തര്‍ജ്ജനി

സി. ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

സ്രഷ്ടാവിന്റെ പരമ്പരയില്‍ ഒരാള്‍

മനുഷ്യന്റെ ചിന്തയും ഭാവനയും സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളാണു്‌. ഈ സരളവും ഹൃദ്യവുമായ സംഗതി എം. ഗോവിന്ദന്‍ മലയാളികളോടു പറഞ്ഞു. മനുഷ്യന്‍ ഇന്നോളം നിര്‍മ്മിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്‌മാരകങ്ങളായി നമ്മുടെ മുന്നിലുണ്ടു്‌. സ്ഥാപനങ്ങളായിത്തീര്‍ന്ന അവയെ പുണര്‍ന്നുകഴിഞ്ഞുകൂടുന്നതിലല്ല, അവ സൃഷ്ടിച്ച മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ ഉള്‍ക്കൊണ്ടു്‌ മുന്നോട്ടുപോകുന്നതിലാണു്‌ സ്വാതന്ത്ര്യത്തിന്റെ അഥവാ മാനുഷികതയുടെ മുദ്രയുള്ളതു്‌. മനുഷ്യചരിത്രം കാണിച്ചുതരുന്ന പാഠം അതാണു്‌. സിദ്ധികളില്‍നിന്നു്‌ സാദ്ധ്യതകളിലേയ്‌ക്കു്‌ മുന്നേറുക. മതങ്ങളും കലയും ശാസ്‌ത്രവും ചിന്തയും സമ്പാദിച്ച മാനുഷികമൂല്യങ്ങള്‍ പുനരവലോകനം ചെയ്‌തും പുതുക്കിയും കൂടുതല്‍ മാനവികവും സദാചാരപരവും ധാര്‍മ്മികവുമായ ഒരു ലോകത്തെ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു; അതിന്റെ സൃഷ്ടികര്‍ത്താക്കളാകേണ്ടതും സൃഷ്ടിയായിപ്പരിണമിക്കേണ്ടതും തങ്ങള്‍ തന്നെയാണെന്ന ബോധ്യത്തോടെ. മൂല്യങ്ങളുടെ സ്രഷ്ടാവായ മനുഷ്യനാണു്‌ പരമമായ മൂല്യം എന്ന ബോധ്യമാണിതു്‌. സ്വാതന്ത്ര്യം പാപമാണെന്നു വിശ്വസിക്കുകയും ചിന്തയ്‌ക്കും ഭാവനയ്‌ക്കും കടിഞ്ഞാണിടണമെന്നു വാദിക്കുകയും ചെയ്യുന്ന മതാത്മകപ്രത്യയശാസ്‌ത്രങ്ങള്‍ക്കും മറ്റു്‌ അധികാരരൂപങ്ങള്‍ക്കും അതിനുള്ള വഴി കാണിച്ചുതരാനാവില്ല. എന്നാല്‍, മനുഷ്യന്റെ ചിന്താശക്തിക്കു്‌ അതിനുള്ള കഴിവുണ്ടു്‌. അരനൂറ്റാണ്ടുകാലം ഗോവിന്ദന്‍ മലയാളികളോടു സംസാരിച്ചതിന്റെ പൊരുളും ബലവും അതായിരുന്നു.

ഗോവിന്ദന്റെ മാര്‍ഗ്ഗം

പൂജാവിഗ്രഹങ്ങളും പൂജാരിമാരും ഭക്തന്മാരും ചേര്‍ന്ന ലോകം സ്വര്‍ഗ്ഗത്തിലേയ്‌ക്കുള്ള പാതയൊരുക്കുമെന്നു്‌ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്‌ത്രങ്ങളെ ഗോവിന്ദന്‍ സംശയിക്കുകയും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍കൊണ്ടു നേരിടുകയും ചെയ്‌തു. ആരുടെ ചേരിയില്‍ എന്നു്‌ ചോദിച്ചു വിരട്ടുന്നവരോടു്‌ അദ്ദേഹം മനുഷ്യന്റെ ചേരിയില്‍ എന്നു പ്രതിവചിച്ചു. അവിടെ നിന്നില്ല; അല്‌പം ചിന്തിച്ചാലെന്തു്‌ എന്നു തിരികെ ചോദിക്കുകയും ചെയ്‌തു. സന്ദര്‍ഭവശാല്‍, കുഴക്കുകയും വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നതായി ഈ ചോദ്യം. നീ `മനുഷ്യ'നെ കൊല്ലരുതു്‌ എന്നു്‌ താക്കീതുചെയ്‌തുകൊണ്ടാണു്‌ ഈ ചോദ്യംചെയ്യല്‍ പരിസമാപ്‌തിയിലെത്തിയിരുന്നതു്‌. ഇതിനു വിപുലമായ വിവക്ഷകളാണുണ്ടായിരുന്നതു്‌. മനുഷ്യനെക്കുറിച്ചുള്ള ദര്‍ശനം അതിനു പിന്‍ബലമായുണ്ടായിരുന്നു. ആധുനികതയില്‍ പ്രചരിപ്പിക്കപ്പെട്ട വിഭാഗീയവും അധികാരപരവും നിരാകരണപ്രവണവുമായ അരഗന്‍റു്‌ ഹ്യൂമനിസമായിരുന്നില്ല അതു്‌. എം. എന്‍. റോയി തെളിച്ചെടുത്ത സമഗ്രമനുഷ്യന്റെ ദര്‍ശനവുമായാണു്‌ അതിനു്‌ ചാര്‍ച്ച.. സ്ഥലകാലങ്ങളില്‍ ആണ്ടുപടര്‍ന്ന വേരും പുതിയ ആകാശത്തില്‍ പടര്‍ന്ന ശാഖകളുമുള്ള ഒരു സങ്കല്‌പമായിരുന്നു ഗോവിന്ദനു്‌ മനുഷ്യന്‍. അതില്‍ സര്‍വ്വത്ര വ്യാപിച്ച ഒരു തത്വമായി ഗോവിന്ദന്‍ സ്വാതന്ത്ര്യത്തെ സങ്കല്‌പിക്കുകയും ചെയ്‌തു.

