തര്‍ജ്ജനി

കഥ

വിവാഹം കഴിഞ്ഞവരുടെ സാഹസിക ജീവിതം

ആര്‍ത്തുറോ മസ്സൊലാറി ഫാക്ടറിയിലെ രാത്രി ജോലിക്കാരനാണ്. രാവിലെ ആറിനു തീരുന്ന ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താന്‍ അയാള്‍ക്ക് കുറേ ദൂരം പോകേണ്ടതുണ്ട്. തെളിഞ്ഞ ദിവസങ്ങളില്‍ സ്വന്തം സൈക്കിളില്‍, മഴയുള്ളതോ മഞ്ഞു വീഴുന്നതോ ആയ മാസങ്ങളില്‍ ട്രാമുകളില്‍ അയാള്‍ ആ ദൂരം താണ്ടുന്നു. 6.45നും 7നും ഇടയില്‍ അയാള്‍ വീട്ടിലെത്തും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലപ്പോള്‍, അലാറം ക്ലോക്ക് അയാളുടെ ഭാര്യ എലൈഡിനെ വിളിച്ചുണര്‍ത്തുന്നതിനു മുന്‍പ്, മറ്റു ചിലപ്പോള്‍ അവള്‍ ഉണര്‍ന്നതിനു ശേഷം.

അലാറത്തിന്റെ ശബ്ദം, അയാള്‍ വന്നു കയറുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം, മിക്കപ്പോഴും ഈ രണ്ടു ശബ്ദങ്ങളും കൂടിക്കലര്‍ന്ന് എലൈഡിന്റെ ഉറക്കത്തിന്റെ ആഴങ്ങളില്‍ ചെന്ന് അലോരസപ്പെടുത്തി. തടസ്സപ്പെട്ട, അതിരാവിലത്തെ സുഖനിദ്രയുടെ അവശിഷ്ടങ്ങളെ കുടഞ്ഞുകളയാന്‍ കുറച്ചു നിമിഷങ്ങള്‍ അവള്‍ തലയണയില്‍ മുഖം പൂഴ്ത്തിക്കിടന്നു. തോളിലൂടെ വഴുതിയിറങ്ങുന്ന വസ്ത്രത്തോടെയും മുഖത്തു വീണു കിടക്കുന്ന മുടിയിഴകളോടെയും കിടക്കയില്‍ നിന്ന് പ്രയാസപ്പെട്ട് എഴുന്നേറ്റ്, ജോലിസ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്ന സഞ്ചിയില്‍ നിന്ന് ഒഴിഞ്ഞ ഭക്ഷണപാത്രവും മറ്റും പുറത്തെടുക്കുകയായിരുന്ന ആര്‍ത്തുറൊയ്ക്ക് മുന്നില്‍ അവള്‍ ചെന്ന് നിന്നു. അടുക്കളയിലെ സിങ്കില്‍ കഴുകാനുള്ള പാത്രങ്ങളിട്ടിട്ട്, സ്റ്റൌവ് കത്തിച്ച് ഇതിനകം അയാള്‍ കാപ്പിയുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ആര്‍ത്തുറോ നോക്കിയ ഉടന്‍ അവള്‍ തലമുടിയില്‍ കയ്യോടിച്ചു. പ്രയാസപ്പെട്ടു കണ്ണുകള്‍ വിടര്‍ത്തി. ജോലി കഴിഞ്ഞു വീട്ടില്‍ വരുന്ന ഭര്‍ത്താവ് എല്ലാ ദിവസവും കാണുന്നത് ഇങ്ങനെ പകുതി ഉറക്കത്തോടു കൂടിയ തന്റെ മുഖമാണെന്ന ചിന്ത അവളെ വല്ലാതെ ലജ്ജിപ്പിച്ചിരുന്നു. ഒരേക്കിടക്കയില്‍ നിന്നു ഉറക്കമുണര്‍ന്ന് എഴുന്നേറ്റു വരുന്ന രണ്ടാളുകളുടെ കാര്യം പോലെയല്ല ഇത്.

