![]() |
|||||
ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്കുടശ്ശനാട് പി.ഒ., പന്തളം (വഴി) - 689 512 |
രോഗിണിയായ അമ്മയ്ക്ക് അത്യാവശ്യമായ മരുന്നുകള്‍ വാങ്ങാനാണ് അയാള്‍ നഗരത്തിലെത്തിയത്.
ഏറെ നാളത്തെ പ്രയത്നങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം അരിഷ്ടിച്ചുണ്ടാക്കിയ പണമാണ് പോക്കറ്റില്‍. അത് അയാള്‍ നെഞ്ചോടടക്കിപ്പിടിച്ചു.
മെഡിക്കല്‍ സ്റ്റോറുകള്‍ തിരക്കി നടക്കുന്നതിനിടയിലാണ് അയാള്‍ ആ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത്. ഏറെ ആകസ്മികമായ കണ്ടുമുട്ടല്‍. നഗരത്തിലെ കോളേജില്‍ ഏഴു വര്‍ഷം ഒരുമിച്ച് പഠിച്ചവരാണ്. അന്ന് പിരിഞ്ഞതിനുശേഷം ആദ്യമായി കണുകയാണ്. അവനാകെ മാറിപ്പോയിരിക്കുന്നു. പഴയതിലും ഗ്ലാമറായിട്ടുണ്ട്. മൊത്തത്തിലൊരു എക്സിക്ക്യൂട്ടീവ് ലുക്ക്. പഴകിയ കോട്ടണ്‍ ഷര്‍ട്ടും മുഷിഞ്ഞ മുണ്ടും ധരിച്ച് അവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് അപകര്‍ഷതാബോധം തോന്നാതിരുന്നില്ല.
കൂട്ടുകാരന്‍ അയാളെ കാറിനുള്ളിലേക്ക് പിടിച്ചു കയറ്റി. ഊഹം ശരിയായിരുന്നു. അവനിപ്പോള്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. അഞ്ചക്ക ശമ്പളം. നഗരത്തിലെ ആര്‍ഭാടങ്ങള്‍ക്കിടയിലുള്ള ആഷ് ബുഷ് ജീവിതത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞു കൊണ്ടിരുന്നത്. അയാള്‍ക്ക് ഓര്‍ക്കുവാനുണ്ടായിരുന്നതോ, തന്റെ ഊഴമെത്തുമ്പോള്‍ റദ്ദായിപ്പോകുന്ന റാങ്ക്‍ലിസ്റ്റുകളെക്കുറിച്ച്, രോഗശയ്യയിലായ അമ്മയെക്കുറിച്ച്, വിവാഹം കഴിക്കാത്ത പെങ്ങളെക്കുറിച്ച്...
കാര്‍ ചെന്നു നിന്നത് ഒരു കൂറ്റന്‍ ബാറിന്റെ മുന്നിലാണ്. ശീതികരിച്ച മുറിയില്‍, വിലയേറിയ മദ്യക്കുപ്പികളുടെ മുന്നില്‍ നിറഞ്ഞ ഗ്ലാസ്സുമായി ഇരിക്കുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത കുറ്റബോധവും ആത്മനിന്ദയും തോന്നി. പോക്കറ്റിലെ മുഷിഞ്ഞ നോട്ടുകള്‍ അമ്മയുടെ ശ്ബ്ദത്തില്‍ കരയുന്നതായി അയാള്‍ക്ക് തോന്നി.
അപ്പോഴും കൂട്ടുകാരന്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നഗരത്തെപ്പറ്റി, അവിടെ അരങ്ങു വാഴുന്ന കാപട്യത്തെപ്പറ്റി;
“എടാ നമ്മള്‍ പണ്ട് പഠിച്ചിട്ടില്ലേ, നാട്യപ്രധാനം നഗരം ദരിദ്രമെന്ന്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്ന്. ഈ നഗരത്തിലെ എന്റെ ജീവിതപാഠവും അതാണ്. ഇവിടെ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല. ദാ, ഈ ഇരിക്കുന്ന ഗ്ലാസ്സിനെ പോലും”
പറഞ്ഞു തീരും മുമ്പ് അവന്റെ സെല്‍ ഫോണ്‍ ചിലച്ചു. ഫോണിലൂടെയുള്ള അവന്റെ വര്‍ത്തമാനമൊന്നും അയാള്‍ക്ക് മനസ്സിലായതേയില്ല.
ഫോണ്‍ ഓഫാക്കി, ധൃതിയില്‍ എഴുന്നേറ്റ് അവന്‍ പറഞ്ഞു. “ഒരു അര്‍ജന്റ് കേസാ. തകര്‍പ്പന്‍ ക്ലയന്റ്. കുറേ പുത്തന്‍ കയ്യില്‍ വരുന്നത്. നീ ഇവിടെ ഇരി. ഞാനൊരു പതിനഞ്ച് മിനിറ്റിനകം തിരിച്ചെത്താം. ബില്‍ ഞാന്‍ വന്നിട്ട് ക്ലിയര്‍ ചെയ്യാം.”
കാറ്റു പോലെ അവന്‍ ഇറങ്ങി പോയി.
മണിക്കൂറുകള്‍ കഴിഞ്ഞു. അവന്‍ മടങ്ങി വന്നില്ല. അയാള്‍ കാത്തിരിക്കുകയാണ്.
ഏസിയുടെ തണുപ്പിലും അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി. വെയിറ്റര്‍ കൊണ്ട് വച്ച ബില്ലിലെ അക്കങ്ങള്‍ അയാളെ നോക്കി കണ്ണുരുട്ടി.
ബാര്‍ സജീവമാകാന്‍ തുടങ്ങി. ഏറെപ്പേര്‍ വരികയും ഉറയ്ക്കാത്ത കാല്‍ വയ്പുകളുമായി ഇറങ്ങിപ്പോകുകയും ചെയ്തു. പുറത്ത് ഇരുട്ടിന്റെ കനം കൂടിക്കൊണ്ടിരുന്നു. അയാള്‍ കാത്തിരിപ്പ് തുടര്‍ന്നു. വെയിറ്റര്‍ അയാളെ പാളി നോക്കുന്നുണ്ട്.
വീണ്ടും മണിക്കൂറുകള്‍....
ഒടുവില്‍ ബാര്‍ അടയ്ക്കാന്‍ നേരമായെന്ന് വെയിറ്റര്‍ അറിയിച്ചു. അമ്മയുടെ ദീനമായ മുഖമുള്ള, മുഷിഞ്ഞ നോട്ടുകള്‍ അയാള്‍ എണ്ണിയെടുത്തു കൊടുത്തു.
ഉള്ളുപൊട്ടുന്ന നിലവിളിയോടെ അയാള്‍ പുറത്തേക്കു നീങ്ങി. അയാള്‍ക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.