തര്‍ജ്ജനി

കാര്‍ഷികം

പ്രകൃതി കൃഷിയുടെ ആചാര്യന്‍

പരിഷ്കാരങ്ങളും വികസനങ്ങളും ശാസ്ത്രസാങ്കേതികതന്ത്രത്തിന്റെ ആധിപത്യത്തിലൂടെ ഉയര്‍ന്നുവരുമ്പോള്‍ കാല്‍ക്കീഴിലമര്‍ന്ന്‌ നശിക്കുന്നത്‌ സാധാരണമനുഷന്റെ സരളമായ അറിവാണ്‌. അതിലൂടെനൂറ്റാണ്ടുകളോളമുള്ള ജീവിതാനുഭവത്തിലൂടെ നമ്മള്‍ സ്വായത്തമാക്കിയ പാരമ്പര്യ അറിവുകളാണ്‌ അതിലൂടെ നശിച്ചുകൊണ്ടിരിക്കുന്നത്‌. ചുരുങ്ങിയ വര്‍ഷത്തെ പരിഷ്കാരത്തിനാല്‍ നമ്മുടെ സംസ്കാരത്തിന്റെ സൗമ്യത, ഔദാര്യം, പരിശുദ്ധി, ആരോഗ്യം, ശാന്തിയെന്നിവയ്ക്ക്‌ നാശം വന്നുകൊണ്ടിരിക്കുകയാണ്‌. ഈ പോക്ക്‌ മാനവ കുലത്തിന്റെ നാശത്തിലേക്കാണ്‌ എന്നുള്ള പരമായ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ നാശത്തിലേക്ക്‌ കുതിക്കുന്ന നരന്‌ തന്റെ ജീവിതത്തിലും ഒരു പുത്തന്‍ കാര്‍ഷിക സംസ്കാരം കാണിച്ചുതരികയാണ്‌ പ്രകൃതികൃഷിയുടെ ആചാര്യനായ 'മസനൊബു ഫുക്കുവോക്ക'. അദ്ദേഹം പറയുന്നു"അതിരറ്റ ദുരയാകുന്നു ലോകത്തെ അതിന്റെ ദുരിതസന്ധിയിലെത്തിച്ചത്‌, സമാധാനത്തിനേക്കാള്‍ ധൃതിയ്ക്കും ചെറുതിനേക്കാള്‍ വലുതിനും മേലാക്കം നല്‍കുന്ന വികസനപ്പകിട്ടുകള്‍ മാനവസമൂഹത്തിന്റെ പതനം ആസന്നമാക്കുന്നു. പ്രകൃതിയില്‍ നിന്നകലാന്‍ നരനവസരമുണ്ടാകുന്നു എന്നതുമാത്രമാണ്‌ ആധുനിക വികസനത്തിന്റെ നേട്ടം. വ്യക്തിപരമായ ലാഭത്തില്‍ നിന്നും ഭൗതിക ഭോഗമോഹത്തില്‍ നിന്നും മനുഷ്യന്‍ പിന്‍വലിയേണ്ടിരിക്കുന്നു. അവന്റെ പ്രയാണം ആത്മീയമായ അവബോധത്തിന്‌ നേരെയായിരിക്കണം."

ജപ്പാനിലെ ഒരു സാധാരണ കര്‍ഷക കുടുബത്തില്‍ ജനിച്ച ഫുക്കുവോക്ക യുവത്വത്തില്‍ വീടുവിട്ട്‌ യോക്കോഹോമ ചൗക്കകച്ചേരിയില്‍(customs) സസ്യപരിശോധ വിഭാഗത്തില്‍ കയറ്റുമതി ചെയ്യുന്ന സസ്യങ്ങളില്‍ രോഗവാഹികളായ കീടങ്ങള്‍ ഉണ്ടോയെന്നു പരിശോധനയിലേര്‍പ്പെട്ടു. കൂടാതെ സസ്യരോഗങ്ങളെ കുറിച്ചുള്ള പഠനവും ഗവേഷണവും. ആ സമയത്തെ ലക്ഷ്യമില്ലാത്ത ജീവിതവും അമിതാധ്വാനവും അദ്ദേഹത്തെ തളര്‍ത്തി. പലപ്പോഴും അദ്ദേഹം തളര്‍ന്നു വീണു.ഇടയ്ക്കിടെ തന്നെ അലട്ടുന്ന ജനനമരണ രഹസ്യം മനസ്സില്‍ ഒരു ശല്യമായി. അങ്ങനെയുള്ള ഒരു രാത്രി ഉറക്കമില്ലാതെ അടുത്തുള്ള കുന്നിലൂടെ അലയുമ്പോള്‍ ക്ഷീണം മുഴുത്ത്‌ കുഴഞ്ഞു വീണു. പാതിമയക്കത്തില്‍ ഉദയമെത്തുന്നതുവരെ കുഴഞ്ഞു വീണിടത്ത്‌ കിടന്നു. പുലരിയിലെ ആ മായക്കാഴ്ചയില്‍ തെളിഞ്ഞ ഉദയത്തില്‍ ചെവിയില്‍ തുളയ്ക്കുന്ന ഒച്ചയിട്ട്‌ പറന്നകലുന്ന ഒറ്റക്കൊക്കിന്റെ ചിറകടി ശബ്ദം കേട്ട്‌ തന്റെ പാതിമയക്കത്തില്‍ നിന്നുണര്‍ന്ന, അദ്ദേഹത്തിന്റെ സന്ദേഹങ്ങള്‍ ഒഴിഞ്ഞ്‌ പ്രജ്ഞയെ കലുഷമാക്കിയ വിഷാദധൂമിക മാഞ്ഞു.

