തര്‍ജ്ജനി

വര്‍ത്തമാനം

ജീവിക്കാന്‍ വേണ്ടതു മാത്രം - 2

താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്....
"ആയിരക്കണക്കിനാളുകള്‍ എന്നോട് കാട്ടിയ അനീതിയെക്കുറിച്ചു സംസാരിക്കാന്‍ തയ്യാറായി എന്നത് എന്നെ ശരിക്കും സ്പര്‍ശിച്ച വസ്തുതയാണ്. എനിക്കവരോട് നന്ദിയും കടപ്പാടുമുണ്ട്. അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം അനീതിയ്ക്കെതിരെ ഉറക്കെ സംസാരിച്ചുകൊണ്ട് മഹത്തയ ഒരു കാര്യമാണ് ചെയ്യുന്നത്. 2001-ല്‍, വിചാരണയുടെ തുടക്കനാളുകളില്‍ നീതി നടപ്പാവണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ടു വരിക അത്ര എളുപ്പമായിരുന്നില്ല. ഗീലാനിയുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ടപ്പോഴാണ് പോലീസ് സിദ്ധാന്തത്തെപ്പറ്റി ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ കേസിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കുകയും പഠിക്കുകയും വിശദാംശങ്ങള്‍ തിരയുന്നതിനിടയില്‍ കള്ളങ്ങള്‍ തിരിച്ചറിയുകയും ചെയ്തതോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. നീതിയെ സ്നേഹിക്കുന്നവര്‍ അഫ്‌സലിനോടു ചെയ്തത് നീതികേടാണെന്ന് ഉറക്കെ പറഞ്ഞു. കാരണം അതായിരുന്നു സത്യം.“

താങ്കളുടെ കേസിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ?
“കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന കാര്യം ഭാര്യ തുടരെ തുടരെ പറഞ്ഞിരുന്നു. സാധാരണ ജീവിതം ജീവിക്കാനനുവദിക്കാതെ എന്നെ എങ്ങനെ STF പീഡിപ്പിച്ചു എന്ന കാര്യം അവള്‍ക്ക് നന്നായി അറിയാം. അവര്‍ എന്നെ എങ്ങനെയാണ് ഈ കേസിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു വന്നതെന്നും അവള്‍ക്കറിയാം. ഞങ്ങളുടെ മകന്‍ ഗാലിബ് വളര്‍ന്നുവരുന്നത് ഞാന്‍ കാണണമെന്നവള്‍ക്ക് ആഗ്രഹമുണ്ട്. മൂത്ത സഹോദരന്‍ ചിലപ്പോള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ട്. STF-ന്റെ ബലാത്കാരത്തിനു വിധേയനായിട്ടാണ്. അതു നിര്‍ഭാഗ്യകരമാണ്. അത്രമാത്രമേ എനിക്കു പറയാനാവൂ.“

“കാശ്മീരിലിപ്പോള്‍ അങ്ങനെയാണ്. പ്രതികലാപങ്ങള്‍ ഏറ്റവും മോശമായ ആകൃതി കൈയാളുകയാണ്. സഹോദരനെ സഹോദരനെതിരായും അയല്‍ക്കാരനെ അയല്‍ക്കാരനെതിരായും അവര്‍ ഉപയോഗിക്കും. ഇങ്ങനെയാണ് ഹീനമായ തന്ത്രങ്ങള്‍ ഒരു സമൂഹത്തെ തകര്‍ക്കുന്നത്.“

ഭാര്യ തബാസത്തെയും മകന്‍ ഗാലിബിനെയും കുറിച്ചോര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
“ഞങ്ങളുടെ പത്താം വിവാഹവാര്‍ഷികമാണ് ഈ വര്‍ഷം. പകുതിയില്‍ കൂടുതല്‍ വര്‍ഷങ്ങളിലും ഞാന്‍ ജയിലിലായിരുന്നു. അതിനേക്കാള്‍ കൂടുതല് ഭീകരം‍, ഇന്ത്യന്‍ സുരക്ഷാസേന തടവില്‍ വച്ച് മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് എന്നെ ഒന്നിനും കൊള്ളാത്തവനാക്കി മാറ്റി എന്നുള്ളതാണ്. എനിക്കു സംഭവിച്ച മാനസികവും ശാരീരികവുമായ മുറിവുകള്‍ നേരിട്ട് അറിഞ്ഞ വ്യക്തിയാണ് തബാസം. പലപ്രാവശ്യം പീഡനക്യാമ്പുകളില്‍ നിന്നു ഞാന്‍ പുറത്തു വന്നത് സ്വയം നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ്. ലിംഗഭാഗത്ത് ഷോക്കേല്‍പ്പിച്ചതുള്‍പ്പടെ എല്ലാതരം മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട് ഞാന്‍. അപ്പോഴൊക്കെ ജീവിക്കാന്‍ പ്രേരണ നല്‍കിയത് അവളാണ്. ഒരു ദിവസം പോലും ഞങ്ങള്‍ സമാധാനത്തില്‍ കഴിഞ്ഞിട്ടില്ല. കാശ്മീരിലെ ഭൂരിഭാഗം ദമ്പതികളുടെയും കഥയിതൊക്കെതന്നെയാണ്. നിരന്തരമായ ഭയമാണ് കാശ്മീര്‍ താഴ്വരയിലെ വീടുകളെ ഭരിക്കുന്ന പ്രബല വികാരം.“