മനുഷ്യന്റെ സൃഷ്ട്യുന്മുഖസ്വാഭാവവുമായി ഇണക്കിയാണു്‌ സ്വാതന്ത്ര്യത്തെ ഗോവിന്ദന്‍ മനസ്സിലാക്കിയതു്‌. നിര്‍മ്മാണശക്തിയുടെ വിത്തും അതിനു വിടരാനുള്ള പരിസരവും ആ സങ്കല്‌പനത്തില്‍ സമ്മേളിക്കുന്നു. വ്യക്തിയിലുള്ള ഒരു ഊന്നല്‍ ഗോവിന്ദന്റെ സ്വാതന്ത്ര്യചിന്തകളിലുണ്ടു്‌. മനുഷ്യന്റെ സാമൂഹികസ്വഭാവത്തെ നിരാകരിക്കുന്നു എന്നു്‌ ഇതിനര്‍ത്ഥമില്ല. സമഷ്ടി വ്യക്തിയ്‌ക്കു പുറത്തു്‌ ഒരെതിര്‍ധ്രുവമായി നിലകൊള്ളുന്ന സംഗതിയല്ല. വ്യക്തിയില്‍പ്രകാശിക്കേണ്ടതും വ്യക്തിയുടെ അനുഭവമായിത്തീരേണ്ടതുമാണു്‌ സ്വാതന്ത്ര്യമെന്ന ഭാവം. കലയും രാഷ്ട്രീയവുമൊക്കെ സുന്ദരമായിത്തീരുന്നതു്‌ ഈ മൂല്യത്തെ സാക്ഷാത്‌കരിക്കുമ്പോഴാണു്‌. അപ്പോള്‍ അതിനു സര്‍ഗ്ഗാത്മകം എന്നു വിശേഷണമാവാം. നവീനത എന്നും അതിനെ കുറിക്കാം. അധികാരം എന്ന മനോരോഗമാകുന്നു അതിന്റെ എതിരി. പരിണാമത്തിന്റെ പാതയില്‍ മൃഗതലത്തില്‍ വിരമിക്കാതെ മനുഷ്യനിലേക്കു കടന്നുവന്ന ആധിപത്യപ്രവണതയാണതു്‌ എന്നു ഗോവിന്ദന്‍ പറയും. ദൈവത്തോടൊപ്പം - തിരുമേനിമാരോടും പുരോഹിതന്മാരോടും ഒപ്പവും - അതുണ്ടു്‌. അധികാരത്തിന്റെ രൂപകമായാണു്‌ ദൈവത്തെ ഗോവിന്ദന്‍ കണക്കാക്കിയതു്‌. മനുഷ്യനിലേക്കു്‌ ദൈവത്തെ പകര്‍ത്തുമ്പോള്‍ ഈ വ്യാധിയുടെ സംക്രമണമാണു്‌ സംഭവിക്കുന്നതു്‌. മനുഷ്യന്‍ മനുഷ്യനായിരിക്കേണ്ടതിനു്‌, പറുദീസയില്‍നിന്നു്‌ പിടിച്ചുവാങ്ങിയ സര്‍ഗ്ഗാത്മകതയെ കെടാതെ കാക്കുന്നതിനു്‌ അധികാരത്തില്‍നിന്നു്‌ ഓടിയകലേണ്ടതുണ്ടെന്നു്‌ അദ്ദേഹം കരുതി.

മനുഷ്യന്‍ എന്ന മൂല്യത്തെ വിശാലതയോടെ മനസ്സിലാക്കേണ്ടതുണ്ടു്‌ എന്നായിരുന്നു ഗോവിന്ദന്‍ കരുതിയതു്‌. നാളെയെക്കുറിച്ചു ഭാവനചെയ്യാനും ജിജ്ഞാസയോടെ അന്വേഷിക്കുവാനും ഒക്കെ പ്രേരണയായിത്തീരുന്നതിനു്‌ അതാവശ്യമാണു്‌. മാനുഷികമൂല്യങ്ങളെ മുന്‍നിറുത്തിയുള്ള വിവേകപൂര്‍ണ്ണമായ വിചാരരീതിയുടെ അനിവാര്യത അങ്ങനെ വന്നുചേരുന്നു. ഗോവിന്ദന്റെ രീതിശ്ശാസ്‌ത്രം അതായിരുന്നു. ഇതല്ലാതെ വേറെയും വഴികളുണ്ടു്‌; ചെത്തി വെടിപ്പാക്കിയ വഴികള്‍. മനുഷ്യനെ പ്രഭുവായോ അടിമയായോ കല്‌പിച്ചു്‌ വന്ധ്യമായ ഉത്തരങ്ങളിലേക്കു നയിക്കുന്നവ. അരഗന്‍റു്‌ ഹ്യുമനിസവും ആന്റിഹ്യുമനിസവും ഈ വഴിത്താരകളിലൂടെയാണു്‌ ചരിച്ചതു്‌; ചരിച്ചുകൊണ്ടിരിക്കുന്നതു്‌. ആണയിട്ടുറപ്പിക്കാവുന്ന മട്ടിലുള്ള ഉത്തരങ്ങളുമായി ജീവിക്കുന്ന തരക്കാരെപ്പറ്റി ഗോവിന്ദന്‍ എഴുതിയതു്‌ ഈ മാര്‍ഗ്ഗഭേദങ്ങളെപ്പറ്റിയുള്ള അറിവോടെയാണു്‌. മൂല്യങ്ങളുടെ സ്രഷ്ടാവും പ്രയോക്താവും മാത്രമല്ല മാനദണ്ഡവും മനുഷ്യനാകുന്നു.

