുടെ ഏക പ്രസക്‌തിയും. ഇന്ന് ഞാന്‍ ഡല്‍ഹി പോലെയോ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നതു പോലെയോ ഒരു കൃതി എഴുതിയാല്‍ അത്‌ ഒരു പരാജയമായിരിക്കും. ഒരിക്കല്‍ ഞാന്‍ ഒരു ഫ്രഞ്ചു ചെറുപ്പക്കാരനോട്‌ 'ഔട്ട്‌ സൈഡര്‍' എന്ന മഹത്തായ കൃതി വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ട്‌. ഞങ്ങള്‍ക്കതിപ്പോള്‍ ടെക്സ്‌റ്റ്‌ ബുക്കാണ്‌ എന്നാണ്‌ ആ ചെറുപ്പക്കാരന്‍ പറഞ്ഞത്‌. നോക്കൂ ഒരു പുസ്‌തകത്തിന്റെ നിയോഗം. ഒരു കാലത്ത്‌ ചെറുപ്പക്കാരെ ഇളക്കിമറിച്ച കലാപഗ്രന്ഥമായിരുന്നു അത്‌. ഇപ്പോഴത്‌ ടെക്സ്റ്റ്‌ ബുക്കായിരിക്കുന്നു. എന്റെ പുസ്‌തകങ്ങളും അങ്ങനെയാവും ഇനി വായിക്കപ്പെടുക.

ചില പുസ്‌തകങ്ങളുടെ പേരില്‍ എഴുത്തുകാരന്‍ വല്ലാതെ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ചില പുസ്‌തകങ്ങള്‍ തമസ്കരിക്കപ്പെട്ടുപോയതായി തോന്നാറില്ലേ..?

മിക്ക എഴുത്തുകാരും നേരിടുന്ന ഒരു ദുരന്തമാണത്‌. ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഞാന്‍ മയ്യഴിപ്പുഴയുടെ രചയിതാവാണ്‌. എന്റെ മറ്റൊരു പുസ്‌തകവും അവര്‍ക്ക്‌ അറിഞ്ഞുകൂടാ. ഒ.വി., വിജയന്റെ ഒക്കെ ഏറ്റവും വലിയ ദുഃഖം അതായിരുന്നു. വിജയന്‌ വല്ലാതെ പ്രതീക്ഷയുള്ള ഒരു പുസ്‌തകമായിരുന്നു, തലമുറകള്‍. ഖസാക്കിന്റെ ഇതിഹാസത്തെ അത്‌ മറികടക്കും എന്നായിരുന്നു വിജയന്റെ പ്രതീക്ഷ. പക്ഷേ വായനക്കാരന്‍
അതിനെ പാടേ തള്ളിക്കളഞ്ഞു. ഇത്‌ എങ്ങനെ സംഭവിക്കുന്നു എന്ന് പ്രവചിക്കുക സാധ്യമല്ല. വായക്കാരന്റെ മനസ്‌ പിടികിട്ടാത്ത ഒന്നാണ്‌. ഒരു നിരൂപണത്തിനും ഈ ആസ്വാദനത്തെ സ്വാധീനിക്കാനാവില്ല. എന്റെ തന്നെ കാര്യം നോക്കൂ, നിരൂപകര്‍ ഏറ്റവും കുറച്ചെഴുതിയ എന്റെ പുസ്‌തകം മയ്യഴിപ്പുഴയുടെ തീരങ്ങളിലാണ്‌. ഒരുകാലത്ത്‌ ഡല്‍ഹി, ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു. ആവിലായിലെ സൂര്യോദയം എന്നീ കൃതികള്‍ക്ക്‌ ധാരാളം നിരൂപണങ്ങള്‍ ഉണ്ടായി പക്ഷേ വായനക്കാര്‍ ഏറ്റവും ഇഷ്ടപ്പെട്ടതും മയ്യഴിയാണ്‌. അടുത്തിടെ ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റില്‍ വച്ച്‌ എണ്‍പതു വയസ്സായ ഒരു സ്‌ത്രീ എന്റെ അരുകില്‍ വന്ന് അതിശയിപ്പിക്കുന്ന തരത്തില്‍ ആ പുസ്‌തകത്തെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായി. ഇത്‌ തെളിയിക്കുന്നത്‌ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒന്നുമില്ലതെയും പുസ്‌തകങ്ങള്‍ വായനക്കാരന്റെ ഉള്ളില്‍ ജീവിക്കുന്നു എന്നാണ്‌.

പക്ഷേ നിങ്ങളുടെ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ക്ക്‌ നിരൂപകരുടെ നല്ല പിന്തുണ ലഭിച്ചിട്ടില്ലേ..?

