തര്‍ജ്ജനി

ഉഷ

പ്രതിഭ,
പഴശ്ശി, കണ്ണൂര്‍ ജില്ല.

Visit Home Page ...

കഥ

ചാവുനിലത്തിന്റെ ഉടമ

ഒന്നാമത്തെ സ്ഫോടനമുണ്ടായത്‌ റെയില്‍വെ സ്റ്റേഷനിലെ സായാഹ്നത്തിരക്കിലാണ്‌. അടുത്തത്‌ മാര്‍ക്കറ്റില്‍ ‍, അത്താഴത്തിനും പ്രാതലിനും ഇഷ്ടവിഭവങ്ങള്‍ തേടി നടക്കുന്നവര്‍ക്കിടയില്‍ . പിന്നെ ബസ് സ്റ്റാന്‍ഡിലെ സന്ധ്യയില്‍ .

കറുത്ത ബോര്‍ഡറുകള്‍ക്കുള്ളില്‍ അക്ഷരങ്ങള്‍ വാര്‍ത്തകളായി ഉതിര്‍ന്നു വീഴുമ്പോള്‍ അവതാരികയുടെ ഇടറിയ സ്വരം പശ്ചാത്തലമായി.

ഫ്ലാഷ്‌ ന്യൂസ്‌ വീണ്ടും.

മരിച്ചവര്‍ , പരിക്കേറ്റവര്‍ ‍, തകര്‍ന്ന വാഹനങ്ങള്‍ ‍, വഴിയില്‍ കുരുങ്ങിക്കിടക്കുന്നവര്‍ ‍......

ധൃതി പിടിച്ച്‌ സ്റ്റുഡിയോവിലേക്ക്‌ കടന്നു വന്നതിനാലാവണം ചീഫ്‌ എഡിറ്ററുടെ തലമുടി ചിതറിക്കിടന്നിരുന്നു. ഇളം നീലവരകളുള്ള നെക്ക്‌ ടൈ ഒരു വശത്തേക്ക്‌ ചരിഞ്ഞും ...

പെട്ടെന്ന് കറന്റ്‌ പോയി...

സാരമില്ല, തനിക്ക്‌ ഇനി ഒന്നുമറിയില്ല. ഈ മുറിയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങേണ്ട സമയമൊഴിക.

വരാനുള്ള വാര്‍ത്തകള്‍ ഊഹിക്കാവുന്നതേയുള്ളൂ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ ... ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍ .

അജ്ഞാതമായ പേരുകളിലേക്ക്‌ ആര്‍ത്തനാദമായി ഒഴുകിവരുന്ന എസ്‌.എം.എസുകള്‍ .

പതിവും തെറ്റി നേരത്തേയിറങ്ങി മരണത്തിന്റെ വണ്ടിയിലേക്ക്‌ കയറിയവര്‍ ‍. ഒരു നൊടിയിടയുടെ വ്യത്യാസം കൊണ്ട്‌ മൃത്യുവിന്റെ സ്പര്‍ശമേല്ക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാര്‍ ‍....

തനിക്കിനി അതൊന്നുമറിയേണ്ട. ഉദ്ദേശിച്ചതെല്ലാം നടന്നിരിക്കുന്നു. വളരെ ഭംഗിയായിത്തന്നെ. ഇനി ഇതിലും വലിയ ഏത്‌ ജോലിയാണെങ്കിലും തനിക്കൊരു പ്രശ്നമല്ല.

ചെറിയ ജനാലച്ചതുരത്തിനപ്പുറം കാണാവുന്ന ദൂരത്തെവിടെയും വെളിച്ചമില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിനുമുകളില്‍ അംഗഭംഗം വന്ന അമ്പിളിക്കല. നഗരം പുതച്ച ശവക്കോടിയായി നേര്‍ത്ത നിലാവ്.

തനിക്കിനി വെളിച്ചത്തിന്റെ ആവശ്യമില്ല. എന്ത്‌ ചെയ്യണമെന്ന് കൃത്യമായി അറിയാം. പിന്നിലെ വാതില്‍ തുറന്നാല്‍ പത്ത്‌ പടികള്‍. അവിടെ ലാന്‍ഡിംഗ്‌.

