തര്‍ജ്ജനി

കഥ

ആദിശേഷയ്യ ചരിത്രമാവുമ്പോള്‍

ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക്‌ തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക്‌ വലതുകാല്‍ വെച്ച്‌ കയറിവന്നത്‌. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക്‌ , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്‌.

ആദിയും അന്തവുമില്ലാത്ത ചരിത്രം എന്നൊക്കെ കേട്ടപോലെ ഇതൊരു അന്തവും കുന്തവുമില്ലാത്ത പറച്ചിലാ.. വേണമെങ്കില്‍ മടുപ്പ്‌ നിങ്ങളുടെ നെറ്റി ചുളിക്കുകയും ചുണ്ടുകള്‍ വക്രിപ്പിക്കുകയും ചെയ്യും മുമ്പ്‌ തിരിച്ചുപോവാം. ഞാന്‍ വലിച്ചു പുറത്തിടുന്ന പനയോലകളിലും, കറകറാ ശബ്ദത്തില്‍ തുറന്നടയുന്ന കാല്‍പ്പെട്ടികളിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നിങ്ങള്‍ ഉഴറിവീഴില്ലെന്ന് ഉറപ്പുണ്ടെങ്കില്‍... വരിക.

ഇവിടത്തുകാരുടെ എല്ലാ കാര്യത്തിനും പുഴയൊരു ഭാഗമാണ്. രാവിലെ പുഴയില്‍ മുങ്ങി അഞ്ചുമൂര്‍ത്തിയെ വണങ്ങിയാലെ ദിവസത്തിനൊരു തുടക്കമാവൂ. രണ്ട് നില അമ്പലത്തിന്റെ താഴത്തെ നിലയില്‍ ശിവന്‍. അലറിവന്ന പുഴയെ ഒരു കൈമുദ്രയാല്‍ വഴിതിരിച്ചവന്‍. മുകളില്‍ നമ്മുടെ പഞ്ചാരകൃഷ്ണന്‍. ചുറ്റുമതിലിനുള്ളില്‍ പഞ്ചപാണ്ഢവര്‍, ഗണപതി, അയ്യപ്പന്‍ അങ്ങിനെ രക്ഷസ്സ് വരെ. ആരൊക്കെ അവിടെ ഇല്ലാതുണ്ട് എന്ന് ചോദിച്ചാല്‍ മതി. അന്തിക്കുളിയും ഇവിടെ തന്നെ. പെണ്‍കുട്ടി പെണ്ണായി മുങ്ങി നിവരുന്നതും ഇതിലാ.‍ അവളുടെ തിളങ്ങുന്ന ഭാവിക്കായി അവള്‍ക്കു മുകളിലൂടെ വാഴപ്പോളയില്‍ ദീപങ്ങള്‍ കത്തിച്ചൊഴുക്കുന്നത് ഈ പുഴയുടെ ഓളങ്ങളില്‍‍ തെന്നി തെന്നി നീങ്ങും... മരിച്ചാല്‍ മണ്ണോടു ചേരുന്നതും ഈ പുഴവക്കില്‍ തന്നെ. എല്ലാം ഏറ്റുവാങ്ങാന്‍ മെലിഞ്ഞുണങ്ങിയാലും പുഴ ഇവിടെ ബാക്കിയാണ്. അപ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ താള്‍ ഇവിടുന്നാവാം.