ഒരു പുസ്‌തകം വായനക്കാരന്റെ കൈകളില്‍ എത്തിക്കുന്നതില്‍ നിരൂപകനുള്ള പങ്ക്‌ വളരെയധികമാണ്‌. ഞങ്ങളുടെ തലമുറയ്ക്ക്‌ ആ ഭാഗ്യമുണ്ടായിരുന്നു. വിമര്‍ശനമാകട്ടെ, ആസ്വാദനമാകട്ടെ പുസ്‌തകങ്ങള്‍ നിരൂപകരാല്‍ വായിക്കപ്പെടുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത്‌ ഞങ്ങള്‍ പറയുന്നത്‌ മനസ്സിലാക്കാന്‍ പറ്റിയ നിരൂപകരും ഉണ്ടായിരുന്നു. കെ.പി.അപ്പന്‍, വി. രാജകൃഷ്ണന്‍, നരേന്ദ്രപ്രസാദ്‌ ഇവര്‍ മൂന്നുപേരും ആയിരുന്നു അതില്‍ പ്രമുഖര്‍. ഇന്നെവിടെയാണ്‌ നിരൂപകര്‍. ആ വംശം തന്നെ അറ്റുപോയിരിക്കുകയല്ലേ..? പിന്നെയും പി.സുരേന്ദ്രനപ്പോലെയുള്ള എഴുത്തുകാരാണ്‌ ചില നിരൂപണങ്ങള്‍ ഒക്കെ നടത്തുന്നത്‌. പക്ഷേ ഒരു ക്രിയേറ്റീവ്‌ എഴുത്തുകാരന്‌
വസ്‌തുനിഷ്ഠമായി കാര്യങ്ങളെ കാണാന്‍ കഴിയില്ല എന്നൊരു പ്രശ്നം അവിടെയുണ്ട്‌. അവന്റെ മേഖല ഭാവനയുടെയും സ്വപ്നത്തിന്റെയും ഭ്രാന്തിന്റെയും ഒക്കെയാണ്‌.

വായനക്കാരന്‍ വല്ലാതെ തള്ളിക്കളഞ്ഞെന്നു തോന്നിയ വല്ല കൃതികളും..?

എന്റെ രാവും പകലും എന്നൊരു കൃതിയുണ്ട്‌. വായനക്കാര്‍ ആ പുസ്‌തകത്തെ അപ്പാടെ തള്ളിക്കളഞ്ഞു. നക്സലൈറ്റ്‌ ഫിലോസഫി ആയിരുന്നു അതിന്റെ ആശയം, അവര്‍ക്കത്‌ ദഹിച്ചില്ലെന്നു തോന്നുന്നു

ഒരു കാലത്ത്‌ കത്തി നിന്ന ചെറുകഥ ഇന്ന് പിന്നോട്ടു പോകുകയാണെന്നു തോന്നുന്നു അല്ലേ..?
തീര്‍ച്ചയായും! എക്കാലത്തും ഏറ്റവും ഉന്നതമായ സ്ഥാനത്ത്‌ നിന്നിരുന്ന സാഹിത്യരൂപമാണ്‌ ചെറുകഥ. പക്ഷേ അതിനിന്ന് എന്തു സംഭവിച്ചു എന്ന് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമാണ്‌. നിങ്ങള്‍ ഈ വര്‍ഷം ഒരു കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല. സാധാരണയായി പത്തും ഇരുപതും കഥകള്‍ കാണുന്ന വാര്‍ഷികപ്പതിപ്പുകളില്‍ നിന്നും കഥകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിരിക്കുന്നു. ഒരുകാലത്ത്‌ മലയാളത്തിന്റെ ഏറ്റവും ഉന്നതമായ കഥകള്‍ വന്നിരുന്നത്‌ വാര്‍ഷികപ്പതിപ്പുകളിലാണ്‌ എന്നോര്‍ക്കണം. ഒരു വാരിക വാര്‍ഷികപ്പതിപ്പ്‌ ഇറക്കുന്നതിനു മുന്‍പ്‌ നടത്തിയ ഒരു സര്‍വ്വേയില്‍ വായനക്കാര്‍ ഒന്നടങ്കം പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ചെറുകഥ വേണ്ടെന്നാണ്‌. എഴുത്തുകാര്‍ അല്ലാതെ മറ്റാരുമല്ല അതിനുത്തരവാദികള്‍. എഴുത്ത്‌ വായനക്കാരെ അക്ഷരങ്ങളോട്‌ അടുപ്പിക്കുന്നതായിരിക്കണം, അല്ലാതെ അകറ്റുന്നതാവരുത്‌. ചെറുപ്പക്കാരായ എഴുത്തുകാരോട്‌ എനിക്ക്‌ അക്കാര്യത്തില്‍ വല്ലാത്ത വിയോജിപ്പുണ്ട്‌.