ചിലപ്പോള്‍ അയാളാണ് കിടക്കമുറിയില്‍ ചെറിയ ഒരു കപ്പില്‍ കാപ്പിയുമായി വന്ന് അവളെ വിളിച്ചുണര്‍ത്തുന്നത്. അലാറം മുഴങ്ങുന്നതിനു മുന്‍പ്. അപ്പോള്‍ അവള്‍ ഉറക്കമുണരുന്നതിന്റെ ചേഷ്ടകള്‍ക്ക് മധുരമുള്ള ഒരു തരം ആലസ്യത്തിന്റെ സ്വഭാവമുണ്ടാകും, നഗ്നമായ കൈകള്‍ നിവര്‍ന്ന് അയാളുടെ കഴുത്തിനെ വലയം ചെയ്യും. അവര്‍ കെട്ടിപ്പിടിക്കും. ആര്‍ത്തുറോ കാറ്റേല്‍ക്കാത്ത മഴക്കോട്ടായിരിക്കും ധരിച്ചിരിക്കുന്നത്. അയാളുടെ ശരീരത്തിലെ ചൂടും തണുപ്പും അനുസരിച്ച്, പുറത്തെ കാലാവസ്ഥ എങ്ങനെയാണെന്ന് അവള്‍ അറിയും. മഴപെയ്യുകയായിരുന്നോ എന്ന്, മൂടല്‍ മഞ്ഞുണ്ടോ എന്ന് അല്ലെങ്കില്‍ മഞ്ഞു പൊഴിയുകയായിരുന്നോ എന്ന്.
എങ്കിലും അവള്‍ ചോദിക്കും “ കാലാവസ്ഥ എങ്ങനെയാണ്?”
പകുതി തമാശയോടെ, അയാള്‍ സ്ഥിരമായ പല്ലവികള്‍ ആവര്‍ത്തിക്കും. അയാള്‍ക്കേര്‍പ്പെട്ട പ്രശ്നങ്ങളെല്ലാം ആദ്യം മുതല്‍ അവസാനം വരെ വിവരിക്കപ്പെടും. സൈക്കിളിലെ യാത്ര, ഫാക്ടറിയില്‍ നിന്നു പുറത്തു വന്നപ്പോഴത്തെ പ്രകൃതി തലേ ദിവസം ജോലിയ്ക്കു കയറിയപ്പോഴത്തേതില്‍ നിന്നു വ്യത്യാസപ്പെട്ടിരുന്നത്, ജോലിക്കിടയില്‍ വന്ന പ്രശ്നങ്ങള്‍, അയാളുടെ സെക്ഷനില്‍ പരന്ന പുതിയ പരദൂഷണങ്ങള്‍.. അങ്ങനെ പലതും...

വീട് അതോടെ ആ ദിവസത്തിലേയ്ക്ക് ഉണരും. പക്ഷേ എലൈഡ് അവരുടെ ചെറിയ കുളിമുറിയിലിരുന്ന് തുണിയെല്ലാം ഊരിയിട്ട് കഴുകി തുടങ്ങും. കുറച്ചു കഴിഞ്ഞ് അയാളും വളരെ ശാന്തനായി അകത്തു കടക്കും. തന്റെ തുണിയഴിച്ചിട്ട് അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഫാക്ടറിയിലെ മെഴുക്കും പൊടിയും പതുക്കെ കഴുകി വെടിപ്പാക്കും. അങ്ങനെ.. അല്പം ഉള്ളിലേയ്ക്ക് വലിഞ്ഞ്, പരസ്പരം നോക്കിക്കൊണ്ട് കുറെയൊക്കെ നഗ്നരായി ഒരേ അലക്കു പാത്രത്തിന്റെ വശങ്ങളില്‍ അവര്‍ നില്‍ക്കും. സോപ്പ് .......ടൂത്ത് പേസ്റ്റ് ......പരസ്പരം കൈമാറിക്കൊണ്ട്. അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തീര്‍ക്കാനുള്ളവയെല്ലാം മുറയില്ലാതെ പറഞ്ഞു കൊണ്ട്... അടുപ്പത്തിന്റെ നിമിഷം അങ്ങനെ വന്നെത്തും. അന്യോന്യം പുറം തേയ്ചു കൊടുക്കാനുള്ള അവസരങ്ങള്‍ അവ തലോടലാക്കി മാറ്റും. ഒടുവില്‍ തങ്ങള്‍ ആലിംഗനത്തില്‍ മുഴുകിയിരിക്കുകണെന്നു അവര്‍ തിരിച്ചറിയും.

