തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

മറുപക്ഷം

കലാലയരാഷ്ട്രീയം നിരോധിക്കപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യം...?

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ, കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ യൂണിറ്റുകള്‍ പാടില്ല എന്ന വിധി, പൊതുസമൂഹത്തിന്റെ മനസ്ഥിതിയെ നിയമവത്കരിച്ചു എന്നേയുള്ളു. ഭൂരിപക്ഷവും, കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയം അകറ്റിനിര്‍ത്തപ്പെടണം എന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. അതാണ്‌ കൂടുതല്‍ പേടിപ്പെടുത്തുന്നതും വിശകലനങ്ങളെ സങ്കീര്‍ണമാക്കുന്നതും. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ ഏറ്റവും സഹനീയമായ രാഷ്ട്രീയക്രമം ജനാധിപത്യം തന്നെ എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ സാധ്യമാക്കുന്നത്‌ കക്ഷിരാഷ്ട്രീയവും. ഇന്ത്യന്‍ രീതിയാവട്ടെ അമേരിക്കന്‍ രീതിയാവട്ടെ, ജനാധിപത്യത്തിനു കക്ഷിരാഷ്ട്രീയം മൂലകല്ലാണ്‌. രാഷ്ട്രനിര്‍മ്മിതിക്ക്‌ കക്ഷിരാഷ്ട്രീയവും അതിന്റെ നന്മകളും അപചയങ്ങളും ഒക്കെ ആവശ്യവും അനിവാര്യവും ആയിത്തീരുന്നു. കക്ഷിരാഷ്ട്രീയത്തെ ഒഴിവാക്കികൊണ്ടുള്ള, അതിനെക്കാള്‍ ഭേദപ്പെട്ട ഒരു രാഷ്ട്രഭരണക്രമം കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളു.

ജനാധിപത്യത്തിനോടൊപ്പം വരുന്നതാണു മുതലാളിത്തവും അതിന്റെ അക്സസറികളും എന്ന ധാരണ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ഇവ രണ്ടിനും ക്ലാസിക്ക്‌ മാതൃക യൂറോപ്പാണ്‌. അവിടെയൊക്കെ തന്നെയും ജനാധിപത്യത്തെ പിന്തുടര്‍ന്നു വന്നതല്ല മുതലാളിത്തം, നേരെ തിരിച്ചാണ്‌ സംഭവിച്ചിട്ടുള്ളത്‌. മുതലാളിത്ത ജീവിതക്രമം ജനാധിപത്യത്തെ സാധ്യമാക്കുകയാണ്‌ ചെയ്തത്‌. നമ്മള്‍ ജനാധിപത്യത്തെ ഇറക്കുമതിചെയ്തപ്പോള്‍ വിഭാവനചെയ്ത എറ്റവും ഉയര്‍ന്ന നെഹ്രൂവിയന്‍ സങ്കല്‍പ്പം സോഷ്യലിസം ആയിരുന്നു. ശുദ്ധ അര്‍ത്ഥത്തില്‍ എടുത്താല്‍ സോഷ്യലിസത്തിനു ആന്തരികമായ ശേഷികുറവുകളില്ല എന്നല്ല, നന്നായി ഉണ്ടുതാനും. സഹനീയമായ ഒരു സാമൂഹികനീതി എന്ന വിവക്ഷയില്‍ മാത്രമാണ്‌ സോഷ്യലിസം ഇവിടെ ഉപയോഗിക്കപ്പെടുന്നത്‌. ഒരു സാമ്പത്തിക ക്രമത്തിലും സാമൂഹ്യനീതി പൂര്‍ണഅര്‍ത്ഥത്തില്‍ സാധ്യമാവില്ല എന്നാണെങ്കില്‍ പോലും, അങ്ങിനെ ഒന്നിന്റെ ഉട്ടോപ്പിയന്‍ സങ്കല്‍പ്പം നല്‍കുന്ന സുഖവും കര്‍മ്മസാധ്യതയും സോഷ്യലിസം നല്‍കുന്നുണ്ട്‌.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ വിഭാവന ചെയ്യേണ്ടിയിരുന്നതും, ഇന്ത്യന്‍ ആത്മാവിനോടു ചേര്‍ന്നു നില്‍ക്കുന്നതും, പിന്തുടര്‍ച്ച അവകാശപ്പെടാനില്ലാതെ ഏറെകുറെ വേരറ്റുപോയതും, നമുക്ക്‌ അനേകം പരീക്ഷണങ്ങളിലൂടെ ഇപ്പോഴേയ്ക്കും ഒരുകരയ്ക്കടുപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്ന ഭരണ/സാമൂഹിക/സാമ്പത്തിക ക്രമമായിരുന്നു ഗാന്ധിജിയുടെ ഗ്രാമസ്വരാജ്‌. എന്നാല്‍ നെഹ്രൂവിയന്‍ സോഷ്യലിസം അതിന്റെ പ്രയോഗപ്രദേശത്ത്‌ അവരോധിച്ചത്‌ റഷ്യന്‍ പഞ്ചവത്സരപദ്ധതിയുടേ മാതൃകയാണ്‌. ഇന്ത്യന്‍ ജീവിതത്തില്‍ ദൂരവ്യാപകമായ വിപരീത പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു പ്രയോഗമായിരുന്നു അതെന്ന്‌ ഇന്ന്‌ ഏറെകുറെ മനസിലാക്കിയെടുക്കാം. ബൃഹത്സംരംഭങ്ങള്‍ ഏകപക്ഷീയമായ ഷിഫ്റ്റാണ്‌ രാഷ്ട്രസമ്പത്തില്‍ ഉളവാക്കിയത്‌. സമ്പത്തിന്റെ വിഭജനത്തെക്കാളുപരി ഏകീകരണമാണു സംഭവിച്ചത്‌. ഇതൊരു സാമ്പത്തിക പ്രശ്നം മാത്രമായിരുന്നില്ല. ഈ ഷിഫ്റ്റ്‌ രാഷ്ട്രീയത്തിന്റെ അധികാരസ്വാംശീകരണത്തിലേക്കും, ബ്യൂറോക്രസിയുടേയും ടെക്നോക്രസിയുടേയും പൊതുജനങ്ങളില്‍ നിന്നുള്ള വിച്ഛേദനത്തിലേക്കും നയിച്ചു. എല്ലാതലത്തിലുമുള്ള അധികാരത്തിന്റെ കേന്ദ്രീകരണം, റഷ്യയെപോലെതന്നെ, ഇന്ത്യയേയും അഴിമതിയുടെ ഖനിയാക്കി. റഷ്യയില്‍ സംഭവിച്ചതുപോലെ ഒരു കൂറ്റന്‍തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്തിയതും ഇന്നും രക്ഷപ്പെടുത്തികൊണ്ടിരിക്കുന്നതും ജനാധിപത്യമാണ്‌. ജനാധിപത്യത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ സമ്പൂര്‍ണ മുതലാളിത്തത്തെ ഒഴിവാക്കാനും, സാമൂഹികനീതിയുടെ അടിയൊഴുക്ക്‌ നിലനിര്‍ത്താനും സഹായകരമായ എന്തോ ഒന്ന്‌ ഇന്ത്യന്‍ സൈക്കിയുടെ അടിയൊഴുക്കായി ഉണ്ടെന്നും കരുതേണ്ടിരിക്കുന്നു.