ചെറുകഥയുടെ സ്ഥാനം ഇന്ന് നോവല്‍ അപഹരിക്കുകയാണ്‌ അല്ലേ..?
വായനക്കാരന്‍ നോവലിനു വേണ്ടി ഇന്ന് മുറവിളി കൂട്ടുന്നു എന്നാണ്‌ പത്രാധിപന്മാര്‍ പറയുന്നത്‌, എന്താണ്‌ കാരണം..? ചെറുകഥയില്‍ അവര്‍ ചതിക്കപ്പെടുന്നു എന്നൊരു തോന്നലില്‍ നിന്നാണ്‌ അങ്ങനെ ഒരു ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്‌. യുവാക്കളായ എഴുത്തുകാര്‍ ഒന്നും നോവല്‍ എഴുതുന്നില്ല, എഴുതുന്നതൊക്കെ പഴയവരാണ്‌. അവരുടെ എഴുത്തില്‍ വായനക്കാര്‍ക്ക്‌ വിശ്വാസമുണ്ട്‌. വായിക്കാന്‍ കൊള്ളാവുന്നതു വല്ലതും അവരില്‍ നിന്നേ കിട്ടൂ എന്നൊരു തോന്നല്‍ വായനക്കാരനുണ്ടായിപ്പോയി.

വായനയില്‍ വന്നിട്ടുള്ള കുറവിനെയും നമ്മള്‍ പരിഗണിക്കേണ്ടതില്ലേ..?

അങ്ങനെ പറയാനും മാത്രം കൂറവൊന്നും വായനയില്‍ വന്നിട്ടില്ല എന്നതാണ്‌ സത്യം. എന്നുതന്നെയല്ല, ടി.വി. എന്ന മാധ്യമം അസഹനീയമായി മാറിയതോടെ വായന കൂടിയിട്ടുമുണ്ട്‌. ഞാന്‍ പൊന്ന്യം എന്നൊരു സ്ഥലത്തുപോയി. അവിടുത്തെ ഒരു ലൈബ്രറിയില്‍ പുസ്‌തകങ്ങള്‍ക്കുവേണ്ടി ആളുകള്‍ ക്യൂ നില്‌ക്കുന്ന ഒരു കാഴ്ചയാണ്‌ ഞാന്‍ കണ്ടത്‌. അവിടെ പുസ്‌തകങ്ങള്‍ മുന്‍ കൂട്ടി ബുക്ക്‌ ചെയ്യേണ്ട അവസ്ഥ വരെയുണ്ടെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ നമുക്ക്‌ വേണ്ടത്ര പുതിയ പുസ്‌തകങ്ങള്‍ കിട്ടാനില്ല. ഒരു പത്രസ്ഥാപനം നടത്തിയ നോവല്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയക്കമ്മറ്റിയില്‍ ഞാന്‍ അധ്യക്ഷനായിരുന്നു. ഏതാണ്ട്‌ 350-ഓളം നോവലുകളാണ്‌ അന്ന് അയച്ചുകിട്ടിയത്‌. പക്ഷേ അവയില്‍ കലാമൂല്യമുള്ളത്‌ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളു എന്നതാണ്‌ ഖേദകരം. അതിനുവേണ്ടി പ്രസാധകര്‍ ഇപ്പോള്‍ ചെയ്യുന്നത്‌ പഴയ പുസ്‌തകങ്ങള്‍ പുനഃപ്രസാധനം ചെയ്യുകയാണ്‌. അല്ലെങ്കില്‍ വൈദേശിക നോവലുകള്‍ വിവര്‍ത്തനം കെയ്യുക. ഇങ്ങനെയൊക്കെയാണ്‌ വായനക്കാരന്റെ ആവശ്യം പ്രസാധകര്‍ നിറവേറ്റുന്നത്‌. ഇപ്പോള്‍ വിദേശത്ത്‌ കൃതികള്‍ പ്രസിദ്ധീകരിക്കുന്ന അതേ സമയത്ത്‌ ഇവിടെ മലയാള വിവര്‍ത്തനം ഇറക്കാനുള്ള പദ്ധതികള്‍ക്ക്‌ പ്രസാധകര്‍ രൂപം കൊടുത്തു കഴിഞ്ഞു. അതിലുള്ള അപകടം എന്താണെന്നു ചോദിച്ചാല്‍ വായനക്കാര്‍ മുഴുവന്‍ അവര്‍ക്കു പിന്നാലെ പോകും. അതായത്‌ മലയാള നോവലിസ്‌റ്റിന്റെ അന്ത്യം!

നമുക്ക്‌ പ്രതിഭാധനരായ എഴുത്തുകാര്‍ ധാരാളമുണ്ടെങ്കിലും എന്തുകൊണ്ട്‌ നമ്മുടെ എഴുത്ത്‌ ലോകസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ..?

ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്‌. നമ്മുടേത്‌ അത്ര ചെറിയ ഭാഷയൊന്നുമല്ല. നമ്മളെക്കാള്‍ ചെറിയ ഭാഷയായ തുര്‍ക്കിയില്‍ നിന്നു മറ്റും ഒര്‍ഹാന്‍ പാമൂക്കിനെപ്പോലെയുള്ള വലിയ എഴുത്തുകാര്‍ ഉണ്ടാവുന്നുണ്ട്‌. ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാരണങ്ങളില്‍ ഒന്നാമത്‌, നമ്മുടെ നോവലിന്റെ ഘടനയാണ്‌. യൂറോപ്യന്മാര്‍ അത്‌ വളരെ ശ്രദ്ധിക്കും. മയ്യഴിപ്പുഴയുടെ ഫ്രഞ്ചു പരിഭാഷ വന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യമാണത്‌. അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എനിക്ക്‌ പലഭാഗങ്ങളും തിരുത്തി എഴുതേണ്ടി വന്നു. നമ്മുടെ മിക്ക നോവലുകള്‍ക്കും ഒരു സംതുലിതാവസ്ഥയില്ല. ചില കഥാപാത്രങ്ങളും സംഭവങ്ങളും നമ്മള്‍ വലിച്ചുനീട്ടി പറയും മറ്റു ചിലവ അനാവശ്യമായി ചുരുക്കിക്കളയും. രണ്ടാമത്തെ കാര്യം നല്ല വിവര്‍ത്തകരുടെ അഭാവമാണ്‌. വിദേശരാജ്യങ്ങളിലൊക്കെ പ്രഫഷണല്‍ വിവര്‍ത്തകന്മാരുണ്ട്‌. നമുക്ക്‌ കോളേജ്‌ പ്രഫസറന്മാരേയുള്ളൂ. മൂന്നാമത്തെ കാര്യം നമ്മുടെ നോവലുകള്‍ മിക്കതും മലയാളിക്കു വേണ്ടി മാത്രം എഴുതിയിട്ടുള്ളവയാണ്‌. അത്‌ വിദേശിക്ക്‌ രുചിക്കണമെന്നില്ല. അതൊരു സെന്‍സിബിലിറ്റി ക്ലാഷിന്റെ പ്രശ്നമാണ്‌. മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മുടെ നല്ല നോവലുകളില്‍ മിക്കവയും ആശയപ്രധാനങ്ങളാണ്‌. അതില്‍ മിക്കതും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‌തതുമാണ്‌. വിദേശി നമ്മില്‍ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്‌, അവര്‍ക്ക്‌ നമ്മുടെ ജീവിതമാണ്‌ വേണ്ടത്‌. അതുകൊണ്ടാണ്‌ അരുന്ധതിയുടെ നോവല്‍ ഇരുകൈയ്യും നീട്ടി അവര്‍ സ്വീകരിച്ചത്‌. അടുത്തിടെ ഒരു ഫ്രഞ്ചു പ്രസാധകന്‍ എന്നെ വിളിച്ച്‌ നളിനി ജമീല എന്ന എഴുത്തുകാരിയെ അറിയുമോ എന്നു ചോദിച്ചു. അവര്‍ നമ്മുടെ ജീവിതമാണ്‌ അന്വേഷിക്കുന്നത്‌. മറ്റൊരു കാര്യം, നമ്മളെ പ്രമോട്ടു ചെയ്യുക എന്നൊരു കാര്യമുണ്ട്‌. അതിന്‌ ശക്‌തരായ പ്രസാധകര്‍ വേണം. വിദേശങ്ങളിലൊക്കെ ലിറ്റററി ഏജന്റുന്മാര്‍ തന്നെയുണ്ട്‌. അവരാണ്‌ നല്ല നോവലുകള്‍ കണ്ടെത്തുന്നതും പ്രമോട്ടു ചെയ്യുന്നതും. നമുക്ക്‌ മാര്‍ക്കറ്റിംഗ്‌ ഒരു അലര്‍ജിയാണ്‌. പ്രസാധനം ഒരു പവിത്രമായ കാര്യമാണ്‌, പക്ഷേ മാര്‍ക്കറ്റിംഗിനോട്‌ പുച്ഛവും. ഇത്‌ രണ്ടും പരസ്പര പൂരകങ്ങളാണ്‌. ഇതൊക്കെക്കൊണ്ടാവാം നമ്മള്‍ ലോകസാഹിത്യത്തില്‍ എത്തപ്പെടാതെ പോയത്‌.

ഗള്‍ഫിനെപ്പറ്റി പറയൂ...
ഏതാണ്ടെല്ലാ ഗള്‍ഫുരാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്‌. മറ്റ്‌ വിദേശരാജ്യങ്ങളില്‍ പോകുന്നതുപോലെയല്ല ഗള്‍ഫില്‍ വരുന്നത്‌. ഇവിടെ വന്നാല്‍ നാട്‌ നമ്മുടെ കൂടെ വന്നപോലെ തോന്നും. മറ്റെവിടെച്ചെന്നാലും കിട്ടാത്ത ഒരനുഭവമാണത്‌. അമേരിക്കയിലും ഫ്രാന്‍സിയും ജര്‍മ്മനിയിലും ഒക്കെ മലയാളികള്‍ ഉണ്ട്‌. പക്ഷേ അവിടെ കേരളമില്ല. മലയാളിത്തമില്ല. ഗള്‍ഫില്‍ അതുണ്ട്‌ അതാണ്‌ ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ മലയാളികള്‍ കേരളത്തെ അടുത്തറിഞ്ഞ്‌ ജീവിക്കുന്നവരാണ്‌. അതേ സമയം വിശാലമായ ഒരു കാഴ്ചപ്പാടും ഉണ്ട്‌. അത്‌ യാത്ര ചെയ്‌തിട്ടുള്ളവന്‍ നേടുന്ന ഒരു വലിയ കാര്യമാണ്‌.

