തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍

കൗമാരത്തിന്റെ ദിനങ്ങളില്‍ അപരിചിതര്‍ ആദ്യമായി അവളെ തുറിച്ചുനോക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കു തോന്നിയത്‌ അമ്പരപ്പാണ്‌. അവള്‍ക്കൊന്നും മനസ്സിലായില്ല. പീടികത്തിണ്ണകളിലും ഓടുന്ന വണ്ടികളിലും അരയാല്‍ത്തറയിലും പുകയൂതിപ്പറത്തിക്കൊണ്ട്‌ ഒന്നും ചെയ്യാതെയിരുന്ന പുരുഷന്മാരുടെ വിശക്കുന്ന കണ്ണുകള്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു.

ഗുണനപ്പട്ടികപോലെ ആവര്‍ത്തിച്ച അവളുടെ കോളജ്‌ ദിവസങ്ങളിലൊന്നും ഓര്‍മ്മവെയ്ക്കാവുന്ന സംഭവങ്ങളൊന്നുമുണ്ടായില്ല. ഒരേ താളത്തില്‍ വന്നുപൊയ്ക്കൊണ്ടിരുന്ന ദിവസങ്ങളിലൊന്നില്‍ ഒരു പ്രേമമോ അവിഹിതബന്ധമോ ആയി തന്റെ ജീവിതത്തിന്റെ ഒറ്റത്തടി വൃക്ഷത്തിനൊരു ചില്ലപൊട്ടുമെന്നവള്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. ഒന്നും സംഭവിച്ചില്ല. ദിവസങ്ങള്‍ നിറം മങ്ങി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുക മാത്രം ചെയ്തു.

പകലുറക്കം കാരണം ഉറക്കമില്ലാതെയായ അവധിക്കാലത്തെ ഉഷ്ണകാലരാത്രിയ്ക്കു താഴെക്കിടക്കുമ്പോഴാണ്‌ അവളാദ്യമായി ഒരു രക്ഷകനെ ചിന്തിച്ചുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയത്‌. പാതിമയക്കത്തിന്റെ ദുസ്സ്വപ്നങ്ങളും അസ്വസ്ഥതകളും ചിതറിക്കിടന്ന ഇരുട്ടിന്‍കോട്ടയ്ക്കു പുറത്തുനിന്ന്, അറിഞ്ഞിട്ടില്ലാത്ത നിറങ്ങളിലെ ചില്ലുവെളിച്ചവും വീശി ഒളിച്ചുകയറിവരുന്ന അവനു മുമ്പില്‍ ഞരക്കമുണ്ടാക്കാതെ വാതില്‍ തുറന്നു പോവുന്നതു കാണാന്‍ അവള്‍ കാത്തുകിടന്നു. അവളെപ്പോഴോ ഉറങ്ങിപ്പോയി.

സ്വര്‍ഗ്ഗത്തിന്റെ ജനാലകളില്‍ നിന്ന് ആരോ സ്വര്‍ണ്ണച്ചരടില്‍ കെട്ടിയിറക്കിക്കൊടുത്ത വിവാഹദിനങ്ങളില്‍ അവള്‍ കരുതി, എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെയാവും അത്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങുന്നതെന്ന്. രാത്രികളില്‍ താന്‍ കാത്തുകിടന്ന രക്ഷകന്‍ ഇതാവുമെന്നവള്‍ തീര്‍ച്ചയാക്കി. അവളുടെ ഭര്‍ത്താവ്‌ ഒരു സിനിമാതാരത്തെപ്പോലെ സുന്ദരനായിരുന്നു.

മധുരം പുരണ്ട ഒരുപാടസംബന്ധങ്ങളില്‍ വിശ്വസിച്ചിരുന്ന ആ ദിവസങ്ങള്‍ നിറം മങ്ങി മാഞ്ഞുപോയി. വിവാഹവസ്ത്രങ്ങള്‍ക്കൊപ്പം അയാളണിഞ്ഞുകണ്ടിരുന്ന രക്ഷകന്റെ പരിവേഷം അവയെപ്പോലെ പിന്നെപ്പിന്നെ കാണാതായി. സിഗററ്റുപുകയുടെ ദുര്‍ഗ്ഗന്ധത്തിന്റെയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന തമാശകളുടെയും സംഭവകഥകളുടെയും ഒരു അമൂര്‍ത്ത സമാഹാരം മാത്രമായി അയാള്‍ ചുരുങ്ങി.