ആ കനാല്‍ വരമ്പിലൂടെ ഓടിവരുന്ന മെലിഞ്ഞ പെണ്‍കുട്ടിയില്ലെ, അവള്‍ ആരെന്ന് വഴിയേ മനസിലാവും. ഞാങ്ങാറ്റിരി പാടത്തേക്കു വെള്ളം കൊണ്ടുപോവുന്ന കനാല്‍ വരമ്പിലൂടെയുള്ള ആ ഓട്ടത്തില്‍ തട്ടാതെയും മുട്ടാതെയും കടന്നുവരുന്നത്‌ പണികഴിഞ്ഞ്‌ ചാളയിലേക്ക്‌ മടങ്ങുന്ന ചെറുമക്കളാണ്. അവരുടെ വിയര്‍പ്പിന്റെ ഉപ്പുകൂട്ടിയാ മെയ്യനങ്ങാത്ത ഈ നായന്‍മാരെല്ലാം വിയര്‍ക്കാതെ കഞ്ഞികുടിക്കുന്നെ. നീളമുള്ള അവളുടെ മുടി വെള്ളം തോരാതെ പുറകില്‍ പാറുന്നുണ്ട്‌. അതും താഴത്തേതിലെ പാരമ്പര്യമാ... ആ മൂന്നാം ക്ലാസുകാരിയുടെ നനഞ്ഞൊട്ടിയ കയ്യില്ലാത്ത വെളുത്ത കുപ്പായത്തില്‍ കരിമ്പന്‍ തീര്‍ത്ത ചിത്രങ്ങള്‍ അടുത്തു വരുന്തോറും കൂടുതല്‍ തെളിയുന്നു. കിതച്ചുകൊണ്ടുള്ള ആ ഓട്ടം അവസാനിക്കുന്നത്‌ കനാലിന്റെ കലുങ്കിലാണ്. അവിടെ അവളേയും കാത്ത്‌ ഒരാള്‍ ഇരിപ്പുണ്ട്‌. ഇതാണ് ആദിശേഷയ്യ എന്ന ആദിപട്ടര്‍. ഇടതുകയ്യിലെ സോപ്പുപെട്ടിയും വലതുകയ്യിലെ തോര്‍ത്തും കലുങ്കില്‍ വെച്ച്‌ അവള്‍ ഒറ്റച്ചാട്ടത്തിന് അയാളുടെ അടുത്ത്‌ കയറിയിരിക്കും. ഇനി ടി.ടി.സി.ക്കാരിയായ ചേച്ചി പഠിപ്പിച്ച കുഞ്ഞുപാട്ടുകള്‍ ഈണത്തില്‍ പാടികൊടുക്കും. സൂര്യന്‍ താണിട്ടും ബാക്കിവരുന്ന വെളിച്ചത്തില്‍ അവര്‍ വഴിയെ പോവുന്നവരോടെല്ലാം വര്‍ത്തമാനം പറഞ്ഞ്‌ പാട്ടും പാടിയിരിക്കും.അവളുടെ അമ്മ തോട്ടത്തിന് നടുവിലെ കിണറ്റിന്‍ കരയില്‍ വെള്ളമെടുക്കാന്‍ എത്തുമ്പോള്‍ നീട്ടിവിളിക്കും ..

"എടി അമ്മ്വോ.."

കലുങ്കില്‍ നിന്ന് ചാടിയിറങ്ങി ഒരു കയ്യില്‍ സോപ്പുപെട്ടിയും മറുകയ്യില്‍ നനഞ്ഞ തോര്‍ത്തുമായി അടുത്ത ഓട്ടം തുടങ്ങും. തൊടിയും മുറ്റവും താണ്ടി നീളുന്ന ആ ഓട്ടം ശ്വാസം വിടാനുള്ള സമയം നില്‍ക്കുന്നത്‌ ഒതുക്കുകല്ലില്‍ ഇരിക്കുന്ന ഓട്ടുകിണ്ടിയിലെ വെള്ളത്തില്‍ കാല്‍ കഴുകിയെന്ന് വരുത്താനാണ്. ഉമ്മറത്തെ നിലവിളക്ക്‌ തട്ടിമറിക്കാതെ അടുക്കളയിലെ പാതകത്തില്‍ ഓട്ടുമൊന്തയില്‍ അവളെ കാത്തിരിക്കുന്ന തണുത്താറിയ കട്ടന്‍കാപ്പി നിന്നനില്‍പ്പില്‍ കുടിക്കുന്നതോടെ ആ ഓട്ടം തീരുന്നു. ഇനി
സോപ്പും തോര്‍ത്തുമെല്ലാം യഥാസ്ഥാനത്ത് നിക്ഷേപിച്ച്‌ അമ്മയുടെ കാല്‍പെട്ടിയില്‍ നിന്നും പഴയൊരു ഉടുപ്പ്‌ എടുക്കണം. ഇതിലെന്താണിത്ര പറയാന്‍ എന്ന് മൂക്കുചുളിക്കല്ലെ. വര്‍ഷങ്ങള്‍ക്കുശേഷം ഇതേ കാല്‍പെട്ടിയാണ് ആദിപട്ടരെ ചരിത്രത്തിലേക്ക്‌ വലിച്ചിഴച്ചത്‌. കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ അടുത്തതാള്‍ ഇങ്ങനെയാണ്.