മനുഷ്യനെ അടിമയായി സങ്കല്‌പിക്കുന്ന പഴയ മതചിന്തയുടെ തിരിച്ചുവരവാണു്‌ അധികാരോന്മുഖവും സമഗ്രാധിപത്യപരവുമായ ആധുനികപ്രത്യയശാസ്‌ത്രങ്ങളില്‍ ഗോവിന്ദന്‍ കണ്ടതു്‌. ആ അര്‍ത്ഥത്തില്‍ പുതിയ മതങ്ങളാണവ. അവയില്‍നിന്നു്‌ വിമുക്തമായി ചിന്തയുടെ തലത്തില്‍ മാനവതാവാദപരമായ ഒരു പാതയില്‍ മുന്നോട്ടുപോവുന്നതിലൂടെ ആധുനികത സര്‍ഗ്ഗാത്മകമായി പൂര്‍ത്തീകരിക്കേണ്ടതുണ്ടു്‌ എന്നു്‌ അദ്ദേഹം വിശ്വസിച്ചു. അതിന്റെ പ്രാഥമികമായ പടി മാനസികമായ പരിവര്‍ത്തനമാണു്‌. മനുഷ്യനെന്ന മൂല്യത്തെ പരമപ്രധാനമായി സങ്കല്‌പിക്കുന്ന ഒരു വിചാരരീതിയുടെ സാക്ഷാല്‍ക്കാരം. ഇത്തരമൊരു ദാര്‍ശനികവിപ്ലവത്തെ സാധ്യമാക്കേണ്ടതു്‌ ബുദ്ധിജീവികളാണു്‌. മനുഷ്യന്‍ ഒരു സാംസ്‌കാരികജീവിയാകയാല്‍ സംസ്‌കാരത്തിന്റെ മണ്ഡലത്തിലാണു്‌ മാറ്റങ്ങള്‍ പ്രാഥമികമായി സംഭവിക്കേണ്ടതു്‌. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ അതിനൊത്തും പിന്തുടര്‍ന്നും സംഭവിക്കേണ്ടതാണു്‌. ഉന്നതമായ മൂല്യബോധത്തിന്റെ അഭാവത്തില്‍ സംഭവിക്കുന്ന അധികാരപരമായ അഴിച്ചുപണിയലുകള്‍ വിപ്ലവമെന്നൊക്കെ വിളിക്കപ്പെട്ടേക്കാമെങ്കിലും അതിന്റെ ഗതി ശോഭനമായിരിക്കാനിടയില്ല. ചരിത്രം നല്‍കുന്ന പാഠവും മറ്റൊന്നല്ല.

ഇത്തരത്തിലുള്ള ഒരു മാനവികവീക്ഷണത്തോടെ ഗോവിന്ദന്‍ എഴുതുകയും പറയുകയും ചെയ്‌തു; തെല്ലു നിരാശയോടെയും അതിലേറെ ശുഭാപ്‌തിവിശ്വാസത്തോടെയും. സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം, മാര്‍ക്‌സിസം, കമ്മ്യൂണിസം, ഫാസിസം, മുതലാളിത്തം, മതങ്ങള്‍, ദൈവത്തെയും പുരോഹിതനെയും അനിവാര്യമാക്കുന്ന മതാത്മകസ്ഥാപനങ്ങള്‍, അധികാരത്തിന്റെ മാസ്‌മരികമായ പ്രലോഭനങ്ങള്‍, മനുഷ്യന്റെ ചിന്താശക്തി, മാനുഷികമൂല്യങ്ങള്‍, ബുദ്ധിജീവികള്‍, കല, ശാസ്‌ത്രം, മിത്തു്‌, യുക്തി, മനുഷ്യവര്‍ഗ്ഗത്തെ മുന്നോട്ടു നയിച്ച സര്‍ഗ്ഗാത്മകത...ഗോവിന്ദന്റെ പ്രമേയങ്ങള്‍ ഇതൊക്കെയായിരുന്നു. ആധുനികതയില്‍ തെഴുത്ത മാനുഷികമൂല്യങ്ങളോടായിരുന്നു ഗോവിന്ദനു്‌ ആഭിമുഖ്യം. എന്നാല്‍ അതു്‌ അടഞ്ഞു്‌ ആധുനികതയോടുള്ള അന്ധമായ ആരാധനയായിത്തീരാതിരിക്കുവാന്‍ അദ്ദേഹം നിതാന്തജാഗ്രത പുലര്‍ത്തി. ഇതരങ്ങളെ കല്‌പിക്കുകയും അവയ്‌ക്കുനേരെ വാതിലുകള്‍ കൊട്ടിയടയ്‌ക്കുകയും ചെയ്യുന്നതിലൂടെ ആന്ധ്യം വരിക്കുന്നതിലെ സാംസ്‌കാരികമായ ആത്മഹത്യയെക്കുറിച്ചു്‌ അദ്ദേഹത്തിനു്‌ തികഞ്ഞ ബോധ്യമുണ്ടായിരുന്നു. മതവും കലയും രാഷ്ട്രീയവും ഉള്‍പ്പെടെയുള്ള സാംസ്‌കാരികധാരകള്‍ തമ്മിലുള്ള സംവാദത്തിലൂടെ മാനുഷികമൂല്യങ്ങളെ മുന്‍നിര്‍ത്തുന്ന സംസ്‌കാരത്തിന്റെ സര്‍ഗ്ഗാത്മകമായ ഒരു ഗതിക്രമത്തെ നിര്‍ധാരണം ചെയ്യാനാവുമെന്നു്‌ അദ്ദേഹം കരുതി. ഈ മൂല്യപരമ്പരയില്‍ സ്ഥാനപ്പെടുത്താവുന്നതും അടിയുറപ്പിക്കാവുന്നതുമാണു്‌ അദ്ദേഹത്തിനു്‌ ജനാധിപത്യവും സോഷ്യലിസവും. അവയ്‌ക്കു്‌ ചിന്താപരമായ പശ്ചാത്തലമൊരുക്കുന്നതിനുള്ള പ്രതിബദ്ധമായ അന്വേഷണങ്ങളായിരുന്നു ഗോവിന്ദന്റെ ധൈഷണികയത്‌നങ്ങള്‍.

ധാര്‍മ്മികമൂല്യങ്ങളും ആധുനികതയും തമ്മിലുള്ള നാഭീനാളബന്ധം തിരിച്ചറിയപ്പെടാതെ പോകുന്നതാണു്‌ ഒരു ദുരന്തം. അങ്ങനെ ആധുനികത വന്ധ്യമായിത്തീരുന്നു. മുമ്പു പറഞ്ഞ, `അരഗന്‍റു്‌ ഹ്യൂമനിസ'മാണു്‌ അതിന്റെ ഫലം. മധ്യയുഗമതാന്ധതയില്‍നിന്നു്‌ ഗുണപരമായി വ്യത്യാസമൊന്നും അവകാശപ്പെടാന്‍ കഴിയാത്ത പുതിയ തിയോളജിയും പ്രഭുത്വവാഴ്‌ചയുമാണു്‌ അതു്‌ മുന്നോട്ടു വെയ്‌ക്കുന്നതു്‌. പുതിയ പ്രഭുത്വം കൂടുതല്‍ ശക്തവും സൂക്ഷ്‌മവുമാണു്‌. ബലപ്രയോഗത്തിന്റെ സൂക്ഷ്‌മമായ ഉപാധികള്‍ വികസിപ്പിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും ഈ മുഷിഞ്ഞ ആധുനികതയുടെ മുരടന്‍ സന്തതികളാകുന്നു. അധികാരമുള്ളവനും ഇല്ലാത്തവനും അനിവാര്യമായ സാമൂഹികക്രമങ്ങളാണു്‌ അവ ആദര്‍ശമാക്കുന്നതു്‌. ബലം തന്നെയാകുന്നു അവയുടെ നീതി. ബലവാനായ ദൈവം സത്യംസത്യമായി പുനരുത്ഥാനംചെയ്‌തു്‌ രാജാവായി ജീവിക്കുന്നു. രക്തസാക്ഷി മരിക്കുന്നില്ല എന്ന മുദ്രാവാക്യം ആധുനികതയിലെ ഈ വിപര്യയത്തെ അവലംബിച്ചു്‌ സാര്‍ത്ഥകമാകുന്നു.

