തര്‍ജ്ജനി

സി. ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

സ്രഷ്ടാവിന്റെ പരമ്പരയില്‍ ഒരാള്‍ - 3

പുതിയ പുരോഗമന /ഹ്യൂമനിസ്റ്റു സാഹിത്യപ്രസ്ഥാനം

കക്ഷിരാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നു്‌ വിടുതി നേടിയ ഗോവിന്ദന്‍ ബുദ്ധിജീവിപ്രവര്‍ ത്തനങ്ങള്‍ക്കു്‌ ഇടം നല്‍കുന്ന ഒരു വേദിയായി പുരോഗമനസാഹിത്യപ്രസ്ഥാനത്തെക്കണ്ടു്‌ അതിലേയ്‌ക്കും അവിടെനിന്നു മുന്നോട്ടും സഞ്ചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, 1940കളുടെ അവസാനവര്‍ഷങ്ങളില്‍ ആരംഭിച്ച ഈ സഞ്ചാരമാണു്‌ ഗോവിന്ദനെ സ്വതന്ത്രചിന്താപാരമ്പര്യത്തിന്റെ കണ്ണിയാക്കിത്തീര്‍ത്തതു്‌. അതുവഴി കേരളത്തിലെ എഴുത്തുകാരുടെയും വായന ക്കാരുടെയും കലാസാംസ്‌കാരികപ്രവര്‍ത്തകരുടെയും ഇടയില്‍ വലിയൊരു വിഭാഗത്തിന്റെ കുലഗുരുവായും, ഇടതുപക്ഷകക്ഷിപ്രതിബദ്ധജീവികളെ മാത്രം പൊറുപ്പിക്കുന്നവരുടെ കണ്ണിലെ കരടായും അദ്ദേഹം മാറി. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രഖ്യാതചരിത്രത്തില്‍, അത്തരമൊരു പ്രസ്ഥാനത്തെക്കുറിച്ചു്‌ സ്വതന്ത്രമായി വിഭാവനചെയ്‌ത കേസരിയും പുരോഗമനസാഹിത്യസംഘടന രൂപംകൊണ്ടപ്പോള്‍ അതിന്റെ സ്ഥിരാധ്യക്ഷനായി നിശ്ചയിക്കപ്പെട്ട എം.പി.പോളും ഒക്കെ കബറടക്കം ചെയ്യപ്പെട്ടിട്ടുണ്ടു്‌. പാര്‍ട്ടിക്കാര്‍ തള്ളിയ തെമ്മാടിക്കുഴികളില്‍നിന്നു്‌ അവരെ നമ്മുടെ അക്കാദമി ചരിത്രകാരന്മാരും വിമര്‍ശകന്മാരും വീണ്ടെടുത്തു്‌ ഉചിതമായ സംസ്‌കാരശുശ്രൂഷ നല്‍കിയിട്ടുണ്ടു്‌. (പള്ളിക്കാര്‍ തള്ളിയ തെമ്മാടിക്കുഴികള്‍ കാലഗത്യാ സെമിത്തേരിയോടു്‌ ചേര്‍ക്കപ്പെട്ടു!)

എന്നാല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ പുതിയ ഹ്യൂമനിസ്റ്റു്‌പ്രസ്ഥാനമായി നിര്‍ വ്വചിക്കുകയ്യൂം അതിനനുസൃതമായ നിരവധി വേദികള്‍ക്കും കര്‍മ്മപരിപാടികള്‍ക്കും രൂപംകൊടുത്തു മുന്നോട്ടുപോവുകയുംചെയ്‌ത ഗോവിന്ദന്റെ ഗതിയതല്ല; സമ്പൂര്‍ണ്ണതമസ്‌കരണമായിരുന്നു. തോപ്പില്‍ ഭാസി തന്റെ ഒളിവിലെ ഓര്‍മ്മകള്‍ക്കുശേഷത്തില്‍ വ്യക്തമാക്കിയതുപോലെ, പാര്‍ട്ടിബദ്ധര്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു ``വായ്‌ക്കരിയിട്ടു''. അതിനുശേഷം സര്‍ഗ്ഗാത്മകമായ ബദല്‍ അവതരിപ്പിച്ചുകൊണ്ടു്‌ നീണ്ട ഒരു കാലയളവില്‍ സാംസ്‌കാരികരംഗത്തെ സമഗ്രാധിപത്യപ്രവണതകളെ പ്രതിരോധിക്കുകയായിരുന്നു ഗോവിന്ദന്‍ ചെയ്‌തതു്‌. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സംഘടനാപരമായ ചട്ടക്കൂടു്‌ ഉപേക്ഷിച്ചും അതേ സമയം അതിന്റെ ആത്മവത്തയെ നെഞ്ചോടുചേര്‍ത്തുമുള്ള അന്വേഷണമായിരുന്നു അതു്‌. പുരോഹിതാജ്ഞകളനുസരിക്കാതെ പുതിയ ലോകങ്ങളെ തേടിയവര്‍ക്കു്‌ ആത്മധൈര്യം നല്‍കിയതു്‌ ഈ അന്വേഷിയുടെ കാല്‍വെപ്പുകളായിരുന്നു.