അവള്‍ ആദ്യത്തെ കുട്ടിയെ പ്രസവിച്ചു. രക്ഷകനെക്കുറിച്ച്‌ അവള്‍ കണ്ട പഴയ സ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ പിന്നെയും മുളച്ചു. മറന്നുകിടന്നിരുന്ന ആശകളും സ്വപ്നങ്ങളുമെല്ലാം അവള്‍ തന്റെ മുലക്കണ്ണിലൂടെ അവനിലേക്കൊഴുക്കി. കുട്ടിയെ നെഞ്ചോടു ചേര്‍ത്തു കിടന്നുറങ്ങിയ രാത്രികളില്‍ ഭര്‍ത്താവിനെ അവള്‍ ഉറക്കം നടിച്ചു തിരസ്കരിച്ചു. ചപലതയോടെ വന്നുവീണ അയാളുടെ കൈകള്‍ ഒരുപാടു നേരം ചത്തിരുന്നിട്ട്‌ തണുത്തിഴഞ്ഞുപോയി.

ജീവിതത്തിന്‌ അന്നോളമുണ്ടായിരുന്ന ഘനം പെട്ടെന്നൊരു ദിവസം ഇല്ലാതായി. അവളുടെ ഭര്‍ത്താവിന്റെ ജോലി പോയി. തന്റെ ജീവിതത്തിലും എല്ലാം സംഭവിച്ചുതുടങ്ങിയിരിക്കുന്നുവെന്നവള്‍ക്കു തോന്നി. ദിനചര്യയുടെ പല്‍ച്ചക്രങ്ങള്‍ വഴുതി. അയാള്‍ക്ക്‌ ഏകാന്തതയും ഇരുട്ടുമായി കൂടുതല്‍ പ്രിയം. രാത്രിയില്‍ ഉണരുമ്പോഴെല്ലാം ജീവിതം തുടരുന്നുവെന്ന അറിവ്‌ അവളെ നടുക്കി. പിന്നെ, ആ ദിവസങ്ങളുടെ അന്ധകാരം നേര്‍ത്തുനേര്‍ത്ത്‌ ഒടുക്കം ഇല്ലാതായി. എല്ലാം പഴയതുപോലെ തിരിഞ്ഞുതുടങ്ങി.

മുട്ടിലിഴഞ്ഞും നടന്നും വാഹനങ്ങളില്‍ കയറിയും അവളുടെ രണ്ടു മക്കളും അവളുടെ പ്രഭാവലയത്തിനു പുറത്തു പോയപ്പോള്‍ അവള്‍ വീണ്ടും തനിച്ചായി. ചുട്ടുപഴുത്ത ഉച്ചനേരങ്ങളില്‍ വീട്ടിനകത്ത്‌ ഒറ്റയ്ക്ക്‌ എന്നുമാവര്‍ത്തിക്കുന്ന മഞ്ഞച്ച സ്വപ്നങ്ങള്‍ കണ്ട്‌ അവള്‍ മയങ്ങിക്കിടന്നു.

ആരും ജാരനാക്കാന്‍ കൊതിയ്ക്കുന്ന ഒരു യുവാവ്‌ അവള്‍ക്കു ജാരനായുണ്ടായി. അവളുടെ ജീവിതത്തിനുമേല്‍ കാണാത്ത ഒരു നിറംകൂടി ചിതറിവീണു. വീണ്ടുമവളാശിച്ചു അത്‌ ഇയാളാവുമെന്ന്, ഋതുമതിയായ ദിവസങ്ങളില്‍ അവള്‍ കാത്തുകിടന്ന രക്ഷകന്‍.

രാത്രി ഭര്‍ത്താവു കിടക്കുന്ന കിടക്കയില്‍ത്തന്നെ ഉച്ചനേരങ്ങളില്‍ കടവായൊലിപ്പിച്ചുകൊണ്ട്‌ ജാരന്‍ ഉറങ്ങിക്കിടന്നു. പിന്നെപ്പിന്നെ അയാളുടെ വാക്കുകളില്‍നിന്നും സ്പര്‍ശങ്ങളില്‍നിന്നും നിറങ്ങള്‍ വാര്‍ന്നുപോകാന്‍ തുടങ്ങി. അവളുടെ ദിവസങ്ങളുടെ ആവര്‍ത്തനത്തിനുമേല്‍ ജീര്‍ണ്ണതയുടെ വിളറിയ നിറം മാത്രം അവശേഷിച്ചു.