പിന്നെ വലതുവശത്തേക്കിറങ്ങുന്ന പടവുകള്‍ ക്രോട്ടണ്‍ ചെടികള്‍ക്കിടയില്‍ വീതികുറഞ്ഞ നടപ്പാത. നേര്‍ത്ത ഇരുമ്പുകമ്പികള്‍ കൊണ്ട്‌ നിര്‍മ്മിച്ച വിക്കറ്റ്‌ ഗേറ്റ്‌. അതു തുറന്നാല്‍ ഇടുങ്ങിയ തെരുവ്‌. വേപ്പുമരങ്ങളുടെ നിഴല്‍ പറ്റി നടന്നാല്‍ മാര്‍ക്കറ്റിനു നടുവിലെ പേരാല്‍ ചുവട്ടിലെത്തും അവിടെ നിന്നും വലത്തോട്ട്‌ റെയില്‍വേപ്പാലത്തിനു ചുവട്ടില്‍ ‍, ഭാഗ്യതീരത്തേക്ക്‌ പറക്കാനുള്ള ചിറകുകള്‍ തന്നെ കാത്തിരിക്കുന്നു. പുറപ്പെടേണ്ട സമയം, അതു മാത്രമേ ഇനി തീരുമാനിക്കാനുള്ളൂ.

ഒരു സന്ദേശത്തിന്റെ സ്വകാര്യമായി അത്‌ ഏതു നിമിഷവും എത്തിച്ചേരും .
ചെവിയോര്‍ത്തിരുന്നു.

നിലവിളിയുടെ മാറ്റൊലികള്‍ ‍.

മൃത്യുതാളത്തിന്റെ മുഴക്കം .

എന്തെക്കിലും കേള്‍ക്കാനുണ്ടോ?

ചോരനനഞ്ഞ കടല്‍ക്കാറ്റിന്‌ ഉപ്പുരസം കൂടുതലുണ്ടോ? കീശയില്‍ അജ്ഞാത നര്‍ത്തകിയുടെ ഒറ്റച്ചിലങ്ക കിലുങ്ങി.

അത്‌ താന്‍ കാത്തിരുന്ന ആ സന്ദേശമാവാം. ധൃതിയില്‍ മൊബൈല്‍ വലിച്ചെടുത്തു. കറുത്ത അക്ഷരപ്പൊട്ടുകളിന്മേല്‍ നീലവെളിച്ചം തുള്ളിത്തുളുമ്പി.

-പപ്പാ, മമ്മാ, വേര്‍ ആര്‍യൂ ? അയാം എഫ്രൈഡ്‌ -സഞ്ചു.

എവിടെ നിന്നാണിത്‌? ആരാണിത്‌ ? ഒരു പരിചയവുമില്ലാത്ത നമ്പര്‍ ‍. നീലവെളിച്ചം കണ്ണടച്ചിട്ടും ആ വാക്കുകള്‍ മുന്നില്‍ തിളങ്ങി നില്ക്കുന്നു.

പപ്പാ, മമ്മാ, വേര്‍ ആര്‍യൂ. ?

എവിടെയോ ഇരുന്ന് ഒരു കുട്ടി ചോദിക്കുന്നു. അവന്റെ അച്ഛനുമമ്മയും ഇന്ന് സന്ധ്യയ്ക്ക്‌ എവിടെയായിരുന്നിരിക്കും ? റെയില്‍വേസ്റ്റേഷനില്‍ , അല്ലെങ്കില്‍ പച്ചക്കറിച്ചന്തയിലോ?
ചിലപ്പോള്‍ അവര്‍ ഉത്സവവിപണിയുടെ തിരക്കിലൂടെ ഒരു കുഞ്ഞുടുപ്പ്‌ തേടി നടന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണനിറമുള്ള ജിലേബി വാങ്ങാന്‍ ക്യൂ നിന്നിട്ടുണ്ടാവാം.

പിന്നീടെന്തായിരിക്കാം സംഭവിച്ചത്‌? അറിയാതെ ഉള്ളിലുയര്‍ന്ന ചോദ്യം ചുണ്ടില്‍ ചിരിയുണര്‍ത്തി. മരണത്തിന്റെ ഭൂതത്തെ കൂടുതുറന്നു വിട്ടവന്‍ താന്‍ ‍. എന്താണ്‌ സംഭവിച്ചതെന്ന് തന്നെക്കാള്‍ നന്നായി ആര്‍ക്കറിയാം?

പക്ഷേ ആ കുട്ടി....

എവിടെയിരുന്നാണവന്‍ വിളിക്കുന്നത്‌?