യുദ്ധങ്ങളിലൂടെയും അധികാരത്തിന്റെ പല പ്രകാരത്തിലുള്ള കടന്നുകയറ്റങ്ങളിലൂടെയും ആധുനികകാലം സാക്ഷാത്‌കരിച്ചതും ഉദാഹരിച്ചതും ഈ പിന്‍മടക്കത്തെയാണു്‌. ശക്തിപൂജാപരമായ ഈ അപയാനത്തെ മറികടക്കാനുള്ള വിവേകപൂര്‍വ്വകമായ ശ്രമങ്ങള്‍ ഉണ്ടാകാത്തപക്ഷം മനുഷ്യവംശത്തിന്റെ ഭാവി ഇരുണ്ടു പോവുകയേയുള്ളൂ. യുക്തികൊണ്ടു നേടിയതൊക്കെയും യുക്തിയിലുള്ള അന്ധവിശ്വാസംകൊണ്ടു്‌ കൈമോ ശം വന്നേയ്‌ക്കും. മനുഷ്യന്‍ വികസിപ്പിച്ച യന്ത്രങ്ങള്‍ക്കും മറ്റു്‌ ഉപകരണങ്ങള്‍ക്കും അതിനു തടയിടാനാവില്ല. അവയെ വിവേകപൂര്‍വ്വം, മനുഷ്യവംശത്തിന്റെ പൊതുവായ താല്‌പര്യങ്ങളെ മുന്‍നിര്‍ത്തി കൊണ്ടുനടക്കാന്‍ സാധിക്കണം. മുമ്പു സൂചിപ്പിച്ചതുപോലെ, മനുഷ്യന്റെ മനോമണ്ഡലം വേണ്ടമട്ടില്‍ പുനസ്സംഘടിപ്പിക്കപ്പെട്ടാലേ അതിനു സാധിക്കുകയുള്ളൂ. സാംസ്‌കാരികതലത്തില്‍ ഇനിയും മുന്നോട്ടുപോയി മനുഷ്യന്‍ പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്ന നവോത്ഥാനപ്രക്രിയയിലേക്കാണു്‌ ഇതു വിരല്‍ചൂണ്ടുന്നതു്‌. മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ കലാകാരനും ചിന്തകനും ബുദ്ധിജീവിയും ചെയ്യുന്ന തൊഴിലുകൊണ്ടു്‌ സാധ്യമാക്കേണ്ട ബോധോദയമാണു്‌ നവോത്ഥാനത്തിന്റെ കാതല്‍. ആധുനികതയുടെ പൂര്‍ണ്ണത ആസ്വാദനീയമായിത്തീരുന്നതിനു്‌ ഇതു്‌ അനിവാര്യമാണു്‌.

നവോത്ഥാനം

മനുഷ്യന്റെ സാംസ്‌കാരികവികാസം നവോത്ഥാനങ്ങളിലൂടെയാണു്‌ സാധ്യമായതെന്നു്‌ ഇന്ത്യയുള്‍പ്പെടെയുള്ള സംസ്‌കാരങ്ങളുടെ ചരിത്രം കാണിച്ചുതരുന്നുണ്ടു്‌. സാംസ്‌കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം ആശയങ്ങളുടെ ഭൗതികതയെയും പ്രാഥമികതയെയും മനുഷ്യന്റെ കര്‍തൃനിഷ്‌ഠമായ വശത്തെയും അറിഞ്ഞാദരിക്കുന്ന ഒരു ചരിത്രവീക്ഷണമാണിവിടെയുള്ളതു്‌. മനുഷ്യന്റെ സാമൂഹികകര്‍തൃത്വം ബന്ധങ്ങളാല്‍ നിര്‍വ്വചിക്കപ്പെടുന്നതും ചരിത്രപരവുമാണെന്നതുകൊണ്ടു്‌ സ്വന്തമെന്നുപറയാന്‍ ഒന്നുമില്ലാത്ത, യാതൊരു സ്വാച്ഛന്ദ്യവുമില്ലാത്ത ഒരു എന്റിറ്റിയാണു്‌ മനുഷ്യനെന്നുവെക്കാന്‍ കൂട്ടാക്കാത്തവര്‍ക്കേ ഈ വീക്ഷണത്തോടു പൊരുത്തപ്പെടാന്‍ കഴിയുകയുള്ളൂ. അത്തരം സമീപനം അശാസ്‌ത്രീയമായിപ്പോകുമെന്നു ഭയക്കുന്ന ആന്റിഹ്യൂമനിസ്റ്റുകളെയും ശാസ്‌ത്രദൈവത്തിന്റെ പുരോഹിതരും വിശ്വാസികളുമായ യാന്ത്രികഭൗതികവാദികളെയും സംബന്ധിച്ചിടത്തോളം പൊറുക്കാവുന്നതോ പൊറുപ്പിക്കാവുന്നതോ അല്ല ഇതു്‌.

സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും പൈതൃകവുമായി ബന്ധിപ്പിച്ചു്‌ ആധുനികത മുന്നോട്ടുവെച്ച മാനവികതയുടെ മൗലികാദര്‍ശങ്ങളെ വിപുലീകരിച്ചും വിമര്‍ശനാത്മകമായി സൂക്ഷ്‌മവത്‌കരിച്ചുംകൊണ്ടു്‌ അവയുടെ സര്‍ഗ്ഗാത്മകതയും സംവാദാത്മകമായ തുറസ്സും നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണു്‌ വര്‍ത്തമാനത്തിന്റെ വെല്ലുവിളി. ഇന്നോളം ഉണ്ടായ, അഥവാ, മനുഷ്യന്‍ ഉണ്ടാക്കിയ ഒരു ചിന്താപദ്ധതിയും സാമൂഹികക്രമവും അവസാനവാക്കല്ല എന്നു ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിപ്ലവകരമായ ആ നേട്ടങ്ങള്‍തന്നെ തടവറകളായിത്തീരുന്നതാണു്‌. ഇനിയും കൂടുതല്‍ മുന്നോട്ടു്‌ എന്നതാവണം മുദ്രാവാക്യം. സര്‍വ്വജ്ഞഭാവവും സംതൃപ്‌തഭാവവും മാനുഷികമല്ല; സംതൃപ്‌തഭാവം മണ്ണുണ്ണികളുടെ ഭാവമാണു്‌ എന്നു്‌ ഗോവിന്ദന്‍ എഴുതുന്നുണ്ടു്‌. ഉയര്‍ന്ന സാമൂഹികബോധമുള്ള, സംസ്‌കാരസമ്പന്നനായ, നവീനസൗന്ദര്യബോധമുള്ള ധാര്‍മ്മികമനുഷ്യനായി പരിവര്‍ത്തിക്കുക എന്നതിനെയാണു്‌ പുരോഗതി എന്നതുകൊണ്ടു്‌ ഗോവിന്ദന്‍ കുറിക്കുന്നതു്‌. ഭൗതികസാഹചര്യങ്ങളില്‍ മനുഷ്യനുണ്ടാക്കുന്ന പുരോഗതിക്കൊപ്പം മൂല്യബോധവും വികസിക്കേണ്ടതുണ്ടു്‌. അതുണ്ടാവുന്നില്ലെങ്കില്‍ പരിഷ്‌കാരങ്ങളുടെ നടുവില്‍ പ്രാകൃതമായ വാസനകള്‍ നയിക്കുന്ന മനുഷ്യനായി അയാള്‍ കാലഹരണപ്പെട്ടേയ്‌ക്കും. അതു സംഭവിക്കാതിരിക്കണമെങ്കില്‍ മാനുഷികമൂല്യങ്ങളില്‍നിന്നു വെളിച്ചം സ്വീകരിക്കുകയും അവയെ വളര്‍ത്തുകയും ചെയ്യുന്ന മനുഷ്യര്‍ ബോധപൂര്‍വ്വം പെരുമാറേണ്ടതുണ്ടു്‌. ചിന്തിക്കുവാന്‍ തയ്യാറാകേണ്ടതുണ്ടു്‌. ചിന്തയുടെ അന്ത്യം മനുഷ്യന്റെ തന്നെ അന്ത്യമാകുന്നു: വ്യക്തിയും സാമൂഹ്യമനുഷ്യനും സ്രഷ്ടാവുമായ മനുഷ്യന്റെ മരണം.

സോഷ്യല്‍ പോളിറ്റിക്‌സു്‌

ജനാധിപത്യപരമായ സാമൂഹികക്രമമാണു്‌ ഗോവിന്ദന്റെ ചിന്തകളുടെ ചക്രവാളം. എന്താണു ജനാധിപത്യം? ഗോവിന്ദന്‍ചിന്തയില്‍ അതു്‌ ഏതെങ്കിലും വ്യവസ്ഥയോ ചട്ടക്കൂടോ അല്ല. മറിച്ചു്‌, മനുഷ്യന്റെ മൗലികഭാവമായ സ്വാതന്ത്ര്യത്തിനു്‌ അനുസൃതമായ ജീവിതരീതിയും സദാചാരപരവും ധാര്‍മ്മികവുമായ ജീവിതസമീപനവുമാണു്‌. മാനുഷികമൂല്യങ്ങളുടെ ഗണത്തിലാണു്‌ അതിനു സ്ഥാനം. അധികാരം അതിനു വിരുദ്ധമായ കെട്ട ഭാവമാണു്‌. അധികാരത്തെ സേവിക്കുമ്പോള്‍ മനുഷ്യന്‍ മാനുഷികതയോടു വിടപറയുകയാണു്‌. സര്‍ഗ്ഗാത്മകതയ്‌ക്കു്‌, സ്വാതന്ത്ര്യത്തിന്റെ പ്രകടനത്തിനു്‌ എതിരാണതു്‌. അധികാരരാഷ്ട്രീയത്തിനു്‌ ഈ വിവേകമില്ല. മനുഷ്യനെ പ്രജയായി, രണ്ടാമതു മാത്രം പരിഗണിക്കേണ്ടതായി നിര്‍വ്വചിച്ചെടുക്കുന്ന ഭരണകൂടമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും കണക്കില്‍ മനുഷ്യസ്വാതന്ത്ര്യത്തെ അധികാരത്തോടു്‌ പൊരുത്തപ്പെടുത്തുകയാണു്‌ ചെയ്യുന്നതു്‌. അതു്‌ മനുഷ്യനും മനുഷ്യന്റെ ജൈവികമായ പ്രവണതകള്‍ക്കും എതിരായി മര്‍ദ്ദനോപകരണങ്ങളായി മാറുന്നു. മനുഷ്യനെന്ന മൂല്യത്തെ നിരാകരിക്കുന്നു. ചിന്താശേഷി നശിച്ചിട്ടില്ലാത്ത മനുഷ്യര്‍, വിപ്ലവബോധമുള്ളവര്‍ അതിനോടു്‌ ഏറ്റുമുട്ടുക സ്വാഭാവികം. എന്നാല്‍ ഈ ഏറ്റുമുട്ടലിന്റെ പ്രചോദനം നവീനമായ മൂല്യബോധമല്ലെങ്കില്‍ അധികാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍പ്പെട്ടുപോവുകയായിരിക്കും ഫലം. അധികാരിയായിത്തീരുക, അധികാരത്തിന്റെ വക്താക്കളോ ചാവേറുകളോ ആയിത്തീരുകയെന്ന ദുര്‍വ്വിധി. ഭരണത്തെ ലക്ഷ്യമാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അനിവാര്യമായ ദുരന്തമാണിതു്‌. ഇതില്‍നിന്നു്‌ വിമുക്തമായ രാഷ്ട്രീയം മനുഷ്യനെ, ജനതയെ അഭിമുഖീകരിക്കുന്നതും മൂല്യങ്ങളെ സംബന്ധിച്ച അവബോധത്താല്‍ നയിക്കപ്പെടുന്നതുമാകും. `രണ്ടു സിമ്പലുകള്‍' എന്ന ഉപന്യാസത്തില്‍ അദ്ദേഹം പവര്‍ പോളിറ്റിക്‌സു്‌ / സോഷ്യല്‍ പോളിറ്റിക്‌സു്‌ എന്നു്‌ ദ്വന്ദ്വകല്‌പന നടത്തുന്നുണ്ടു്‌. സോഷ്യല്‍ പോളിറ്റിക്‌സായിരുന്നു ഗോവിന്ദന്റെ രാഷ്ട്രീയം. അതു്‌ രാഷ്ട്രീയമൂല്യങ്ങളെ ധാര്‍മ്മികതയോടിണക്കുന്ന അന്വേഷണങ്ങളായിരുന്നു; വാക്കു്‌ അതായിത്തന്നെ പ്രവൃത്തിയാകുന്നു എന്ന ആത്മവിശ്വാസമുള്ള എഴുത്തായിരുന്നു; ജീവിതത്തോടു്‌ ചേര്‍ത്തുവെയ്‌ക്കാന്‍ ആഗ്രഹിച്ച സദാചാരമായിരുന്നു. പേരുചൊല്ലി സംബോധന ചെയ്യാന്‍ ആരെയും അനുവദിക്കുന്ന, സമഭാവനയില്‍ ഉറച്ച പെരുമാറ്റമായിരുന്നു. സാഹോദര്യമായിരുന്നു. അന്യന്റെമേല്‍ അധികാരത്തിന്റെ വടിചുഴറ്റാതെ ജീവിക്കാന്‍ കഴിയണം എന്ന സ്വപ്‌നവും കഴിയുമെന്ന യാഥാര്‍ത്ഥ്യവും ഗോവിന്ദന്റെ ജീവിതത്തില്‍ പൊരുത്തപ്പെട്ടുനിന്നു.

