തര്‍ജ്ജനി

രാജേഷ് ആര്‍ വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

പരീക്ഷിത്തുകളുടെ വിധിയെന്ത്‌?

പുരാണങ്ങളില്‍ പറയുന്നതുപോലെ, പഞ്ചപാണ്ഡവന്മാരുടെ പൗത്രനും സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെ ഏക ഭാഗിനേയന്റെ പുത്രനുമായ പരീക്ഷിത്തിന്റെ ഭരണകാലം ഭാരതത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു.

രാജഗൃഹങ്ങളിലെല്ലാം തേനും പാലുമൊഴുകിയിരുന്നു. സര്‍ക്കാര്‍ വക പണ്ടികശാലകളില്‍ ധാന്യങ്ങള്‍ കൂമ്പാരംകൂടിക്കിടന്നിരുന്നു. രാജസ്തുതികളെഴുതി തങ്ങളുടെ ജീവിതം ധന്യമാക്കിയ കവികള്‍ക്ക്‌ തുലാഭാരം സ്വര്‍ണ്ണമാണു സമ്മാനിക്കപ്പെട്ടുപോന്നത്‌. പരീക്ഷിത്തിന്റെ ദീര്‍ഘായുസ്സിനും ദീര്‍ഘാധിപത്യത്തിനുമായി യാഗങ്ങള്‍ നടത്തിപ്പോന്ന മഹര്‍ഷിമാരും ബ്രാഹ്മണരുമെല്ലാം സര്‍വ്വസൗഭാഗ്യങ്ങളും കൈവന്ന്, ചക്രവര്‍ത്തിയെ മനസാ ആശീര്‍വദിച്ചു. ഇന്ദ്രന്‍ കാലാകാലങ്ങളില്‍ മഴപെയ്യിച്ചു. വരുണന്‍ ജനങ്ങള്‍ക്കു രത്നങ്ങളും മത്സ്യങ്ങളും നല്‍കി. സൂര്യന്‍ പകലുകള്‍ക്കു പ്രകാശം കൊടുത്തു. പത്രങ്ങളിലൊന്നും അകാലചരമങ്ങളുടെയോ അതിവൃഷ്ടിയുടെയോ ഭ്രൂണഹത്യകളുടെയോ വാര്‍ത്തകള്‍ കാണാനേയില്ലായിരുന്നു.

പരീക്ഷിത്തു ചക്രവര്‍ത്തിയുടെ കാലം കള്ളന്മാര്‍ക്കും വിധ്വംസകപ്രവര്‍ത്തകര്‍ക്കും കണ്ടകകാലംകൂടിയായിരുന്നു.

രാജനിന്ദ ശീലമാക്കിയ കവികളും ഋഷികളും അക്കാലത്തുമുണ്ടായിരുന്നു. അത്തരത്തിലൊരു ധിക്കാരിയായ മുനിയുടെ കഴുത്തില്‍ രാജാജ്ഞയനുസരിച്ചാണ്‌ ആരോ അപമാനനത്തിനായി ഒരു ചത്ത പാമ്പിനെ തൂക്കിയിട്ടത്‌. അതില്‍ മനംനൊന്ത മുനികുമാരന്‍ ചക്രവര്‍ത്തിയെ ശപിച്ചു, ഏഴു ദിവസത്തിനകം തക്ഷകനില്‍ നിന്ന് മരണം സംഭവിക്കുമെന്ന്.

രാജ്യത്തെമ്പാടും ചാരന്മാരും ഭടന്മാരും തക്ഷകനുവേണ്ടി തെരഞ്ഞുനടന്നു. കണ്ടെത്തുന്നവര്‍ക്കുള്ള സമ്മാനപ്രഖ്യാപനങ്ങളോടൊപ്പം പത്രങ്ങളിലെല്ലാം തക്ഷകന്റെ ഫോട്ടോ അച്ചടിച്ചുവന്നു. തക്ഷകനെന്നു സംശയിച്ചു രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നായി കസ്റ്റഡിയിലെടുത്ത നൂറോളം യുവാക്കളെ പ്രാഥമികാന്വേഷണത്തിനു ശേഷം വിട്ടയച്ചു.