പുഴയുംകനാലും തോട്ടവുമൊക്കെയുള്ള ഈ നാട്ടില്‍ അമ്മയുടെ വീട്ടില്‍ അവളെത്തുന്നത്‌ വാരന്ത്യങ്ങളിലാണ്. നാട്ടുനടപ്പ്‌ മരുമക്കത്തായമൊക്കെയാണെങ്കിലും വാസം അങ്ങ്‌ അച്ഛന്‍ വീട്ടിലാണ്. ആദിപട്ടരും നാടുതെണ്ടലിനിടയില്‍ അമ്പലനടയില്‍ വരിക ഈ ദിവസങ്ങളില്‍ തന്നെ. അതാവാം അവര്‍ തമ്മിലുള്ള ഈ പൊരുത്തത്തിനു കാരണം.

അയാള്‍ എവിടെന്നാ ആ നാടില്‍ വന്നതെന്ന് ആര്‍ക്കും അറിയില്ല. ഭാര്യയെകൊന്ന് പോലീസില്‍ നിന്ന് രക്ഷപെടാന്‍ കല്‍പാത്തിയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയതാണെന്ന് കേട്ടിട്ടുണ്ട്‌ .അതല്ല മക്കളും മരുമക്കളും ഒക്കെ കൂടി സമ്പാദ്യമെല്ലാം തട്ടിയെടുത്ത്‌ അടിച്ചു പുറത്താക്കിയാതാണെന്നും കഥയുണ്ട്‌. അയാളുടെ ഭാണ്ഢത്തിലെ കടലാസുകള്‍ എന്തൊക്കെയാണെന്ന് അറിയില്ലെങ്കിലും അതെന്തോ വിലപിടിച്ചതാണെന്ന് പട്ടര്‍ അത് സൂക്ഷിക്കുന്നതില്‍ നിന്നും അവള്‍ മനസ്സിലാക്കിയിട്ടുണ്ട്. കീറതുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന പതക്കവും മോതിരവും - അതിന്റെ കല്ല് ഇരുട്ടില്‍പോലും തിളങ്ങും - പണവുമെല്ലാം അവളെ മാത്രം ഇടക്കൊക്കെ കാണിക്കും. കളങ്കമില്ലാത്ത കുഞ്ഞു മനസ്സാണെങ്കിലും ഇതൊന്നും ആരോടും പറയാന്‍ പാടില്ലെന്ന് അവള്‍ക്കറിയാമായിരുന്നു..

എന്തായാലും ആദ്യത്തെ അഭയം താഴത്തേതിലെ കാരണവരായിരുന്നു. അതുകൊണ്ട്‌ വിശന്നാല്‍ അവിടെ ചെല്ലും. എപ്പൊഴും തോളത്തു തൂങ്ങുന്ന ഭാണ്ഡം ഇറക്കിവെച്ച്‌ കിണറ്റിന്‍ കരയില്‍ കൈ കാല്‍ കഴുകിവരുമ്പോല്‍ ആരെങ്കിലും (അതൊരിക്കലും വലിയ ചെറിയമ്മ ആവില്ല) ഇലവെച്ചിരിക്കും. മഴയുള്ള രാത്രിയില്‍ കിടപ്പിന് വട്ടമൊരുക്കുന്നതും അവിടത്തെ ചായ്പില്‍ തന്നെ. ഊരുതെണ്ടലില്‍ അവള്‍ക്കെന്തെങ്കിലും വാങ്ങികൊണ്ടുവരും. എന്തുകൊണ്ടുവന്നാലും ഒന്നല്ല രണ്ടെണ്ണം ഉണ്ടാവും. ആര്‍ക്കാ രണ്ടെണ്ണം എന്നു ചോദിച്ചാല്‍ കുറെനേരം മിണ്ടാതിരിക്കും. എന്നിട്ടു പറയും ..

"ഒന്ന് മറ്റേ കുട്ടിക്ക്‌ കൊടുത്തോളൂ....."