ഇവിടെ അദ്ദേഹത്തിന്‌ ആത്മീയമായ അവബോധത്തിന്‌ കാരണമായി 25-ാ‍ം വയസ്സില്‍ ‍ ഉണ്ടായ, തന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച ആ സംഭവമിതാണ്‌ 'ഒരു ഞെട്ടല്‍' 'ഒരു മിന്നല്‍' എന്ന മട്ടില്‍ ഉണ്ടായ ആ സത്യദര്‍ശനം "മനുഷ്യന്‍ ഒന്നും അറിയുന്നില്ല ഒരോ പ്രവൃത്തിയും നിരര്‍ത്ഥകവും നിഷ്ഫലവുമായ യത്നമാകുന്നു". വാക്കുകൊണ്ട്‌ പറയുന്നതിനും അപ്പുറമാണ്‌ ഈ ദര്‍ശനം, മനുഷ്യന്‍ ജീവികളില്‍ കേമന്‍ എന്നും അവന്റെ ചെയ്തികളും നേട്ടങ്ങളും അത്ഭുതകരമെന്നും കരുതിപ്പോന്ന ധാരണയുടെ നിഷേധമാണ്‌ അദ്ദേഹത്തിന്റെ ചിന്തയെന്ന്‌ അഭിപ്രായപ്പെട്ടു. "വെറും ഭൗതികമായ നേട്ടത്തില്‍ മനുഷ്യന്‍ ഒന്നും നേടുന്നില്ല" എന്നുള്ള പൗരസ്ത്യ ദര്‍ശനത്തോടും ഇന്ദ്രിയങ്ങള്‍ കൊണ്ടുള്ള അറിവുകള്‍ക്ക്‌ പല പരിമിതികളുണ്ടെന്നും അല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ കൊണ്ടുള്ള അറിവ്‌ പൂര്‍ണ്ണമായ അറിവ്‌ നേടിത്തരുന്നില്ലെന്നുള്ള ബോധം അദ്ദേഹത്തിനെ ഒരു ദാര്‍ശനികനാക്കി. ആധുനിക വികസനത്തിന്റെ പകിട്ടുമായി വന്ന പാശ്ചാത്യശാസ്ത്രത്തിന്‌ പിടികിട്ടാത്ത പൌരസ്ത്യ ദര്‍ശനത്തിന്റെ നീതിസൂക്തം ഇതാണ്‌."ഒന്നില്‍ അനേകമുണ്ട്‌ എന്നാല്‍ അനേകങ്ങളുടെ ഏകീകരണത്തില്‍ ഒന്ന്‌ ഉയിര്‍ക്കുന്നില്ല" ചിത്രശലഭത്തെ അവയവങ്ങള്‍ വേര്‍പെടുത്തി ഒരാള്‍ക്ക്‌ മതിവരുവോളം പഠിക്കാം എന്നാല്‍ ചിത്രശലഭത്തെ സൃഷ്ടിക്കാനാവില്ല.