പെട്ടെന്ന് അലൈഡ് അലറും..”കര്‍ത്താവേ... സമയം നോക്ക്..!“ എന്നിട്ട് അവള്‍ കാലുറ വലിച്ചു കയറ്റാനും സ്കര്‍ട്ട് വലിച്ചിടാനുമായി ഇറങ്ങിയോടും. ധൃതിയില്‍ വസ്ത്രം ധരിക്കുമ്പോഴും അവള്‍ തല ചീകുകയായിരിക്കും. എത്തിവലിഞ്ഞ് കണ്ണാടിയിലേയ്ക്ക് അതിനിടയ്ക്ക് നോക്കുന്നുണ്ടാവും. ചുണ്ടുകള്‍ക്കിടയില്‍ മുടിപിന്നുകള്‍ രണ്ടെണ്ണമെങ്കിലും കടിച്ചു പിടിച്ചിരിക്കും. അര്‍ത്തുറൊ അവള്‍ക്കു പിന്നാലെ കുളിമുറിയില്‍ നിന്ന് ഇറങ്ങി വരും. ഒരു സിഗററ്റും പുകച്ച് അയാള്‍ അവളെ നോക്കും. അവിടെ അങ്ങനെ നില്‍ക്കുക.... എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുക...അതിലയാള്‍ക്കെപ്പോഴും വല്ലായ്മ തോന്നാറുണ്ട്.

എലൈഡ് തയ്യാറായിക്കഴിഞ്ഞു. സ്റ്റാന്റില്‍ നിന്നും അവള്‍ രോമക്കുപ്പായം കൂടി എടുത്തണിഞ്ഞു. അവര്‍ ചുംബിച്ചു. അവള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. വേഗത്തില്‍ അവള്‍ മരപ്പടികള്‍ ഇറങ്ങുന്ന ശബ്ദം ഇപ്പോള്‍ കേള്‍ക്കാം.

ആര്‍ത്തുറോ ഒറ്റയ്ക്കായി.
പടിയിറങ്ങിപോകുന്ന എലൈഡിന്റെ കാലൊച്ചകളെ അയാള്‍ പിന്തുടര്‍ന്നു. ആ ശബ്ദം കേള്‍ക്കാതാവുന്നതു വരെ. എന്നിട്ടും അയാള്‍ മനസ്സുകൊണ്ട് അവളുടെ പിന്നാലെ പിന്നെയും പോയി. കെട്ടിടത്തിന്റെ പുറത്തുള്ള വാതിലിനുമപ്പുറത്തുള്ള ഇടവഴിയിലൂടെ ട്രാം വന്നു നില്‍ക്കുന്നിടം വരെ മനസ്സു കുതിച്ചു. അങ്ങനെ അയാള്‍ ട്രാമിന്റെ ഒച്ച കേട്ടു. ഇരുമ്പുപാളികള്‍ തമ്മിലുരഞ്ഞു നില്‍ക്കുന്നതിന്റെ ശബ്ദം. അവള്‍ അതിലിപ്പോള്‍ കയറി കാണും. അയാള്‍ വിചാരിച്ചു. കമ്പിയില്‍ പിടിച്ചു തൂങ്ങി ജോലിക്കു പോകുന്ന ആളുകള്‍ക്കിടയില്‍ അവള്‍ നില്‍ക്കുന്ന കാഴ്ച അയാള്‍ മനസ്സില്‍ കണ്ടു. പുരുഷന്മാരും സ്ത്രീകളും നിറഞ്ഞ ട്രാം. നമ്പര്‍ 12. അത് അവളെ എല്ലാ ദിവസത്തേയും പോലെ അവളുടെ ഫാക്ടറിയില്‍ എത്തിക്കും.

സിഗററ്റിന്റെ അറ്റം കുത്തിക്കെടുത്തി. ജനാല ഷട്ടറുകള്‍ അടച്ച് മുറിയിരുട്ടാക്കി ആര്‍ത്തുറോ ഉറങ്ങാന്‍ കിടന്നു.

