തര്‍ജ്ജനി

വര്‍ത്തമാനം

“ഞാന്‍ യാത്രക്കാരനായ എഴുത്തുകാരനാണ്“

അടുത്തയിടെ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ സാഹിത്യകാരന്‍ എഡ്ഡി എല്‍ ഹാരിസുമായി മുരളി എന്‍ കൃഷ്ണസ്വാമി നടത്തിയ അഭിമുഖം.

“ഇത് ഒരു രാജ്യമാണോ, അനേകം രാജ്യങ്ങള്‍ ഒന്നിച്ച് ഒട്ടിച്ചു വച്ചിരിക്കുന്നതാണോ?”

ആദ്യമായി ഇന്ത്യയിലെത്തുന്ന എഡ്ഡിക്ക് ഇന്ത്യ വ്യത്യസ്തമായ അനുഭവമാണ്. ദീര്‍ഘകാലമായി ഈ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകം എന്താണ്. “തീര്‍ച്ചയായും അതു ഭാഷയല്ല.” എഡ്ഡി പറയുന്നു. യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രാന്തരീയ എഴുത്തുകാരുടെ ആദ്യ മസൂറി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി ചെന്നൈയിലെത്തിയതാണദ്ദേഹം. തന്റെ ആഫ്രിക്കന്‍-അമേരിക്കന്‍ അനുഭവങ്ങളെക്കുറിച്ച്, ഇന്ത്യയിലെ യാത്രകളെക്കുറിച്ച്, പാരീസിനെക്കുറിച്ച് ......

Missisippi Solo: A River Quest, Native Stranger:A Black American's Journey into the heart of Africa, South of Haunted Dreams: A memoir and still life in Harlem...തുടങ്ങി ചര്‍ച്ചചെയ്യപ്പെട്ട നിരവധി കൃതികളുടെ കര്‍ത്താവാണ് താങ്കള്‍. ഇവയിലൊക്കെ താങ്കള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും അവിടങ്ങളിലെ ആളുകളുമൊക്കെ വിശദമായി വിവരിക്കപ്പെടുന്നുണ്ടെങ്കിലും താനൊരു സഞ്ചാര സാഹിത്യകാരനല്ല എന്നു താങ്കള്‍ തന്നെ പറയുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?

ഞാനങ്ങനെ എന്നെ അടയാളപ്പെടുത്തുന്നില്ല. ഒരു വിശേഷണം ആവശ്യമാണെങ്കില്‍ ‘യാത്രക്കാരനായ എഴുത്തുകാരന്‍’ എന്ന് വിളിച്ചോളൂ. അകത്തും പുറത്തും ഒരു പോലെ സഞ്ചരിക്കുന്ന എഴുത്തുകാരന്‍. സ്ഥലങ്ങളെക്കുറിച്ചുള്ള പഠനാനുഭവങ്ങളല്ലാതെ മറ്റൊന്നുമല്ല അത്. യാത്രാവിവരണം എഴുതുക വളരെ എളുപ്പമാണ്. സാധാരണ മനുഷ്യന്റെ യാത്രപോലെയാണ് തന്നെയാണ് എന്റെയും യാത്ര. ഹാര്‍ലമിനെപ്പറ്റി പറയാം. അവിടെ താ‍മസിക്കുന്ന ഏതൊരാളെയും പോലെയായിരുന്നു ഞാനും അവിടെ താമസിച്ചത്.

പൈക്കോ അയ്യര്‍, ലോറന്‍സ് മില്‍മാന്‍, മാര്‍ക്ക് ജെന്‍‌കിന്‍സ് തുടങ്ങിയ സഞ്ചാര എഴുത്തുകാര്‍ക്കൊപ്പമാണ് താങ്കളുടെയും സ്ഥാനം. എന്തൊക്കെ വിഷമതകളാണ് താങ്കള്‍ ഈ രംഗത്ത് നേരിട്ടിട്ടുള്ളത്?