തനിക്ക്‌ കിട്ടിയ സത്യദര്‍ശനം തന്റെ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി തന്റെ നിലവിലുള്ള ജോലി രാജിവച്ച ഫുക്കുവോക്കയ്ക്ക്‌ നിരാശയായിരുന്നു ഫലം. രാജ്യത്തിന്റെ നാനാഭാഗത്ത്‌ സഞ്ചരിച്ച്‌ തന്റെ ദര്‍ശനംവിശദീകരിച്ചപ്പോള്‍ കിറുക്കന്‍ എന്ന്‌ മുദ്രകുത്തി പരിഹസിക്കുകയാണുണ്ടായത്‌. അതിനുശേഷം സ്വന്തം ഗ്രാമത്തില്‍ എത്തി, അച്ഛന്റെ കൂടെ കൃഷിയില്‍ സ്വന്തം ദര്‍ശനങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ആദ്യം പരാജയമായിരുന്നു ഫലം അദ്ദേഹത്തിന്‌ അതില്‍ നിന്ന്‌ പിന്തിരിയേണ്ടിവന്നു. അതിനുശേഷം അച്ഛന്റെ ഉപദേശപ്രകാരം എട്ട്‌ വര്‍ഷം കോച്ചി ജില്ലയിലെ കൃഷിഗവേഷണ കേന്ദ്രത്തില്‍ മുഖ്യഗവേഷകനായി ജോലി നോക്കി.പിന്നിട്‌ വീണ്ടും ജന്മഗ്രാമത്തിലെത്തി അദ്ദേഹം സ്വന്തം ദര്‍ശനത്തിനൊത്തുള്ള കൃഷി തുടങ്ങി.പിന്നെ മുപ്പത്‌ കൊല്ലക്കാലം പുറംലോകവുമായി ബന്ധമില്ലാതെ പ്രകൃതിയുടെ താളം തെറ്റിക്കുന്ന പരിഷ്കൃത കൃഷിമുറകള്‍ക്ക്‌ എതിരെ പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രകൃതിയുമായി അടുത്ത്‌ ഇടപെടുകയും 'ഇതുചെയ്താലെന്താ അത്‌ ചെയ്താലെന്താ' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക്‌ പിന്നാലെ വിദ്യകള്‍ ഒന്നൊന്നായി നടപ്പില്‍ വന്നു. ലോകത്തിനെ തന്നെ മാറ്റിമറിക്കുവാന്‍ അദ്ദേഹത്തിന്റെ ഈ വിദ്യകള്‍ക്ക്‌ കഴിഞ്ഞു. ഭൂമിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നതും ചിലവ് കൂടിയതുമായ ആധുനിക കൃഷിരീതിമൂലം നശിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക്‌ പുതുജീവന്‍ നല്‍കുന്നവയാണ്‌ ഈ വിദ്യകള്‍. കൃഷിയില്‍ പണി, ക്രമത്തില്‍ കൂടരുത്‌ കുറയണം എന്ന തത്ത്വം അദ്ദേഹം നടപ്പിലാക്കി.

ആധുനിക കൃഷിയില്‍ നിന്ന്‌ പ്രകൃതികൃഷിയിലേക്കോ ജൈവകൃഷിയിലേക്കോ തിരിയുന്ന ഒരു കര്‍ഷകന്‍ ആദ്യം മനസ്സിലാക്കേണ്ടുന്ന ഒരു പ്രധാന കാര്യം, അദ്ദേഹം സ്വന്തം അനുഭവത്തില്‍ നിന്ന്‌ വിവരിക്കുന്നുണ്ട്‌. പ്രകൃതി നല്ലതാണെന്ന്‌ വിചാരിക്കുന്ന പലര്‍ക്കും പ്രകൃതിയ്ക്ക്‌ ചേരുന്നതും ചേരാത്തതും അറിയാത്തവരാണ്‌. അറിയുന്നവര്‍ ചുരുക്കം. വെട്ടിയൊരുക്കുന്ന ഫലവൃക്ഷത്തെ തനത്‌ മട്ടില്‍ വളരാന്‍ അനുവദിച്ചാല്‍ കൊമ്പും ചില്ലയും കൂടിപ്പിണഞ്ഞ്‌ കീടങ്ങള്‍ പെരുകി നശിച്ച്‌ പോകുന്നതാണ്‌. ഇതുപോലെ അദ്ദേഹത്തിന്റെ നാരങ്ങാത്തോട്ടം നശിച്ചുപോയിരുന്നു. ഇവിടെ ഫലവൃക്ഷത്തിന്റെ ഒരു മുകുളം പോലും മുറിച്ചുകളയുന്നത്‌ അപരിഹാര്യമായ ക്രമക്കേടിനിട വരുത്താം. വൃക്ഷത്തിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ ഇലകള്‍ക്കെല്ലാം സൂര്യപ്രകാശം വേണ്ടത്ര കിട്ടാവുന്ന വിധത്തില്‍ ശാഖകള്‍ താഴ്ത്തടിയില്‍ നിന്നും ശരിയായി വിടര്‍ന്നു നില്‍ക്കും. ഈ അനുക്രമത്തിന്‌ ഭംഗം വരുമ്പോള്‍ ചില്ലകള്‍ ക്രമവിരുദ്ധമായി വളരും, കൂടിപ്പിണയും, സൂര്യപ്രകാശത്തിന്റെ പരക്കെയുള്ള വിതരണം അസാധ്യമാകും ഇലപൊഴിയും, ക്ഷുദ്രകീടങ്ങള്‍ പെരുകി നാശമുണ്ടാക്കുകയും ചെയ്യും. വരുംകൊല്ലം വെട്ടിയൊതുക്കുന്നില്ലെങ്കില്‍ കേടുകൂടുതലുള്ള ചില്ലകള്‍ പ്രത്യക്ഷപ്പെടും. മനുഷ്യന്റെ വെട്ടിത്തിരുത്തലുകള്‍ കുഴപ്പമുണ്ടാക്കുന്നു. അത്‌ പരിഹരിക്കാതെ വിടുന്നതുകൊണ്ട്‌ പ്രതികൂലഫലങ്ങള്‍ കൂടുന്നു.