ശക്തമായ രാഷ്ട്രീയാഭിമുഖ്യത്തോടെ പൊതുജീവിതമാരംഭിച്ച ആളാണു്‌ ഗോവിന്ദന്‍. എന്നാല്‍ അതിവേഗം അതില്‍നിന്നു്‌ പിന്‍വാങ്ങി അദ്ദേഹം കലയുടെയും സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെയും സര്‍ഗ്ഗാത്മകതയില്‍ അഭയം നേടി. അപ്പോഴും പൂര്‍വ്വാശ്രമത്തിലേക്കു്‌ ഉല്‍ക്കണ്‌ഠയോടെ അദ്ദേഹം ഉറ്റുനോക്കിക്കൊണ്ടിരുന്നു. സമകാലികരാഷ്ട്രീയത്തിന്റെ സാംസ്‌കാരികമായ ശൂന്യതയിലേക്കു്‌, രോഗബാധിതാവസ്ഥയിലേക്കു്‌, മാനവികതയ്‌ക്കു്‌ എതിരായ അതിന്റെ വ്യതിയാനത്തിലേക്കു്‌, അധികാരോന്മുഖതയിലേക്കു്‌, മതമായിത്തീരുന്ന പരിണതിയിലേക്കു്‌, സ്ഥാപനമായിത്തീരുന്നതിലേയ്‌ക്കു്‌ ഖേദത്തോടെ അദ്ദേഹം കണ്ണുകള്‍ പായിച്ചു. രാഷ്ട്രീയവും സാന്മാര്‍ഗ്ഗികതയും തമ്മില്‍ ഉണ്ടാവേണ്ട ദൃഢബാന്ധവത്തെപ്പറ്റി നിരന്തരം അദ്ദേഹം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. സോഷ്യലിസമെന്നാല്‍ പ്രാഥമികമായും ഒരു സദാചാരമൂല്യമാണെന്നു്‌ ഗ്രഹിക്കേണ്ടതുണ്ടെന്നു്‌ ശാസ്‌ത്രീയവും ഉട്ടോപ്പിയനുമായ സോഷ്യലിസത്തെക്കുറിച്ചു്‌ ക്ലാസ്സെടുക്കുന്നതില്‍ വ്യാപൃതരായിരുന്ന ഗുരുരൂപങ്ങളോടു്‌ അദ്ദേഹം പ്രതിവാദം ചെയ്‌തു.