ഗള്‍ഫ്‌ എഴുത്ത്‌..?

പല പ്രാവശ്യം വന്നിട്ടുള്ള അനുഭവത്തില്‍ നിന്ന് പറയട്ടെ, ധാരാളം പ്രതിഭാധനരായ ചെറുപ്പക്കാര്‍ ഇവിടെയുണ്ട്‌. പക്ഷേ അവര്‍ക്ക്‌ വേണ്ടുന്നത്ര ഇടം കേരളത്തിലെ മാധ്യമങ്ങളില്‍ കിട്ടുന്നുണ്ടോ എന്ന് സംശയമാണ്‌. അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഓരോ പത്രാധിപരുടെയും മേശപ്പുറത്ത്‌ നൂറുകണക്കിന്‌ സൃഷ്ടികളാണ്‌ കെട്ടിക്കിടക്കുന്നത്‌. അതിനിടയില്‍ പെട്ട്‌ നല്ല പല രചനകളും തമസ്കരിക്കപ്പെട്ടു പോകുന്നുണ്ട്‌. അതിനുള്ള പ്രതിവിധി എന്താണെന്നു ചോദിച്ചാല്‍ പ്രവാസികള്‍ക്കു മാത്രമായി ഒരു സമാന്തര മാസിക തുടങ്ങുക എന്നതാണ്‌. അതിനുള്ള ഒരു സ്‌പെയ്‌സ്‌ ഇന്ന് കേരളത്തില്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. മറ്റൊരു പ്രധാന കാര്യം ഞാന്‍ ശ്രദ്ധിച്ചത്‌. നിങ്ങളുടെ കൃതികളില്‍ നിറഞ്ഞുനില്‌ക്കുന്ന ഒരു പ്രധാന അംശം നൊസ്‌റ്റാള്‍ജിയ - ഗൃഹാതുരത്വമാണ്‌! നിങ്ങള്‍ക്കത്‌ വലിയ കാര്യമായിരിക്കാം എന്നാല്‍ നാട്ടിലെ ഒരു വായനക്കാരനില്‍ അതൊരു ചലനവും ഉണ്ടാക്കില്ല. സത്യത്തില്‍ ഗള്‍ഫിലെ എഴുത്തുകാര്‍ ഇവിടുത്തെ കഥകള്‍ പറയുകയാണ്‌ വേണ്ടത്‌. നിങ്ങളുടെ അനുഭവം നിങ്ങളുടെ ജീവിതം നിങ്ങളുടെ സംഘര്‍ഷാവസ്ഥകള്‍ അതൊക്കെ അറിയാനാണ്‌ അവിടെയുള്ളവര്‍ക്ക്‌ താത്പര്യം.

പക്ഷേ അത്തരത്തിലുള്ള ഗൌരവരചനകള്‍ ഉണ്ടാകുന്നതേയില്ല. വലിയൊരു അനുഭവ മണ്ഡലം എഴുതപ്പെടാതെ കിടക്കുകയാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. മലയാള സാഹിത്യത്തിന്റെ ഭാവുകത്വം തന്നെ മാറ്റിമറിക്കാന്‍ കെല്‌പുള്ള ഒരു കൃതി ഇനിയുണ്ടാവേണ്ടത്‌ ഗള്‍ഫില്‍ നിന്നാണ്‌.

ആധുനികത മരിച്ചു. ഉത്തരാധുനികത പടിയിറങ്ങുകയാണ്‌. ഇനി..?

എന്തെങ്കിലും ഒന്ന് വരണമല്ലോ. വരും. എന്റെ തോന്നലില്‍ അത്‌ നിയോ-റിയലിസം ആണെന്നു തോന്നുന്നു. അതിനുള്ള സൂചനകള്‍ ഇപ്പോഴേ കണ്ടുതുടങ്ങിയിരിക്കുന്നു. വായനക്കാരന്റെ ആവശ്യത്തില്‍ നിന്നാണല്ലോ ഒരോ പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുന്നത്‌. ഞാന്‍ നേരത്തെ സൂചിപ്പിച്ച ആ സര്‍വ്വേയില്‍ വായനക്കാര്‍ പറഞ്ഞത്‌ അവര്‍ക്ക്‌ വേണ്ടത്‌ ആത്മകഥകളും ജീവിതാനുഭവങ്ങളും ഒക്കെയാണ്‌ എന്നാണ്‌. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്‌ ഇനി വായനക്കാരന്‍ അന്വേഷിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഫ്രഞ്ചു പ്രസാധകന്‍ നളിനി ജമീലയെ തേടുന്നത്‌.

നളിനി ജമീലമാര്‍ക്കേ ഇനി എഴുത്തില്‍ ഇടമുള്ളു എന്നാണോ..?