കൂടുതല്‍ അദ്ധ്വാനിക്കുന്നവന്‌ കൂടുതല്‍ ആദായം എന്ന ലളിതമായ രൂപത്തില്‍ ക്യാപ്പിറ്റലിസം നന്നുതന്നെ. പക്ഷേ സമൂഹ്യനീതി അതിന്റെ ബാധ്യതയല്ല. കാപ്പിറ്റലിസ്റ്റ്‌ രാഷ്ട്രങ്ങളിലെല്ലാം മറ്റിടങ്ങളിലെക്കാള്‍ സാമൂഹ്യനീതി നിലനില്‍ക്കുന്നു എന്നത്‌ സമ്മതിച്ചാല്‍ തന്നെ, അത്‌ ക്യാപ്പിറ്റലിസ്റ്റ്‌ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ അവര്‍ ജനാധിപത്യം ഭരണക്രമമായി കണ്ടെത്തി എന്നതുകൊണ്ടു കൂടിയാവും. എന്നാല്‍ കത്രീന വന്നപ്പോള്‍, ഒരു അമേരിക്കന്‍ തീരം മുഴുവന്‍ തകര്‍ന്നുപോയത്‌ അവര്‍ക്ക്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാത്തതുകൊണ്ടാണെന്നു കരുതാന്‍ നിവൃത്തിയില്ല. അതൊരു കാപ്പിറ്റലിസ്റ്റ്‌ അലംഭാവത്താല്‍ സംഭവിച്ചതാണ്‌. മുഖ്യധാരയിലില്ലാത്തവരുടെ ജീവിതത്തോടുള്ള നീതിയില്ലായ്മ വെളിവാക്കുന്ന ഒരു അമേരിക്കന്‍ അനുഭവം എന്നു കരുതിയാല്‍ മതി. ഇന്ത്യയില്‍ എല്ലാ അസൗകര്യങ്ങളുടേയും ഇടയ്ക്ക്‌, ഒരു വലിയ ഭൂപ്രദേശത്തിനു മുഴുവനും, ഒരു പ്രകൃതിദുരന്തത്തിന്റെ സമയത്ത്‌ ഇത്രയും വലിയ അവഗണന എന്തായാലും അനുഭവിക്കേണ്ടി വരില്ല എന്ന്‌ ഉറപ്പ്‌.

രാജീവ്ഗാന്ധി ആഗ്രഹിച്ച ഓപ്പണ്‍മാര്‍ക്കറ്റ്‌ എക്കോണമി, ഇന്ത്യയുടെ, പ്രത്യേകിച്ച്‌ കേരളത്തിന്റെ മനസിനെ വളരെ വേഗമാണു കീഴടക്കിയത്‌. തമാശയോടേ ഓര്‍ക്കാന്‍ കഴിയുക, പഞ്ചായത്തീരാജ്‌ ബില്ല്‌ കൊണ്ടുവന്ന രാജീവ്ഗാന്ധിതന്നെയാണു മന്‍മോഹന്‍സിംഗ്‌ എന്ന വേള്‍ഡ്ബാങ്ക്‌ എക്കണോമിസ്റ്റിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതും. ഓ‍പ്പണ്‍മാര്‍ക്കറ്റ്‌ എക്കോണമിയും സ്വയംപര്യാപ്തഗ്രാമങ്ങളും തമ്മിലുള്ള സംയോജനത്തിന്റെ സിദ്ധാന്തം ഒരു സാമ്പത്തിക വിദഗ്ദ്ധനും ഇതുവരെ അവതരിപ്പിച്ചതായി കേട്ടിട്ടും ഇല്ല. മറ്റൊരു തമാശ, പഞ്ചായത്തീരാജ്‌ ബില്ലിന്റെ ചുവടുപിടിച്ച്‌ അധികാര വികേന്ദ്രീക്കരണത്തിന്റെ പരീക്ഷണം ആദ്യമായി കേരളത്തില്‍ നടത്തിയത്‌, മാര്‍ക്സിസ്റ്റ്‌ സര്‍ക്കാരാണ്‌, ഗാന്ധി ഭക്തരല്ല. വാര്‍ഷിക ബജറ്റിന്റെ മുപ്പതു ശതമാനം പഞ്ചായത്തുകള്‍ക്കു കൈമാറിയതിലെ വിപ്ലവം, കുറച്ചു അഴിമതിയുടെ പേരില്‍ ജനകീയാസൂത്രണത്തെ കുരിശില്‍തറയ്ക്കുന്നവര്‍ മനസിലാക്കാനിരിക്കുന്നതേയുള്ളു. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം എന്ന യക്ഷിയെ ആവാഹിച്ചെടുത്ത്‌ പാലമരത്തില്‍ ആണിയടിച്ച്‌ തറച്ചു. അതോടെ കേരളത്തിന്റെ ക്യാപ്പിറ്റലിസ്റ്റ്‌ മോഹങ്ങള്‍ പൂവണിഞ്ഞു.