ഇന്ന്‌ വയനാടിന്റെ പ്രശ്നങ്ങള്‍ക്ക്‌ കാരണമായിക്കൊണ്ടിരിക്കുന്നത്‌ ഈ വെട്ടിത്തിരുത്തലുകള്‍ മൂലമാണ്‌. ഹരിത വിപ്ലവത്തിന്റെ വരവോടുകൂടി തുടങ്ങിയ രാസകൃഷി നമ്മുടെ സംസ്കാരത്തിനെയും, പരിസ്ഥിതിയെയും നശിപ്പിച്ചു. അതിനുദാഹരണമായി നമ്മുടെ വയലുകളില്‍ കാണാം.

പലവര്‍ണ്ണത്തിലുള്ള തുമ്പികളും ശലഭങ്ങളും കൊക്കുകളും മീന്‍കൊത്തിയും ശരപക്ഷികളും മറ്റനേകം ചെറുജീവികളും പറന്നുല്ലസിച്ചിരുന്ന നെല്ലോലകള്‍ക്ക്‌ പകരം വാഴയും ഇഞ്ചിയും കവുങ്ങും തെങ്ങുമെല്ലാം വയനാടന്‍ വയലുകളില്‍ നിറഞ്ഞപ്പോള്‍ 4000 വര്‍ഷമായി കാത്തുസൂക്ഷിച്ച ഗ്രാമീണകാര്‍ഷിക ആവാസവ്യവസ്ഥ വഴി സംരക്ഷിച്ച ഈ മണ്ണ്‌, ജലം, ജൈവസമ്പത്ത്‌ എന്നിവ ഒരൊറ്റ തലമുറയുടെ ചൂഷണക്കൃഷിയാല്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി രോഗവും ദാരിദ്രവും പട്ടിണിയും മരണവുമാണ്‌ നേടിത്തന്നത്‌. ഇന്ന്‌ നമ്മുടെ ഒരു വാഴത്തോട്ടം നോക്കാം ഞണ്ടും തവളയും മണ്ണിരയും ഞവണിയും പുല്‍ച്ചാടിയും തുമ്പിയും മറ്റ്‌ അനേകം ജീവികളും മുക്കുറ്റിയും പൂവാന്‍കുറിഞ്ഞിയും വേനപ്പച്ചയും തുമ്പയും കല്ലുരുക്കിയും കറുകപുല്ലും മുത്താറിപുല്ലും ഊരാളിചേമ്പും തുടങ്ങി മറ്റ്‌ അനേകം സസ്യങ്ങളും പരസ്പരം ആശ്രയിച്ചുനിന്നിരുന്ന ആവാസവ്യവസ്ഥ ഇവിടെ നശിച്ചിരിക്കുന്നു. പകരം മണ്ണിളക്കിയും രാസവളങ്ങളും കീടനാശിനികളും മറ്റും ഉപയോഗിച്ച്‌ മണ്ണിനെ ചൂഷണം ചെയ്തുണ്ടാക്കിയ വിഷലിപ്തമായ വാഴയും നശിച്ച മണ്ണും ജലവും മാത്രമാണ്‌ കാണുക.