നളിനി ജമീലയ്ക്ക്‌ കേരളത്തില്‍ കിട്ടിയ പ്രസക്‌തിയെ നാം രണ്ടും വിധത്തില്‍ കാണേണതുണ്ട്‌. ഒരു ലൈംഗിക തൊഴിലാളിയ്ക്കും അവരുടെ കഥ പറയാന്‍ ഇടം കിട്ടുക എന്നത്‌ നല്ല കാര്യമാണ്‌. ഒരാള്‍ എങ്ങനെ ലൈംഗിക തൊഴിലാളി ആയിത്തിരുന്നു എന്നറിയാനും ആ പുസ്‌തകം വായിക്കുന്നതില്‍ തെറ്റില്ല. സത്യത്തില്‍ ഇവിടെ അതല്ല സംഭവിച്ചത്‌. അവരുടെ കഥയിലെ ചൂടുള്ള ഭാഗങ്ങള്‍ വായിക്കാനാണ്‌ മിക്ക വായനക്കാരും അവരുടെ പുസ്‌തകത്തിനു പിന്നാലെ ഓടിയത്‌. പിന്നെ എഴുത്തിന്റെ കാര്യത്തില്‍ ഇനി കാല്‌പനിക സൃഷ്ടികള്‍ക്ക്‌ വായനക്കാരെ കിട്ടുക പ്രയാസമായിരിക്കും എന്ന് തോന്നുന്നു. അടുത്ത കുറച്ചുകാലത്തേക്കെങ്കിലും എം.ടി.യെപ്പോലെ ഒരു വലിയ എഴുത്തുകാരന്‍ മലയാളത്തില്‍ ഉണ്ടായില്ലെന്നും വരാം.

അടുത്തിടെ വന്ന ഒരു അഭിമുഖത്തില്‍ അമേരിക്കയെ വല്ലാതെ പുകഴ്ത്തുകയും മുകുന്ദന്റെ ഇഷ്ട നാടായ ഫ്രാന്‍സിനെ ഇകഴ്ത്തിപ്പറയുകയും ചെയ്‌തിരുന്നല്ലോ..?

കറുത്ത വംശക്കാരോടുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും കാഴ്ചപ്പാടുകള്‍ വിശദീകരിക്കേണ്ടി വന്നപ്പോഴാണ്‌ ഞാനത്‌ പറഞ്ഞത്‌. ഫ്രാന്‍സിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്നും കറുത്തവംശക്കാരനെ പരിഷ്കൃതനായിട്ടും മാറ്റി നിറുത്തേണ്ടവനായിട്ടുമാണ്‌ കാണുന്നത്‌. വെളുത്തവന്റെ കക്കൂസ്‌ കഴുകാനും മുറിതുടയ്ക്കാനും തോട്ടിപ്പണി ചെയ്യാനുമുള്ള അടിമ വര്‍ഗ്ഗം എന്ന നിലയില്‍. അതുകൊണ്ടാണ്‌ ഫ്രാന്‍സുപോലെയുള്ള ഒരു രാജ്യത്ത്‌ കറുത്തവന്റെ കലാപങ്ങള്‍ ഉണ്ടാകുന്നത്‌. എന്റെ ഒരു അനുഭവം പറയാം. ഞാന്‍ ഫ്രാന്‍സില്‍ ചെന്നതാണ്‌ അവരുടെ സര്‍ക്കാരിന്റെ അതിഥിയായി. ഒരു മണി എക്സേഞ്ചില്‍ പണം മാറാന്‍ ഞാന്‍ ക്യൂ നില്‌ക്കുകയാണ്‌. എന്റെ മുന്നില്‍ അഞ്ചോ ആറോ യൂറോപ്യന്മാരുണ്ട്‌. വെളുത്തവര്‍. അവരും പണം മാറാന്‍ വന്നതാണ്‌. ആ എക്സേഞ്ചില്‍ നമ്മള്‍ കൊടുക്കുന്ന നോട്ട്‌ കള്ളനോട്ടാണോ എന്നറിയാന്‍ ഉള്ള ഒരു മിഷ്യന്‍ ഉണ്ട്‌. എനിക്ക്‌ മുന്നില്‍ നിന്ന
അത്രയും പേരുടെയും നോട്ടുകള്‍ ആ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. എന്നാല്‍ ഞാന്‍ കൊടുത്ത നോട്ടു മാത്രം കള്ളനോട്ടാണോ എന്ന് അയാള്‍ പരിശോധിച്ചു. അത്‌ കറുത്തവനോടുള്ള ഒരു നിലപാടിന്റെ പ്രശ്നമാണ്‌. അവനേ അങ്ങനെയൊക്കെ ചെയ്യൂ എന്ന നിലപാട്‌. എന്നാല്‍ അമേരിക്കയില്‍ അങ്ങനെ ഒരു വേര്‍തിരിവില്ല. ലോകത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ പവറിന്റെ രണ്ടാം സ്ഥാനത്ത്‌ ഇരിക്കുന്നത്‌ ഒരു കറുത്തവര്‍ഗ്ഗക്കാരിയാണ്‌ (കോണ്ടലീസ റൈസ്‌) എന്നത്‌ ചെറിയ കാര്യമല്ല.