തങ്ങളുടെ സ്വന്തം മുറികളിലടച്ചിരുന്ന് അവളുടെ കുട്ടികള്‍ വളര്‍ന്നു. അവര്‍ അവള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കാനും തര്‍ക്കിക്കാനും തുടങ്ങി. അവര്‍ ഭക്ഷണത്തെച്ചൊല്ലി കലഹിക്കുന്നതു നിറുത്തി. ഊണുമുറിയും നിശ്ശബ്ദമായി.

അവള്‍ ശരിക്കുമെന്താണെന്ന് കുട്ടികള്‍ മനസ്സിലാക്കാന്‍ തുടങ്ങി. രുചികരമായ ഭക്ഷണസാധനങ്ങളുടെയെല്ലാം അവസാനത്തെ അംശം കൊണ്ടു തൃപ്തിയടയുന്ന അവകാശി. അച്ഛനെ പറയരുതാത്തതു പലതും പറയാവുന്ന കുടുംബാംഗം. ചോറും കറിയുമുണ്ടാക്കാനും വസ്ത്രങ്ങള്‍ അലക്കിവെളുപ്പിക്കാനും ചുമതലയുള്ള ജോലിക്കാരി. ബാദ്ധ്യതയേറ്റെടുത്താല്‍ ബുദ്ധിമുട്ടേണ്ടിവരുന്ന പലതിനും പഴിചാരാവുന്ന സാമന്താധികാരി. അവള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും തമാശകള്‍ക്കെല്ലാം ചിരിച്ചുകൊണ്ടിരുന്നു; അവരുടെ വിഷാദങ്ങള്‍ക്കെല്ലാം ദുഃഖിക്കാനും ശീലിച്ചു.

അവളുടെ മടിത്തട്ടില്‍നിന്നെഴുന്നേറ്റു പോയി വളര്‍ന്ന അവളുടെ മക്കള്‍ ടെലിവിഷനു മുമ്പിലിട്ട കസേരകളില്‍ അവള്‍ക്കുയരെയിരുന്നു. അവളപ്പോഴും തറയില്‍ത്തന്നെ പടിഞ്ഞിരിക്കുകയായിരുന്നു.

അവളുടെ കുട്ടികള്‍ ഉറക്കെ സംസാരിക്കുന്നവരും പെട്ടെന്നു ക്ഷോഭിക്കുന്നവരുമായിക്കൊണ്ടിരുന്നു. അവര്‍ അവള്‍ക്കറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അവള്‍ക്കു പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. അവരോടു തര്‍ക്കിക്കുന്ന അവളുടെ വാദമുഖങ്ങള്‍ ബാലിശങ്ങളും ദുര്‍ബലങ്ങളും അവളുടെ സംസാരശൈലി അനാകര്‍ഷകവുമായിരുന്നു. കുട്ടികളിലൊരുവന്‍ പലപ്പോഴും അസഹ്യതയും അസംതൃപ്തിയും കൊണ്ടു വികൃതമായ മുഖത്തോടെ ഇങ്ങനെ പറഞ്ഞാണു തര്‍ക്കമവസാനിപ്പിക്കുക: "എത്ര പറഞ്ഞാലും മനസ്സിലാവാത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവി ഈ വീട്ടിലുമുണ്ട്‌. അത്രതന്നെ."

അവള്‍ക്ക്‌ ഇടയ്ക്കിടെ രോഗങ്ങളുണ്ടായിക്കൊണ്ടിരുന്നു. തങ്ങളുടെ ഭക്ഷണം മുടങ്ങുമെന്നു ഭയപ്പെട്ട കുട്ടികളും ഭര്‍ത്താവും ഡോക്ടറെക്കാണാത്തതിന്‌ അവളെ ശകാരിച്ചപ്പോള്‍ അവളോടുള്ള സ്നേഹം കൊണ്ടാണു തങ്ങളതു ചെയ്യുന്നതെന്നാണവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നത്‌. സിനിമാക്കഥകളും ആഗ്രഹങ്ങളും കഴിഞ്ഞരാത്രിയിലെ സ്വപ്നങ്ങളുമെഴുതി നിറച്ചിരുന്ന തങ്ങളുടെ ഡയറിയില്‍ എഴുതാനൊന്നുമില്ലാതെ പേജു ശൂന്യമായിട്ടപ്പോഴും അവള്‍ക്കു സുഖമില്ലെന്ന് അവരാരും ഓര്‍ത്തില്ല.