തവളയും ചെറുമീനുകളും വളരേണ്ട നമ്മുടെ ജലസമ്പത്ത്‌ രാസവസ്തുക്കളും വിഷങ്ങളും അടിഞ്ഞുകൂടിയും അമ്ലത്വം കൂടിയും ഉപയോഗശൂന്യമായിരിക്കുന്നു. മണ്ണില്‍ കുടുതലായി ഉപയോഗിക്കുന്ന നൈട്രേറ്റ്‌ വളങ്ങള്‍ വെള്ളത്തില്‍ ലയിച്ച്‌ കുടിവെള്ളത്തില്‍ കലരുകയും അതു കുടിക്കുന്ന മനുഷ്യന്റേയും മറ്റുജീവികളുടേയും ആമാശയത്തില്‍ വച്ച്‌ സൂക്ഷ്മ ജീവികള്‍ നൈട്രേറ്റിനെ(NO3) നൈട്രിറ്റ്‌ (NO2) ആക്കി ആമാശയഭിത്തിയില്‍ പ്രവൃത്തിപ്പിച്ച്‌ ഉദരരോഗങ്ങളും ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളും ഉണ്ടാക്കുന്നു. നെല്‍ക്കൃഷിയുടെ പരാജയത്തെ തുടര്‍ന്ന്‌ അല്‍പമെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കുവാന്‍ വയനാടന്‍ കര്‍ഷകര്‍ കണ്ടെത്തിയത്‌ വാഴക്കൃഷിയാണ്‌. വയനാട്ടില്‍ 35,000 ഏക്കര്‍ സ്ഥലത്ത്‌ വാഴക്കൃഷി നടത്തുന്നുണ്ട്‌. കൃഷിവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വാഴയ്ക്ക്‌ 20gm വീതം മൂന്ന്‌ തവണകളായി 60gm ഫൂറിഡാന്‍ വാഴയ്ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. 35,000,000 വാഴയില്‍ 60gm വീതം പ്രയോഗിച്ചാല്‍ 210കോടി ഗ്രാം ഫൂറിഡാനാണ്‌ അതായത്‌ ഒരു വര്‍ഷം 2100 ടണ്‍ ഫൂറിഡാന്‍ വയനാട്ടിലെ വാഴക്കുലകളിലും വെള്ളത്തിലും മണ്ണിലുമായി നിറയുകയാണ്‌. ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷിവകുപ്പിന്റെ നിര്‍ദ്ദേശത്തെക്കാളും അധികം ഫുറിഡാനും മറ്റ്‌ വിഷങ്ങളും ഉപയോഗിക്കുകയാണ്‌. ഇപ്പോള്‍ ഇവയെല്ലാം ചെയ്തിട്ടും ഫലിക്കാതെ വാഴക്കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്‌. അന്തര്‍ വ്യാപനശക്തിയുള്ള ഈ മാരകവിഷങ്ങളുടെ അംശം ഒഴിവാക്കി കേരളത്തില്‍ ഒരിടത്തും ശുദ്ധജലം ലഭിക്കാമെന്ന്‌ ആരും വിചാരിക്കണ്ട. മുകളില്‍ പറഞ്ഞത്‌ വാഴക്കൃഷിയുടെ കാര്യം മാത്രമാണ്‌. ഇഞ്ചിയ്ക്കും ഏലത്തിനും കാപ്പിക്കും ഉപയോഗിക്കുന്നത്‌ കുടാതെയാണ്‌ ഈ കണക്ക്‌. നമ്മുടെ ഈ വലിയ ദുരിതത്തിന്‌ പരിഹാരമായി ഒരു പുത്തന്‍ കാര്‍ഷികരീതി നമ്മുടെ മുന്നില്‍ കാണിച്ചുതരികയും നാല്‌ അടിസ്ഥാന തത്ത്വങ്ങള്‍ മുറുകെപ്പിടിച്ച്‌ പ്രകൃതിയ്ക്ക്‌ ഇണങ്ങുന്ന അല്ലെങ്കില്‍ പ്രകൃതിയോട്‌ പൂര്‍ണ്ണമായി ചേര്‍ന്ന്നില്‍ക്കുന്ന ഒരു കൃഷി രീതി അവതരിപ്പിക്കുകയുമാണ്‌ ഫുക്കുവോക്ക.

പ്രകൃതികൃഷിയില്‍ അദ്ദേഹം അനുവദിച്ച നാല്‌ അടിസ്ഥാന തത്ത്വങ്ങള്‍ ഇതാണ്‌
1. മണ്ണിളക്കാതിരിക്കുക
2. രാസവളമോ മറ്റുതരം വളമോ ചേര്‍ക്കരുത്‌
3. കളനാശിനികൊണ്ടോ മണ്ണിളക്കിയോ കള നശിപ്പിക്കരുത്‌
4. രാസവസ്തുക്കള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക.
അദ്ദേഹത്തിന്റെ ആദ്യതത്ത്വപ്രകാരം മണ്ണിളക്കാനോ ഉഴനോ പാടില്ല ഇത്‌ നൂറ്റാണ്ടുകളായി കര്‍ഷകര്‍ കരുതിപ്പോന്ന അടിസ്ഥാന പ്രമാണത്തിനെതിരാണ്‌. ചെടികളുടെ തുളച്ചുപോകുന്ന വേരുകള്‍ സൂക്ഷ്മജീവികള്‍ എന്നിവയുടെ പ്രവര്‍ത്തനഫലമായി മണ്ണുതാനെ പാകമാകുന്നുണ്ട്‌. ഒരു ദിവസം മണ്ണിര തന്റെ ശരീരഭാരത്തിനൊപ്പം ആഹരിക്കുകയും വിസ്സര്‍ജ്ജിക്കുകയും ചെയ്യുന്നു. 3 ടണ്‍ മണ്ണിര ഒരു ദിവസം 1000 ടണ്‍ മണ്ണ്‌ തിന്ന്‌ വിസ്സര്‍ജ്ജിക്കുന്നു. അതായത്‌ 1 ഹെക്ടര്‍ സ്ഥലം 10 സെന്റീമിറ്റര്‍ ആഴത്തില്‍ ഒരു വര്‍ഷം കൊണ്ട്‌ ഉഴുത്‌ മറിക്കുന്നു. ഇത്‌ കൂടാതെ നമ്മള്‍ മണ്ണിളക്കുന്നത്‌ മൂലം തിരിച്ചറിയാനൊക്കാത്ത മട്ടില്‍ മാറിപ്പോകുന്നു പ്രകൃതി പരിസരം. മണ്ണിളക്കുന്നത്‌ മൂലം പരിസ്പര ആശ്രിതമായി നിലനിന്നിരുന്ന സസ്യജൈവ വൈവിധ്യം നഷ്ടമാകുകയും വിളയെ ദ്രോഹിക്കുന്ന വമ്പന്‍ കളകള്‍ ആധിപത്യം നേടുകയും ചെയ്യും. അത്തരം പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ അനേകതലമുറക്കാലം കൃഷിക്കാരന്റെ പേടിസ്വപ്നമായി ശേഷിക്കും. ഇത്തരം പ്രകൃതിവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുകയാണ്‌ ഈ പ്രശ്നത്തിന്‌ ഉചിതമായ പരിഹാരം.