തനിച്ചു്‌ തന്റെ കാലടിവെച്ചുനടന്ന ഗോവിന്ദന്‍ ഏകാന്തദന്തഗോപുരത്തില്‍ വാഴുകയായിരുന്നി ല്ല. ജനങ്ങളുമായി -മനുഷ്യമുഖം നഷ്ടപ്പെട്ട ആള്‍ക്കൂട്ടവുമായല്ല- ബന്ധപ്പെടാത്ത കലാകാരന്‍ അപൂര്‍ണ്ണനാണു്‌ എന്നു വിശ്വസിച്ച ഗോവിന്ദന്‍ എക്കാലവും മനുഷ്യരുടെ കൂടെയായിരുന്നു. വെറും മനുഷ്യരുടെകൂടെ. ആത്മാവും അന്തസ്സും പണയപ്പെടുത്താത്ത നാട്ടുമനുഷ്യരുടെ കൂടെ. ഗോവിന്ദനും പല തുറകളിലുള്ള മനുഷ്യര്‍ക്കും സമഭാവനയോടെ ബന്ധപ്പെടാന്‍ പ്രയാസമുണ്ടായില്ല. ഗോവിന്ദന്‍ വെറും ഒമ്പതാം ക്ലാസ്സു പഠിച്ചവനായിരുന്നല്ലോ. ഇങ്ങനെ ബന്ധപ്പെടുന്ന പലതരം മനുഷ്യരുടെ കൂട്ടത്തില്‍ വരുന്നവരാണു്‌ എഴുത്തുകാരും കലാകാരന്മാരുമൊക്കെ. അതുവഴി രൂപപ്പെട്ട എഴുത്തുകാരുടെ കൂട്ടമാണു്‌ വാസ്‌തവത്തില്‍ സാഹിത്യത്തെയും ചിന്തയെയും യാന്ത്രികതയുടെയും പുതിയ യാഥാസ്ഥിതികത്വത്തിന്റെയും അതിരുകള്‍ക്കപ്പുറത്തേക്കു സഞ്ചരിക്കുവാനും സ്വതന്ത്രവായു ശ്വസിച്ചുവളരാനും സഹായിച്ചതു്‌. മനുഷ്യന്റെ, സര്‍ഗ്ഗാത്മകതയുടെ വീണ്ടെടുപ്പായിരുന്നു അതു്‌.

സാംസ്‌കാരികരംഗത്തെ സ്റ്റാലിനിസ്റ്റു്‌ അജണ്ട തകര്‍ന്നുപോയതു്‌ അങ്ങനെയാണു്‌. അതി ന്റെ കലിയടങ്ങാത്ത കോമരങ്ങളാണു്‌ ഗോവിന്ദനെ ഏറെ അനുസ്‌മരിക്കാറുള്ളതു്‌. അവരുടെ ആദിരൂപങ്ങള്‍ പുരോഗമനചിന്തയുടെ ഏകരൂപം സ്റ്റാലിനിസ്റ്റു്‌ ചട്ടക്കൂടോടുകൂടിയ സംഘടനയും പ്രത്യയശാസ്‌ത്രപ്രമാണങ്ങളുമാണെന്നു വിശ്വസിക്കുകയും അതു പഠിപ്പിക്കുവാന്‍ തങ്ങള്‍ നിയുക്തരാണെന്നു ധരിക്കുകകയും ചെയ്‌തു. അഭിനവപുരോഹിതവര്‍ഗ്ഗമായി മാറുകയായിരുന്നു അവര്‍. ഈ പുതിയ പൗരോഹിത്യമാണു്‌ പുതിയ ഹ്യൂമനിസത്തെ അനിവാര്യമാക്കിയ സംഗതി. പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍നിന്നു്‌ മുന്നോട്ടു പോകുമ്പോള്‍ ഗോവിന്ദന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ പുതിയഹ്യൂമനിസ്റ്റു്‌ പ്രസ്ഥാനമെന്നു നിര്‍ദ്ദശിച്ചതു്‌ അര്‍ത്ഥബോധത്തോടെയായിരുന്നു. പുതിയ ഹ്യൂമനിസ്റ്റുപ്രസ്ഥാനമെന്ന ഗോവിന്ദന്റെ പ്രയോഗം വീണ്‍വാക്കായില്ല. പുരോഗമനസാഹിത്യപ്രസ്ഥാനം പുരോഹിതപ്രസ്ഥാനമായി മാറ്റിയതിനെതിരായ സര്‍ഗ്ഗാത്മക വിക്ഷോഭമായിരുന്നു ഒച്ചപ്പാടും ഗ്വാഗ്വാവിളികളും ഇല്ലാത്ത സംവാദവേദികളുടെ പരമ്പരയായി ഗോവിന്ദന്‍ പ്രേരണചെലുത്തി രൂപീകരിച്ച പ്രസ്ഥാനം. ആമേന്‍ ആമേന്‍ പറയാത്ത മനുഷ്യരുടെ, സംശയിക്കുന്ന തോമമാരുടെ, വിയോജിക്കുവാനുള്ള സ്വാതന്ത്ര്യത്തെ ആദരിച്ചിരുന്നവരുടെ ഈ പുതിയ ഹ്യൂമനിസ്റ്റു്‌ പ്രസ്ഥാനത്തെ ആക്ഷേപിക്കുവാന്‍ വേണ്ടിയെങ്കിലും മനസ്സിലാക്കേണ്ടതില്ലേ നമ്മുടെ പുരോഗമനസാഹിത്യചരിത്രകാരന്മാര്‍?