പുറത്തെ ലോകം അവരുടെ മക്കളോട്‌ പരുക്കനായും ക്രൂരമായും പെരുമാറി. അവര്‍ അതു മനസ്സിലാക്കിയപ്പോള്‍ സ്വന്തം വിലയുയര്‍ത്താന്‍ ധിക്കാരം പരിശീലിക്കണമെന്നു പഠിച്ചു. ആ ദിവസങ്ങളിലൊന്നിലാണ്‌ വൈകിയെത്തിയതിനു കാരണമന്വേഷിച്ച അവളോട്‌ അവരിലൊരാള്‍ ക്ഷോഭിച്ചു സംസാരിച്ചത്‌. അന്നുരാത്രി കണ്ണീരുവീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി ഉറങ്ങാതെ കിടക്കുമ്പോള്‍ അവള്‍ തന്നത്താന്‍ പറഞ്ഞു: "എന്റെ കുട്ടി എത്ര വളര്‍ന്നുപോയിരിക്കുന്നു!"

ഞാന്‍ തിരിഞ്ഞുനോക്കി. വെള്ളെഴുത്തു ബാധിച്ച കണ്ണുകള്‍ ഇറുക്കിപ്പിടിച്ചുകൊണ്ട്‌ ഞാനെഴുതുന്നതെന്താണെന്നു വായിക്കാന്‍ ശ്രമിക്കും പോലെ അമ്മ വന്നു പിറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാനെന്താണെഴുതുന്നതെന്ന് അമ്മ ചോദിച്ചു. "ഒന്നുമില്ല." ഞാന്‍ പെട്ടെന്ന് എഴുതുന്ന കടലാസ്‌ മറച്ചുപിടിച്ചു. "അമ്മയ്ക്ക്‌ പണിയൊന്നുമില്ലെങ്കില്‍ പോയി എന്റെയാ ഷര്‍ട്ടിന്റെ അഴിഞ്ഞ കയ്യൊന്നു തയ്ച്ചാട്ടെ." അമ്മ ഷര്‍ട്ടെടുക്കാന്‍ പോയി.

ഉപസംഹാരം

കഥയ്ക്ക്‌ ഉപസംഹാരം വേണമെന്നുള്ളവര്‍ക്ക്‌ താഴെക്കാണുന്നവയില്‍ നിന്ന് ഒന്നോ അതിലധികമോ അഭിരുചിക്കനുസരിച്ച്‌ തെരഞ്ഞെടുക്കാം.

ഒന്ന്: അവള്‍ എണ്‍പത്തിയഞ്ചാം വയസ്സുവരെ വാര്‍ദ്ധക്യസഹജമായ തേജസ്സോടെ ജീവിച്ചിരിക്കുകയും വാതസംബന്ധിയായ രോഗങ്ങള്‍കൊണ്ടു മരിക്കുകയും ചെയ്തു.

രണ്ട്‌: അവള്‍ നാല്‍പത്തിരണ്ടാം വയസ്സില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു. ഒഴിഞ്ഞ വീട്ടില്‍ അവളുടെ ഭര്‍ത്താവ്‌ ഒറ്റയ്ക്ക്‌ അവളെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ട്‌ മരണം വരെ കഴിഞ്ഞുകൂടി.

മൂന്ന്: അവള്‍ക്കു കാമുകന്മാരില്ലായിരുന്നുവെന്നു മുമ്പു പറഞ്ഞതു ശരിയല്ല. കോളജ്‌ ദിനങ്ങളിലൊന്നില്‍ ഒരാളില്‍നിന്ന് അവള്‍ ഗര്‍ഭിണിയാവുകയും അവിദഗ്ദ്ധമായ ഗര്‍ഭച്ഛിദ്രശ്രമത്തെത്തുടര്‍ന്ന് മരിച്ചുപോവുകയും ചെയ്തു.

Subscribe Tharjani |
Submitted by Balendu (not verified) on Thu, 2007-02-15 06:30.

How did you know my own story, Rajesh? Or is it the story of all?
Anyway, excellent! What a gift clarity of vision and and power of expression!

Balendu

Submitted by രാജേഷ്‌ (not verified) on Fri, 2007-02-16 10:19.

ബാലേന്ദു, നന്ദി. രാജേഷ്‌

Submitted by sabith (not verified) on Fri, 2007-02-16 18:24.

dear rajesh,
your story is good ,but our writers all dedicating female oriented recipes like this. why you also going that same path i totally boring about that method ploease try for youe own style

Submitted by രാജേഷ്‌ (not verified) on Wed, 2007-02-21 19:27.