രാസവളമോ മറ്റുതരം വളമോ ചേര്‍ക്കാതെ മണ്ണിനെ അതിന്റെ വഴിക്കുവിട്ടാല്‍ മതി. സസ്യ-ജന്തുജീവിതത്തിന്റെ ചാക്രിക പരിവര്‍ത്തം വഴി അത്‌ താനെ പുഷ്ടിനേടിക്കൊള്ളും ഇതാണ്‌ രണ്ടാമത്തെ തത്ത്വം. മണ്ണിനെ അതിന്റെ പ്രകൃതിക്കുവിട്ടാല്‍ പുഷ്ടികൂടും. മണ്ണിന്‌ മുകളില്‍ അടിഞ്ഞുകൂടുന്ന ജൈവാവശിഷ്ടങ്ങള്‍ കുമിള്‍-ബാക്ടീരിയ പ്രവര്‍ത്തനം വഴി അഴുകുന്നു. അത്‌ മഴവെള്ളത്തിലൂടെ കീഴ്മണ്ണില്‍ എത്തി മണ്ണിരയുടേയും അതിസൂക്ഷ്മ ജീവികളുടേയും ആഹാരമായിത്തീരുന്നു. മണ്ണിന്റെ കീഴ്ത്തലത്തിലെത്തുന്ന സസ്യമൂലകങ്ങള്‍ പോഷകമൂലകങ്ങളെ മേല്‍ത്തലത്തിലെത്തിക്കുന്നു. അതുപോലെ ആഴത്തില്‍ വേര്‌ വളരുന്ന വന്‍വൃക്ഷങ്ങള്‍, അടിയിലുള്ള മൂലകങ്ങളെ വലിച്ചെടുത്ത്‌ ഇലകളില്‍ എത്തിക്കുന്നു. ഇലകള്‍ പഴുത്ത്‌(ഉണങ്ങി) താഴെ വീഴുകയും ഇവ മണ്ണില്‍ നിന്ന്‌ അഴുകി മറ്റുസസ്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള വസ്തുക്കള്‍ മാത്രം നമ്മള്‍ പ്രകൃതിയില്‍ നിന്ന്‌ സ്വീകരിച്ച്‌ ബാക്കിയുള്ളവ മണ്ണില്‍ തന്നെ തിരിച്ചുനല്‍കിയാല്‍ മതി.(നെല്‍ച്ചെടിയുടെ അരിമാത്രം എടുത്ത്‌, ബാക്കി വൈക്കോലും ഉമിയും മണ്ണിന്‌ തന്നെ കൊടുക്കുക) ഇന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 109 മൂലകങ്ങളില്‍ 92 എണ്ണവും ചെടികള്‍ സ്വീകരിക്കുന്നവയാണ്‌. ഒരോ ചെടിയിലും 18 മുതല്‍ 62 വരെ സൂക്ഷ്മ മൂലകങ്ങള്‍ വ്യത്യസ്ത അളവില്‍ കാണപ്പെടുന്നു. കൃത്രിമമായി ചേര്‍ക്കാന്‍ പറ്റുന്ന മൂലകങ്ങള്‍ 14 എണ്ണമാണ്‌. ഇവ ഏത്‌ അളവില്‍ എന്ന്‌ കണ്ടുപിടിച്ച്‌ ചേര്‍ക്കുക ദുഷ്കരമാണ്‌ . ഇങ്ങനെ ചെയ്യുമ്പോള്‍ മണ്ണിലെ പോഷകമൂലകങ്ങളൂടെ സന്തുലിതാവസ്ഥ തകരാറിലാവുകയും ചെടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അങ്ങനെ ചെടികള്‍ രോഗം ബാധിച്ച്‌ നശിക്കാന്‍ ഇടയാക്കുന്നു.