അമേരിക്കയോടുള്ള മുകന്ദന്റെ പഴയ നിലാപാടുകള്‍ അപ്പാടെ മാറി എന്നാണോ..?

നമ്മള്‍ അമേരിക്കന്‍ സര്‍ക്കാരിനെ വെറുക്കുന്നതിനോടൊപ്പം അമേരിക്കന്‍ ജനതയെയും വെറുക്കുന്നു എന്നൊരു കുഴപ്പമുണ്ട്‌. അതുകൊണ്ട്‌ അവരുടെ സംസ്കാരത്തിലെ പല നല്ല കാര്യങ്ങളും കാണാതെ പോകുന്നുണ്ട്‌. നോം ചോസ്‌കിയെപ്പോലെ ഒരു സമ്പൂര്‍ണ്ണ രാജ്യവിരുദ്ധന്‍ അമേരിക്കയിലല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ..? ക്യൂബയില്‍ നിന്ന് നമുക്കൊരു നോം ചോസ്‌കിയെ പ്രതീക്ഷിക്കാനാകുമോ..? എന്തിന്‌ വലിയ സ്വാതന്ത്ര്യം പറയുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികളെ ഇതുപോലെ ഒരാള്‍ വിമര്‍ശിച്ചിരുന്നെങ്കില്‍ അയാള്‍ എന്നേ വല്ല വാഹനാപകടത്തിലും കൊല്ലപ്പെട്ടേനേ. പിന്നെ അമേരിക്കയെ വെറുക്കാന്‍ എന്നെ പഠിപ്പിച്ചത്‌ റഷ്യയും ചൈനയുമാണ്‌. അവര്‍ രണ്ടുപേരും ഇന്ന് അമേരിക്കയുടെ വലിയ കൂട്ടുകാരാണ്‌ പിന്നെ ഞാന്‍ മാത്രം എന്തിന്‌ അമേരിക്കയെ വെറുക്കണം..?!!

അവരുടെ യുദ്ധങ്ങള്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവുമോ..?

ഞാന്‍ ഈ പറഞ്ഞതിനര്‍ത്ഥം ഞാന്‍ അവരുടെ യുദ്ധങ്ങളെ അനുകൂലിക്കുന്നു എന്നല്ല. എന്നാല്‍ അമേരിക്ക മാത്രമാണോ ജനങ്ങള്‍ കൊന്നൊടുക്കുന്നത്‌. ആ രാജ്യങ്ങളോടൊന്നും നമുക്കിത്ര വെറുപ്പില്ലല്ലോ. എന്തിന്‌ ദശലക്ഷക്കണക്കിന്‌ ജനങ്ങളെ കൊന്ന ജര്‍മ്മനിയോടുപോലും നമുക്ക്‌ ഒരു വെറുപ്പും ഇല്ല. അപ്പോള്‍ ഈ വെറുപ്പൊക്കെ രാഷ്ട്രീയമായി സൃഷ്ടിക്കപ്പെടുന്നതാണ്‌ എന്നു കാണാം.

നമ്മുടെ പല എഴുത്തുകാരില്‍ നിന്നും വ്യത്യസ്‌തനായി ഇടതുപക്ഷ നിലപാടിനെ പലപ്പോഴും എതിര്‍ത്തുകണ്ടിട്ടുണ്ടല്ലോ..

എതിര്‍പ്പ്‌ പലപ്പോഴും പ്രത്യയശാസ്‌ത്ര നിലപാടുകളിലാണ്‌. സത്യത്തില്‍ അത്തരം വിയോജിപ്പുകള്‍ നമ്മുടെ ഇടതുപക്ഷം പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി സൌമ്യതയോടെയാണ്‌ നോക്കിക്കാണുന്നത്‌. ഇത്‌ പക്ഷേ നമ്മുടെ പല എഴുത്തുകാര്‍ക്കും മനസ്സിലായിട്ടില്ലെന്നു മാത്രം. ഇടതുപക്ഷത്തെ വിമര്‍ശിച്ചാല്‍ നമുക്കെന്തൊക്കെയോ നഷ്ടപ്പെട്ടുപോകും എന്ന ഭീതിയില്‍ നിന്നാണ്‌ അവരൊന്നും പറയാത്തത്‌. എനിക്കൊന്നും നഷ്ടപ്പെടാനില്ല.

പുതിയ കൃതിയെപ്പറ്റി പറഞ്ഞില്ല..?

സഞ്ചാരിയായ ആഗോള മലയാളിയെപ്പറ്റി ഒരു നോവലിന്റെ പണിപ്പുരയിലാണ്‌. കുറേക്കാലമായി തുടങ്ങിയ വര്‍ക്കാണ്‌. ധാരാളം രേഖകള്‍ ശേഖരിക്കാനുണ്ടായിരുന്നു. ആദ്യകാലത്ത്‌ ബര്‍മ്മയിലേക്കും മലേഷ്യയിലേക്കും പോയ മലയാളി മുതല്‍ ഇന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും ചേക്കേറുന്ന മലയാളി വരെ നോവലില്‍ വരുന്നുണ്ട്‌.