“കുഞ്ഞ് ജനിച്ചപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. കവി മിര്‍സാ ഗാലിബിന്റെ പേരാണ് അവനു ഞങ്ങള്‍ നല്‍കിയത്. അവന്‍ വളര്‍ന്നു വലുതാകുന്നത് ഞങ്ങളുടെ സ്വപ്നമാണ്. കുറച്ചു സമയം മാത്രം അവനോടൊപ്പം ചെലവഴിക്കാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. അവന്റെ രണ്ടാം പിറന്നാള്‍ കഴിഞ്ഞയുടന്‍ ഞാന്‍ ഈ കേസില്‍ കുടുങ്ങി.“

കുഞ്ഞിനെ ഭാവിയില്‍ എന്തായി കാണാനാണ് ആഗ്രഹം?
“അങ്ങനെ ചോദിച്ചാല്‍..... ഒരു ഡോക്ടര്‍. അതെന്റെ പൂര്‍ത്തിയാവാത്ത സ്വപ്നമാണ്. പക്ഷേ കൂടുതല്‍ പ്രാധാന്യം പേടി കൂടാതെ അവന്‍ വളരണം എന്നതിനാണ്. നീതികേടിനെതിരെ അവന്‍ സംസാരിക്കണം. അനീതിയ്ക്കെതിരെ അവന്‍ നിലയുറപ്പിക്കും എന്നെനിക്കുറപ്പുണ്ട്. എന്റെ ഭാര്യയെയും മകനെയുംകാള്‍ കൂടുതല്‍ അനീതിയെക്കുറിച്ച് അറിയാവുന്നവര്‍ വേറെ ആരുണ്ട്?“
(അഫ്‌സല്‍ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോയത് 2005-ല്‍ കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ സുപ്രീം കോടതിയ്ക്കു പുറത്തു വച്ച് കണ്ടപ്പോള്‍ തബാസം എന്നോടു പറഞ്ഞ ഒരു കാര്യമാണ്. അഫ്‌സലിന്റെ കുടുംബാംഗങ്ങള്‍ കാശ്മീരില്‍ കഴിയുമ്പോള്‍ തബാസം, കൊച്ചുകുട്ടിയായ ഗാലിബിനെയുമെടുത്ത് ഡെല്‍ഹിയില്‍ വന്നു് ഭര്‍ത്താവിന്റെ കേസിനു വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള ധൈര്യം കാണിച്ചു. സുപ്രീം കോടതിയിലെ പുതിയ അഭിഭാഷകര്‍ക്കുവേണ്ടിയുള്ള മുറിയുടെ വെളിയില്‍ റോഡ് സൈഡിലുള്ള ചെറിയ ചായത്തട്ടിന്റെ മുന്നില്‍ നിന്ന് അഫ്‌സലിന്റെ കഥകള്‍ അവര്‍ പറഞ്ഞു. ചായ കൂടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മധുരം കൂടിയതിനെക്കുറിച്ച് പരാതിപ്പെട്ടിട്ട് ആഹാരം പാചകം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. അവയില്‍ വാക്കുകള്‍ കൊണ്ടു തബാസം വരഞ്ഞിട്ട ഒരു ചിത്രം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അത് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ നിമിഷങ്ങളില്‍ നിന്നുള്ളതാണ്. അഫ്‌സല്‍ ഒരിക്കലും അവരെ അടുക്കളയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലത്രേ. തൊട്ടടുത്ത് ഒരു കസേരയില്‍ അവരെയിരുത്തും. തവി ഒരു കൈയിലും പുസ്തകം മറു കൈയിലുമായി അയാള്‍ പാചകം ചെയ്യും. പുസ്തകം.. അത് പാചകം ചെയ്യുന്നതിനിടയ്ക്ക് അവര്‍ക്ക് ഉറക്കെ കഥകള്‍ വായിച്ചുകൊടുക്കാന്‍ വേണ്ടിയാണ്...)

കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച്.. അതെങ്ങനെ പരിഹരിക്കാമെന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
“ആദ്യം സര്‍ക്കാര്‍ കാശ്മീരിലെ ജനതയോട് സത്യസന്ധരാവണം. കാശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളോട് സംസാരിക്കാന്‍ അവര്‍ മുന്‍‌ക്കൈയെടുക്കട്ടെ. എന്നെ വിശ്വസിക്കുക.കാശ്മീരിന്റെ യഥാര്‍ത്ഥപ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും. പ്രതിവിപ്ലവതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഗവണ്മെന്റ് സമാധാനപ്രക്രിയയെ പരിഗണിക്കുന്നതെങ്കില്‍ പ്രശ്നം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അല്പം ആത്മാര്‍ത്ഥത കാണിക്കേണ്ട സമയമാണിപ്പോള്‍.“

ആരാണ് യഥാര്‍ത്ഥത്തിലുള്ള ആളുകള്‍?
“കാശ്മീര്‍ ജനതയുടെ വികാരത്തെ അറിയുക. അത് X ആണോ Y ആണോ Z ആണോ എന്നൊന്നും ഞാന്‍ പറയാന്‍ പോകുന്നില്ല. ഒപ്പം എനിക്ക് ഇന്ത്യന്‍ മാദ്ധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. പ്രചരണആയുധമായി വാര്‍ത്തകളെ ഉപയോഗിക്കാതിരിക്കുക. സത്യം അവതരിപ്പിക്കാമല്ലോ. നല്ല വാചകങ്ങളുപയോഗിച്ചെഴുതിയ രാഷ്ട്രീയം കുത്തിനിറച്ച വാര്‍ത്തക്കുറിപ്പുകള്‍ സത്യത്തെ വളച്ചൊടിക്കുകയാണ്. അപൂര്‍ണ്ണമായ വാര്‍ത്തകള്‍ അസ്വസ്ഥതയും തീവ്രവാദവുമാണ് സൃഷ്ടിക്കുക. അവര്‍ പെട്ടെന്ന് ‘ഇന്റെലിജെന്‍സ് ഏജന്‍സികളുടെ’ കളിപ്പാട്ടങ്ങളായി തീരും. ആത്മാര്‍ത്ഥയില്ലാത്ത പത്രപ്രവര്‍ത്തനം കൊണ്ട് നിങ്ങളും പ്രശ്നങ്ങളില്‍ പങ്കാളികളാവുകയാണ്. കാശ്മീരിനെക്കുറിച്ചു് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആദ്യം നിര്‍ത്തിവയ്ക്കണം. കുഴപ്പം ആരംഭിച്ചതെങ്ങനെയാണെന്നും അടിത്തട്ടിലെ സത്യമെന്താണെന്നും മുഴുവന്‍ ഇന്ത്യാക്കാരും അറിയട്ടെ. ശരിയായ ഒരു ജനാധിപത്യവാദിക്ക് സത്യങ്ങളെ മൂടിവയ്ക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതൊരു പ്രശ്നമേഖലയായി തുടരും.“

“ഇന്ത്യയിലെ നിയമവ്യവസ്ഥ, ഒരു അഭിഭാഷകനെ നല്‍കാതെ, വിചാരണ നടത്താതെ ഒരാളെ തൂക്കിലേറ്റും എന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ ‍കാശ്മീര്‍ജനതയ്ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസം എന്താവുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. നൂറു കണക്കിനു കാശ്മീരികള്‍ ഇന്ത്യന്‍ ജയിലുകളില്‍ വാദിക്കാന്‍ വക്കീലന്മാരില്ലാതെ, നീതി ലഭിക്കുമെന്നതിനെപ്പറ്റി യാതൊരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞുകൂടുന്നത് ഇന്ത്യന്‍ സര്‍ക്കാരിനെപ്പറ്റിയുള്ള അവിശ്വാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥപ്രശ്നത്തെ കാണാതെ, അതു പരിഹരിക്കാന്‍ യാതൊന്നും ചെയ്യാതെ കാശ്മീരിലെ കുഴപ്പങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? പറ്റില്ല. പാകിസ്താനിലെയും ഇന്ത്യയിലേയും ജനാധിപത്യ സ്ഥാപനങ്ങള്‍ അല്പം ആത്മാര്‍ത്ഥത കാണിച്ചു തുടങ്ങട്ടെ. രണ്ടിടത്തെയും രാഷ്ട്രീയക്കാര്‍, പാര്‍ലമെന്റ്, നീതിന്യായവ്യവസ്ഥ, മാദ്ധ്യമങ്ങള്‍, ബുദ്ധിജീവികള്‍...“