അതുണ്ടായില്ല. കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ പാര്‍ട്ടിപ്പിടിയിലുള്ള ഇടതുപക്ഷസ്‌കൂളിന്റെ ചരിത്രമാക്കുന്നതില്‍ ചരിത്രകാരന്മാരും സര്‍വ്വകലാശാലകളുടെ കമ്മറ്റികളില്‍ ഇരിപ്പിടം കൈവരിച്ച പണ്ഡിതരും കൈകോര്‍ത്തിരിക്കുകയാണു്‌. മാര്‍ക്‌സിസ്റ്റു്‌ കമ്യൂണിസ്റ്റു്‌ കക്ഷിയുടെ കുടക്കീഴില്‍ വളര്‍ന്നുവന്ന പു.ക.സ.യുടെയും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും, അതിലൊക്കെ പങ്കുപറ്റിക്കൊണ്ടിരിക്കുന്നവരുടെയും സംഭാവനാചരിത്രം സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. സ്വന്തം പുരോഗതിയിലും ക്ഷേമൈശ്വര്യങ്ങളിലും തല്‌പരരായ നമ്മുടെ ബുദ്ധിജീവിവിഭാഗം സമസ്‌തപുരോഗതിയും മോസേ്‌കായിലേക്കു നോക്കിനടന്നവരുടെ വകയായി വിലയിരുത്തുവാന്‍ നിര്‍ബന്ധിതമാണു്‌. ഇടതുപക്ഷത്തു ചാരിനിന്നില്ലെങ്കില്‍ വലതുപക്ഷത്തേയ്‌ക്കും സി.ഐ.ഏ. പട്ടികയിലേക്കും പുറത്താക്കപ്പെടും. പറുദീസായുടെ പുറത്തു്‌ മോക്ഷം കിട്ടാതെ അലയേണ്ടിവരും. സാംസ്‌കാരികമുഖ്യധാരയില്‍ പലപല പോസിലുള്ള ഫോട്ടോകളായി നിറഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ബൗദ്ധികഭീരുക്കള്‍ക്കു്‌ ഇക്കാര്യം നന്നായറിയാം.

കേരളബൗദ്ധികവികസനമാതൃക എന്നു്‌ ഈ സാഹചര്യത്തെ വിശേഷിപ്പിക്കാം. ഈ മൂശയിലാണു്‌ ചരിത്രനിര്‍മ്മിതി നടക്കുന്നതു്‌. ചരിത്രനിര്‍മ്മാതാക്കളേ നിങ്ങള്‍ പാറയാകൂ. ഞങ്ങള്‍ ഞങ്ങളുടെ പള്ളി പണിയട്ടേ എന്ന ആഹ്വാനത്തിന്റെ ഇരകളാണു്‌ ചരിത്രമുരയ്‌ക്കുന്നതു്‌. ഇവരിലൂടെ ചരിത്രത്തിരുവെഴുത്തുകള്‍ ഇറങ്ങിവരുമ്പോള്‍ പുരോഗമനസാഹിത്യസ്ഥാനം സൃഷ്ടിച്ച സംവാദം ഏകപക്ഷീയമായ ഒരു കഥയായി സംഗ്രഹിക്കപ്പെടുന്നു. പ്രസ്ഥാനചരിത്രം സംഘടനാചരിത്രമായി, സംഘടനാതല്‌പരരുടെ വിജയകഥയായി, പിമ്പേഗാമികള്‍ക്കുള്ള ഒസ്യത്തായി മാറുന്നു. ഗോവിന്ദനും മറ്റും നടത്തിയ അന്വേഷണാത്മകമായ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കപ്പെട്ടതു്‌ ദൈവേച്ഛ അങ്ങനെയാകയാലാകുന്നു! തിരുവെഴുത്തുകള്‍ക്കു്‌ എതിര്‍വാക്കില്ല; ഉണ്ടാകുകയരുത്‌!

പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു ലോകധൈഷണികചരിത്രത്തില്‍ത്തന്നെ വലിയൊരു സ്ഥാനമുണ്ടെന്ന കാര്യം വേണ്ടവിധത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണു്‌. രണ്ടാം ലോകയുദ്ധത്തിന്റെ കാര്‍മ്മേഘങ്ങള്‍ ഉരുണ്ടുകൂടിയ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ചരിത്രകാരന്മാരും ഉണര്‍ന്നുചിന്തിച്ചതിന്റെ ഫലമായി രൂപമെടുത്ത പ്രസ്ഥാനമാണതു്‌. വംശവെറിയിലധിഷ്‌ഠിതമായ ഫാസിസത്തിന്റെ കടന്നാക്രമണത്തിനെതിരായി ജനാധിപത്യമൂല്യബോധമുള്ള ബുദ്ധിജീവികള്‍ കൈക്കൊണ്ട നിലപാടിന്റെ പരിണിതഫലം. ഫാസിസത്തെ പ്രാകൃതത്വത്തിലേക്കുള്ള പിന്മടക്കമായി അവര്‍ തിരിച്ചറിഞ്ഞു. ഏതു ചേരിയില്‍ എന്ന ചോദ്യത്തിനു്‌ ജനാധിപത്യത്തിന്റെ ചേരിയില്‍ എന്നേ അവര്‍ക്കു്‌ ഉത്തരമുണ്ടായിരുന്നുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു്‌ വിഖ്യാതരായ ചില എഴുത്തുകാര്‍ പാരീസില്‍ ഒത്തുകൂടി. 1935ല്‍. ഇന്ത്യയില്‍നിന്നു്‌ സജ്ജാദു്‌ സഹീറും മറ്റും പങ്കെടുത്തു. അവിടെയായിരുന്നു തുടക്കം. കമ്യൂണിസ്റ്റുകാര്‍ അന്നൊന്നും ഫാസിസത്തെ ഒരു വിപത്തായി മനസ്സിലാക്കിയിരുന്നില്ല. സങ്കുചിതവര്‍ഗ്ഗബോധത്തിന്റെ വക്താക്കള്‍ക്കു വംശബോധത്തെ അപകടകരമായി കാണുവാന്‍ കഴിയാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അക്കാലത്തു്‌ ജര്‍മ്മനിയില്‍ അവര്‍ ഡമോക്രാറ്റി സോഷ്യലിസ്റ്റുകളെ എങ്ങനെ പാഠം പഠിപ്പിക്കാം എന്നാലോചിച്ചു നടക്കുകയായിരുന്നു. സ്റ്റാലിന്‍ വിപ്ലവറഷ്യയെ കാത്തുരക്ഷിക്കാന്‍ സന്ധിയുണ്ടാക്കിയതു്‌ അതും കഴിഞ്ഞാണു്‌. സന്ധി പൊളിഞ്ഞപ്പോഴാണു്‌ അവര്‍ക്കു ഫാസിസം വിപത്താണെന്ന ബോദ്ധ്യമുണ്ടായതു്‌. അതിനിടയില്‍ കണ്ടമാനം വെള്ളം ഒഴുകിപ്പോയിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനം കമ്യൂണിസ്റ്റുഭാവനയില്‍ ഉടലെടുത്തതാണെന്ന ഒരു ധാരണ നമ്മുടെ നാട്ടിലുണ്ടാക്കിയിട്ടുണ്ടല്ലോ. അതുകൊണ്ടു പറഞ്ഞതാണു്‌ ഇത്രയും.