ബെന്യാമിന്‍
http://manalezhutthu.blogspot.com/
Subscribe Tharjani |
Submitted by oksudesh on Mon, 2006-11-13 09:41.

നാം എന്നും രണ്ടുതരം മരണങ്ങള് തിരഞ്ഞെടുക്കും. believe me. ഈ ഞെട്ടന് പ്രസ്താവനയ്ക്ക് empirical തെളിവുകളുടെ താങ്ങുണ്ട്; യഥേഷ്ടം.

(ഒന്നെങ്കില്) കടത്തിണ്ണയില് ചത്തുമലച്ചാവും കിടക്കുവാന് തീരുമാനിക്കുക. തലേരാത്രി ചാരായം -- അല്ലെങ്കില്, ഓ!, ഭാംഗ് തന്നെയാവട്ടേ -- പൂശിയിട്ടുണ്ടെങ്കില്, തിണ്ണയിലാകെ നുരയും പതയും, പിന്നെ പിത്തജലവും നാവൂരി ദഹിക്കാത്ത വറ്റുകളും. പിന്നെയുമുണ്ട്,...ഒരു സമര്പ്പന് ഉറുമ്പുവരി..., അണ്ണാറക്കണ്ണന്റേതോളം മാത്രയില് ശകലം മൂത്രപ്പടര്പ്പും; കൂടുതലെന്തെങ്കിലും? (കൂടുതല് സമ്യക്കായ സംഭാവനകളെ ക്ഷണിക്കട്ടേ!) വെള്ളമൊഴിച്ചു അടിച്ചു വൃത്തിയാക്കുന്നവന്/അവള് മുട്ടിപ്പായി 'പിര്ാകൃത്തിച്ചു' പോകും!

(രണ്ടെങ്കിലോ) public space-കളില് കൂളായി കിടന്നു കൊടുക്കുന്ന വാഗ്ദത്തമരണമാണ്. ഈ ടൈപ്പിനെ 'വരദാന മരണം' എന്നും വിളിയ്ക്കാം. സോറി, മരിച്ചവരുടെ വരദാനമല്ല; അതിനു ദൃക്സാക്ഷികളാകേണ്ടിവന്ന നമ്മുടെ വരദാനം; ആകാശ-കുസുമവൃഷ്ടി! ഇതു ഭീഷ്മാചാര്യര് തൊട്ട് കൊടുത്തുവിട്ട ദേഹ-വിടുതി ഭീഷണികളില് സംഭൃതവും --നന്നേ അനുഗൃഹീതവും. സാധനം ഒരുതരം reverse ദക്ഷിണയാണ്. കിട്ടിയിടത്തോളം ബഹുമാനത്തിനത്രയും ഒരു തിരിച്ചു-കൊടുപ്പ്! 'എന്റെ കയ്യിലുള്ളത് ഞാന് അനന്തരാവകാശികളായ നിങ്ങള്ക്ക് തരുന്നു!' (മറ്റേതെല്ലാം കുട്ടികളുടേയും ഭാര്യയുടേയും വെപ്പാട്ടികളുടേയും, സ്വന്തം പാര്ട്ടിയുടേയും പേരിലായിപ്പോയി?) പടച്ച തമ്പുരാനേ!

ബെന്യാമിന് തിരിഞ്ഞു-കളിച്ചു പണിഞ്ഞ interview-ല് എം. മുകുന്ദന് പ്രകടിപ്പിച്ചിരിക്കാവുന്ന 'സ്വച്ഛന്ദ-മരണ'-ത്തിലെ അഭീഷ്ട-കാമന എന്താവാം? ഒന്നാമത്തേതോ രണ്ടാമത്തേതോ? ഒരു കാകദൃഷ്ടിയിലെങ്കിലും ഒന്നു ഗണിച്ചു നോക്കുക? dead body-യിങ്കല് ചുവപ്പു പുതയ്ക്കുക, വെള്ള പുതക്കുക, നീല പുതയ്ക്കുക, പച്ച പുതയ്ക്കുക, കാവി പുതയ്ക്കുക... എന്നൊക്കെയുണ്ടല്ലോ. ആ മട്ടില്, എം. മുകുന്ദന് ആഗ്രഹിച്ചേക്കാവുന്ന മരണ-പ്പുതപ്പ് അല്ലെങ്കില് 'കഫന്' എന്തായിരിക്കാം?

കഷ്ടം, അല്ലേ..., ആലോചിക്കുന്തോറും?

ആ, 'കേശവന്റെ വിലാപങ്ങള്'ക്ക്, 'കേശവന്റെ ദീനാഭ്യര്ത്ഥന' എന്നു പേരു കൊടുക്കാമായിരുന്നു അല്ലേ?

ആഹയാല്...

മുളഞ്ഞ്..., ബെന്യാമിന്, മേത്തരം ചക്ക-മുളഞ്ഞ്...!

--O.K. Sudesh