മനുഷ്യന്‍ സാമൂഹ്യജീവി എന്നതിനൊപ്പം തന്നെ, എല്ലാ ജീവിതക്രമങ്ങളും, ഭരണക്രമങ്ങളും അവനെ ഒരു വ്യക്തിയായി അംഗീകരിക്കുകയും വേണം. അതില്ലാത്തതുകൊണ്ടാണ്‌ കമ്മ്യൂണിസ്റ്റ്‌ പ്രയോഗങ്ങള്‍ തകര്‍ന്നതും, ഒരു കാലത്തും വിജയിക്കാന്‍ സാധ്യതയില്ലാത്തതും. വ്യക്തിസത്തയെ അംഗീകരിക്കുന്നതിനാലാണു ക്യാപ്റ്റലിസം പിടിച്ചുനില്‍ക്കുന്നതും തഴച്ചു വളരുന്നതും. അതുകൊണ്ടുതന്നെ ക്യാപ്പിറ്റലിസത്തെ നിരാകരിക്കുക അസാധ്യമാണ്‌ - അല്ലെങ്കില്‍ തന്നെ ഇന്നത്തെ ലോകക്രമം അത്‌ മാത്രമാണല്ലോ. ക്യാപ്പിറ്റലിസത്തിന്റെ പ്രയോഗങ്ങള്‍ക്ക്‌, കമ്മ്യൂണിസത്തെ പോലെ, വ്യക്തമായ ആശയ അടിത്തറ ഉണ്ടായിരുന്നില്ല എന്നത്‌ അതിനെ അനേക കൈവഴികളിലൂടെ വളരാന്‍ അനുവദിക്കുന്ന ഒരു ശക്തിയാക്കി. എന്നാല്‍ അത്രയും തന്നെ അപകടകരവുമാണത്‌, ഒരുതരത്തിലുമുള്ള സാമൂഹ്യനീതി ഉറപ്പാക്കാന്‍ ബാധ്യതയില്ല എന്നു വരുമ്പോള്‍. സമ്പൂര്‍ണമായും വളര്‍ച്ചയെത്തിയ ഒരു ക്യാപ്പിറ്റലിസ്റ്റ്‌ വ്യവസ്ഥിതിക്ക്‌ തുടര്‍ന്ന്‌ അനിയന്ത്രിതമുതലാളിത്തത്തിന്റെ ഫാസിസം എറ്റെടുക്കേണ്ടി വരും (തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ കനത്ത സാമ്പത്തികതകര്‍ച്ച നേരിട്ട കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടികാട്ടാന്‍ ആവുമെങ്കിലും, ഇത്‌ ഏറെകുറെ ഒരു ഹൈപോതീസിസാണ്‌. ക്യാപ്പിറ്റലിസം ഇതുവരെയും എവിടെയും സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങിയിട്ടില്ല. എങ്കിലും ആശയതലത്തിലെങ്കിലും അതിന്റെ അപകടസാധ്യത തള്ളിക്കളയാനാവില്ല). ആശയങ്ങള്‍ ഗാറ്റോകളിലയച്ചു കൊന്നതുപോലെയാവില്ല അനിയന്ത്രിതമുതലാളിത്തം മനുഷ്യനെ കൊല്ലുക. ഒരു വലിയകൂട്ടം ജനം തങ്ങള്‍ ലോകത്തില്‍ നിന്നും നിഷ്കാസിതരായി എന്നു സ്വയം മനസിലാക്കാതെ, പട്ടിണികിടന്നും പ്രകൃതി ദുരന്തങ്ങളില്‍ രക്ഷകിട്ടാതെയും, തങ്ങളാഗ്രഹിക്കാത്ത യുദ്ധങ്ങളില്‍ പെട്ടും മറ്റും നിസ്സഹായരായി കൊല്ലപ്പെടും. അതിനുമുന്‍പ്‌, എല്ലാവര്‍ക്കും മധുവിധുവിന്റെ ഒരു കാലമുണ്ട്‌. ക്യാപ്പിറ്റലിസം അനിയന്ത്രിതമുതലാളിത്തത്തിലേക്ക്‌ ചുവടുമാറുന്നതിനു മുന്‍പ്‌ അനുഭവിക്കുന്ന ഉപരിപ്ലവമായ ഒരു ഉത്സവകാലം. സമരങ്ങളില്ലാത്ത, രാഷ്ട്രീയത്തെ വെറുക്കുന്ന, ദര്‍ശനങ്ങള്‍ക്ക്‌ വിലയില്ലാത്ത, തെരുവിലെ പ്രകാശനങ്ങളെ വാതിലടച്ച്‌ പുറത്താക്കി, ടെലിവിഷന്‍ സ്റ്റേജ് ഷോകളിലെ സ്യൂഡോലൈംഗികത ആസ്വദിച്ച്‌, വീടിന്റെ സുരക്ഷിതത്വത്തില്‍ പുതച്ചുകിടക്കാനാവുന്ന ഒരു ഇടക്കാലം. കേരളം അതിലൂടെ കടന്നു പോവുകയാണ്‌. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ജുഡിഷ്യല്‍ ആക്ടിവിസം അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്‌.

നമ്മുടെ സമൂഹം കാര്യമായി ആലോചിക്കേണ്ട ഒരു വിഷയം ഇവിടെ സൂചന അര്‍ഹിക്കുന്നു. അത്‌ ജുഡിഷ്യറി ലെജിസ്ലേച്ചറിനോട്‌ കാണിക്കുന്ന അവഹേളനപരമായ നിലപാടുകളാണ്‌. ലെജിസ്ലേച്ചര്‍ കോടതികളോടു കാണിക്കുന്ന ബഹുമാനവും മര്യാദയും തിരിച്ചു ലഭിക്കുന്നില്ല എന്നത്‌ സമകാലിക വസ്തുതയാണ്‌. ഇതു അപകടകരമാണ്‌. രാഷ്ട്രീയത്തേയും രാഷ്ട്രീയ പ്രവര്‍ത്തനത്തേയും ബഹുമാനത്തോടെ കാണേണ്ടത്‌ സമൂഹത്തിന്റെ എന്നതുപോലെ തന്നെ കോടതികളുടേയും ബാധ്യതയാണ്‌. സാധാരണജനങ്ങളുടെ അവസാന അഭയസ്ഥാനം എന്ന കാല്‍പ്പനികവത്കരിച്ച പരിഗണനയൊന്നും ജുഡിഷ്യറിയെ ആക്ടിവിസത്തിലേക്ക്‌ തള്ളിയിടരുത്‌. നിയമാനുസൃതമായ നീതി തീരുമാനിക്കാനുള്ള ഇടം മാത്രമാണു കോടതി. നീതി എന്നത്‌ നിയമത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല. 'എത്തിക്കല്‍' എന്ന അര്‍ത്ഥത്തില്‍ സാര്‍വ്വത്രികവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു നീതിയുണ്ട്‌. ഈ നീതിക്ക്‌ കാലാകാലങ്ങളില്‍ നിയമമുണ്ടാക്കുന്ന ഏറ്റവും ഉപരിയായ തലമാണ്‌ ലെജിസ്ലേച്ചര്‍. ലെജിസ്ലേച്ചറിനെ നിരാകരിച്ചുകൊണ്ടോ അതിനുപരിയായോ ഒരു ഇടവും ജനാധിപത്യത്തില്‍ സാധ്യമല്ല. കെ.ടി.തോമസിനെപോലുള്ള പ്രഗല്‍ഭരായ ജസ്റ്റിസുമാര്‍ ഇതിന്റെ ആവശ്യകതയെകുറിച്ചു നിശിതമായി പറഞ്ഞിട്ടുണ്ട്‌.

കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ അടിസ്ഥാന ഉല്‍പാദനമേഖലകളെ പാടേ അവഗണിച്ചുകൊണ്ടാണ്‌ (ക്യാപ്പിറ്റലിസ്റ്റ്‌) വികസനം നടപ്പാക്കപ്പെടുന്നത്‌ എന്നത്‌ കൂടുതല്‍ അപകടകരമായ പരിണിതികളിലേക്ക്‌ നീങ്ങും. വളരെ പ്രകടമായും ഇതിനെ ഉദാഹരിക്കാന്‍ സാധിക്കുന്നതാണ്‌ ടൂറിസം, ഐ.റ്റി, സ്വാശ്രയവിദ്യാഭാസം, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയുടെയൊക്കെ പെട്ടെന്നുള്ള മുഖ്യധാരാ പ്രവേശം. ഇന്നു നമ്മുടെ സമസ്തമേഖലകളിലും നിറഞ്ഞു നില്‍ക്കുന്നതും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതും, ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി എന്ന നിലയ്ക്കുള്ള കേരളത്തിന്റെ സസ്റ്റൈനിബിള്‍ എക്കോണമിയിലേക്ക്‌ ഒരു തരത്തിലും സംഭാവന നല്‍കാന്‍ പര്യാപ്തമല്ലാത്ത ഈ മേഖലകളാണ്‌. കൈമാറ്റം ചെയ്യപ്പെടാന്‍ സാധിക്കുന്നതിനും മുന്‍പ്‌, മൂലധനം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്‌. മൂലധനമില്ലാത്ത കച്ചവടം ഏതുസമയത്തും പൊട്ടിപാളീസായിപോവാം.

അനിയന്ത്രിത മുതലാളിത്തവും ഓ‍പ്പണ്‍മാര്‍ക്കറ്റ്‌ എക്കോണമിയും പാര്‍ലിമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത്‌ രാഷ്ട്രീയപാര്‍ട്ടികളെ കോര്‍പ്പറേഷനുകളാക്കി മാറ്റിക്കൊണ്ടും ജനത്തെ അരാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടുമാണ്‌. ജാനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും അത്‌ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തുന്നു. അമേരിക്കയും ബ്രിട്ടണും പോലുള്ള വികസിത ക്യാപ്പിറ്റലിസ്റ്റ്‌ രാഷ്ട്രങ്ങളില്‍ വേഷപകര്‍ച്ചയോടെ ആണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഭരണം നടത്തുന്നത്‌ വന്‍കിട കോര്‍പ്പറേറ്റ്സ്ഥാപനങ്ങളാണ്‌. ടെലിവിഷന്‍ചാനലും വാട്ടര്‍തീംപാര്‍ക്കും ഒക്കെയായി നമ്മുടെ രാഷ്ട്രീയകക്ഷികളും ജനാധിപത്യത്തിന്റെ മുതലാളിത്തപാഠങ്ങള്‍ അതിവേഗം സ്വാംശീകരിക്കുന്നുണ്ട്‌. ഈ ഭാവപകര്‍ച്ച പൊതുസമൂഹത്തില്‍, സാമൂഹ്യനീതിയുടെ മാനസികാവസ്ഥയ്ക്കു മുകളിലായി ഉപഭോഗത്തിന്റെ ഒരു തൃഷ്ണ സൃഷ്ടിക്കുന്നു. നന്നായി ജീവിക്കാന്‍ അവസരം ഒരുക്കുന്നു എന്നാണത്‌, അത്രയും നല്ലത്‌. പക്ഷെ നന്നായി ജീവിക്കുന്നതിന്‌ ആഴത്തിലുള്ള രാഷ്ട്രീയബോധം കൂടി ആവശ്യമാണ്‌. അല്ലെങ്കില്‍ വ്യാജമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുകയും, അവ ജീവിതനിലവാരത്തിന്റെ മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതിനെതിരായ ഒന്ന്‌ ക്യാപ്പിറ്റലിസ്റ്റ്‌ എക്കോണമിയില്‍ സാധ്യമാവില്ല എന്നല്ല, സാധ്യമാവണം. അതിന്‌ അനിയന്ത്രിത മുതലാളിത്തത്തെ തടയിടാനുള്ള സാമൂഹികനീതി ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയം നമ്മുടെ എല്ലാ വ്യവസ്ഥകള്‍ക്കും മുകളിലായി നിലനില്‍ക്കണം. കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍, രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ എവിടെ നിന്നു പഠിക്കും? അതു പൊളിറ്റിക്കല്‍സയന്‍സ്‌ ക്ലാസ്സില്‍ വറുത്തെടുക്കാന്‍ സാധിക്കുന്നതല്ല, രാഷ്ട്രീയ പ്രയോഗങ്ങളിലൂടെ പരുവപ്പെട്ടുവരേണ്ടതാണ്‌.