വിഷമതകള്‍.... ഒന്നാമത് സഞ്ചാര സാഹിത്യകാരന്‍ എന്ന തരംതിരിവു തന്നെ. പുസ്തകശാലകള്‍ക്ക് ബുക്കുകള്‍ അടുക്കിവയ്ക്കാന്‍ ഒരു ലേബല്‍ ആവശ്യമാണ്. പക്ഷേ അതു ചോദ്യം ചെയ്യുന്നത് നിങ്ങളുടെ കലാപരമായ കഴിവിനെയും പ്രതിഭയെയും സര്‍ഗാത്മകതയെയുമൊക്കെയാണ്. മറ്റൊന്ന് പൈക്കോയെപ്പോലുള്ള ഒരാളുമായി താരതമ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ്. എഡ്ഡി ഹാരിസിന് എഡ്ഡി ഹാരിസും പൈക്കോയ്ക്ക് പൈക്കോയും ആയിരിക്കാന്‍ കഴിയില്ലേ? താഴ്ന്ന തരത്തിലുള്ള വാണിജ്യാവശ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. അവയത്ര നല്ലകാര്യമല്ല.

എന്താണ് താങ്കളെ ആഫ്രിക്കക്കാരനാക്കുന്നത്, എന്താണ് അമേരിക്കക്കാരനാക്കുന്നത്? “ഞാന്‍ കറുത്തവനായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്നു താങ്കള്‍ പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സംസ്കാരത്തിന്റെ മറ്റൊരു തുടര്‍ച്ചതന്നെയാണോ ബ്ലാക്ക് കള്‍ച്ചറും?

എന്റേത് അമേരിക്കന്‍ സംസ്കാരമാണ്. അമേരിക്കന്‍ ജനപ്രിയ സംസ്കാരം ഉയര്‍ന്നുവന്നത് ബ്ലാക്ക് കള്‍ച്ചറിന്റെ അടിത്തറയിലാണ്. അതിന്റെ ശക്തി കാരണം അതു തന്നെയാണ് ഞങ്ങളുടെ സംസ്കാരം. ആഫ്രിക്ക? അതെന്റെ തൊലിയുടെ നിറത്തില്‍ മാത്രമേയുള്ളൂ. അല്ലാതെ എന്നെ ആഫ്രിക്കയുമായി ബന്ധപ്പെടുത്തുന്ന ഒന്നുമില്ല. എന്നെ അമേരിക്കക്കാരനാക്കുന്നത്, ഞാന്‍ ശ്വസിക്കുന്ന വായു അവിടത്തെയാണ് എന്നുള്ളതാണ്. ഞാനിപ്പോള്‍ ഫ്രാന്‍സിലാണ് താമസിക്കുന്നത്. അതെന്നെ കൂടുതല്‍ സ്വതന്ത്രനാക്കുന്നു.

ആഫ്രിക്കന്‍-അമേരിക്കന്‍ അനുഭവങ്ങളെപ്പറ്റിയുള്ള താങ്കളുടെ എഴുത്തില്‍ ഹാര്‍ലം ഏതു തരത്തിലാണ് ചിത്രീകരിക്കപ്പെടുന്നത്? വര്‍ണ്ണ വിവേചനം, ഹിംസ, മയക്കുമരുന്നുകള്‍, കൂട്ടക്കൊലകള്‍... ഇവയെല്ലാം ഏതുതരത്തിലാണ് ന്യായീകരിക്കപ്പെടുന്നത്?