പാരീസു്‌ സമ്മേളനത്തിന്റെ തുടര്‍ച്ചയായി 1936ല്‍ ഇന്ത്യയിലെ എഴുത്തുകാരുടെ കൂട്ടംചേരല്‍ ലകേ്‌നാവില്‍ നടന്നു. 1937ലാണു്‌ കേരളത്തിലെ ഒത്തുചേരല്‍ ഉണ്ടായതു്‌. ഇവിടെ കാണുന്നതുപോലെ ഒരു പുറത്തുനിന്നുള്ള വരവു്‌ അതിനുണ്ടു്‌. ഇവിടം ശൂന്യമായിക്കിടക്കുകയാണെന്ന സൂചനയില്ല. പിന്തിരിപ്പന്മാരും മൂരാച്ചികളുമായ ക്രിസ്‌ത്യന്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും പരിഷ്‌കരണപ്രസ്ഥാനങ്ങളുടെയും മുതലാളിത്തപരിഷ്‌കൃതിയുടെയും ദേശീയപ്രസ്ഥാനത്തിന്റെയും ലിബറല്‍ മൂല്യങ്ങളാല്‍ പ്രചോദിതരായ ആദ്യകാലപത്രപ്രവര്‍ത്തകരുടെയും ഒക്കെ ഇടപെടലുകള്‍വഴി വളര്‍ന്നുവന്ന പ്രബുദ്ധസമൂഹത്തിന്റെ മേലടരായ എഴുത്തുകാരും വായനക്കാരും ഇവിടെയുണ്ടായിരുന്നു. അവരുടെ ചിന്താപരമായ ഉണര്‍ച്ച ഈ പരാഗത്തെ സ്വീകരിക്കുവാന്‍ പര്യാപ്‌തമായി എന്നതാണു വാസ്‌തവം.

കര്‍ഷകത്തൊഴിലാളിസമരങ്ങളില്‍നിന്നാണു്‌ പുരോഗമനചിന്ത പൊടിച്ചുവന്നതു്‌ എ ന്നൊക്കെ ഭാവന ചെയ്യുന്നവരുണ്ടു്‌. തൊഴിലാളിസമരത്തിനൊക്കെ നമ്മുടെ രാഷ്ട്രീയചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന കാര്യം നിസ്‌തര്‍ക്കമാണു്‌. മേല്‍വിവരിച്ച പ്രബുദ്ധതയുടെ വികാസത്തില്‍ വളര്‍ന്നുവന്ന കമ്യൂണിസ്റ്റു ചിന്താഗതിക്കാര്‍ക്കു്‌ ആ സമരങ്ങളിലുണ്ടായിരുന്ന നേതൃത്വപരമായ പങ്കിനെയും മാനിക്കാം. എന്നാല്‍ എന്തിനും ഏതിനും അവരെ ഉത്തരവാദികളാക്കുന്നതു്‌ ഏതു സദുദ്ദേശ്യത്തോടെയായാലും നന്നല്ല. അവരാണു്‌ സാഹിത്യപുരോഗതിയുടെയും കര്‍ത്താക്കള്‍ എന്നൊക്കെ വാദിച്ചു്‌ കാര്യങ്ങള്‍ എക്കൗണ്ടിലാക്കാമെന്നു ധരിക്കുന്നതു ശരിയാവുകയില്ല; നമ്മുടെ വൈരുദ്ധ്യാത്മകന്മാരും ഫ്രോയ്‌ഡ്യന്മാരും ഇതൊന്നും സമ്മതിക്കത്തില്ല എന്നറിയാം. അവരെ അവരുടെ ദൈവം കാത്തുരക്ഷിക്കും; രക്ഷിക്കട്ടെ.