പാതി തുറന്ന ജനവാതിലിനരികില്‍ ഒരു വലിയ കരിമൂര്‍ഖനെപ്പോലെ ഇഴഞ്ഞു വരുന്ന ഇരുട്ടിനെ നോക്കിയിരുന്ന കുട്ടി. നേരം വൈകിയെത്തുന്ന അമ്മയുടെ കാലടിസ്വരത്തിനായി കാതോര്‍ത്തുകിടക്കുന്ന ഒരു കുട്ടി. രാത്രിയുടെ അവസാനയാമത്തിലെപ്പോഴോ ഒരു സ്നേഹസാന്ത്വനമായി അരികിലെത്തുമ്പോള്‍ അമ്മയുടെ ശരീരത്തിന്‌ അനിഷ്ടത്തിന്റെ ഗന്ധം. ഇഷ്ടക്കേടിന്‌ മുകുളങ്ങള്‍ വളര്‍ന്ന്‌ വിടര്‍ന്നത്‌ ഭയമായിരുന്നു. പിന്നെ ഭയത്തിന്‌ കടും നിറമുള്ള ചിറകുകള്‍ മുളച്ചു. അവ വീശി അവന്‍ സാന്ദ്രമായ ഇരുട്ടിന്റെ ഹൃദയത്തിലേക്ക്‌ പറന്നു. ഇപ്പോഴവന്‍ എത്ര ഇരുട്ടുനിറഞ്ഞ വഴിയിലൂടെയും വെളിച്ചമില്ലാതെ നടക്കും. ഒരു തുള്ളി വെളിച്ചം പോലുമില്ലാതെ ജീവിക്കും.

പക്ഷേ, മൊബൈലില്‍ ഒരു നൊടിയിട നേരത്തേക്ക്‌ തെളിഞ്ഞ നീല വെളിച്ചം. ആ വെളിച്ചത്തിന്റെ വൃത്തത്തിനുള്ളില്‍ ഒരു കുട്ടിയുടെ വിതുമ്പല്‍ ‍.

പപ്പാ, മമ്മാ, വേര്‍ ആര്‍യൂ?

മൊബൈലിന്റെ ലോഹക്കൂട്‌ കൈവെള്ളയില്‍ തിളങ്ങുന്ന ദീര്‍ഘചതുരമായി.

നാടകം തെറ്റാതെ സ്റ്റേജിലവതരിപ്പിച്ച നടന്റെ സംതൃപ്തി നീലവെളിച്ചത്തോടൊപ്പം അസ്തമിച്ചു. ഒരു ചുവടുപോലും പിഴച്ചില്ല. എന്നിട്ടും ചെന്നു വീണത് മുള്‍ക്കൂട്ടില്‍ .

അറിയാതെ മൊബൈലില്‍ വിരലമര്‍ത്തി. അതേ നമ്പര്‍ ‍, അതേ സന്ദേശം. ഒരിക്കല്‍ കൂടി മിന്നിത്തിളങ്ങി.
അതൊരു കൊച്ചുകുട്ടിയാവാം. അല്ലെങ്കില്‍ അല്പം കൂടി മുതിര്‍ന്നത്‌. വേണ്ടെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞിട്ടും വിരല്‍ത്തുമ്പുകള്‍ വെറുതെ ആ അക്കങ്ങളുടെ പൊരുള്‍ തേടി.

ഹലോ.... വിറയാര്‍ന്ന കൊച്ചുസ്വരം നേര്‍ത്ത സ്പന്ദനങ്ങളായി ചെവിയിലെത്തി.

ഹലോ ആരാ.. മൌനത്തിന്റെ മുഴക്കം അവന്റെ സ്വരത്തെ വല്ലാതെ തരളിതമാക്കി.

ഹലോ അങ്കിള്‍ ആരാദ്‌... ഹൂ ആര്‍ യൂ?
ഫ്രണ്ട്‌, പപ്പേടെ..

അങ്കില്‍ താങ്‌ക്‍യൂ ഫോര്‍ കോളിംഗ്‌. വേര്‍ ഈസ്‌ മൈ പപ്പാ.. ഇവിടെ ലൈറ്റില്ല. എനിക്ക്‌ പേടിയാവുന്നു.

പേടിക്കേണ്ട..സ്വരം കഴിയുന്നതും മൃദുവാക്കാന്‍ ശ്രമിച്ചു.

പേടിക്കേണ്ട പപ്പ വേഗം വരും.

ലേറ്റായാല്‍ പപ്പ വിളിക്കാറുണ്ട്‌ . ഇന്നിതുവരെ വിളിച്ചില്ല. മമ്മയും വന്നില്ല.