ഗാന്ധിയെ അറിയുമ്പോള്‍

ഗാന്ധിയന്‍ രാഷ്ട്രീയത്തിനു്‌ ആധാരമായ മതാത്മകത ഫാസിസത്തിന്റെ വെടിമരുന്നാണു്‌ എന്നു്‌ ഉറച്ചപ്പോഴും ധാര്‍മ്മികതയുമായുള്ള അതിന്റെ ഇണക്കത്തെ ഗോവിന്ദന്‍ ആദരവോടെ കണ്ടു. ഗാന്ധിയുടെ മതം മനുഷ്യത്വഹീനമായ ബ്രാഹ്മണിസത്തില്‍നിന്നു്‌ ഊര്‍ജ്ജം ആവാഹിക്കുന്നതായിരുന്നില്ല എന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായി. ഗാന്ധിയുടെ രാഷ്ട്രീയം ഭരണകൂടത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. ജനസമൂഹങ്ങളുടെ സാംസ്‌കാരികമായ സ്വാച്ഛന്ദ്യത്തില്‍ ഊന്നുന്ന ഒന്നായിരുന്നു. അധികാരത്തെ അവിശ്വസിക്കുന്ന ഈ അംശത്തെ ഗോവിന്ദന്‍ തന്റെ ചിന്തയുടെ തിളക്കങ്ങളില്‍ ചേര്‍ത്തു. ഗാന്ധിക്കെതിരായി മനസ്സു കടുപ്പിച്ചുകൊണ്ടു്‌ ധൈഷണികജീവിതമാരംഭിച്ച ആളാണു്‌ ഗോവിന്ദന്‍. ആധുനികതയെ നിരാകരിക്കുകയും മതപരമായ ആത്മീയതയില്‍ അഭയം തേടുകയും ചെയ്യുന്ന ഗാന്ധിയോടു്‌ ഒരുനാളും അനുരഞ്‌ജനപ്പെടുവാന്‍ ഗോവിന്ദനായതുമില്ല. അവിടെയൊക്കെ റോയിയുടെ മാര്‍ഗ്ഗമാണു്‌ ഗോവിന്ദനു പത്ഥ്യമായിത്തോന്നിയതു്‌. എങ്കിലും, ധാര്‍മ്മികതയും രാഷ്ട്രീയവുമായുള്ള ഇണക്കങ്ങളെപ്രതി ഗാന്ധി ഗോവിന്ദന്റെ ഹൃദയത്തിലുണ്ടു്‌. ഇന്ത്യയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പരിതോവസ്ഥയെക്കുറിച്ചു്‌ എഴുതുമ്പോഴൊക്കെ ഗാന്ധി ഒരു രൂപകമായി കടന്നുവന്നുകൊണ്ടേയിരുന്നു. ഗാന്ധിയുടെ ജീവിതദുരന്തമായിരുന്നു ഗോവിന്ദനു്‌ ഇന്ത്യയുടെ രാഷ്ട്രീയദുരന്തം. ഗാന്ധിയുടെ മരണം ഗാന്ധിയുടെ ജീവിതത്തിന്റെ സാര്‍ത്ഥകത പ്രഖ്യാപിക്കുന്നുണ്ടു്‌ എന്നദ്ദേഹം കണ്ടു. എന്താണു ഗാന്ധി ഗാന്ധിയുടെ ജീവിതമല്ലെങ്കില്‍? എന്താണു ഗാന്ധിയുടെ ജീവിതം അദ്ദേഹത്തിന്റെ മരണമല്ലെങ്കില്‍? അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ ദുരന്തം ആത്മാവില്‍ ഏറ്റുവാങ്ങുന്നതിനാവശ്യമായ ഒരു ``ട്രാജികു്‌ സെന്‍സു്‌'' യുവതലമുറയില്‍ വെളിച്ചം പരത്തിയെങ്കില്‍ എന്നദ്ദേഹം പ്രത്യാശിച്ചു. സദാചാരത്തിന്റേതും ധാര്‍മ്മികതയുടേതുമായ ആഴത്തിലുള്ള ഒരു തലത്തില്‍ റോയിയെപ്പോലെ ഗോവിന്ദന്‍ ഗാന്ധിയോടു്‌ രാജിയായി. വാസ്‌തവത്തില്‍, ഗാന്ധിയില്‍ ധാര്‍മ്മികത മതത്തിന്റെ മേല്‍വിലാസത്തില്‍ പ്രചരിച്ച അഹിംസ പോലുള്ള തത്വങ്ങളായിരിക്കുമ്പോള്‍ റോയിമാര്‍ഗ്ഗത്തില്‍ ചരിച്ച ഗോവിന്ദനു്‌ അതു്‌ ആധുനികതയില്‍നിന്നും ഉള്‍ക്കൊള്ളുന്ന പാഠങ്ങളായി എന്നേ വ്യത്യാസമുള്ളൂ. ഗാന്ധിയും റോയിയും ഇങ്ങനെയൊരു മേഖലയില്‍ വന്നു്‌ മുഖാമുഖം നില്‍ക്കുന്നതിനെക്കുറിച്ചു്‌ ജയപ്രകാശു്‌ നാരായണന്‍ എഴുതിയതു്‌ ഗോവിന്ദന്‍ ഉദ്ധരിക്കുന്നുണ്ടു്‌. അര്‍ത്ഥഗര്‍ഭമായ ഒരു സംഗതിയാണിതു്‌.

ആധുനികതയെ പാശ്ചാത്യസംസ്‌കാരമായും ഹിംസാത്മകമായും കാണുന്ന ഗാന്ധിയുടെ വീക്ഷണം ഗോവിന്ദനു സ്വീകാര്യമായില്ല. ആധുനികത മുന്നോട്ടുവെച്ച ജനായത്തരാഷ്ട്രീയമൂല്യങ്ങള്‍ മനുഷ്യവംശം ആര്‍ജ്ജിച്ച സാംസ്‌കാരികമൂല്യപരമ്പരയുടെ ഭാഗമാണെന്നുകാണാന്‍ അദ്ദേഹത്തിനു പ്രയാസമില്ല. സാങ്കേതികപുരോഗതിയെ മനുഷ്യവംശത്തിന്റെ നേട്ടമായി കരുതി സ്വീകരിക്കുന്നതു്‌ ആവശ്യമാണെന്നുതന്നെ അദ്ദേഹം കരുതി. ബുദ്ധമാര്‍ഗ്ഗത്തിലും ക്രിസ്‌തുദര്‍ശനത്തിലും ആണ്ടുകിടക്കുന്ന ഗാന്ധിയുടെ ഉറവുകളില്‍ച്ചന്നു്‌ ഐക്യപ്പെടുകയായിരുന്നു ഗോവിന്ദന്‍. അവിടെയൊക്കെ ആധുനികമാനവികതയുടെ കിനിവുകളാണു്‌ അദ്ദേഹം കണ്ടതു്‌. ആധുനികതയെ കൊളോണിയലിസത്തിന്റെയും വ്യാവസായികമുതലാളിത്തത്തിന്റെയും അര്‍ത്ഥതലങ്ങളിലേക്കു ചുരുക്കിക്കാണുന്നതു്‌ അന്യായമാണെന്ന റോയിയുടെ തിരിച്ചറിവു്‌ ഗോവിന്ദന്‍ പങ്കിട്ടു. മൂല്യങ്ങള്‍ക്കു്‌ അതിന്റെ സ്രോതസ്സുകളില്‍നിന്നു വിട്ടു നില്‌പുണ്ടു്‌, അര്‍ത്ഥങ്ങളുണ്ടു്‌, ഗതിക്രമമുണ്ടു്‌- ഈ തിരിച്ചറിവു്‌ എപ്പോഴും ഗോവിന്ദനു വഴികാട്ടിയിരുന്നു. ആധുനികതയെ ഏകപക്ഷീയവും പ്രമാണിത്തപരവുമായ ലോകവീക്ഷണമായി കണ്ടു്‌ നിരാകരിക്കുന്നതിനു പകരം അതിന്റെ തുറസ്സുകളെ മുന്‍നിറുത്തി മാനവികമായ മൂല്യധാരകളുടെ തുടര്‍ച്ചയില്‍ ഉള്‍ക്കൊണ്ടതിനാല്‍ ഗാന്ധിയന്‍ നിഷേധത്തെയും കടന്നുപോകാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.