നെഹ്രുവിനെപ്പോലെയും സരോജിനി നായിഡുവിനെപ്പോലെയുമുള്ള ദേശീയപ്രസ്ഥാന നേതാക്കള്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ ഭാഗഭാക്കായിരുന്നു. അക്കാലത്തു്‌ ബ്രിട്ടീഷു്‌ ഭരണാധികാരികളാല്‍ വേട്ടയാടപ്പെട്ട കമ്യൂണിസ്റ്റുകള്‍ക്കു്‌ പ്രശ്‌നമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ പറ്റിയ ഇടം ആവശ്യമായിത്തീര്‍ന്നതിനാല്‍ ഇന്ത്യയില്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സംഘാടനത്തില്‍ അവര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്താതിരിക്കുവാനുള്ള വിവേകം ബ്രിട്ടീഷു്‌ ഭ രണാധികാരികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുദ്ധിജീവിപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ലെനിന്‍ - സ്‌റ്റാലിന്‍ മാര്‍ഗ്ഗരേഖകള്‍ കമ്യൂണിസ്റ്റുകാര്‍ക്കു സഹായകമായിത്തീരുകയും ചെയ്‌തു. കമ്യൂണിസ്റ്റുകാര്‍ക്കു്‌ പ്രസ്ഥാനത്തില്‍ മേല്‍ക്കൈവരുവാന്‍ ഇടയാക്കിയതു്‌ ഇതാണു്‌. പ്രസ്ഥാനത്തിന്റെ മൗലികാദര്‍ശങ്ങളായ ഉദാരതാവാദമൂല്യധാരണകളാല്‍ പ്രചോദിതരായി അതിലേക്കുവന്ന എഴുത്തുകാരെ പഠിപ്പിക്കുവാന്‍ തങ്ങള്‍ നിയുക്തരാണു്‌ എന്നു ധരിച്ചുവശായ പാര്‍ട്ടിത്തമ്പുരാക്കന്മാര്‍ പ്രമാണങ്ങളുടെ സഹായത്തോടെ, യന്ത്രത്തെത്തോല്‌പിക്കുന്ന യാന്ത്രികതയോടെ, ക്ലാസ്സു തുടങ്ങി. അതോടെ പ്രസ്ഥാനം പോഷകസംഘടനയാക്കണോ വേണ്ടയോ എന്ന ചോദ്യമായി മുന്നില്‍. മാക്‌സിം ഗോര്‍ക്കിയുടെ ചേരിച്ചോദ്യം ഈ പുതിയ ചോദ്യത്തിന്റെ കുഴലില്‍ കിടന്നു ഞെരുങ്ങി. ബദ്ധരും അല്ലാത്തവരും സാഹിത്യകാരന്റെ സാമൂഹികനിയോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചു വിവാദങ്ങളിലേര്‍പ്പെട്ടു. താന്താങ്ങളുടെ നിലപാടു തറയുറപ്പിക്കാനുള്ള പഠനപരിശ്രമങ്ങള്‍ നടന്നു. ഈ വിവാദം ആധുനിക ഇന്ത്യാചരിത്രത്തിലെ ദേശീയബുദ്ധിജീവിസംവാദങ്ങളുടെ കൂട്ടത്തില്‍ വരുന്നു. ഇവിടെ സ്വതന്ത്രബുദ്ധിജീവി എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരെ സൃഷ്ടിച്ച മഥനക്രിയകൂടിയായിരുന്നു അതു്‌.

ബദ്ധജീവികള്‍ ലെനിന്‍വചനങ്ങള്‍ ഉദ്ധരിച്ചും സംഘടനയുടെ ചട്ടക്കൂടു്‌, അച്ചടക്കം, എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചു്‌ ക്ലാസ്സെടുത്തും സിദ്ധാന്തവിചാരത്തിന്റെ വടിചുഴറ്റിയും സ്വതന്ത്രരായ എഴുത്തുകാരെ സൈ്വരംകെടുത്തി. സംഘടന സ്വന്തമാക്കി. സ്വതന്ത്രന്മാര്‍ സ്വതന്ത്രരായി. അവര്‍ എഴുത്തും വായനയുമായി ജീവിച്ചുമരിച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഗോവിന്ദന്‍ അങ്ങനെ അവസാനിപ്പിച്ചില്ല. സംഘാടനം ശീലിച്ചിരുന്ന അദ്ദേഹത്തിനു്‌ അതിനു കഴിയുമായിരുന്നില്ല. സംഘടന എഴുത്തുകാരെ എങ്ങനെയൊക്കെ കൂച്ചിക്കെട്ടാന്‍ ശ്രമിച്ചുവോ അതെല്ലാം ഒഴിച്ചുകൊണ്ടു്‌ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നു്‌ കാണിച്ചു കൊടുത്തു.