ഒരാളെ സംസാരിക്കാന്‍ കിട്ടിയ ആശ്വാസത്തിലാണവന്‍

-പപ്പ ബിസിയാണ്‌ ഒരു മീറ്റിംഗ്‌. പിന്നെ ടൌണില്‍ ഹര്‍ത്താല്‍. റോഡ്‌ ബ്ലോക്കാണ്‌.

ആലോചിക്കുകപോലും ചെയ്യാതെ മൊബൈലിലേക്ക്‌ ചിതറിവീണ സ്വന്തം സ്വരം അയാളെത്തന്നെ അത്ഭുതപ്പെടുത്തി.

കഷ്ടമായല്ലോ. മമ്മ ഇന്ന് ചോക്കലേറ്റ്‌ കേക്ക്‌ കൊണ്ടുവരാമെന്നു പറഞ്ഞതാണ്‌. റോഡ്‌ ബ്ലോക്കായാല്‍ പപ്പയും മമ്മയും എങ്ങനെ വരും ?

വരും. അവര്‍ വേഗം വരും.

സ്വയം നിശ്ചയമില്ലാത്ത കാര്യങ്ങള്‍ അവന്റെ ചെവിയിലേക്ക്‌ മന്ത്രിക്കുമ്പോള്‍ വല്ലാത്ത ആത്മനിന്ദ തോന്നി. ഒരു കുഞ്ഞു സ്വരത്തിലെ നേര്‍ത്ത ഗദ്ഗദം വിരല്‍ നീട്ടി തൊടുമ്പോള്‍ ഉള്ളില്‍ക്കുടുങ്ങിയ മുള്‍ക്കാടുകള്‍ ആഴത്തിലമരുന്നു.

ഇരുട്ടിന്റെ അഗാധതയില്‍ പതുങ്ങിയിരിക്കുന്ന ഒരു നീരാളി. ലോലമായ പാദങ്ങള്‍ നീണ്ടു നീണ്ടു പോവുന്നു. ഓരോന്നിലും അനേകം വായകള്‍ ‍. അടുത്തേക്ക്‌ വരുന്നവരെ മരണത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്ന സ്പര്‍ശനികള്‍ ‍.

അല്ല , ഇപ്പോള്‍ താന്‍ നീരാളിയല്ല. മരണത്തിന്റെ സന്ദേശവാഹകനുമല്ല. ഒരു കുട്ടി, ഒരു കൊച്ചുകുട്ടി വിശപ്പിനും ഭീതിയ്ക്കുമിടയിലെ ഇത്തിരി സ്ഥലത്ത്‌, കുഞ്ഞിക്കെകള്‍ കൊണ്ട്‌ കാലുകള്‍ ചുറ്റിപ്പിടിച്ച്‌, മുട്ടുകളില്‍ മുഖം ചേര്‍ത്തിരിക്കുന്ന കുട്ടി. വെളിച്ചത്തെ കാത്തിരിക്കുന്ന കുട്ടി.

അങ്കിള്‍... അവന്‍ വീണ്ടും വിളിക്കുന്നു.

അങ്കിള്‍ കേള്‍ക്കാമോ?

കേള്‍ക്കാം പറയൂ.
അങ്കിളിന്‌ ഇങ്ങോട്ട്‌ വരാമോ? പപ്പയും മമ്മയും എത്തുന്നതുവരെ, എനിക്കൊരു കമ്പനി.

അവന്റെ സ്വരം വളരെ വ്യക്തമായിരുന്നു. എന്നിട്ടും അറിയാതെ ചോദിച്ചുപോയി.

എന്താ... എന്താ പറഞ്ഞത്‌?
ഇങ്ങോട്ട്‌ വരൂ അങ്കിള്‍ ..

എങ്ങനെ .. എങ്ങനെ വരും ഞാന്‍ ‍?

ടൌണിന്റെ നടുവിലാണ്‌ എന്റെ വീട്‌. മാര്‍ക്കറ്റിന്‌ നടുവിലെ പേരാലില്ലേ? അവിടന്ന് ഇടത്തോട്ട്‌ പോവുന്ന റോഡ്‌. കുറച്ചു നടന്നാല്‍ മതി. സൂപ്പര്‍ മാര്‍ക്കറ്റിന്റെ തൊട്ടടുത്തുള്ള അപ്പാര്‍ട്ട്മെന്റ്‌. നീലിമ. ഫിഫ്ത്‌ ഫ്ലോറിലാ ഞങ്ങടെ ഫ്ലാറ്റ്‌.