9 സുരക്ഷാഭടന്മാര്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്താണ് താങ്കള്‍ക്ക് അവരുടെ ബന്ധുക്കളോട് പറയാനുള്ളത്?
“സത്യത്തില്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാന്‍ പങ്കിടുന്നു. അതേസമയം നിരപരാധിയായ എന്നെ പോലെയൊരാളെ തൂക്കിക്കൊല്ലുന്നതു കൊണ്ട് നീതി ലഭിക്കുമെന്ന മട്ടില്‍ അവര്‍ തെറ്റായി നയിക്കപ്പെടുന്നതില്‍ വിഷമവുമുണ്ട്. ദേശീയതയുടെ പേരുപറഞ്ഞ് പടച്ചുണ്ടാക്കിയ ഒരു കേസില്‍ അവരെ ചതുരംഗക്കരുക്കളായി ഉപയോഗിക്കുകയാണ്. കാര്യങ്ങള്‍ ശരിയായി നോക്കിക്കാണാനാണ് എനിക്ക് അവരോട് അപേക്ഷിക്കാനുള്ളത്.“

സ്വന്തം ജീവിതത്തില്‍ വലിയ നേട്ടമായി കാണുന്നതെന്തിനെയാണ്?
“എന്റെ കേസിലൂടെയും അതിനെ തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൂടെയും എന്നോടു കാട്ടിയ അനീതികളും STF-ന്റെ ക്രൂരതകളും വെളിച്ചത്തു വന്നു. ഒരു പക്ഷേ അതായിരിക്കും എന്റെ ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ ആളുകള്‍ സുരക്ഷാസേനയുടെ പൌരാ‍വകാശത്തിനുമേലുള്ള കടന്നുകയറ്റത്തെപ്പറ്റിയും അവര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൊലപാതകങ്ങള്‍, കാണാതാകലുകള്‍, പീഡനക്യാമ്പുകള്‍ തുടങ്ങിയവയെപ്പറ്റിയും സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ കാശ്മീരി പൌരനും കഴിഞ്ഞുകൂടുന്ന ചുറ്റുപാടുകളാണിവ. കാശ്മീരിനു പുറത്തുള്ളവര്‍ക്ക് സുരക്ഷാസേന കാശ്മീരില്‍ കാട്ടിക്കൂട്ടുന്ന അക്രമത്തെക്കുറിച്ച് ഒരറിവുമില്ല. ഒരുപക്ഷേ അവരെന്നെ എന്റെ കുറ്റത്തിനല്ലാതെ കൊല്ലുകയാണെങ്കില്‍ അത് അവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നതിന്റെ നല്ല തെളിവാണ്. അഭിഭാഷകനില്ലാത്ത ഒരു കാശ്മീരിയെ തൂക്കിക്കൊന്നതിന്റെ പേരിലുള്ള ചോദ്യങ്ങളെ അവര്‍ക്ക് നേരിടാന്‍ കഴിയില്ല.“

കാതു തുളയ്ക്കുന്ന വൈദ്യുതബെല്ല് ശബ്ദിച്ചു. തൊട്ടടുത്തുള്ള അറകളില്‍ സംസാരിക്കുന്നതിന്റെ വേഗം കൂടി. ഞാന്‍ അവസാന ചോദ്യം അഫ്‌സലിനോട് ചോദിച്ചു
താങ്കള്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
ഒരു നിമിഷം ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു.
“അഫ്‌സലായി. മുഹമ്മദ് അഫ്‌സലായി. ഞാന്‍ കാശ്മീരികള്‍ക്ക് അഫ്‌സലാണ്. ഇന്ത്യക്കാര്‍ക്കും. പക്ഷേ പരസ്പരവിരുദ്ധമായ രണ്ടു രീതിയിലാണ് ഈ രണ്ടു വിഭാഗവും എന്നെ നോക്കിക്കാണുന്നത്. അവര്‍ക്കിടയിലെ ഒരാളായതുകൊണ്ടല്ല കാശ്മീരിലെ ജനങ്ങള്‍ എനിക്കനുകൂലമാകുന്നത്, മറിച്ച് സത്യത്തെക്കുറിച്ച് നല്ല ബോധമുള്ളതുകൊണ്ടും ചരിത്രത്തിന്റെയോ ഏതെങ്കിലും സംഭവത്തിന്റെയോ വികല വ്യാഖ്യാനം കൊണ്ട് അവരുടെ ധാരണകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണ്. അതാണെന്റെ വിശ്വാസം.“