കിടക്കയില്‍ എലൈഡ് എഴുന്നേറ്റു പോയ വശം പോലെയായിരുന്നില്ല ആര്‍ത്തുറൊയുടെ ഭാഗം. അതിപ്പോള്‍ വിരിച്ചിട്ടതുപോലെയുണ്ടായിരുന്നു. തന്റെതായ ഭാഗത്ത് അയാള്‍ കിടന്നു. പക്ഷേ പിന്നീട് അയാള്‍ കാലുകള്‍ നീട്ടി ഭാര്യയുടെ ഊഷ്മളത ഇപ്പോഴും വിട്ടു പോകാത്ത മറുഭാഗത്തു തൊട്ടു. പിന്നെ അടുത്ത കാലുകൊണ്ട്.. കുറേശ്ശെ കുറേശ്ശെ അയാള്‍ പൂര്‍ണ്ണമായും ഭാര്യയുടെ ഭാഗത്തേയ്ക്ക് നീങ്ങി. അവളുടെ ശരീരത്തിന്റെ ആകൃതിയില്‍ ഇപ്പോഴും ചൂടോടെ കിടക്കുന്ന മെത്തയില്‍ അമര്‍ന്നു കിടന്നു. തലയണയില്‍ അവളുടെ സുഗന്ധത്തില്‍ മുഖം പൂഴ്ത്തിയുറങ്ങി.

എലൈഡ് വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ആര്‍ത്തുറോ മുറികളില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടായിരുന്നു. സ്റ്റൌ കത്തിച്ച് പാകം ചെയ്യാനുള്ളത് അതിനു മുകളില്‍ വച്ചു. കിടക്ക ശരിയാക്കിയിടുക, മുറി വൃത്തിയാക്കുക, തുണികള്‍ സോപ്പു വെള്ളത്തില്‍ കുതിര്‍ക്കാനിടുക, തുടങ്ങിയുള്ള ചില്ലറ പണികള്‍ അത്താഴത്തിനു മുന്‍പായി അയാള്‍ തീര്‍ത്തു കഴിഞ്ഞു. ഇതിലൊന്നും എലൈഡിന് തൃപ്തിയുണ്ടാവില്ല. അവള്‍ എല്ലാത്തിനെയും വിമര്‍ശിക്കും. സത്യത്തില്‍ അതൊന്നും അയാളെ വേദനിപ്പിക്കാറില്ല. കാരണം അവളെ കാത്തിരിക്കുന്നതിനിടയിലെ ചടങ്ങുകള്‍ മാത്രമാണ് അയാള്‍ ചെയ്ത ജോലികള്‍. വീട്ടിനുള്ളിലെ ചുവരുകള്‍ക്കിടയില്‍ കഴിച്ചുകൂട്ടുമ്പോഴും പകുതി വഴിയില്‍ വച്ച് അവളെ കണ്ടതുപോലെ അയാളുടെ ഉള്ളു നിറയ്ക്കുന്നത് ഈ ജോലികളാണ്.

അങ്ങനെ വൈകുന്നേരമാകുന്നു. അപ്പോള്‍ വഴിവിളക്കുകള്‍ തെളിഞ്ഞു തുടങ്ങുന്ന വഴിയിലൂടെ വൈകുന്നേരങ്ങളില്‍ അവളുടെ അയല്‍‌പക്കങ്ങളിലെ സ്ത്രീകള്‍ വൈകിയതിന്റെ വെപ്രാളത്തോടെ ഷോപ്പിങ്ങിനിറങ്ങുന്ന കടകളെ ലക്ഷ്യം വച്ച് അവള്‍ നടക്കുകയായിരിക്കും...