പൊതുവായ അപചയം വിദ്യാര്‍ത്ഥിസംഘടനകളിലും പ്രകടമാണ്‌. അതുകൊണ്ടുതന്നെ ഒരു വലിയകൂട്ടം വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും കരിയറിസ്റ്റുകളാവുകയും ചെയ്യുന്നു. ഉദ്യോഗം സമ്പാദിക്കാന്‍ വേണ്ടി പഠിക്കുക എന്നത്‌ മോശം കാര്യം ഒന്നും അല്ല. എന്നാല്‍ എഞ്ചിനിയര്‍മാരും, ഡോക്ടര്‍മാരും, ഐ.ടി പ്രൊഫെഷണലുകളും മാത്രം പഠിച്ചിറങ്ങുന്ന, അല്ലെങ്കില്‍ അവരെ മാത്രം ഉന്നതതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണുന്ന ഒരു സമൂഹത്തിന്‌ കാര്യമായ തകരാറുണ്ട്‌. മന്നത്ത്പത്മനാഭനും പള്ളീലച്ചന്മാരും കൂടി തകര്‍ത്ത പൊതുവിദ്യാഭ്യാസ ബില്ലിന്റെ കാലംവരെ നീണ്ടുകിടക്കുന്നു ഈ ഗതികേടിന്റെ ചരിത്രം. കൊളോണിയലിസം നല്ല വിദ്യാഭ്യാസം കൊണ്ടു വന്നു. പക്ഷേ അത്‌ ഒരുതരത്തിലും നവീകരിക്കാന്‍ മുതിരാത്തത്‌ നമ്മുടെ കഴിവുകേട്‌. ബ്രിട്ടനില്‍ തീര്‍ച്ചയായും, ഇപ്പോഴുള്ള നമ്മുടെ വിദ്യാഭ്യാസ രീതിയാവില്ല ഉള്ളത്‌. സാര്‍വത്രിക വിദ്യാഭ്യാസമെന്നാല്‍ ഏകീകൃതമായ വിദ്യാഭ്യാസം എന്നുകൂടി ആവേണ്ടതാണ്‌. ഒരു സമൂഹത്തിന്റെ പൊതുവായ ഉന്നതിക്ക്‌ ഏകീകരിച്ച വിദ്യാഭ്യാസസമ്പ്രദായം അവശ്യം വേണ്ടതാണ്‌. നമ്മുടെ വിദ്യാഭ്യാസമേഖല ഛിന്നമാണ്‌. ഉച്ചക്കഞ്ഞിക്കുവേണ്ടി നിലനില്‍ക്കുന്ന സര്‍ക്കാര്‍പള്ളിക്കൂടം മുതല്‍, വാര്‍ഷിക ഫീസായി രണ്ടുലക്ഷം രൂപ വാങ്ങുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ വരെയായി ആ ഭൂമിക നീണ്ടുകിടക്കുന്നു. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ ഈ അസന്തുലിതാവസ്ഥ മാറാത്തിടത്തോളം കാലം, ആരോഗ്യകരമായ വിദ്യാഭ്യാസം അപ്രാപ്യമാവും. അതിബുദ്ധിമാനായ ഒരു കുട്ടി, സാമ്പത്തിക പരാധീനതമൂലം തെങ്ങുകയറ്റതൊഴിലാളിയും, ബുദ്ധിമാനല്ലാത്ത ഒരു വിദ്യാര്‍ത്ഥി സമ്പന്നനായതിനാല്‍ ഉന്നതബ്യൂറോക്രാറ്റും ആവുന്ന സമ്പ്രദായത്തില്‍ നിന്നും, ഗംഭീരമായ ഒരു ജനതതിയെ വാര്‍ത്തെടുക്കാന്‍ സാധിക്കില്ല.

ഈ വിടവ്‌ വല്ലാതെ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്‌, ഉപരിവിദ്യാഭ്യാസത്തിന്റെ ഇടങ്ങളില്‍ സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരുന്നത്‌. നല്ല കാശുകൊടുത്താല്‍ നല്ല വിദ്യാഭ്യാസം കിട്ടണം എന്ന വാദം, നല്ല വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ല കാശുകൊടുക്കാന്‍ പ്രാപ്തിയുള്ള ശുദ്ധസാമ്പത്തിക ക്രമത്തില്‍ മാത്രം നിലനില്‍ക്കാനാവുന്ന വാദമാണ്‌. ഇന്ത്യയെ പോലെയുള്ള വെല്‍ഫെയര്‍ സ്റ്റേറ്റില്‍ ഈ പ്രവണത പൊതുവായ ഉന്നമനത്തിനു വിഘാതം ഉണ്ടാക്കും. എന്തായിരുന്നു കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ അവശ്യമായി വന്ന സാഹചര്യം എന്നത്‌ സന്ദേഹപൂര്‍ണമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ തലത്തിലെങ്കിലും, ആരോഗ്യമേഖലയിലെന്നതുപോലെ, സര്‍ക്കാര്‍ പങ്കാളിത്തം കൂട്ടികൊണ്ടുവരേണ്ടിയിരുന്ന ഒരവസരത്തില്‍ സ്വാശ്രയവിദ്യാഭ്യാസം കടന്നുവന്നതില്‍, സമൂഹത്തില്‍ അതു സ്വീകരിക്കപ്പെട്ടതിലും, അനിയന്ത്രിത മുതലാളിത്തം മുന്നോട്ടുവയ്ക്കുന്ന ഒരുതരം ഉപരിപ്ലവ ജീവിതാവസ്ഥയുടെ അശ്ലീലം കാണാനാവും (ഏറ്റവും സുസ്ഥിരമായിട്ടുള്ള എക്കോണമിയില്‍ പോലും വിദ്യാഭ്യാസവും, ആരോഗ്യവും പൊതുമേഖലയില്‍ നിലനില്‍ക്കുന്നതും പരിപോഷിപ്പിക്കുന്നതുമാണ്‌ ചലനാത്മകവും സാര്‍വത്രികവുമായ സാമൂഹ്യനീതി കാംക്ഷിക്കുന്ന ഒരു സമൂഹത്തിനു ഭംഗിയാവുക).

എന്തുകൊണ്ടു സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു എന്നതിന്‌ അന്നും ഇന്നും വ്യക്‌തമായ ഉത്തരങ്ങളില്ല്ല. കേരളത്തില്‍ നിന്നും വലിയൊരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേരളത്തിനു പുറത്തുപോയി പഠിക്കുന്നു എന്നതും, അങ്ങിനെ കേരളത്തിന്റെ കാശ്‌ പുറത്തുപോകുന്നു എന്നതുമായിരുന്നു പറഞ്ഞുകേട്ടിരുന്ന ഒരു കാരണം. കേരളത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ വിദ്യാഭ്യാസത്തിനു വേണ്ടി കേരളത്തിനു പുറത്തേക്ക്‌ ഒഴുക്കാനാവുന്ന മൂലധനം ഉണ്ടായിരുന്നില്ല. അങ്ങിനെ ഒഴുകിയിട്ടുണ്ടെങ്കില്‍ ആ സമ്പത്ത്‌ നമ്മുടെ അടിസ്ഥാന എക്കോണമിയെ കാര്യമായി ബാധിക്കുന്നതും ആയിരുന്നില്ല. അതില്‍ മുഖ്യപങ്കും വിദേശമലയാളികളുടെ ഡ്രാഫ്റ്റില്‍ നിന്നും പോകുന്നതായിരുന്നു. എങ്ങിനെയെങ്കിലും കുറച്ചു വിദേശപണം കേരളത്തില്‍ എത്തിക്കുക എന്നതായിരുന്നു ഉദ്ദേശമെങ്കില്‍ അതിനെക്കാളും ശ്രമരഹിതവും ലാഭകരവുമായ വഴികളുണ്ടായിരുന്നു. തായ്‌ലാന്റ് ഉദാഹരണം