കുറ്റപ്പെടുത്തലും ന്യായീകരണവും രണ്ടും വേണം. അതിശയോക്തി കലര്‍ത്തി, പൊട്ടിത്തെറിക്കുന്ന വൈകാരികതയോടെയാണ് വാര്‍പ്പ് മാതൃകകള്‍ അവതരിപ്പിക്കപ്പെടുന്നത്. ചേരികളെ അവതരിപ്പിക്കുന്നതിന്റെ രീതി അങ്ങനെയാണ്. പക്ഷേ ഹാര്‍ലം സുന്ദരമായ സ്ഥലമാണ്. അതിന് പരുഷതകളുണ്ട്. ഹിംസയുടെ ഒരു വശമുണ്ട്. വെടിയൊച്ചകള്‍ അവിടെ മുഴങ്ങാറുണ്ട്. ഒരിക്കല്‍ എനിക്കും വെടിയുണ്ട ഏറ്റിട്ടുണ്ട്. ബെവെര്‍ലി ഹില്‍‌സിനേക്കാള്‍ ദരിദ്രമാണ് ആ സ്ഥലം. ഞാനവിടെ താമസിച്ചത് കുറേക്കാലങ്ങള്‍ക്കു മുന്‍പാണ്. ഇപ്പോള്‍ താഴെ ചേരിയില്‍ താമസിക്കുന്നവര്‍ നഗരത്തിന്റെ മേല്‍ഭാഗങ്ങളിലേയ്ക്ക് മാറിതാമസിക്കാന്‍ തുടങ്ങിട്ടുണ്ട്. അമേരിക്കന്‍ സമൂഹത്തിന്റെ ഒഴുക്കിന്റെ ഒരു ഭാഗമാണ് അതും. ഒരു കറുത്ത എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഹാര്‍ലം കറുപ്പു നവോത്ഥാനത്തിന്റെ മെക്കയാണ്. ഒരുപാടാളുകള്‍ ഇവിടെ സ്വന്തം പല്ലുമുറിച്ചു നടക്കുന്നു. കറുത്ത അമേരിക്കന്‍ ഭാവനയുടെ തലസ്ഥാനമാണ് അത്.

താങ്കളുടെ പിതാവിന്റെ ലോകത്തിനും -അവര്‍ മാറ്റങ്ങള്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചിരുന്നു- ഇപ്പോഴത്തെ ലോകത്തിനും ഇടയില്‍ വിഭജനങ്ങള്‍ എന്തെങ്കിലും ഉള്ളതായി തോന്നിയിട്ടുണ്ടോ?

ഒരര്‍ത്ഥത്തില്‍ ഉണ്ട്. ഞങ്ങള്‍ കുറച്ചുകൂടി അനായാസകരമായ ജീവിതമാണ് നയിക്കുന്നത്. വര്‍ണ്ണവെറി കുറച്ച് അയഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനു പുതിയ മുഖങ്ങളുണ്ട്. ‘കൊന്നുകളയും‘ എന്ന മട്ടിലുള്ള ഭീഷണികള്‍ ഇപ്പോഴില്ല. പഴയ ആളുകള്‍ക്ക് സമത്വത്തിനും നീതിയ്ക്കും വേണ്ടി ഒരു പാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ അത് സാമ്പത്തിക കാര്യങ്ങളിലേയ്ക്ക് നീങ്ങി. വളരെ വ്യത്യസ്തമായ പ്രശ്നങ്ങളാണ് അതൊക്കെ.

അമേരിക്കയില്‍ നിന്ന് ആഫ്രിക്കയിലേയ്ക്ക്. മാതൃരാജ്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കിന്റെ -അങ്ങനെ വിളിക്കാന്‍ കഴിയുമെങ്കില്‍- അനുഭവം എന്തായിരുന്നു?

അങ്ങനെ വിളിക്കാന്‍ കഴിയില്ല. ഞാന്‍ ആഫ്രിക്കയുമായി ബന്ധമുള്ള ആളല്ല എന്ന കാര്യമാണ് ആദ്യം തിരിച്ചറിഞ്ഞത്. ആഫ്രിക്ക മറ്റൊരു സ്ഥലമാണ്. വെള്ളക്കാരായ അമേരിക്കക്കാര്‍ക്ക് ആഫ്രിക്കയുമായുള്ള അടുപ്പത്തേക്കാള്‍ ഒട്ടും കൂടുതലല്ല ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് ആഫ്രിക്കയുമായുള്ളത്. കറുത്തവര്‍ഗക്കാര്‍ അങ്ങോട്ടേയ്ക്ക് പോകാറില്ല. അബിദ്ജാനിലേയ്ക്കോ ലണ്ടന്‍, പാരിസ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കോ വിമാനടിക്കറ്റ് അവര്‍ക്കു കൊടുത്തു നോക്ക്. രണ്ടാമതു പറഞ്ഞ സ്ഥലങ്ങളായിരിക്കും അവര്‍ തെരെഞ്ഞെടുക്കുക.

