തര്‍ജ്ജനി

ടി.പി.വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

Visit Home Page ...

കവിത

ഏകാന്തത

ശീതമേഖലയില്‍
മഞ്ഞുകാലത്ത്
തണുത്തുറയുന്ന
തടാകം പോലെ
അത്
ചില രഹസ്യങ്ങളെ
ഉള്‍ക്കൊള്ളുക മാത്രം ചെയ്യുന്നു.

ആകാശത്ത് നിന്നും
ഊരിയെടുത്ത്
വെള്ളത്തില്‍
ഒട്ടിച്ചുവെച്ചിരുന്ന
വെളിച്ചങ്ങള്‍,

പറന്നിറങ്ങുന്ന
പ്രാണികള്‍ പോലും
ഇക്കിളിതുള്ളിക്കുമായിരുന്ന
നിശ്ചലത,

വസ്തുക്കളെ
പൊങ്ങിക്കിടക്കുന്നതെന്നും
മുങ്ങിപ്പോവുന്നതെന്നും

വിഭജിക്കുമായിരുന്ന
രസികനൊരു പ്രത്യയശാസ്ത്രം,

പിന്നെ
ആ‍ഴത്തെക്കുറിച്ചും
ശുദ്ധിയെക്കുറിച്ചും
ആളുകള്‍ ഉണ്ടാക്കുമായിരുന്ന
ഊഹങ്ങളും മാത്രം
പൂജ്യം ഡിഗ്രിയിലൂടെ
ഒളിവിലാകുന്നു.

എന്നിട്ടുമെന്ത്?
മണ്ണുപിളര്‍ന്ന്
വഴിതുരന്ന്
കടലിലേക്ക്
പോവാഞ്ഞതു കൊണ്ട്
ഇടവിട്ടിടവിട്ട്
തിരയായി കരഞ്ഞ്
നാണം കെടുന്നില്ലെന്നുപോലും
അത് എഴുതിവെയ്ക്കുന്നു;
പരലുകളുടെ
ധവള ചിഹ്നങ്ങളില്‍.

Subscribe Tharjani |