പക്ഷേ ഈ സാമ്പത്തികവശം അല്ല വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വിചിന്തനീയം. ഏറെകാലമായി നിലനിന്ന അസന്തുലിതം വര്‍ദ്ധിപ്പിച്ചു എന്നതുമാത്രമല്ല, അത്‌ വലിയൊരു നിലവാരതകര്‍ച്ചയും സംഭവിപ്പിച്ചു. ഇപ്പോഴൊരു എഞ്ചിനിയറെയോ ഡോക്ടറെയോ എന്തെങ്കിലും ആവശ്യാര്‍ത്ഥം സമീപിച്ചാല്‍, കണ്ടച്ചിറ കോളേജില്‍ നിന്നാണോ പുല്ലിച്ചിറ കോളേജില്‍ നിന്നാണോ എന്നു ആദ്യമേ തിരക്കേണ്ട അവസ്ഥയിലാണ്‌. പക്ഷെ അതിനെക്കാളുമൊക്കെ വലിയൊരു വിപത്തായി അനുഭവപ്പെടുന്നത്‌, വിദ്യാര്‍ത്ഥിസമൂഹത്തില്‍ ഇത്തരം കരിയറിസ്റ്റിക്‌ അതിമോഹങ്ങള്‍ സംഭവിപ്പിക്കുന്ന പേടിപ്പെടുത്തുന്ന അരാഷ്ട്രീയതയാണ്‌. വിദ്യാര്‍ത്ഥിരാഷ്ട്രീയം, ആര്‍ക്കും വേണ്ടാത്ത ഒരു അവന്യു ആയി മാറ്റപ്പെടുന്നു. ഏതൊരു ഉന്നത ഉദ്യോഗസ്ഥനും മുകളില്‍ നിന്ന്‌, രാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കേണ്ടിയിരിക്കുന്ന ഒരുകൂട്ടം ഈ വേണ്ടാത്ത ഇടത്തില്‍ നിന്നും വരുന്നവരായി തീരുന്നു. ഈ അവസ്ഥ അനിയന്ത്രിതമുതലാളിത്തം സൃഷ്ടിക്കുന്നതും ആഗ്രഹിക്കുന്നതുമാണ്‌. രാഷ്ട്രീയത്തിന്റെ തലത്തെ സാമൂഹ്യബോധം കമ്മിയായ ഒരു കോര്‍പ്പറേറ്റ്സ്ഥാപനം ആക്കി മാറ്റാന്‍ ഇതു സഹായിക്കുന്നു.

ടിയാനെന്‍മെന്‍ സ്ക്വയര്‍ എന്ന സമകാലിക ചരിത്രത്തിലെ രക്തരൂക്ഷിതമായ വിദ്യാര്‍ത്ഥിവിപ്ലവം മറക്കാനുള്ള കാലമായി എന്നു തോന്നുന്നില്ല. 'പ്രതിവിപ്ലവം' എന്നു യാഥാസ്ഥിതിക കമ്മ്യൂണിസവും മുതലാളിത്തവും ഒരുപോലെ തെറ്റിവിളിച്ച ആ ചൈനീസ്‌ വിദ്യാര്‍ത്ഥി വസന്തം, ആശയത്തിന്റെ തലത്തിലോ, ജയപരാജയങ്ങളുടെ തലത്തിലോ എന്തായിരുന്നു എന്നതല്ല വിഷയം, അത്‌ സംഭവിച്ചു എന്നതാണ്‌. ധാര്‍മ്മികതയുടെ, ദര്‍ശനബാധ്യതയുടെ കുത്തൊഴുക്കു സംഭവിക്കുന്ന കലാലയകാലത്തെ, അരാഷ്ട്രീയതയുടെ കോടമഞ്ഞില്‍ പുതച്ചിടാതെ, ഒരു വിദ്യാര്‍ത്ഥിസമൂഹം മുഴുവന്‍ രാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കാന്‍ ഇറങ്ങിതിരിച്ചു എന്നിടത്താണ്‌ അതിന്റെ പ്രസക്തി. ക്യാപ്പിറ്റലിസ്റ്റ്‌ അജണ്ട നടപ്പാക്കാനുള്ള പടിഞ്ഞാറിന്റെ ഗൂഢതന്ത്രം എന്ന സര്‍ക്കാര്‍ വിശകലനമൊന്നും തെളിയിക്കപ്പെട്ടിട്ടില്ല, അങ്ങിനെ കരുതാനും ആവില്ല. അതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായിരുന്നു. സ്വാതന്ത്ര്യം എന്നത്‌ വ്യവസ്ഥാപിത കമ്മ്യൂണിസത്തിന്‌ അപരിചിതമായി പോയതാണ്‌ അതിനെ ക്യാപ്പിറ്റലിസ്റ്റ്‌ ചലനം എന്നു വിശേഷിപ്പിക്കാന്‍ ഇടയാക്കിയതെന്നുവേണം കരുതാന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയം രാഷ്ട്രനിര്‍മ്മിതിയുടെ ഭാഗമായി ചരിത്രത്തില്‍ അടയാളപ്പെടുന്നതിനെ ഉദാഹരിക്കാനാണ്‌ ഇതു സൂചിപിച്ചത്‌. ടിയാനെന്മെന്‍ സ്ക്വയര്‍ സംഭവത്തിനു മുന്‍പുള്ള ചൈനയല്ല അതിനു ശേഷമുള്ളത്‌ എന്നത്‌ നിസ്തര്‍ക്കം. എഴുപതുകളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഏറ്റെടുത്ത അതിതീവ്ര രാഷ്ട്രീയ / സാംസ്കാരിക അഭിമുഖീകരണങ്ങള്‍ ഏറ്റുവാങ്ങിയ പരാജയം, പക്ഷേ, ഒരിക്കലും ആ കാലഘട്ടത്തിന്റെ തീപിടിച്ച അസ്തിത്വത്തെ നിരാകരിക്കാന്‍ ഉപയോഗിക്കരുത്‌. എന്നാല്‍ അതിനു ശേഷം ക്രമാനുഗതമായ തളര്‍ച്ചയാണു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക്‌ സംഭവിച്ചിട്ടുള്ളത്‌. കേരളത്തിന്റെ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ത്ഥിസംഘടനകളും മാതൃസംഘടനകളോട്‌, അമിതമായ വിധേയത്വം കാണിക്കുന്ന, സ്വന്തമായി ഒന്നും മുന്നോട്ടുവയ്ക്കാനില്ലാത്ത അവസ്ഥയിലേക്ക്‌ മാറി.