സെനെഗലിലെ നാടോടികള്‍ക്കൊപ്പം താങ്കള്‍ കഴിഞ്ഞിട്ടുണ്ട്. സൈറയിലെ ഗൊറില്ലകളെ അന്വേഷിച്ചും അലഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ‘Readers' Companion'-ല്‍ താങ്കളുടെ രചനകള്‍ വന്നിട്ടുണ്ട്...

അത് അവരുടെ ജീവിതവുമായി ഒരു അടുപ്പക്കാഴ്ച ലഭിക്കുന്നതിനുള്ള ശ്രമമാണ്. അവരുടെ ജീവിതത്തോടൊപ്പം ചേരാനുള്ള ശ്രമം. അതെന്താണെന്നും അവരെന്താണ് ചെയ്യുന്നതെന്നും അറിയാന്‍ വേണ്ടി....

മറ്റൊരു രസകരമായ സംഭവം ഗാംബിയന്‍സ് എപ്പോഴും മൂന്നു കപ്പ് ചായ കുടിക്കുന്നതിന്റെ രഹസ്യം താങ്കള്‍ കണ്ടുപിടിച്ചതാണ്. ഇതുപോലെ താങ്കളെ ആകര്‍ഷിച്ച മറ്റു ആചാരങ്ങളെക്കുറിച്ചു പറയാമോ?

അധികമില്ല. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചായകുടി പല പ്രത്യേകതകളുമുള്ളതാണ്. മറ്റു ചടങ്ങുകള്‍....പെണ്‍കുട്ടികളുടെ സുന്നത്ത്.. അതിനെക്കുറിച്ചുള്ള ചൂടുപിടിച്ച വാദങ്ങളില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഞാനെന്തിനാണ് മറ്റു സംസ്കാരങ്ങളുടെ കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നത്? ചില ചടങ്ങുകള്‍ തെറ്റാണ്. അതിലുള്ളത് ദൈവ ഹിതത്തെപ്പറ്റിയുള്ള പാരമ്പര്യവിശ്വാസമാണ്. അത് ലോകത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തുകൊണ്ടുള്ള രീതിയ്ക്കെതിരെ എനിക്കു ചില അഭിപ്രായങ്ങളൊക്കെയുണ്ട്. ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ്, ആളുകള്‍ അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നു പറയുക. അത് ചിലപ്പോള്‍ എന്നെ ഭ്രാന്തുപിടിപ്പിക്കും. ഒരു സംഭവം പറയാം. ഒരു പയ്യന് പാസ്പോര്‍ട്ട് വേണം. കൈക്കൂലിയുമായി ബന്ധപ്പെട്ട് അതു കിട്ടാന്‍ ചില തടസ്സങ്ങള്‍ വന്നു. പയ്യന്‍ അതു ദൈവ ഹിതമാണെന്നു പറഞ്ഞു തുടങ്ങി. ഇവിടെ പ്രശ്നം ഉദ്യോഗസ്ഥന്മാരുടെ മനോഭാവം മാത്രമാണ്. പക്ഷേ അവന്‍ പറയുന്നത്, അവനെപ്പോള്‍ പാസ്സ്പോര്‍ട്ട് കിട്ടണമെന്നു ദൈവം വിചാരിക്കുന്നുവോ അപ്പോള്‍ മാത്രമേ അത് കിട്ടുകയുള്ളൂ എന്നാണ്. അഴിമതിയുടെ മേല്‍ നിയന്ത്രണമില്ലായ്മ എന്നൊരു പ്രശ്നമാണ് അവിടെയുള്ളത്. കാര്യങ്ങളെ മെച്ചപ്പെടുത്താന്‍ മനുഷ്യന്റെ ഇടപെടലുകള്‍ വേണം. ചുരുക്കത്തില്‍ എനിക്കു പറയാനുള്ളത് അതാണ്.