അഫ്‌സലിന്റെ അവസാന പരാമര്‍ശം മനസ്സിലാക്കന്‍ ആദ്യം ഞാന്‍ പ്രയാസപ്പെട്ടു. പക്ഷേ പിന്നീട് അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാകാന്‍ തുടങ്ങി. ഒരു കാശ്മീരി പറയുന്ന കാശ്മീരിന്റെ ചരിത്രവും സംഭവങ്ങളുടെ വ്യാഖ്യാനവും ഒരു ഇന്ത്യക്കാരന് എപ്പോഴും ഒരു ഷോക്ക് ആയിരിക്കും. കാരണം കാശ്മീരിനെക്കുറിച്ചുള്ള അവന്റെ അറിവ് ടെക്സ്റ്റുബുക്കുകളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നും സ്വരൂപിച്ചതാണ്. അഫ്‌സല്‍ അതു സൂചിപ്പിക്കുകയായിരുന്നു.

വീണ്ടും മണി മുഴങ്ങി. അഭിമുഖം അവസാനിച്ചു. ആളുകള്‍ ഇപ്പോഴും തൊട്ടടുത്ത അറകളില്‍ സംസാരം തുടരുകയാണ്. മൈക്കുകളുടെയും സ്പീക്കറുകളുടെയും ജീവന്‍ നിലച്ചു. പക്ഷേ കാതു കൂര്‍പ്പിച്ചാല്‍, ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചാല്‍ ഇനിയും ചിലതു മനസ്സിലാക്കാം. പോലീസുകാര്‍ ശക്തമായ ഭാഷയില്‍ മതിയാക്കാന്‍ ആവശ്യപ്പെട്ടു. പുറത്തുപോകാനും. ആളുകള്‍ അതു ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ മുറിയിലെ ലൈറ്റുകള്‍ കെടുത്തി. കടുത്ത ഇരുട്ട്!

തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ വാര്‍ഡില്‍ നിന്നും റോഡിലേയ്ക്കുള്ള നീണ്ടവഴി പിന്നിടുമ്പോള്‍ രണ്ടോ മൂന്നോ അംഗങ്ങള്‍ അടങ്ങിയ ചെറിയ കൂട്ടങ്ങളെ ഞാന്‍ കണ്ടു. അവര്‍ നിശ്ശബ്ദരായി പുറത്തേയ്ക്ക് പോവുകയാണ്. അമ്മയും ഭാര്യയും മകളും ചേര്‍ന്ന ഒരു സംഘം. അല്ലെങ്കില്‍ സഹോദരന്‍, അനിയത്തി, ഭാര്യ. അതുമല്ലെങ്കില്‍ കൂട്ടുകാരനും ചേട്ടനും. അല്ലെങ്കില്‍ മറ്റാരോ. എല്ലാ സംഘങ്ങള്‍‍ക്കും രണ്ടു കാര്യങ്ങള്‍ പൊതുവായി ഉണ്ട്. അവര്‍ ശൂന്യമായ ഒരു തുണി സഞ്ചി വഹിക്കുന്നുണ്ട്. അവയില്‍ മലായ് കോഫ്തയുടെ, ഷാഹി പനീറിന്റെ, മിക്സഡ് വെജിറ്റബിളിന്റെ നിറക്കൂട്ടുകള്‍ പറ്റിയിരിക്കുന്നു. രണ്ടാമത്തേത് അവരെല്ലാം വിലയില്ലാത്ത പരുക്കന്‍ തണുപ്പു വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കീറിയ ഷൂസുകളും. ഗേറ്റു നമ്പര്‍ മൂന്നിനു വെളിയില്‍ 588-‌ാം നമ്പര്‍ ബസ്സു കാത്തു അവര്‍ നിന്നു. തിലക് നഗര്‍ -ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ബസ്. അതവരെ ഒരുപക്ഷേ ദൌലക്കൌന്‍ മെയിന്‍ ജംഗ്‌ഷനില്‍ എത്തിക്കും. അവര്‍ ഈ രാജ്യത്തെ പാവപ്പെട്ട പൌരന്മാരാണ്. ഏറ്റവും പാവപ്പെട്ടവന് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി അബ്ദുള്‍ കലാം പറഞ്ഞത് ഓര്‍ത്തുപോയി. ഞാന്‍ അഭിമുഖം നടത്തിയതും അത്തരമൊരാളുമായാണ്. എത്ര ടോക്കണുകള്‍ (ജയിലില്‍ അനുവദിച്ചിട്ടുള്ള പണം) കൈയിലുണ്ട് എന്ന് ഞാന്‍ അഫ്‌സലിനോട് ചോദിച്ചിരുന്നു. “ജീവിക്കുന്നതിന് വേണ്ടത്ര” എന്നായിരുന്നു മറുപടി.