ഏഴു ദിവസങ്ങള്‍!

ചക്രവര്‍ത്തിയുടെ സമാധാനം നശിച്ചു.

ഗംഗാനദിയുടെ നടുക്കുയര്‍ത്തിയ വലിയൊരു സ്തൂപത്തിനു മുകളിലെ സ്വര്‍ണ്ണമാടത്തില്‍ ചക്രവര്‍ത്തിയും മഹര്‍ഷിമാരും സ്തുതിപാഠകരും പത്രലേഖകരും ഏഴാം ദിവസം വന്നെത്തുന്നതും കാത്തിരുന്നു.

പത്രങ്ങളെയും ആകാശവാണിയെയും ദൂരദര്‍ശനെയും നിറച്ചുകൊണ്ട്‌ ഏഴുദിവസങ്ങള്‍ കടന്നുപോയി.

ഏഴാം ദിവസത്തെ അത്താഴത്തിനു വന്നെത്തിയ മഹര്‍ഷിമാര്‍ പ്രച്ഛന്നവേഷരായ ഭീകരവാദികളായിരുന്നുവെന്നാരുമറിഞ്ഞില്ല. സെക്യൂരിറ്റി പരിശോധനക്കുശേഷം അവര്‍ അത്താഴവിരുന്നു നടക്കുന്ന തളത്തില്‍ പ്രവേശിച്ചു. അവര്‍ ചക്രവര്‍ത്തിക്ക്‌ ഒരു പ്രത്യേകോപഹാരമെത്തിച്ചിരുന്നു; അദ്ദേഹത്തിനു പ്രിയങ്കരമായ ഒരു മാംസവിഭവം.

ചക്രവര്‍ത്തി ആദ്യത്തെ മാംസക്കഷണം ഫോര്‍ക്കില്‍ കുത്തിയെടുത്തപ്പോള്‍ അതില്‍ കറുത്ത തലയുള്ള ഒരു കൃമിയുണ്ടായിരുന്നു. ചക്രവര്‍ത്തി ചുണ്ടുകോട്ടി ചെറുതായൊന്നു ചിരിച്ചു. "ബ്രാഹ്മണശാപം വിഫലമായിത്തീരേണ്ട," അദ്ദേഹം അരുള്‍ച്ചെയ്തു. "ഇതു നമ്മെ ദംശിക്കട്ടെ."

ചക്രവര്‍ത്തിയുടെ കയ്യുറയിട്ട കൈകള്‍ ആ കൃമിയെ മാറത്തെടുത്തുവെച്ചു. അടുത്ത നിമിഷം അതു വളരാന്‍ തുടങ്ങി. അതു തക്ഷകന്‍തന്നെയായിരുന്നു. അത്‌ ചക്രവര്‍ത്തിയെ വരിഞ്ഞുമുറുക്കി. അദ്ദേഹം തീന്മേശപ്പുറത്തെ വിഭവങ്ങളില്‍ വികൃതമായ മുഖം കുത്തി അദ്ദേഹം കമിഴ്‌ന്നുവീണു. സുരക്ഷാഭടന്മാരോടിയെത്തിയപ്പോഴേക്ക്‌ ചക്രവര്‍ത്തി സ്വര്‍ഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരുന്നു.

ഇങ്ങനെയായിരുന്നു പരീക്ഷിത്തിന്റെ അന്ത്യമെന്നു പുരാണങ്ങള്‍ പറയുന്നു; സത്യമല്ലാതെ ഒരക്ഷരം പോലുമില്ലാത്ത പുരാണങ്ങള്‍.

രാജേഷ് ആര്‍ വര്‍മ്മ
ബ്ലോഗ്: നെല്ലിക്ക
Subscribe Tharjani |