ഫ്രാന്‍സിലേയ്ക്കു വരാനുള്ള കാരണം എന്താണ്? ഹോള്‍ഗര്‍ ലാങ്ങും എലിസബത്ത് ഷൂ നാസ്സും ചേര്‍ന്ന് താങ്കളെപ്പറ്റി നിര്‍മ്മിച്ച ഡോക്യുമെന്ററി ഞാന്‍ കണ്ടിരുന്നു. അമേരിക്കയിലെയും ഫ്രാന്‍സിലെയും ജീവിതത്തിനുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്. താങ്കളുടെ ചില പുസ്തകങ്ങള്‍ ഫ്രെഞ്ചില്‍ മാത്രമാണ് എഴുതിയിട്ടുള്ളത് എന്നു കേട്ടു.

ഒരു പുസ്തകം മാത്രമാണ് അങ്ങനെയുള്ളത് . ഡോക്യുമെന്ററിയെക്കുറിച്ചും പാരീസിലേയ്ക്ക് വരാനുള്ള കാരണത്തെക്കുറിച്ചുമാണെങ്കില്‍... പാരീസ് നല്ല സ്ഥലമാണ്. ശാന്തമായ, സമാധാനമുള്ള സ്ഥലം. അത്യന്തികമായി നല്ലൊരു ജീവിതത്തിനു വേണ്ടിയാണ് അന്വേഷണം. ‘“പുതിയ തക്കാളിപ്പഴങ്ങള്‍, നല്ല ചുവന്ന വീഞ്ഞ്”. ഫ്രാന്‍സ് മാറുകയാണെങ്കിലും ജീവിതം ഇവിടെ സമ്മര്‍ദ്ദം കുറഞ്ഞതാണ്. അമേരിക്കയില്‍ തൊഴില്‍ ധാര്‍മികതയ്ക്ക് അതിശക്തമായ പ്രധാന്യമാണുള്ളത്. നിങ്ങള്‍ക്ക് തൊഴിലിനോടുള്ള മനോഭാവമാണ് നിങ്ങള്‍ എന്താണ് എന്ന് നിര്‍വചിക്കാനുള്ള ഉപാധി അവിടെ.

ഫ്രാന്‍സ് തെരെഞ്ഞെടുത്തതെങ്ങനെ?

18 വയസ്സുള്ളപ്പോഴാണ് ഫ്രാന്‍സില്‍ ആദ്യം വന്നത്. പിന്നെ 20ലും , പിന്നെ 22ലും. ഞാന്‍ എന്നോടു പറഞ്ഞു ഇതാണ് ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്ന പ്രദേശം. ആഫ്രിക്കയിലേയ്ക്കും തിരിച്ചുമുള്ള യാത്രയില്‍ ഫ്രാന്‍സ് ഒരു താത്കാലിക താമസയിടമായിരുന്നു. അങ്ങനെയൊരു ബന്ധമുണ്ട്. പക്ഷേ അത് യാദൃച്ഛികമാണ്. മറ്റേതു സ്ഥലമായിരുന്നെങ്കിലും ഇങ്ങനെ സംഭവിക്കാമായിരുന്നു.