സംശയം സംശയം ആരാ മറ്റേ കുട്ടി എന്ന്. അവളുടെ വലിയ ചെറിയമ്മയുടെ മകളാ - ശ്രീക്കുട്ടി. താഴത്തേതിലെ വംശാവലി പറയാതെ അടുത്ത താളിലേക്ക് നീങ്ങാനാവില്ല. താഴത്തെതിലെ കാരണവര്‍ അതാണ് അവളുടെ അമ്മാവന്‍ - തറവാട്ടിലെ ഏക ആണ്‍‌തരി. പിന്നെ അവളുടെ അമ്മ. താഴെ രണ്ടുപേര്‍‌. അതായത് അവളുടെ ചെറിയമ്മമാര്‍ ..യഥാക്രമം വിളിയില്‍ അവര്‍ വലിയ ചെറിയമ്മയും കുട്ടിചെറിയമ്മയും. ഇതില്‍ വലിയ ചെറിയമ്മയുടെ മകളാണ്‍ ഇപ്പറഞ്ഞ ശ്രീക്കുട്ടി ..ശ്രീക്കുട്ടി ഒരിക്കലും ആദിപട്ടരുടെ മുന്നില്‍ വരില്ല. വീട്ടില്‍ പട്ടരു ചെന്നാലും വാതില്‍ മറവില്‍ അമ്മയുടെ മുണ്ടിന്റെ തുമ്പുപിടിച്ച്‌ ഒളിച്ചു നില്‍ക്കും. പക്ഷെ പിറന്നാളിന് പട്ടര്‍ക്ക്‌ നല്ലൊരു മുണ്ട്‌ കൊടുത്ത്‌ അനുഗ്രഹം വാങ്ങിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അതെന്താന്ന് ചോദിച്ചപ്പോഴൊക്കെ അമ്മ അവളുടെ ചെവി തിരുമ്പി പൊന്നാക്കിയിട്ടുമുണ്ട്‌.

ഇതൊക്കെ പഴയ കഥകള്‍.. ഇതൊക്കെ കഴിഞ്ഞ്‌ കാലം എത്രയായി.. അന്നത്തെ അവള്‍ വളര്‍ന്നു. കോളേജുകുമാരിയായി. ശ്രീക്കുട്ടി പത്താംക്ലാസ്സ്‌ ജയിച്ചപ്പൊഴെക്കും അവള്‍ ഡിഗ്രിക്കാരിയായിരുന്നു. ഇതിനു ചെറിയമ്മ പറഞ്ഞിരുന്ന കാരണമുണ്ട്‌. ശ്രീക്കുട്ടിക്ക്‌ അവളേക്കാള്‍ അഞ്ചുദിവസം ഇളപ്പമാ . പിന്നെ തറവാട്ടിലെ പെണ്‍പിള്ളേര്‍ എന്തിനാ ഏറെ പഠിക്കുന്നതെന്നു പറഞ്ഞു. ശ്രീക്കുട്ടിക്ക്‌ നല്ലൊരു നായരെ കൊണ്ട്‌ പുടവ കൊടുപ്പിച്ചു. അവളാണെങ്കില്‍ ജോലിയെന്നും പറഞ്ഞു നാടോടിയായി. ജോലിക്കാരിയായി വിവാഹം കഴിഞ്ഞ്‌.. അങ്ങിനെ അങ്ങിനെ കാലം എത്ര കടന്നു പൊയിരിക്കുന്നു. ഇന്ന് എണ്‍പതിലെത്തിയ അമ്മയ്ക്കും അമ്പതു കടന്ന അവള്‍ക്കും ഒരേ ആരോഗ്യം. അമ്മയാണ് അവളോട്‌ തറവാട്ടിലെ കാവില്‍ പോയി കുളിച്ചു തൊഴുത്‌ വിളക്കുവെക്കാന്‍ പറഞ്ഞത്‌. മേലെ പറമ്പില്‍ രണ്ടു കാവുണ്ട്‌. പകല്‍ പോലും അവിടെ വെളിച്ചമില്ല. അത്ര മരങ്ങളാ. വള്ളിയും പടര്‍പ്പും ഒക്കെയായി. ഇവിടെ പണ്ട് തിരിവെച്ചിരുന്നത്‌ കുട്ടി ചെറിയമ്മയായിരുന്നു. ശ്രീക്കുട്ടി ഉണ്ടായേന് ശേഷാ ആ പതിവ്‌ നിര്‍ത്തിയതെന്ന് കേട്ടിട്ടുണ്ട്‌. വലിയ ചെറിയമ്മക്ക് കുഞ്ഞുണായതിനു കുട്ടിചെറ്യമ്മ എന്തിനാ കാവില്‍ പോക്ക് നിര്‍‌ത്തിയതെന്ന് ഇന്നും എനിക്ക് മനസ്സിലാവുന്നില്ല .ആയില്യത്തിനല്ലാതെ അവിടെ തൊഴുന്നത്‌ ആദിപട്ടര്‍ മാത്രമാ. ചിലപ്പോള്‍ അവിടെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടിട്ടുണ്ട് ... ശ്ശൊവീണ്ടും പഴംകഥ.

അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ അവിടെ എത്തുമ്പോള്‍ തലമുറകളായി ഭാഗം വെക്കാത്ത ആ തറവാട്ടില്‍ ശ്രീക്കുട്ടിയും കുടുംബവുമായിരുന്നു. ആദ്യം അവളുടെ കണ്ണില്‍ പെട്ടത്‌ താലിക്കൊപ്പം ശ്രീകുട്ടിയുടെ മാലയില്‍ തൂങ്ങുന്ന പതക്കമായിരുന്നു. നല്ല പരിചയമുള്ള അത്‌ കണ്ടതെവിടെ എന്ന് ഓര്‍ത്തെടുക്കാന്‍ പുഴയില്‍ നന്നായൊന്നു മുങ്ങേണ്ടിവന്നു. നാലുചുവരുകള്‍ക്കുള്ളിലെ നാണംകൊണ്ട കുളിക്കു പകരം ആരെങ്കിലും കാണുന്നോ എന്ന ആവലാതിപോലും ഇല്ലാതെ തനിക്കെങ്ങിനെ പുഴയില്‍ കുളിക്കാനാവുന്നെന്ന് അവള്‍ അത്ഭുതപെട്ടതും ആദിപട്ടരുടെ ഭാണ്ഢത്തിലെ കീറത്തുണിയുടെ പൊതിയിലാണ് താനത്‌ കണ്ടിരുന്നതെന്ന് തിരിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു.

അന്തിതിരിവെക്കാന്‍ കാവില്‍ പോവാന്‍ അമ്മയുടെ കാല്‍ പെട്ടിയിലെ പുളിയിലക്കര തപ്പുമ്പോഴാണ് പഴയ വാരന്ത്യങ്ങള്‍ അവളുടെ കണ്ണുനിറയിച്ചത്‌. കാല്‍പെട്ടിയുടെ അടിയിലെവിടെയോ തന്റെ കരിമ്പന്‍ കേറിയ കയ്യില്ലാ കുപ്പായങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ്‌ അവളതെല്ലാം വലിച്ചു പുറത്തിട്ടത്‌. അവസാനം കുറെ കൂറഗുളികകള്‍ക്കും കൈനാറിപ്പൂക്കള്‍ക്കുമൊപ്പം അവള്‍ ആ തിളക്കം കണ്ടത്‌. ഇത്‌ ആദിപട്ടരുടെ മോതിരം. അതും അമ്മയുടെ പെട്ടിയില്‍.

ആദിപട്ടര്‍ മരിച്ചത്‌ ഒരുമഴയുള്ള രാത്രി കടത്തിണ്ണയില്‍ കിടന്നാണ്. എങ്ങിനെ മരിച്ചെന്ന് വലിയ തര്‍ക്കങ്ങള്‍ ആയിരുന്നു. നാട്ടില്‍നിന്നും ഭാര്യയുടെ ആള്‍ക്കാരോ മറ്റോ വന്ന് അടിച്ചുകൊന്നതാണെന്നായിരുന്നു മുഖ്യ സംസാരം. എന്തായാലും ആരും അധികം ചികയാന്‍ നില്‍ക്കാത്തതുകൊണ്ട്‌ അതങ്ങ്‌ അടങ്ങി. അന്ന് കുട്ടിച്ചെറിയമ്മ പെട്ടന്ന് പണക്കാരിയായതിനു പിന്നില്‍ ആദിപട്ടരുടെ ഭാണ്ഢത്തിലെ ചില രേഖകളാണെന്ന് നാട്ടുകാരല്ലെങ്കിലും വീട്ടുകാര്‍ പിറുപിറുക്കുന്നത്‌ കേട്ടിട്ടുണ്ട്. പഠനത്തിന്റെ തിരക്കുകാലും മാറിപ്പോയ താത്പര്യങ്ങളുമൊക്കെ കാരണം അവള്‍ അതിനെ കുറിച്ചൊന്നും അറിയാന്‍ പോലും ആഗ്രഹിച്ചില്ല.