ഉരുക്കുചട്ടക്കൂടും ഹയരാര്‍ക്കിയും പ്രധാനമായ സംഘടനയുടെ ഉറപ്പിനുവേണ്ടി സര്‍ഗ്ഗാ ത്മകചിന്തയും പ്രവൃത്തിയും വെടിയുന്നതു്‌, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ടപഥങ്ങളിലൂടെ മാത്രമായി പരിമിതപ്പെടുത്തുന്നതു്‌ സാമൂഹികബോധത്തിന്റെ പ്രകടനമാണെന്നു പ്രബോധനം ചെയ്യുന്നവരുടെ തലതിരിഞ്ഞ വീക്ഷണത്തെ - ഇതു്‌ മാര്‍ക്‌സിസത്തെ പ്രത്യയശാസ്‌ത്രമായി സ്വീകരിച്ചതിന്റെ ഫലമാണെന്നതു്‌ ചരിത്രത്തിലെ വലിയ തമാശയാകുന്നു- ഗോവിന്ദന്‍ വിമര്‍ശിച്ചതു്‌ ഇങ്ങനെ പ്രായോഗികമായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. അതുകൊണ്ടു തന്നെ സ്വതന്ത്രചിന്താപാരമ്പര്യത്തിന്റെ വക്താക്കളായ കേരളത്തിലെ എഴുത്തുകാരുടെ കൂട്ടത്തില്‍ വ്യത്യസ്‌തമായ ഒരു പദവി ഗോവിന്ദനുണ്ടായി. കലയും സംസ്‌കാരവും രാഷ്ട്രീയവും സര്‍ഗ്ഗാത്മകമാക്കുന്നതിനുവേണ്ടിയുള്ള സംവാദസ്ഥലങ്ങളായിരുന്നു ഗോവിന്ദന്‍ നിര്‍മ്മിച്ചതു്‌. ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തിലുള്ള പരിശ്രമങ്ങള്‍ക്കു്‌ ജനായത്തത്തെ വളര്‍ത്തുന്ന ഒരു നവോത്ഥാനദിശാസൂചകത്വമുണ്ടെന്ന വിശ്വാസമായിരുന്നു ഗോവിന്ദനു്‌. എല്ലാം രാഷ്ട്രീയമായാലേ പറ്റൂ, അഥവാ എല്ലാം രാഷ്ട്രീയസമൂഹത്തിന്റെ മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും നടക്കേണ്ടതാണു്‌ എന്നു കരുതുന്നവരോടു്‌ അദ്ദേഹത്തിനു യോജിക്കാനായില്ല. രാഷ്ട്രീയത്തിനു്‌ സാംസ്‌കാരികസമൂഹം മാര്‍ഗ്ഗദര്‍ശനം ചെയ്യേണ്ടതാണു്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. നവോത്ഥാനചരിത്രം അതാണു പഠിപ്പിക്കുന്നതു്‌. നവീനമായ മൂല്യബോധമുളവാക്കുന്ന വിചാരവിപ്ലവമാണു്‌ നവലോകസൃഷ്ടിയുടെ ആദ്യപടി.

നവോത്ഥാനമായിരുന്നു ഗോവിന്ദന്‍ ചിന്തയെ ദീപ്‌തമാക്കിയ ചരിത്രദര്‍ശനം. സംസ്‌കാരങ്ങള്‍ സംവാദത്തിലായി ആത്മീയമായി ചലനവേഗമാര്‍ജ്ജിക്കുന്ന ഒരു പ്രക്രിയയാണതു്‌. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വിമോചനമാണു്‌ അതിന്റെ ലക്ഷ്യം. മനുഷ്യ ചരിത്രത്തെ നവോത്ഥാനങ്ങളുടെ ചരിത്രമായി വായിക്കുന്ന ഒരു സമീപനമാണു്‌ ഗോവിന്ദന്റേതു്‌ എന്നു പറഞ്ഞു. യൂറോപ്പിലേതിനു സമാനമായി പത്താം നൂറ്റാണ്ടില്‍ത്തുടങ്ങി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വളര്‍ന്നുവന്ന ഭാഷാസാഹിത്യപരിണാമങ്ങളെ മുന്‍നിര്‍ത്തി യൂറോപ്യന്‍ നവോത്ഥാനവും ഇന്ത്യന്‍ നവോത്ഥാനവും തമ്മിലുള്ള അന്തരവും സാദൃശ്യവും കണ്ടെടുക്കുന്നുണ്ടു്‌ അദ്ദേഹം. ശങ്കരപാരമ്പര്യം എന്നദ്ദേഹം വിശേഷിപ്പിക്കുന്ന യാഥാസ്ഥിതികഹിന്ദുപാരമ്പര്യത്തിനെതിരായി ബുദ്ധമതമുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഉയര്‍ത്തിയ ജനകീയവും വിമോചനാത്മകവുമായ വെല്ലുവിളികളിലും പില്‍ക്കാലത്തെ ജാതിവിരുദ്ധകലാപങ്ങളിലുമൊക്കെ നവോത്ഥാനത്തിന്റെ ഉറവുകളെ അദ്ദേഹം കാണുന്നു. ഇന്ത്യയിലെ കീഴാളജനവിഭാഗങ്ങളുടെ ഉയര്‍ത്തണീപ്പു്‌ ഇന്ത്യന്‍ നവോത്ഥാനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ മുന്നുപാധിയാണെന്നു്‌ അദ്ദേഹം മനസ്സിലാക്കി. ജനാധിപത്യവിരുദ്ധമായ ബ്രാഹ്മണിസത്തെ ഉച്ചാടനം ചെയ്യുന്ന വിപ്ലവമാണതു്‌. അതിന്റെ പൂര്‍ത്തീകരണത്തിനുതകുന്ന സര്‍ഗ്ഗാത്മകചലനവേഗം കൈവരിക്കുവാനുള്ള യത്‌നങ്ങളില്‍ കലാകാരനും കവിയും പങ്കുചേരേണ്ടതുണ്ടു്‌. ഗോവിന്ദന്‍ നേതൃത്വം കൊടുത്ത പുതിയ ഹ്യൂമനിസ്റ്റു്‌ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്രോതസ്സു്‌ ഈ വിശ്വാസമായിരുന്നു.