കളകളെ നശിപ്പിക്കരുത്‌ അതിനെ നിയന്ത്രിക്കുക എന്നതാണ്‌ മൂന്നാമത്തെ തത്ത്വം. കളനാശിനികൊണ്ടോ മണ്ണിളക്കി മറിച്ചോ കള നശിപ്പിക്കരുത്‌. മണ്ണ്‌ ഫലപുഷ്ടമാക്കുന്നതിലും സസ്യസന്തുലനം നിലനിര്‍ത്തുന്നതിലും കള അതിന്റേതായ പങ്കുവഹിക്കുന്നു. കളകള്‍ നശിപ്പിക്കുന്നത്‌ മൂലം സസ്യവൈവിധ്യം നഷ്ടമാകുന്നു. അതിലൂടെ പരസ്പര ആശ്രിതമായ ഒരു ആവാസവ്യവസ്ഥ നഷ്ടമാകുന്നു. മണ്ണിലുള്ള പല മൂലകങ്ങളും കളകള്‍വഴി സംരക്ഷിക്കപ്പെടുന്നുണ്ട്‌. ഒട്ട്‌ മിക്ക കളകളും ഒരു വര്‍ഷത്തെയോ അതില്‍ കുറവോ പ്രായമുള്ളവയാണ്‌ അവ വലിച്ചെടുക്കുന്ന മൂലകങ്ങള്‍ മണ്ണിലേക്ക്‌ തന്നെ അവയുടെ അവസാനത്തോടെ നല്‍കുന്നു. ഇതുവഴി ആ മൂലകങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അതുപോലെ മണ്ണൊലിപ്പ്‌ തടയുന്നതും സൂര്യതാപത്തില്‍ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും കളകള്‍ പ്രധാന പങ്ക്‌ വഹിക്കുന്നു.. വേല്‍ക്കാലത്ത്‌ ഉണ്ടാകുന്ന കളകളുടെ വേരുകളില്‍ ധാരാളം സുഷിരങ്ങള്‍ ഉണ്ട്‌ ഈ സുഷിരങ്ങള്‍ വഴി മഴക്കാലത്ത്‌ ധാരളം ജലം ഭൂമിയിലേക്ക്‌ ഇറങ്ങി നമ്മു
ടെ ഭൂഗര്‍ഭജലനിരപ്പ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍ കളകളെ നശിപ്പിക്കാതെ അവയെ പുതയിട്ടും വെള്ളം കെട്ടിനിറുത്തിയും (വയലില്‍) അടിച്ചൊതുക്കിയും മറ്റും നിയന്ത്രിക്കുകയാണ്‌ വേണ്ടത്‌.

നാലാമത്തെ തത്ത്വം രാസവസ്തുക്കള്‍ ഒഴിവാക്കുകയെന്നതാണ്‌. ആധുനിക രാസകൃഷിയില്‍ വളരുന്ന ചെടികള്‍ സ്വാഭാവിക പ്രകൃതി ചുറ്റുപാടുകളില്‍ നിന്ന് അകന്ന് പ്രകൃതിവിരുദ്ധ പ്രയോഗങ്ങളാല്‍ ആരോഗ്യമില്ലാതെ വളരുന്നവയാണ്‌. അതിനാല്‍ പലതരത്തിലുള്ള കീടരോഗങ്ങള്‍ ആക്രമിക്കാന്‍ ഇടവരും. പ്രകൃത്യാലുള്ള രോഗകീട സന്തുലനാവസ്ഥ തെറ്റിയ ഈ കൃഷിയില്‍ വന്‍ മാരകവിഷങ്ങള്‍ ഉപയോഗിക്കുന്നു. പതുക്കെ പതുക്കെ കീടങ്ങള്‍ അവയെ പ്രതിരോധിക്കുകയും വിഷങ്ങളുടെ വീര്യംകൂട്ടി ഉപയോഗിക്കേണ്ടതായും വരുന്നു. പെര്‍സിസ്റ്റന്റ്‌ (persistent) ഓര്‍ഗാനിക്‌ (organic) പൊലുട്ടന്റ്സ്‌(pollutents) അഥവാ പോപ്സ്‌ എന്നത്‌ മനുഷ്യന്‍ കണ്ടുപിടിച്ച 70,000 മാരകവിഷങ്ങളടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ആണ്‌. ഇന്ന്‌ ആഗോളതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന പോപ്സ്‌ രാസവസ്തുക്കളില്‍ പലതും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത്‌ 143 കീടനാശിനികളും അണുനാശിനികളുമായി ഉപയോഗിക്കുന്നുണ്ട്‌. ഉദാഹരണം DDT, ACH, PCB തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഇവയില്‍ മുന്‍പന്തിയിലാണ്‌ നോണ്‍ ഹോപ്കിന്‍സ്‌ ലിംഫോമാന്‍ NHL എന്ന ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഡൈമെതിയോണ്‍, മാലത്തിയോണ്‍, മീഥൈന്‍, പാരതയോണ്‍, മോണോക്രോട്ടോഫാസ്‌, ഫേറ്റേറ്റ്‌ ഫോസിലോണ്‍, DDT എന്നിവ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നു.
പോപ്സ്‌ വിഭാഗത്തിപ്പെട്ട രാസപദാര്‍ത്ഥങ്ങള്‍ മണ്ണിലോ ജലത്തിലോ വിഘടനത്തിന്‌ വിധേയമാകാതെ അവശിഷ്ടമായി ശേഷിക്കുന്നു. ഇവ കൊഴുപ്പില്‍ ലയിച്ചു ചേരുന്നതുകൊണ്ട്‌ കലകളില്‍ അടിഞ്ഞുകൂടുന്നു. മനുഷ്യശരീരത്തിലെ അന്ത:സ്രാവഗ്രന്ഥികള്‍ പുറ‍പ്പെടുവിക്കുന്ന രാസത്വരകങ്ങളായ എന്‍സൈമുകളുടേയും ഹോര്‍മോണുകളുടേയും പ്രവര്‍ത്തനങ്ങളെ ഇത്‌ പ്രതികൂലമായി ബാധിക്കുന്നു. അതുകാരണം പഠനശേഷി കുറയല്‍, ബുദ്ധിപരമായ കഴിവില്ലാതാകല്‍, അപ്രതീക്ഷീതമായി സ്വഭാവത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ നാഡീസംബന്ധമായ തകരാറുകള്‍, പ്രത്യുല്‍പാദനശേഷി കുറയല്‍, ഗര്‍ഭാശയ രോഗങ്ങള്‍‍, അമ്മമാരില്‍ ഹ്രസ്വകാല മുലയൂട്ടല്‍, കൂടിയ പ്രമേഹസാധ്യത എന്നിവ ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുമെന്ന്‌ പഠനങ്ങള്‍ സ്ഥിതീകരിക്കുന്നു. ഫുക്കുവോക്ക എന്ന വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ എങ്ങനെ മാറ്റി ചിന്തിപ്പിക്കാം, വികസനങ്ങള്‍ പലതും നേടിത്തരുമ്പോഴും നഷ്ടമാകുന്ന മൂല്യങ്ങള്‍ എങ്ങനെ നിലനിര്‍ത്താമെന്നും വളരെ ദീര്‍ഘവീക്ഷണത്തോടെയും കരുതലോടെയും ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്‌.