എവിടെ എവിടെ?

അവന്‍ എല്ലാം ഒന്നുകൂടി വിശദീകരിച്ചു. പരീക്ഷക്കായി പഠിച്ചു വച്ചപാഠങ്ങള്‍ ഉരുവിടുന്ന ലാഘവത്തോടെ.

അങ്കിള്‍ ‍, വേഗം വരൂ. പ്ലീസ്‌....

പേടിയുടെ ഇരുണ്ട നടപ്പുരയിലേക്ക്‌ ഒരു തുള്ളി വെളിച്ചവുമായി ചെല്ലാന്‍ അവന്‍ വിളിക്കുകയാണ്‌. പക്ഷേ, പണ്ടെങ്ങോ കണ്ട സ്വപ്നങ്ങളുടെ അരണി കടഞ്ഞ് ഞാനെങ്ങനെ വെളിച്ചം സൃഷ്ടിക്കും?

അതേ നിമിഷത്തിലാണ്‌ മൊബൈലില്‍ അജ്ഞാതനര്‍ത്തകിയുടെ ചിലങ്ക കിലുങ്ങിയത്‌. അതു തന്നെ ഞാന്‍ സന്ധ്യ മുതല്‍ കാത്തിരുന്ന സന്ദേശം.

എവരിതിംഗ്‌ റെഡി. ബി ക്വിക്ക്‌.

എല്ലാ റെഡിയാണ്‌ വേഗം വരിക.

ബാക്കിയെല്ലാം തനിക്കറിയാമല്ലോ. പിന്നിലെ ഗേറ്റിനപ്പുറം വീതികുറഞ്ഞ റോഡ്‌. മാര്‍ക്കറ്റിനു നടുവിലുള്ള പേരാല്‍ ചുവട്ടില്‍ നിന്ന്‌ വലത്തോട്ട്‌....

എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മയിലാഞ്ചിക്കമ്പുകള്‍ തട്ടിമാറ്റി ധൃതിയില്‍ ഗേറ്റ്‌ കടന്നു. നരച്ച നിലാവില്‍ വേപ്പുമരങ്ങള്‍ കുറേക്കൂടി വയസ്സന്മാരായതുപോലെ തോന്നി.

ഒരുപാട്‌ ഊന്നുവേരുകളുമായി നില്ക്കുന്ന പേരാല്‍ മുത്തച്ഛന്‍ ‍. ചുവട്ടില്‍ സന്ധ്യയ്ക്ക്‌ ആരോ കൊളുത്തി വച്ച എണ്ണത്തിരികള്‍ അപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ആര്‍ക്കും കൊടുക്കാനാവാത്ത സ്നേഹത്തിന്റെ കണ്ണുകള്‍ പോലെ .

പോക്കറ്റില്‍ വീണ്ടും ചിലങ്ക കിലുങ്ങി.

അങ്കിള്‍ ‍, അയാം വെയ്‌റ്റിംഗ്‌ ഫോര്‍ യൂ .....

-
അവന്‍ തന്നെ കാത്തിരിക്കുന്നു. റെയില്‍വെപ്പാലത്തിനു ചുവട്ടില്‍ ചങ്ങാതിമാരും തന്നെ കാത്തിരിക്കുന്നു.

ഒരു തുളസിയില കിട്ടിയാല്‍ പരീക്ഷിക്കാമായിരുന്നു.

കുട്ടിക്കാലത്ത്‌ അമ്മയെ കാത്തിരുന്നു മടുക്കുമ്പോള്‍ നടത്തുന്ന പരീക്ഷണം. അകമോ പുറമോ? അകം വന്നാല്‍ അടുത്തയാള്‍ അമ്മ. ഈ തെരുവോരത്ത്‌ എവിടെയെങ്കിലും തുളസിച്ചെടികള്‍ വളരുന്നുണ്ടാവുമോ?

പേരാല്‍ച്ചുവട്ടിലെ എണ്ണത്തിരികള്‍ നോക്കി ഒരു നിമിഷം നിന്നു. പിന്നെ ധൃതി പിടിച്ച്‌ ഇടത്തോട്ട്‌ പോവുന്ന റോഡിലൂടെ നടന്നു.

Subscribe Tharjani |
Submitted by diva (not verified) on Mon, 2007-08-06 08:26.

Like the story. Touching