വെളിച്ചത്തിന്റെ സന്തതികള്‍

ബുദ്ധിജീവികളെക്കുറിച്ചുള്ള ഒരന്വേഷണം എന്ന നിലയില്‍ വായിക്കാവുന്ന, `നാലു തരക്കാര്‍' എന്ന ലേഖനത്തില്‍ ഗോവിന്ദന്‍ തന്റെ കുലപ്പെരുമയെന്നോണം എഴുതിയ ഒരു ഭാഗമുണ്ടു്‌. അവിടെ അദ്ദേഹം സ്വതന്ത്രചിന്താപാരമ്പര്യത്തിലെ ബുദ്ധിജീവികളെ ``സ്രഷ്ടാവിന്റെ പരമ്പരയില്‍പ്പെട്ടവര്‍'', `നിശ്ശബ്ദമായി സേവനമനുഷ്‌ഠിക്കുന്ന'ത്യാഗികളായ ``വെളിച്ചത്തിന്റെ സന്തതികള്‍'' എന്നൊക്കെ വിശേഷിപ്പിച്ചു. വെളിച്ചം വീശുകയെന്നതത്രേ അവരുടെ ധര്‍മ്മം; തങ്ങളിലെ വെളിച്ചം മറ്റുള്ളവരിലേയ്‌ക്കും പകര്‍ന്നുകൊടുക്കുകയെന്നതു്‌ അവരുടെ കര്‍മ്മവും. മൃത്യുഞ്‌ജയന്മാരായ ഇവരാണു്‌ സാക്ഷാല്‍ സാമൂഹ്യപുരോഗതിയുടെയും വിപ്ലവത്തിന്റെയും വിത്തുകള്‍ എന്നു നിരീക്ഷിച്ചുകൊണ്ടു്‌ ഗോവിന്ദന്‍ അവരുടെ സവിശേഷമായ വിധിയെക്കുറിച്ചു്‌ പറഞ്ഞതു്‌ ഇവിടെ ആവര്‍ത്തിക്കട്ടെ: ``വിത്തും നെല്ലും വ്യത്യാസമില്ലാത്തവരാല്‍ ഇവരും ഭക്ഷിക്കപ്പെട്ടിട്ടുണ്ടു്‌. എന്നാല്‍, ഇവരെ ദഹിപ്പിക്കാന്‍ ഏതൊരു വ്യവസ്ഥയുടെയും ജഠരാഗ്നിക്കു കഴിഞ്ഞിട്ടില്ല. അതു നന്നായിതാനും. കുചനെ ശുക്രന്റെ ഉദരം കീറിയെടുത്തതുപോലെ, ഇവര്‍ ഭക്ഷിക്കപ്പെട്ടശേഷവും കാലഘട്ടങ്ങളുടെയും വ്യവസ്ഥിതികളുടെയും വയറുകീറി എടുക്കപ്പെടുന്നു. അങ്ങനെ അവര്‍ നിഹനിക്കപ്പെട്ടിട്ടും നിഹതരാവാതെ നിതാന്തവിപ്ലവത്തിന്റെ പ്രചോദനശക്തികളായി, നിയാമകഹേതുക്കളായി വര്‍ത്തിച്ചുവിലസുന്നു''. ഇവിടെ ഗോവിന്ദന്‍ പറയുന്നതുപോലെ കാലത്താല്‍ ഭക്ഷിക്കപ്പെട്ട ശേഷവും കാലഘട്ടങ്ങളുടെയും വ്യവസ്ഥിതികളുടെയും വയറുകീറി എടുക്കപ്പെടുന്ന മലയാളികളില്‍ ഒരാള്‍ ഗോവിന്ദന്‍തന്നെയായിരിക്കും.

Subscribe Tharjani |