വിദ്യാര്‍ത്ഥിരാഷ്ട്രീയം അക്രമത്തിലേക്കു വഴുതിവീഴുന്നത്‌ പുതിയ സംഭവം ഒന്നും അല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരസമയത്ത്‌, സര്‍ക്കാരിനെതിരെ അക്രമണം നടത്തിയ വിദ്യാര്‍ത്ഥിപ്രക്ഷോഭകരെയൊന്നും ഇന്നു ആക്രമണകാരികള്‍ എന്നല്ല സംബോധനചെയ്യുക. സാഹചര്യങ്ങള്‍ കലാപങ്ങള്‍ ആവശ്യപ്പെടുന്നു. അവ എല്ലായിപ്പോഴും അതനുഭവിക്കുന്ന സമൂഹത്തെ പിന്നോട്ടുവലിക്കുന്നതായികൊള്ളണം എന്നില്ല. ഒരുപാടിടങ്ങളില്‍ അത്‌ വലിയ കുതിച്ചുച്ചാട്ടങ്ങള്‍ക്കും കുറച്ചുകൂടി ആധുനികമായ സാമൂഹികക്രമം സൃഷ്ടിക്കുന്നതിലേക്കും നയിച്ചു എന്നാണു ചരിത്രപാഠം. ഇത്‌ ഇന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ദര്‍ശനമില്ലാത്ത കലാപങ്ങളെ ന്യായീകരിക്കാനല്ല പറഞ്ഞത്‌. പക്ഷേ ഈ കലാപങ്ങളൂടെ പേരില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം നിരോധിക്കാന്‍ ജുഡിഷ്യറി തുനിയുമ്പോള്‍, ബന്ദ്‌ നിരോധിച്ചതുപോലെ തന്നെ, അത്‌ എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നു എന്നാവുന്നു. അങ്ങിനെ ചുട്ടാലുള്ള കുഴപ്പം എലി ചത്തോ എന്ന്‌ നമുക്കു ഒരിക്കലും ഉറപ്പാക്കാന്‍ പറ്റാതെവരുന്നു. എന്നാലോ ഇല്ലം കത്തിചാമ്പലാവുകയുംചെയ്യും. ഉദ്ദേശിച്ചത്‌, ഇപ്പോള്‍ സംഭവിക്കുന്നതുപോലുള്ള വിദ്യാര്‍ത്ഥി കലാപങ്ങള്‍ അവസാനിക്കുമോ എന്നു ഉറപ്പാക്കാന്‍ പറ്റാതെ വരും, പക്ഷേ പ്രതിരോധങ്ങളും സമരങ്ങളും ഇല്ലാതാവുന്ന സമൂഹത്തില്‍, അത്തരം അരാഷ്ട്രീയത സൃഷ്ടിക്കുന്ന പൊതുമാനസികാവസ്ഥയില്‍, ജനാധിപത്യത്തിന്റേയും സാമൂഹ്യനീതിയുടേയും അന്ത:സത്ത കരിഞ്ഞുപോവുകയും ചെയ്യും.

നിലനില്‍ക്കുന്ന നിയമത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനും, ആ നിയമങ്ങള്‍ക്കു സാധ്യമായ ഭാഷ്യം നല്‍കാനും ജുഡിഷ്യറിക്ക്‌ അധികാരമുണ്ട്‌. ആ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള കടമ എക്സിക്യൂട്ടീവിനുമുണ്ട്‌. ഇത്‌ പരാജയപ്പെടുന്നു എന്നത്‌ രഷ്ട്രീയാപചയം കൊണ്ടാണെന്നു മാത്രമായി കാണുന്നതില്‍ വല്ലാത്ത ബുദ്ധിശൂന്യതയുണ്ട്‌. ഇന്നത്തെപോലെ ചെറിയ പ്രശ്നങ്ങളെയോ, പ്രശ്നം ഇല്ലായ്മയേയോ പര്‍വ്വതീകരിച്ച്‌ കലാപങ്ങളിലേക്ക്‌ നീങ്ങുന്നത്‌ രാഷ്ട്രീയകക്ഷികള്‍ ഒഴിവാക്കണം എന്ന ധാര്‍മികപ്രശ്നം ഉന്നയിക്കുമ്പോള്‍ തന്നെ, ഈ കലാപങ്ങള്‍ ഒഴിവാക്കാനുള്ള എക്സിക്യൂട്ടിവിന്റെ കഴിവുകേടിനെ കുറച്ചു കാണരുത്‌. സമൂഹത്തിന്റെ മറ്റെല്ലാതലങ്ങളെയും പോലെ, അല്ലെങ്കില്‍ അതിനെക്കാളേറെ നമ്മുടെ എക്സിക്യൂട്ടീവും അപചയപെട്ടിരിക്കുന്നു. ആ കഴിവുകേടിനെ മറച്ചുവയ്ക്കാനെ ജുഡിഷ്യറിയുടെ ഇത്തരം ഉത്തരവുകള്‍ ഉപകാരപെടുകയുള്ളു. കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയം ഒഴിവാക്കാനല്ല ജുഡിഷ്യറി തീരുമാനിക്കേണ്ടിയിരുന്നത്‌. വ്യക്‌തമായ രാഷ്ട്രീയദര്‍ശനങ്ങളില്ലാത്ത വിദ്യാര്‍ത്ഥികലാപങ്ങള്‍ ഒഴിവാക്കാന്‍ എക്സിക്യൂട്ടിവിനു നിര്‍ദ്ദേശം നല്‍കുകയാണ്‌ ചെയ്യേണ്ടത്‌, ആ ജോലി അവര്‍ സ്വയം ചെയ്യുന്നില്ലെങ്കില്‍. അതൊരു ലോ അന്റ്‌ ഓര്‍ഡര്‍ പ്രശ്നം മാത്രമാണ്‌. അല്ലാതെ ജനാധിപത്യത്തിന്റെ അന്ത:സത്തയായ കക്ഷിരാഷ്ട്രീയം നിരോധിക്കാന്‍ ജുഡിഷ്യറിക്ക്‌ അവകാശമില്ല, കലാലയത്തിലെന്നല്ല, ഐ.റ്റി.പാര്‍ക്കില്‍ എന്നല്ല, ഒരിടത്തും.