മുഹമ്മദ് അഫ്‌സല്‍ ഗുരു - വിനോദ് ജോസ്
(വിനോദ് കെ ജോസ് റേഡിയോ പെസഫിക്കാ നെറ്റ് വര്‍ക്ക്, യു എസ് എ യിലെ വിദേശലേഖകനാണ്. vinodkjose@gmail.com)
വിവര്‍ത്തനം : ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |
Submitted by ഡ്രിസില്‍ മൊട്ടാമ്പ്രം (not verified) on Sat, 2007-04-21 13:33.

ഇന്ത്യയില്‍ ഭീകരവിരുദ്ധ നിയമങ്ങളും, പോലീസടക്കം ഇന്ത്യന്‍ സേനക്ക്‌ നല്‍കുന്ന അമിതാധികാരങ്ങളും നിരപരാധികള്‍ക്ക്‌ നേരെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്‌, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ്‌. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്ന അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും എതിരെ 'ജനമനസ്സാക്ഷിയുടെ' വിദ്വേഷമുന തറക്കാതിരിക്കാന്‍, ഇത്തരം ഭീകരരുടേയും ഭീകരാക്രമണങ്ങളുടേയും പരിചകള്‍ നിര്‍മിക്കാനും, സംവിധാനിക്കാനും പ്രയാസമേതുമില്ലാത്തതാണ്‌. അതിനു വേണ്ട അസംസ്‌കൃത വസ്‌തുക്കളായി ഇനിയും ഒരു പാട്‌ 'ഭീകരര്‍' അവരുടെ തോക്കിന്‍ മുനമ്പിലുണ്ട്‌ എന്നതും മറക്കാതിരിക്കുക. ഇന്ത്യന്‍ വംശജരായ ഭീകരര്‍.

ഇത്തരം നീതിനിഷേധത്തിന്റെ ഒരു ബിംബം മാത്രമാണ്‌ മുഹമ്മദ്‌ അഫ്‌സല്‍. അഫ്‌സലിന്റെ വധശിക്ഷക്കെതിരെ മുറവിളി കൂട്ടുന്നവരുടേയും, മണിപ്പൂരിലെ ഇന്ത്യന്‍ ആര്‍മിക്ക്‌ നല്‍കിയ അമിതാധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ ആറ്‌ വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഷര്‍മിള ചാനുവീന്റെയും സമരങ്ങളുടെ നീതിശാസ്‌ത്രം ഒന്ന് തന്നെയാണ്‌.

Submitted by kunjiraman (not verified) on Sat, 2010-11-27 16:24.

കാശ്മീര്‍ തീവ്രവാദികളെ മഹത്വവത്കരിക്കുന്ന അഭിപ്രായമാണിത്. അവിടെ എല്ലാ പ്രശ്നവും
പട്ടാളക്കാര്‍ ഉണ്ടാക്കുന്നതാണെങ്കില്‍ ചെച്ച്നിയന്‍ തീവ്രവാദികള്‍ അവിടെ വരുന്നത്?
*-

Submitted by Anonymous (not verified) on Fri, 2011-04-22 11:59.

