തര്‍ജ്ജനി

കവിത

റെയിന്‍ബോ

1
ഓര്‍മ്മകളുടെ പുസ്തകത്തില്‍ നിന്ന്
മച്ചിയായ മയില്‍പ്പീലി വീണ്ടും കരയാന്‍ തുടങ്ങുന്നു
ആവര്‍ത്തനങ്ങളുടെ ആവനാഴികളില്‍ വ്യാകരണം തെറ്റുന്നു.
മേശവിരിപ്പില്‍ കൃഷ്ണമണികളുടെ ഭോഗം
ഇനിയാരുമില്ലെന്നോതിയ പുഴയും വറ്റി.
എന്നിട്ടും -
മാനത്തിതാ മഴവില്ലുണരുന്നു.

2
പുസ്തകങ്ങളുടെ പൂന്തോട്ടത്തില്‍ ജലമൊഴിക്കവേ
ഒരല്‍പ്പായുസ്സായ മഴവില്ലായി നീ മറഞ്ഞു
സനാതനമായൊരു പേന
നിന്റെ പേരെഴുതുന്നു
ജന്മങ്ങളുടെ തഴമ്പും
ആത്മാവിന്‍ വയമ്പും വരയ്ക്കുന്നു.
പങ്കു വച്ച ദിനരാത്രങ്ങളില്‍ ചിതലിന്റെ കരളുകള്‍
കണ്ണുകളില്‍ പൂര്‍വസ്മൃതികള്‍ തന്‍ കറ.
അത്താഴത്തിന് ദുഃഖവീഞ്ഞ്
ശ്വാസകോശമിതാ സമയം പറയുന്നു
നിദ്രയും നീയും ഞാനും സന്ധിക്കുന്ന മുനമ്പില്‍
രാത്രിയുടെ പര്യായമായൊരമ്മ പാടും
യാത്രാഗീതം
നാളത്തെ സൂര്യന്‍ എനിക്കുമൊരു ഉടുപ്പു നെയ്യുന്നുണ്ടാകും.

3
ചേരും പടി ചേര്‍ക്കാനെത്തിയ ശ്വാനന്‍
മഴവില്ലുകണ്ട് മോങ്ങുന്നു.
ഈ മഴവില്ലിനെ തൊടാന്‍ വിട്ടവളുടെ പട്ടം പൊട്ടി.
അലമാരയൊരു സിമിത്തേരിയായി
ശിരസ്സൊരു സ്മൃതി മണ്ഡപമായി
സായാഹ്നം വിളിക്കുന്നു
ചെരുപ്പിതാ തേയുന്നു
മുറിവുകളുടെ മുറിയിലാരോ ഉറങ്ങുന്നു.
കേട്ടില്ലേ കൂര്‍ക്കം വലി?
സഖാവേ മറന്നുവോ, ഒരു പുകയുടെ മൂര്‍ച്ഛ !
വിയര്‍പ്പുകളുടെ, വിഴുപ്പുകളുടെ, ഛര്‍ദ്ദിയും ഛായയും.
പിച്ച കുത്തിയും കത്തി കുത്തിയും
നാം വളര്‍ത്തിയ വേദനകള്‍

4
ഇതാ ഓര്‍മ്മ ദക്ഷിണയാകുന്നു
മറവി തര്‍പ്പണമാകുന്നു
മനം ദര്‍പ്പണമാകുന്നു

5
മഴവില്ലും മാഞ്ഞു
കാര്‍മേഘഗര്‍ഭം പെറ്റു
തുള്ളികള്‍ ..ഇനിയൊരു പെരുമഴ
ജാലകത്തിനരികത്തിരിക്കുന്നവള്‍
ചോദിച്ചു കാണും
ഇനിയെങ്കിലും മറന്നുപോയരാ ഗീതം പാടുമോ?
വരികളില്ലെങ്കിലും താളം പിടിക്കുമോ?

6
കാലം ഒരാണിയില്‍
ജീവഭിത്തിയില്‍ ആഞ്ഞടിക്കുന്ന ചുറ്റിക
ഓര്‍മ്മയുടെ ഏഴറകളും
ബാര്‍കോഡില്‍ തളച്ചിടുന്നു
‘പുറംച്ചട്ട‘യിലെ മുഖം ആരുടേതാണ്?
ആരുടേതാകും?
“സാറേ മുറ്റത്തതാ ഒരു ഭിക്ഷു.”
പേനയും കടലാസ്സുമുപേക്ഷിച്ച്
ഞാനൊരു നാണയത്തുട്ടുമായി
പുറത്തേയ്ക്കു പോകുന്നു
പോകുന്നു.

കെ ആര്‍ രാകേഷ് നാഥ്

കടപ്പാട് : കവി കെ. രാജഗോപാലിന്
എന്‍. രാജേഷ്‌കുമാര്‍ സാറിന് (റെയിന്‍ബോ ബുക്സ്)

Subscribe Tharjani |