കലാലയങ്ങള്‍ക്ക്‌ പുറത്ത്‌ വിദ്യര്‍ത്ഥികള്‍ക്ക്‌ വേണമെങ്കില്‍ രാഷ്ട്രീയം ആവാമല്ലോ എന്ന വാദം ബാലിശമാകുന്നത്‌ രണ്ടു തരത്തിലാണ്‌. ഒന്നാമതായി രാഷ്ട്രീയം ഒരു പ്രയോഗം മാത്രമല്ല, ജീവിതാവസ്ഥകൂടിയാണെന്നത്‌ മനസ്സിലാക്കാനാവാതെ പോകുന്നു എന്നതിനാലാണത്‌. അതിനെ സമൂഹത്തിന്റെ ചില കള്ളികളില്‍ ഒതുക്കുന്നത്‌ അരാഷ്ട്രീയതയുടെ തെളിവാകും. മറ്റേതൊരു തൊഴില്‍പോലെയും ആക്കിമാറ്റി വിലകുറച്ച്‌ പ്രതിബദ്ധശൂന്യമാക്കുന്നു എന്നാണത്‌. രണ്ടാമത്‌ കലാലയം, പുസ്തകങ്ങള്‍ മാത്രം പഠിക്കാനുള്ള ഇടമല്ല എന്നത്‌ ഉള്‍ക്കൊള്ളാനാവാതെ പോകുന്നതിനാലുമാണ്‌. കലാലയം, ജീവിതം പഠിക്കാനുള്ള സ്ഥലം കൂടിയാണ്‌. രാഷ്ട്രീയാസ്തിത്വം ഒഴിവാക്കി, രാഷ്ട്രനീതിയുടെ പ്രയോഗങ്ങള്‍ ഒഴിവാക്കി, ആഴത്തിലുള്ള രാഷ്ട്രീയബോധം ഒഴിവാക്കി, കലാലയങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന തലമുറയുടെ ജീവിതം ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണായി മാറും. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കാര്‍ഷികമേഖലയിലും തുടങ്ങി സമൂഹത്തിന്റെ സമസ്ത ഇടങ്ങളിലും രാഷ്ട്രീയം നിലനില്‍ക്കേണ്ടതും, രാഷ്ട്രീയപ്രയോഗങ്ങള്‍ സാധ്യമാവേണ്ടതും സാര്‍വത്രികവും സന്തുലിതവും ആരോഗ്യകരവുമായ നീതിവ്യവസ്ഥ നിലനില്‍ക്കേണ്ടുന്ന ഒരു സാമൂഹത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

ബന്ദ്‌ നിരോധിച്ചപ്പോള്‍, ഹര്‍ത്താല്‍ ബന്ദായി മാറിയതുപോലെ, സൂത്രപണികളിലൂടെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ യൂണിറ്റുകള്‍ ഇനിയും നിലനില്‍ക്കും. (ഇങ്ങിനെ തോന്നാന്‍ കാരണം, കോടതിവിധി വന്നതിനുശേഷം വിദ്യാര്‍ത്ഥിസംഘടനകള്‍ ഒന്നുംതന്നെ വേണ്ടരീതിയില്‍ പ്രതികരിച്ചു കണ്ടില്ല എന്നതിനാലാണ്‌). ഇതാണ്‌ ഏറെ അപകടകരം. ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിന്റെ ഒരു പ്രദേശവും സുതാര്യരഹിതവും രഹസ്യാത്മകവും ആവാന്‍ പാടില്ല. ഒളിച്ചുകളിക്കാനുള്ള ഒരു ജനാധിപത്യമാണോ നമ്മള്‍ ഇത്രയും കാലം കൊണ്ടു വളര്‍ത്തിയെടുത്തത്‌...? ജുഡിഷ്യറിയെ ഭയപ്പെട്ടുകൊണ്ട്‌ വേഷപ്രച്ഛന്നതയോടെ അവതരിപ്പിക്കാനുള്ളതാണോ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനം...? രാഷ്ട്രീയത്തില്‍ ഈ പ്രവണത വളര്‍ത്തുന്ന അധമബോധം ഒരുപാടുകാലം നിലനില്‍ക്കുന്ന വിപരീതഫലങ്ങള്‍ ഉണ്ടാക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നിയമത്തിന്റെ അവസാനവാക്കൊന്നും അല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ ഈ അധമബോധത്തോടെ പ്രവര്‍ത്തിക്കാതെ, ജുഡിഷ്യറിയുടെ ഉന്നതതലങ്ങളില്‍ സ്വതന്ത്രമായ രഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആവശ്യകതയേയും അന്തസത്തയേയും കുറിച്ച്‌ വാദിച്ചു ജയിക്കുകയാണു വേണ്ടത്‌. അവിടെയും പരാജയപ്പെടുകയാണെങ്കില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലെജിസ്ലേച്ചറിനെ കൊണ്ട്‌ അനുകൂലമായ നിയമനിര്‍മ്മാണം സാധ്യമാക്കണം. വിദ്യാര്‍ത്ഥികള്‍ ഇതിനുള്ള ഇച്ഛാശക്തി ഇന്ന്‌ പ്രകടിപ്പിക്കുന്നില്ലെങ്കില്‍, അരാഷ്ട്രീയതയ്ക്ക്‌ പിടികൊടുത്ത്‌ തോറ്റുപോകാന്‍ സമ്മതിച്ചുകൊടുക്കുന്നു എന്നാവുമത്‌.

Subscribe Tharjani |
Submitted by Roy (not verified) on Fri, 2007-04-27 11:54.

Very very Good .... but keep this document away from kerala high court.
I think now a day’s judiciary is in the way of capitalism.Also Indian judiciary is corrupted (Reports on Justice Bali and Mumbai court)
Roy