അവസാനം അയാള്‍ അവളുടെ കാലൊച്ചകള്‍ വാതിലിനു പുറത്ത് കേട്ടു. രാവിലത്തേതില്‍ നിന്നു വ്യത്യസ്തമായി. കനത്ത ചുവടു വയ്പ്പുകളാണിപ്പോള്‍. കാരണം ഒരു ദിവസത്തെ ജോലിയും കടകളില്‍ നിന്നു വാങ്ങിച്ച സാധനങ്ങളുടെ ഭാരവും തളര്‍ത്തിയ ശരീരമാണ് എലൈഡിനിപ്പോഴുള്ളത്. ആര്‍ത്തുറോ കോണിപ്പടി അവസാനിക്കുന്നിടത്തു ചെന്നു നിന്ന് സാധനങ്ങള്‍ നിറഞ്ഞ ബാഗ് വാങ്ങി അവളെ സഹായിച്ചു. അവര്‍ സംസാരിച്ചുകൊണ്ട് വീടിനകത്തേയ്ക്കു കയറി. കോട്ടു പോലും ഊരാതെ അവള്‍ അടുക്കളയില്‍ കസാലയില്‍ ചെന്നു വീണു. അവള്‍ തളര്‍ന്നിരുന്നു. അവളെ നോക്കിക്കൊണ്ട് അയാള്‍ ബാഗില്‍ നിന്നും സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു വച്ചു.
” നമുക്ക് രണ്ടാള്‍ക്കും കൂടി ശരിയാക്കാം.” അവല്‍ പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു നിന്ന് രോമക്കുപ്പായം മാറ്റി അടുക്കളക്കുപ്പായം എടുത്തണിഞ്ഞു. ആഹാരമുണ്ടാക്കിയത് അവരൊന്നിച്ചാണ്. രണ്ടുപേര്‍ക്കുള്ള അത്താഴം. പിന്നെ ഫാക്ടറിയില്‍ രാത്രി ഒരു മണിക്കുള്ള വിശ്രമസമയത്തു കഴിക്കാനായി ‘ഉച്ച‘ഭക്ഷണം അയാള്‍ പൊതിഞ്ഞെടുത്തു. അടുത്തദിവസം അയാള്‍ ഉണരുമ്പോള്‍ കഴിക്കാനുള്ള സ്നാക്സും തയ്യാറാക്കി മാറ്റിവച്ചു.

അവള്‍ അലസമായി മുറിയിലൊക്കെ നടന്ന് അയാള്‍ ചെയ്തു വച്ച കാര്യങ്ങള്‍ നോക്കിക്കണ്ടു. ചൂരല്‍ കസേരയില്‍ ഇരുന്ന് അയാള്‍ ചെയ്യേണ്ടിയിരുന്ന സംഗതികളെക്കുറിച്ച് സംസാരിച്ചു. അയാള്‍ അവ മിണ്ടാതിരുന്ന് കേട്ടു. മനസ്സോടെയാണ് ഇത്ര സമയവും അയാള്‍ വീട്ടു ജോലികള്‍ ചെയ്തത്. അയാള്‍ക്ക് എല്ലാം ചെയ്തു തീര്‍ക്കണമെന്നുണ്ടായിരുന്നു. ആലോചിക്കാന്‍ മറ്റു ചിലതൊക്കെയുള്ളതു കൊണ്ട് മനസ്സ് പിടിച്ചിടത്ത് ചിലപ്പോള്‍ നില്‍ക്കില്ല. അയാള്‍ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ പരസ്പരം ശബ്ദമുയരുന്നതു കാരണം അവ വഴകായി പരിണമിക്കുന്നു. അവര്‍ ചീത്ത വാക്കുകള്‍ എറ്റുന്നു.

ജോലികളില്‍ അയാള്‍ കൂടുതല്‍ മനസ് ഊന്നണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. കാര്യങ്ങളെ കുറേ കൂടി ഗൌരവത്തില്‍ എടുക്കണമെന്ന്...അല്ലെങ്കില്‍ അവളോട് കൂടുതല്‍ അടുപ്പം കാണിക്കണമെന്ന്....കൂടുതല്‍ സന്തോഷിപ്പിക്കണമെന്ന്.. പക്ഷേ അവള്‍ വീട്ടില്‍ വന്നെത്തുന്ന നിമിഷത്തെ ആഹ്ലാദത്തിനു ശേഷം അയാളുടെ മനസ്സ് പിടച്ച് വീടിനു പുറത്തേയ്ക്കു പോകുന്നു. തനിക്ക് ജോലിയ്ക്കു പുറപ്പെടാനുള്ള സമയമാകുന്നു എന്ന ചിന്തയില്‍ അയാള്‍ വല്ലാതെ മുഴുകി പോകുന്നു.

