തര്‍ജ്ജനി

സുരേഷ് കൂത്തുപറമ്പ്

കലാചിത്ര
കൂത്തുപറമ്പ്
കണ്ണൂര്‍

ഫോണ്‍: 9447364752

ഇ-മെയില്‍: sureshkoothuparamba@yahoo.com

Visit Home Page ...

നിരൂപണം

ശീലങ്ങളെ തിരുത്തുന്ന കാഴ്ച

അക്കാദമികമായ ശീലങ്ങള്‍ക്കു വിധേയമല്ലാത്ത സ്വാച്ഛന്ദ്യം കലാചരിത്രത്തിലെ മൌലികരചനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പ്രദായികതയുടെ ശീലങ്ങളെ നിരാകരിക്കുക എന്നത് കലാവിഷ്കാരത്തിന്റെ മണ്ഡലത്തില്‍ കണ്ണു മെയ്യാകുന്ന അഭ്യാസബലം നേടിയവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. ഒരു പക്ഷേ,ബലിഷ്ഠമായ കാഴ്ചാശീലങ്ങളെ കയ്യൊഴിഞ്ഞ് ചിത്രങ്ങള്‍ വിഭാവനം ചെയ്യുന്നത് ഇതര കലാവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രയാസകരമായിരിക്കാം. ലോകത്തെ നിരന്തരം കണ്ട് മനസ്സിലുറപ്പിക്കുന്നതിനു അബോധമായി കൈവരിച്ച പരീശീലനം അത്രത്തോളം അനിഷേദ്ധ്യമായ കരുത്തുള്ളതാണ്. രൂപങ്ങളും നിറങ്ങളും അവയുമായി ബന്ധപ്പെട്ടതാണെന്നു കരുതുന്ന വികാരങ്ങളും ആശയങ്ങളും നമ്മുടെ അനുശീലനത്തിന്റെ വരുതിയില്‍ത്തന്നെ നിലയുറപ്പിക്കുന്നു. ഒരു കലാകാരന്റെ മുന്നിലെ പ്രശ്നം എങ്ങനെ ഇതിനെ മറികടക്കാമെന്നതാണ്.

ടെലിവിഷനാണ് സമകാലികമായ കാഴ്ചാനുഭവത്തിന്റെ ഗണ്യമായ പങ്ക് നമ്മുക്ക് നല്കുന്നത്. ഈ മേഖലയില്‍ നിന്നും വരുന്ന ഒരാള്‍ കാഴ്ചയുടെ സാധാരണതയും അനുശീലനത്തിന്റെ നിയന്ത്രണവും ലംഘിച്ച് പുറത്തു വരുന്നതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ഷാജഹാന്റെ ചിത്രങ്ങളില്‍ എനിക്കു കൌതുകകരമായി അനുഭവപ്പെട്ടത്. പ്രതിപാദനത്തിന്റേയും പ്രതിപാദ്യത്തിന്റേയും വ്യത്യസ്തതയും ശ്രദ്ധേയമായി.

സ്ത്രീയാണ് ഷാജഹാന്റെ വിഷയം. അനുഭവങ്ങളുടെ സ്ത്രീപക്ഷം കാണാനുള്ള ഷാജഹാന്റെ പരിശ്രമം ആരംഭിക്കുന്നത് പെണ്‍കുട്ടിയില്‍ നിന്നാണ്. മകളെ നിരീക്ഷിക്കുന്നതിലൂടെയാണ് ഇങ്ങനെ ഒരു വിഷയത്തില്‍ താല്പര്യം ജനിച്ചതെന്ന് ഷാജഹാന്‍ പറയുന്നു. ഒരു കൊച്ചു പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളെല്ലാം വിഷയമാക്കുന്നത്. മുതിര്‍ന്നവരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവലോകം മാത്രമല്ല പരിഗണനകളും പരികല്പനകളുമാണ് കുഞ്ഞുങ്ങളുടേത്. യാഥാര്‍ത്ഥ്യവും ഭാവനയും ഭ്രമകല്പനകളുമെല്ലാം അതിര്‍വരമ്പുകളില്ലാതെ വിഹരിക്കുന്ന ആ വിചിത്രലോകത്തെ നിറങ്ങളില്‍ വ്യാഖ്യാനിക്കാനാണ് ഷാജഹാന്‍ ബ്രഷ് കയ്യിലെടുക്കുന്നത്.