എന്റെ ചെവിക്കു പുറകിലെ ഇടുക്കില്‍ ആരും കാണാതെ ഒളിച്ചിരിക്കുന്ന ആ കറുത്ത മറുകിനെ കുറിച്ച്‌ ഞാനറിഞ്ഞത്‌ തന്നെ ആദ്യ രാത്രിയില്‍ എന്റെ ഭര്‍ത്താവില്‍ നിന്നായിരുന്നു. അന്ന് നിഷ്കളങ്കതയുടെ പര്യായമാവാന്‍ നടത്തിയ ശ്രമമായിരുന്നു "ഇത്‌ പോലൊരു മറുക്‌ ആദിപട്ടര്‍ക്കും ഉണ്ട്‌" എന്ന പറച്ചില്‍. പക്ഷെ തിളച്ചു മറിയുന്ന ആ ദിനങ്ങളിലോ പിന്നെപ്പൊഴേങ്കിലുമോ ഞങ്ങള്‍ രണ്ടുപേരും ആ മറുകിനെ കുറിച്ച്‌ ആകുലപെട്ടില്ല. പിന്നെ ആകുലതകള്‍ എത്തിയപ്പോഴെക്കും കാണാത്തൊരു
പട്ടരേക്കാള്‍ കണ്‍ വട്ടത്തെ മറുകുകളില്ലാത്ത പട്ടന്‍മാര്‍ ധാരാളം ആയിരുന്നു. ഇപ്പോള്‍ അറിയാതെ എന്റെ വിരലുകള്‍ എന്തിനാണ് ചെവിക്കു പുറകിലെ മറുകുതേടിപോയതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ഏറെ കുറെ മനസ്സിലായി കാണും. ഒപ്പം അവള്‍ ആരെന്നും. മുതിര്‍ന്നപ്പോല്‍ മുതല്‍ കേട്ട, പറയാന്‍ കൊള്ളാത്ത തറവാട്ടു കഥകളാവാം വലിയ ചെറിയമ്മയേയും കുട്ടിചെറിയമ്മയേയും സംശയത്തിന്റെ കറുത്ത വട്ടങ്ങളില്‍ ഞാന്‍ വരച്ചിടാന്‍ കാരണം. പക്ഷെ ആരുമറിയാതെ ഒളിച്ചിരിക്കുന്ന ഈ വജ്രതിളക്കവും ആരും കാണാതെ ഞാന്‍ സൂക്ഷിക്കുന്ന എന്റെ മറുകും എല്ലാം കൂടി എന്റെ ചിന്തകളില്‍ നിറയുന്നു.

ചുരുക്കി പറയാന്‍ ഇത്രയേ ഉള്ളു ...അങ്ങിനെ ആണ് ആദിശേഷയ്യ താഴത്തേതില്‍ തറവാട്ടിന്റെ ചരിത്രത്തിലേക്കു കടന്നു വന്നത്‌.

അതെന്തോ ആവട്ടെ ...കാവില്‍ വിളക്കുവെച്ചു വന്നാല്‍ എനിക്ക് ഈ ആദിശേഷയ്യയെ തറവാടിന്റെ വംശവൃക്ഷത്തില്‍ കേറ്റണം. ഏറെ വൈകിയാണെങ്കിലും ഞാനത് ചെയ്തല്ലെ തീരൂ ... പക്ഷെ ഏത്‌ കൊമ്പില്‍ ഏത്‌ ചില്ലയില്‍ ഏത്‌ ഇലയായ്‌.. ആലോചിക്കുക എന്നെ സഹായിക്കുക .. ഞാന്‍ വിളക്കു വെച്ചു വരാം...

ഇട്ടിമാളു
http://ittimalu.blogspot.com/

Subscribe Tharjani |
Submitted by kuravankurathi (not verified) on Wed, 2007-06-06 23:41.

good...

Submitted by ittimalu (not verified) on Thu, 2007-06-07 15:06.

Thank you...!!!

Submitted by faisal (not verified) on Mon, 2007-06-18 13:37.

Good Stroy , Readable,Thanks and all wishes for the writer.Starting of the story little boaring but after introdution its ok.

Thanks

Submitted by ittimalu (not verified) on Wed, 2007-06-20 14:10.

Thanks for reading and also for your comment