കാശ്മീരില്‍ നിന്നും ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഓടിപ്പോന്നു രാജ്യത്തിന്റെ പല ഭാഗത്തും അഭയാര്‍ത്തികളെ പോലെ കഴിയുന്ന കാശ്മീരി pandits നെ കുറിച്ച് എന്ത് കൊണ്ട് ഈ അഫ്സല്‍ ഗുരു എന്ന മഹാന്‍ വാചാലനാകുന്നില്ല? അവരും ജനിച്ചു വളര്‍ന്ന മണ്ണ് തന്നെ ആയിരുന്നില്ലേ അത് ? ഇയാള്‍ ആദ്യം പാക് അധിനിവേശ കാശ്മീരില്‍ പോയത് സുരക്ഷാസേനയുടെ പീഡനം സഹിക്കാഞ്ഞിട്ടോ, അതോ വല്ല തീര്‍ഥയാത്രക്കോ ഒന്നും അല്ലല്ലോ. ആയുധ പരിശീലനം നേടി തിരിച്ചുവന്നു ഈ രാജ്യത്തെ പാവപ്പെട്ടവന്റെ നെഞ്ചത്ത്‌ ബോംബ്‌ പൊട്ടിച്ചു കളിക്കാന്‍ തന്നെ അല്ലെ? മതം മനുഷ്യനന്മക്ക് ഉപകരിക്കുന്നതല്ല എങ്കില്‍ , അന്യന്റെ കണ്ണുനീര്‍ തുടക്കാനുള്ളതല്ലെങ്കില്‍ അതിനൊരു പുല്ലു വിലയും ഇല്ല തന്നെ. മതാന്ധത ബാധിച്ചു ഈ മഹാരാജ്യത്തെ ഒരിക്കല്‍ വെട്ടിമുറിച്ചതല്ലേ ? അങ്ങനെ മുറിഞ്ഞു മാറിയ പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? കാലത്ത് എണീറ്റ്‌ തല അവിടെ തന്നെ ഉണ്ടോ എന്ന് തപ്പി നോക്കണം. മതത്തിനു എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പറ്റുമായിരുന്നു എങ്കില്‍ പാക്കിസ്ഥാന്‍ പണ്ടേ ഭൂമിയിലെ സ്വര്‍ഗം ആയിരുന്നേനെ. ആ നരകമാണോ സുഹൃത്തേ നിങ്ങള്‍ സ്വാതന്ത്ര്യം എന്ന പദം കൊണ്ട് കൊണ്ട് വിവക്ഷിക്കുന്നത്? ഇനി ഒരു വെട്ടിമുറിക്കല്‍ കൂടി ഈ രാജ്യത്തിന് താങ്ങാനാവില്ല . ആയിരക്കണക്കിന് ജാതികളും, ഉപജാതികളും ഭാഷകളും മതങ്ങളും വര്‍ഗ്ഗങ്ങളും വര്‍ണ്ണങ്ങളും ജീവിത രീതികളും സംസ്കാരങ്ങളും സ്വന്തം ചിറകിനടിയില്‍ തള്ളക്കോഴി കുഞ്ഞുങ്ങളെ എന്നവണ്ണം കാത്തു സൂക്ഷിച്ചിരിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തിന് നിങ്ങള്‍ ഏഴു ജന്മം ശ്രമിച്ചാലും ഒരു പോറലും ഏല്‍ക്കില്ല. അധിനിവേശക്കാരായി വന്നവര്‍ ധാരാളമുണ്ടായിരുന്നു . അവരും ഇവിടുത്തെ മണ്ണിനെ സ്വന്തം മണ്ണായി കണ്ടു ഈ മഹത്തായ സംസ്കാരത്തില്‍ ലയിച്ചു ചേര്‍ന്നു . നിങ്ങള്‍ക്ക് ഇപ്പോഴും അതിനു കഴിയുന്നില്ല എങ്കില്‍ , അതിര്‍ത്തിക്കപ്പുറത്തെ പട്ടാള തമ്പുരാന്മാര്‍ ഓതി തരുന്നവയാണ് വേദവാക്യം എങ്കില്‍ നിങ്ങളുടെ അവസ്ഥക്ക് നിങ്ങള്‍ മാത്രം ആണ് കുറ്റക്കാര്‍ . 20 വര്‍ഷം മുന്‍പ് കാശീര്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു മലയാളിയാണ് ഞാന്‍. ആ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ഓമനിക്കുന്നു. എത്ര മനോഹരമായ നാട്. സ്നേഹസമ്പന്നരായ നല്ല മനുഷ്യര്‍ . അവരുടെ ഒക്കെ പെരുമാറ്റത്തില്‍ നിങ്ങള്‍ പുച്ഛത്തോടെ പറയുന്ന ഇന്ത്യാവിരോധം ഞാന്‍ തരിമ്പും കണ്ടില്ല. ആ പ്രകൃതി ഭംഗി മാത്രം മാര്‍കെറ്റ് ചെയ്‌താല്‍ മതി ഇന്ത്യയിലെ പട്ടിണിരഹിത സംസ്ഥാനം എന്ന പേരിനു കാശ്മീര്‍ അര്‍ഹമാകാന്‍. അവിടെ നിങ്ങള്‍ കാണുന്ന പട്ടാളക്കാര്‍ എന്തോ നേര്‍ച്ച നിറവേറ്റാന്‍ ഒന്നും അല്ല സഹോദരാ ആ എല്ലുറയുന്ന തണുപ്പില്‍ വഴിവക്കില്‍ നില്‍ക്കുന്നത്, അവര്‍ക്കുമുണ്ട് വീടും കുടിയും പിള്ളേരും ഒക്കെ. കുടുംബം പുലര്‍ത്താന്‍ തന്നെ ആണ് അവരും ആ പട്ടാള വേഷം അണിഞ്ഞിരിക്കുന്നത്‌. പക്ഷെ അവര്‍ക്കൊരു ധീരമായ ദൌത്യം നിറവേറ്റാന്‍ ഉണ്ട്. അതിര്‍ത്തിക്കപ്പുറത്തെ മനോരോഗികളില്‍ നിന്നും നിങ്ങളെ കാത്തു രക്ഷിക്കുക എന്ന കടമ. അവിടെയാണ് അവരുടെ മഹത്വം. നാളെ അവര്‍ അസ്സമിലോ രാജ്യത്തിന്റെ മറ്റേതോ ഭാഗത്തുമാവാം. അല്ലാതെ മനപൂര്‍വ്വം പീഡനസുഖം തേടിയാണ് അവര്‍ കാശ്മീരില്‍ എത്തിയത് എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കടന്ന കൈ ആണ്.