അത്താഴമേശ ഒരുക്കിക്കഴിയുമ്പോള്‍, അതായത് ഭക്ഷണത്തിനിരുന്ന ശേഷം മറ്റൊന്നിനും എഴുന്നേല്‍ക്കേണ്ടി വരാത്ത വിധം പാത്രങ്ങളും പ്ലേറ്റുകളും നിരത്തി വച്ചുകഴിഞ്ഞാല്‍ പിരിമുറുക്കം എവിടെയോ പോയി മറയുന്നു. പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ഇനി കുറച്ചു സമയം കൂടി മാത്രമേ ഒന്നിച്ചിരിക്കാന്‍ കഴിയൂ എന്ന ചിന്ത സ്പൂണുകള്‍ ഉയര്‍ത്താനുള്ള ശേഷി പോലും നഷ്ടപ്പെടുത്തിക്കളയും. കൈകള്‍ കോര്‍ത്തു പിടിച്ച് അവിടെ അങ്ങനെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നതു മാത്രമാവും അവരുടെ തീവ്രമായ ആഗ്രഹം..

പക്ഷേ പാത്രത്തില്‍ കാപ്പി തീരുന്നതിനു മുന്‍പു തന്നെ അയാള്‍ എഴുന്നേറ്റ് തന്റെ സൈക്കിള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കണം. കുറേ ദൂരം പോകാനുള്ളതാണ്. അവര്‍ കെട്ടിപ്പിടിച്ചു. തന്റെ ഭാര്യയുടെ ശരീരം എത്രമാത്രം ഊഷ്മളവും മൃദുവുമാണെന്ന് ആര്‍ത്തുറോ അപ്പോള്‍ തിരിച്ചറിഞ്ഞതു പോലെ തോന്നി. സമയമില്ല. സൈക്കിള്‍ തോളില്‍ ഉയര്‍ത്തിപ്പിടിച്ച് അയാള്‍ ശ്രദ്ധാപൂര്‍വം പടിയിറങ്ങി.

എലൈഡ് പാത്രങ്ങള്‍ കഴുകി. വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഭര്‍ത്താവ് ചെയ്ത കാര്യങ്ങള്‍ തലയാട്ടിക്കൊണ്ട് വീണ്ടും ചെയ്തു. അയാള്‍ ഇരുട്ടു പിടിച്ചു തുടങ്ങിയ തെരുവിനു നേര്‍ക്ക് വഴി വിളക്കുകള്‍ക്കു നടുവിലൂടെ ആക്കത്തില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്നു. ഇപ്പോള്‍ അയാള്‍ പെട്രോള്‍ പമ്പു കടന്നിട്ടുണ്ടാവും. എലൈഡ് കിടപ്പുമുറിയിലേയ്ക്ക് പോയി. വിളക്കുകള്‍ അണച്ചു. കിടക്കയില്‍ അവള്‍ക്കു അവകാശപ്പെട്ട ഭാഗത്ത് മെല്ലെ ശയിച്ചു. ഒരു കാല്‍ അവളുടെ ഭര്‍ത്താവിന്റെ ഭാഗത്തേയ്ക്ക് നീട്ടി വച്ചു. അയാളുടെ ചൂട് ഇപ്പോഴും അവിടെയുണ്ടോ എന്നറിയാന്‍ വേണ്ടി.. അവളുറങ്ങുന്ന ഭാഗത്താണ് ചൂടു കൂടുതല്‍ എന്ന് എപ്പോഴത്തെയും പോലെ അവള്‍ തിരിച്ചറിഞ്ഞു. കാരണം അയാള്‍ അവളുടെ ഭാഗത്തും കൂടി കിടന്നാണുറങ്ങിയത്. ആ അറിവ് അവളില്‍ വല്ലാത്തൊരു തരളത നിറച്ചു.

വിവ. ശിവകുമാര്‍ ആര്‍ പി

Subscribe Tharjani |
Submitted by shiny vincent (not verified) on Fri, 2007-07-13 16:21.

kadhyil vallare nannaye sadharanakarente jeevitham kanichitundu

Submitted by venu (not verified) on Fri, 2007-07-13 16:23.

കഥ ഇഷ്ടപ്പെട്ടു. തര്‍‍ജ്ജമ കഥയുടെ ആത്മാവു് നഷ്ടപ്പെടുത്തിയില്ല. മനുഷ്യ ജീവിതത്തിലെ സമയ ദൌര്‍ലഭ്യവും മനസ്സിനു വിളിച്ചു പറയാനാകാത്ത വിഹ്വലതകളും മനസ്സില്‍‍ തട്ടുന്നു. ആശംസകള്‍‍.