സബിത്‌, നന്ദി. തീര്‍ച്ചയായും ശ്രമിക്കാം.

Submitted by ഏവൂരാന്‍ (not verified) on Sat, 2007-03-03 10:54.

പുതിയ ഒരു അനുഭവമായി ഈ കഥ.

എവിടെയായാലും, അകത്തളങ്ങളില്‍ അവളെന്നും അങ്ങനെ തന്നെ.

പുരുഷനായി പിറന്നതില്‍ ഞാന്‍ സൃഷ്ടാവിനുള്ള നന്ദി ഇതോടറിയിക്കുന്നു.

Submitted by രാജേഷ്‌ (not verified) on Sun, 2007-03-04 15:42.

ഏവൂരാന്‍,

നന്ദി.

Submitted by സ്വപ്നാടകന്‍ (not verified) on Mon, 2007-03-05 04:13.

കഥ നന്നായിരിക്കുന്നു. എന്റെ പഴയ ഒരു blog/doodle-ല്‍ ഈ sentiment പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു .. ( http://blog.360.yahoo.com/blog-M1tMxr86erZ3e1DaCFE-?cq=1&p=66 )

ആശംസകളോടെ...

Submitted by ആവനാഴി (not verified) on Wed, 2007-04-25 08:16.

പ്രിയ രാജേഷ്,

കഥ നന്നായിരിക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കുമല്ലോ. പലയിടങ്ങളിലും വാക്കുകള്‍ക്ക് പുനരുക്തിദോഷം സംഭവിച്ചിട്ടുണ്ട്.

സസ്നേഹം
ആവനാഴി

Submitted by shaju (not verified) on Tue, 2011-06-28 13:03.

നല്ല കഥ, ഒരു Difference ഉണ്ട്
ആശംസകള്‍

Submitted by Fousia R (not verified) on Tue, 2011-06-28 16:34.

"അവള്‍ ശരിക്കുമെന്താണെന്ന് കുട്ടികള്‍ മനസ്സിലാക്കാന്‍ തുടങ്ങി. രുചികരമായ ഭക്ഷണസാധനങ്ങളുടെയെല്ലാം അവസാനത്തെ അംശം കൊണ്ടു തൃപ്തിയടയുന്ന അവകാശി. അച്ഛനെ പറയരുതാത്തതു പലതും പറയാവുന്ന കുടുംബാംഗം. ചോറും കറിയുമുണ്ടാക്കാനും വസ്ത്രങ്ങള്‍ അലക്കിവെളുപ്പിക്കാനും ചുമതലയുള്ള ജോലിക്കാരി. ബാദ്ധ്യതയേറ്റെടുത്താല്‍ ബുദ്ധിമുട്ടേണ്ടിവരുന്ന പലതിനും പഴിചാരാവുന്ന സാമന്താധികാരി. അവള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും തമാശകള്‍ക്കെല്ലാം ചിരിച്ചുകൊണ്ടിരുന്നു; അവരുടെ വിഷാദങ്ങള്‍ക്കെല്ലാം ദുഃഖിക്കാനും ശീലിച്ചു."

കൂടുതല്‍ ഒന്നും പറയാനില്ല. ഉപസംഹരിക്കാന്‍ നില്‍ക്കുന്നുമില്ല.
നന്നായിട്ടുണ്ട്.

Submitted by pranji (not verified) on Wed, 2011-06-29 12:19.

വായിക്കുന്ന ഓരോര്‍ത്തര്‍ക്കും എവിടെയൊക്കെയോ കൊള്ളുന്ന പോലെ ഒരു സത്യം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.....സ്ഥിഗതികള്‍ക്ക് വലിയ മാറ്റമില്ലാതെ ഈ പ്രക്രിയ ഓരോ വീട്ടിലും തുടരുകയും ചെയ്യുന്നു.....ഇനിയും കഥകള്‍ പ്രതീക്ഷിച്ചുകൊണ്ട് ....പ്രാഞ്ചി

Submitted by Tom Mathews (not verified) on Wed, 2011-06-29 16:36.

Dear Rajesh Varma:
Read your short story. Very impressive indeed.
To you and other Kerala writers an invitation
to send entries for the "Global Literary Awards'
organized by the Malayalee Association of Maryland,U.S.A.
at my address in the categories of short story, poem and novels
Last date to send is January 15, 2012. Three copies of each to
Mr. Tom Mathews
8 Mitchell Road, Parsippany,
New Jersey 07054, U.S.A.