മിത്തും കലയും മതവും

മനുഷ്യവംശത്തിന്റെ പൊതുവായ പൈതൃകത്തിന്റെ ഭാഗമായിരിക്കുന്ന ഒന്നിനെയും അതിരിട്ടുതിരിക്കാനോ മുദ്രകുത്തി അസ്‌പൃശ്യത കല്‌പിച്ചു്‌ മാറ്റിനിര്‍ത്താനോ ഗോവിന്ദന്‍ സന്നദ്ധനായില്ല. സാംസ്‌കാരികവൈവിധ്യങ്ങളെ നിരാകരിക്കുകയും പ്രാമാണ്യം ഭാവിക്കുകയും ചെയ്യുന്ന കൊളോണിയലിസത്തിലെ സാംസ്‌കാരികബലപ്രയോഗത്തെ വെറുക്കുന്നതിന്റെ ഭാഗമായി ആധുനികതയെ ഒന്നാകെ തള്ളിപ്പറയുന്നതു്‌ നിരര്‍ത്ഥകമാണു്‌. സംവാദമാണു്‌ അവിടെയും സ്വീകാര്യമായ വഴി. വിവേചനബുദ്ധിയോടെ സ്വീകരിക്കേണ്ടവയെ നിര്‍ണ്ണയിച്ചെടുക്കുവാനും സ്വീകരിക്കുവാനും സാധിക്കേണ്ടതുണ്ടു്‌. പൊള്ളയും നിരര്‍ത്ഥകവുമായ ദേശാഭിമാനവും മറ്റും ഇതിനു്‌ വിഘാതമായിക്കൂട. മറിച്ചുള്ള സമീപനം, സംസ്‌കാരത്തിന്റെ വികാസചരിത്രം പരിശോധിക്കുമ്പോള്‍ തികഞ്ഞ മൗഢ്യമാണെന്നേ കാണുവാന്‍ കഴിയൂ. പാശ്ചാത്യം, പൗരസ്‌ത്യം എന്ന വേര്‍തിരിവിനെക്കുറിച്ചും മതത്തെ സംബന്ധിച്ചും ഗോവിന്ദന്‍ പുലര്‍ത്തുന്ന വീക്ഷണത്തില്‍ ഇമ്മട്ടിലുള്ള വിവേകം പ്രവര്‍ത്തിക്കുന്നതു കാണാം. തനതായ പാരമ്പര്യത്തില്‍ വേരുകളുറപ്പിക്കണമെന്നു കരുതുമ്പോഴും ഇതരസംസ്‌കാരങ്ങളുമായുള്ള സജീവമായ സംവാദം ആരോഗ്യകരമാണെന്നു്‌ അദ്ദേഹം കണ്ടു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സമന്വയസാക്ഷാത്‌കാരമാണു്‌ ബുദ്ധിജീവികളുടെ വഴി എന്നദ്ദേഹം പറയുന്നുണ്ടു്‌.

ദൈവ-പുരോഹിതകേന്ദ്രിതമായ മതാത്മകചിന്ത അധികാരപരമായ പ്രത്യയശാസ്‌ത്രമാണെന്നു നിനയ്‌ക്കുമ്പോഴും മതം പ്രചരിപ്പിച്ച സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ തിരസ്‌കാര്യമാണെന്നു കരുതിക്കൂടെന്നു്‌ അദ്ദേഹം താക്കീതു നല്‍കുന്നുണ്ടു്‌. മതത്തിന്റെ മാനുഷികതലങ്ങളെയും അദ്ദേഹം കണക്കിലെടുക്കുന്നു. പ്രതീകനിര്‍മ്മാണം മാനുഷികമാകുന്നു. അതു്‌ മറ്റു മാനുഷികമൂല്യങ്ങളെന്നപോലെ നമ്മുടെ സാംസ്‌കാരികമായ സമ്പാദ്യമാകുന്നു. മനോമണ്ഡലത്തിലേക്കുള്ള താക്കോലുകളാകുന്നു. മതവും കലയും യോജിക്കുന്ന മിത്തുകളുടെ ലോകമാണതു്‌. മതങ്ങളുടെ നിലനില്‌പു്‌ മിത്തുകളിലൂന്നിയാണു്‌. കലകളുടെ ആധാരവും മിത്തുകളാണു്‌ എന്നു ഗോവിന്ദന്‍ കണ്ടു. മിത്തുകളില്‍നിന്നു മിത്തുകള്‍. കലയില്‍നിന്നു കല. കലയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ അങ്ങനെയൊരു ഗതിക്രമമാകുന്നു ഗോവിന്ദന്‍ കണ്ടെടുത്തതു്‌. ആശയങ്ങളില്‍നിന്നു്‌ ആശയങ്ങള്‍ കിളുര്‍ക്കുക്കുകയും, ആശയങ്ങള്‍ ഭൗതികലോകത്തെ അഴിച്ചുപണിയുകയും ചെയ്യുന്നതായി ചരിത്ര ത്തില്‍ കണ്ടെത്തുന്ന ഗോവിന്ദനു്‌ അങ്ങനെയേ വ്യാഖ്യാനിക്കുവാന്‍ സാധ്യമാവൂ. സംസ്‌കാരത്തിന്റെ നിയമങ്ങള്‍ സാമ്പത്തികബന്ധങ്ങളില്‍നിന്നു്‌ നിഷ്‌പാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതു്‌ ശരിയാവുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടു്‌.

മൂന്നു ഭാഗങ്ങളുള്ള ലേഖനപരമ്പരയുടെ ആദ്യഭാഗം. രണ്ടും മൂന്നും ഭാഗങ്ങള്‍ തുടര്‍ന്നുള്ള ലക്കങ്ങളില്‍ പ്രതീക്ഷിക്കുക.

Subscribe Tharjani |
Submitted by ബെന്നി (not verified) on Sun, 2007-06-03 17:43.

“തത്വചിന്തയില്‍ അനാവശ്യമായി സാഹിത്യ വെള്ളം ചേര്‍ത്തൊരു മനുഷ്യന്‍” - ഗോവിന്ദനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം കയറിവരുന്ന ചിന്തയാണിത്. ലേഖനത്തിന്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.......

Submitted by george (not verified) on Wed, 2011-05-11 21:10.

വെള്ളത്തെ വീഞ്ഞാക്കിയവനെക്കുറിച്ച് നിങ്ങള്‍ എന്തു പറയും?