‘അമേരിക്കന്‍ പ്രതിബിംബങ്ങളെയും’ സാഹിത്യത്തിന്റെ ആഗോളവത്കരണത്തെയുംക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ താങ്കളുടെ ഇപ്പോഴത്തെ ഇന്ത്യന്‍ പര്യടനം സഹായകമായിട്ടുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ആഗോളീകരണം നമുക്കിടയില്‍ എപ്പോഴുമുണ്ട്. സാഹിത്യം എനിക്ക് ഒരു ഉപകരണമാണ്. ജനങ്ങള്‍ കച്ചവടത്തിനായി കൂട്ടം കൂടുകയും യാത്രകള്‍ ചെയ്യുകയും ചെയ്തതെങ്ങനെയെന്ന് 4000 വര്‍ഷങ്ങള്‍ പിന്നിലേയ്ക്കു പോയി ആലോചിച്ചു നോക്കുക. കഥകളുടെയും ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും മറ്റു സംസ്കാരങ്ങള്‍ സ്വാധീനിച്ച മിത്തുകളുടെയും കൈമാറ്റങ്ങള്‍ കൂടി അവര്‍ക്കിടയില്‍ നടന്നിരുന്നു. “ആഗോളീകരണം’ വാണിജ്യവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ആധുനിക പദം മാത്രമാണെങ്കിലും മനുഷ്യരാശി പരസ്പരം ഇടപഴകാന്‍ തുടങ്ങിയ കാലം മുതല്‍ അതു തുടര്‍ന്നു പോരുന്നുണ്ട്. അമേരിക്ക ശക്തമാണ്. അത് ഏകപക്ഷീയമായ ചില ചായ്‌വുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരു അമേരിക്കക്കാരന്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചറിയുന്നതിനേക്കാള്‍ കൂടുതല്‍, ഒരു ഇന്ത്യക്കാരന് അമേരിക്കന്‍ ജനപ്രിഅയ സംസ്കാരത്തെക്കുറിച്ചറിയാം. ആഗോളവത്കരണം ഒരു സാമ്രാജ്യത്വ ഉപകരണമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് എന്റെ പേടി.

ഇന്ത്യയില്‍ ആഫ്രിക്കന്‍ ഗോത്രവര്‍ഗങ്ങളുണ്ട്. ഗുജറാത്തിലെ സിഡികള്‍ ഉദാഹരണം‍. ആഫ്രിക്കന്‍ സംസ്കാരവ്യാപനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ താങ്കളുടെ അന്വേഷണ പരിധിയില്‍ എപ്പോഴെങ്കിലും വന്നിട്ടുണ്ടോ?

സിഡികളെക്കുറിച്ച് എനിക്കറിയില്ല. ഒരുപക്ഷേ അടുത്ത എന്റെ യാത്രയില്‍ ഗുജറാത്തില്‍ ഞാന്‍ പോയേക്കും. നാഷണല്‍ ജ്യോഗ്രഫി, ഡോക്യുമെന്ററി രീതിയില്‍ ഒരു യാത്ര ആസൂത്രണം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വീട്ടില്‍...?

നല്ല അനുഭവമാണ്. പ്രൊഫസ്സര്‍ എന്ന നിലയ്ക്കാണ് സമയം മുഴുവന്‍ ഞാന്‍ ചെലവാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എപ്പോഴും തയ്യാറായിരിക്കുക എന്നര്‍ത്ഥം. എന്നെ സംബന്ധിച്ചിടത്തോളം എഴുതി വയ്ക്കാത്ത കേവലമായ അനുഭവങ്ങള്‍ ഒരിക്കലും പ്രസക്തമല്ല. എന്ന അനുഭവങ്ങളെ കുറേക്കൂടി മെച്ചമായ നിലയില്‍ അനുഭവിക്കാനും അവതരിപ്പിക്കാനും സര്‍ഗാത്മകമായ എഴുത്താണ് കുട്ടികള്‍ക്ക് അവസരം നല്‍കുന്നത്.
കറുത്ത അമേരിക്കന്‍ സാഹിത്യത്തെ ഒരു സാമൂഹികാനുഭവമായിട്ടാണ് ഞാന്‍ നോക്കിക്കാണുന്നത്. സാമൂഹിക ചരിത്രത്തിന്റെയും ആധുനിക ജീവിതത്തിന്റെയും പ്രിസത്തിലൂടെ ഞാന്‍ അതിലേയ്ക്ക് നോക്കുന്നു.

കടപ്പാട് : ഹിന്ദു ദിനപ്പത്രം
വിവര്‍ത്തനം :ശിവകുമാര്‍ ആര്‍ പി

Subscribe Tharjani |