പുരോഗതി ആര്‍ജ്ജിക്കുവാന്‍ വേണ്ടി മനുഷ്യരാശി നടത്തിയ പരിശ്രമങ്ങള്‍സുസ്ഥിരമായൊരു പ്രകൃതിദര്‍ശനത്തിന്റെ അഭാവത്തില്‍ വലിയ പ്രതിസന്ധികള്‍ക്കും ദുരന്തത്തിനും ഇടനല്‍കി. വിഷലിപ്തമായ വായുവും ജലവും മണ്ണും എല്ലാം ജീവന്റെ നിലനില്‍പിന്‌ ഭീഷണിയായി തുടങ്ങി. ഓരോ നിമിഷവും ശ്മശാനമായി മാറുന്ന മണ്ണും മനസ്സും വീണ്ടെടുക്കുവാനുള്ള തീവ്രശ്രമങ്ങള്‍ക്ക്‌ വേണ്ടി നമ്മളോരോരുത്തരും പ്രതിബദ്ധരായ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകരാകേണ്ടിയിരിക്കുന്നു. ഭക്ഷണം, വായു, വെള്ളം ഈ അടിസ്ഥാന വിഭവങ്ങള്‍ ജൈവികമായ ഏതൊന്നിന്റേയും നില്‍നില്‍പ്പിന് അനിവാര്യമാണ്‌ അതുകൊണ്ടുതന്നെ ഈ വിഭവങ്ങളുടെ ലഭ്യതയും ഉപയോഗവും കരുതലോടെ വേണം
നൂറ്റാണ്ടുകളിലൂടെ പൂര്‍വ്വപിതാമഹര്‍ മാതൃസഹജമായ വാത്സല്യത്തോടെ ഭൂമിയില്‍ നടത്തിവന്ന പുനരുത്പാദന പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക്‌ വച്ചു നിന്നുപോയി. സുഖം തേടിയുള്ള മാനവകുലത്തിന്റെ ഈ പോക്ക്‌ നിര്‍ത്തി,
"സര്‍വ്വം പരവശം ദുഃഖം
സര്‍വ്വമാത്മവശം സുഖം"
എല്ലാം അന്യമാണെന്ന്‌ കരുതരുത്‌ എപ്പോഴും ദുഃഖമാണെന്നും. ഈ ലോകത്തില്‍ കാണുന്ന സകലതും താന്‍ തന്നെയാണ്‌ അല്ലെങ്കില്‍ ചുണ്ടിക്കാണിക്കുന്ന സകലതും തന്റെ ശരീരത്തിന്റേയും മനസ്സിന്റേയും ഭാഗമാണെന്നും കരുതുന്നവന്‌ മാത്രമാണ്‌ സുഖമുണ്ടായിരിക്കുകയുള്ളുവെന്ന ഈ വേദാന്ത മന്ത്രം മനസ്സില്‍ ധ്യാനിച്ച്‌ നമുക്കൊന്നായി ഫൂക്കുവോക്ക കാണിച്ചുതന്ന വഴിയ്ക്ക്‌ നടക്കാം.

കെ. കെ. സനില്‍
Subscribe Tharjani |