ജലാശയത്തിനു മുന്നിലുള്ള വീട് എന്ന ചിത്രത്തിന് അനുബന്ധമായി ഒരു കുറിപ്പ് കാണാം. ജലാശയത്തിനടുത്തുള്ള വീട്ടിലേക്ക് മാറുന്ന സന്ദര്‍ഭത്തില്‍ ഉറുമ്പുകളേയും കൂടെ കൊണ്ടുപോകണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. കുട്ടികളുടെ ലോകത്തിന് ഒരു പക്ഷെ സ്ത്രീപുരുഷഭേദമില്ലെന്നു വരാം.എന്നാല്‍ ശൈശവം ഒരു നിശ്ചലകാലമല്ല. അത് വളര്‍ച്ചയുടെ നാള്‍വഴികളില്‍ പിന്നീട് ഓര്‍ത്തെടുക്കാനില്ലാതെ കൈമോശം വരുന്നതോ, അപ്രസക്തമായിപ്പോവുകയോ ചെയ്യുന്ന കാലയളവാണ്. നിരന്തരപരിണാമിയായ കാലത്തോടൊപ്പം പരിവര്‍ത്തിപ്പിക്കപ്പെടുന്ന അവബോധമാണ് ഷാജഹാന്‍ അവള്‍ ശരീരത്തെക്കുറിച്ച് ബോധവതിയാകുന്നുവെന്ന ചിത്രത്തില്‍ കാണിക്കുന്നത്. സ്ത്രീ ലൈംഗികതയുടെ അടിസ്ഥാനത്തിലുള്ള ഒരു സംവര്‍ഗ്ഗം മാത്രമല്ല എന്ന ഒരു നിരീക്ഷണം ശൈശവസ്ത്രൈണതയുടെ പ്രതിപാദനത്തില്‍ ചിത്രകാരന്‍ വിവക്ഷിക്കുന്നു.

ശൈശവം മുതിര്‍ന്നവരില്‍ നിന്നു ലഭിക്കുന്ന വാത്സല്യത്താല്‍ നിറപ്പകിട്ടു നേടുന്ന കാലമാണ്. ഈ ചിത്രങ്ങളില്‍ പ്രകടമാകുന്ന ത്രസിപ്പിക്കുന്ന വര്‍ണ്ണസംയോജനങ്ങളില്‍ അക്കാദമികത്വത്തെ നിരാകരിക്കുന്നതോടൊപ്പം മസൃണമായ ഭാവതലങ്ങളെ അനാവരണം ചെയ്യാനുള്ള ശക്തമായ ത്വര കണ്ടെത്താവുന്നതാണ്. ഇമേജറിയിലും രൂപവിന്യാസത്തിലും പ്രകടമാകുന്ന ലാളിത്യത്തെ അസാധാരണവും ശക്തവുമായ വര്‍ണ്ണച്ചേരുവകളിലൂടെ സമീകരിക്കുന്ന രചനാതന്ത്രം ഷാജഹാന്റെ കലയുടെ സവിശേഷതയായി എടുത്തു പറയേണ്ടതുണ്ട്.

ശിശുസഹജമായ നൈസര്‍ഗ്ഗികതയുള്ള സ്വച്ഛമായ പ്രകൃതിക്കാഴ്ചകള്‍ ഷാജഹാന്റെ ചിത്രങ്ങളിലെ മറ്റൊരു സവിശേഷതയാണ് . കുട്ടികള്‍ ലോകത്തെ കാണുന്നത് മുതിര്‍ന്നവര്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് . നമ്മുക്ക് അസംഗതവും അസംബന്ധവുമായ ക്രമത്തില്‍ അവര്‍ ചുറ്റുപാടുകളെ ഉള്‍ക്കൊള്ളുന്നു. പഴങ്കഥയിലെ കല്ലിട്ട് ജലനിരപ്പ് ഉയര്‍ത്തുന്ന കാക്കയുടെ ചിത്രം ഇതിനുദാഹരണമാണ്. പ്രതലത്തിലെ ഇടം പല ഭാഗങ്ങളായി തിരിയുന്നതും നിറങ്ങളുടെ അസാധാരണവും ഹൃദ്യവുമായ വിന്യസനവും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. പൊതുവില്‍ ഷാജഹാന്റെ ചിത്രങ്ങള്‍ സ്പെയ്‌സിന്റെ സവിശേഷമായ വിനിയോഗത്താല്‍ ശ്രദ്ധേയമാണ്.

കേരളത്തിന്റെ വര്‍ത്തമാനകാല ചിത്രകലാരംഗത്തെ പുതിയ ഒരു സാന്നിദ്ധ്യമായി ആദ്യ പ്രദര്‍ശനത്തിലൂടെ തന്നെ ഷാജഹാന്‍ മാറിയിട്ടുണ്ടെന്നു രേഖപ്പെടുത്തുവാന്‍ സന്തോഷമേയുള്ളൂ.

ഷാജഹാന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2007-06-04 14:31.

amazing strokes...he's a woderful paintings...

Submitted by haritha (not verified) on Mon, 2007-06-04 20:56.

approach is good..and it's not a play of craft..look at the color patterns..