അഫ്സല്‍ ഗുരുവിന്റെ ശ്രദ്ധയ്ക്ക്‌:- ഈ രാജ്യത്തല്ലാതെ മറ്റെവിടെ എങ്കിലും ആയിരുന്നെങ്കില്‍ താങ്കള്‍ പണ്ടേ സുബര്‍ക്കത്തില്‍ പത്തു പതിനാലു ഹൂറികളോടൊപ്പം ഉല്ലസ്സിക്കുകയാവും എന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും പടച്ചവന്‍ തരട്ടെ. രാജ്യത്തിനെതിരായി നേരിട്ട് യുദ്ധം ചെയ്ത അജ്മല്‍ കസബ് ഇപ്പോഴും കോഴി ഇറച്ചിയും ബിരിയാണിയുമായി സല്ലപിക്കുന്നതും നട്ടെല്ലുള്ള ഒരു നീതിന്യായവ്യവസ്ഥ ഈ രാജ്യത്തുള്ളത് കൊണ്ടാണെന്ന് മറക്കരുത്. മറക്കാന്‍ പാടില്ല.

ഇന്റര്‍വ്യൂ ചെയ്ത ആളോട് ഒരു വാക്ക് :- നിങ്ങള്‍ എത്ര വലിയ celebrity യെ ആയാലും ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അയാളുടെ charms ല്‍ വീണു പോകരുത്. അയാള്‍ക്ക്‌ പറയാന്‍ ഉള്ളതെല്ലാം സമാധാനമായി കേള്‍ക്കുക. അയാളുടെ നിഗമനങ്ങളും കാഴ്ചപാടുകളും അയാളുടേത് മാത്രമാണ്. അവ നിങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഒരു പരാജയമാണെന്ന് അര്‍ഥം . വിഷമത്തോടെ പറയട്ടെ നിങ്ങള്‍ തീര്‍ത്തും ഒരു പരാജയമാണ്. ഈ അഫ്സല്‍ ഗുരുവിന്റെ കയ്യില്‍ താങ്കളെ വിറ്റ കാശുണ്ട് പൊന്നെ. താങ്കള്‍ക്കു മനസ്സിലായില്ലങ്കില്‍ വിശദമാക്കാം . കാശ്മീര്‍ പ്രശ്നപരിഹാരം എന്താണെന്ന് താങ്കള്‍ ചോദിച്ചപ്പോ അയാള്‍ എന്താണ് പറഞ്ഞത്? ഒന്നും പറഞ്ഞില്ല സുഹൃത്തേ, ഒന്നും പറഞ്ഞില്ല. വെറുതെ പൊട്ടന്‍ കളിച്ചു. കാരണം അയാളുടെ യഥാര്‍ത്ഥ ഉള്ളിലിരിപ്പ് ഒരു മാധ്യമത്തിലൂടെ തുറന്നു പറയാന്‍ മാത്രം വിഡ്ഢിയല്ല അയാള്‍ . അതുകൊണ്ട് In the future , please don't get overawed by anyone, or any event. ദൈവം തമ്പുരാന്‍ കാക്കട്ടെ.