തര്‍ജ്ജനി

ലേഖനം

ഗ്രാമങ്ങളുടെ അതിര്‍ത്തി രേഖകള്‍ മായുമ്പോള്‍

എല്ലാം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന കാലം. മാറാതായിട്ട് മാറ്റമെന്ന പ്രതിഭാസം മാത്രം. ജീവിതരീതികളില്‍ സംഭവിക്കുന്ന മാറ്റം ക്രമേണ സമസ്തമേഖലകളിലേയ്ക്കും വ്യാപിക്കുന്നു. പാരമ്പര്യധാരണകള്‍ അനുസരിച്ച് ഇതിനെ പുരോഗമനം എന്നാണു പറയുന്നത്. ഒരു കാലത്ത് കിട്ടാക്കനിയായി കരുതിയിരുന്ന പലതും പ്രാപ്യമായി തുടങ്ങിയതോടെ ജീവിതനിലവാരം ഉയര്‍ന്നുവരുന്നു എന്നും കണക്കാക്കപ്പെടുന്നു. പക്ഷേ ഏതു രീതിയിലാണ് സൌകര്യങ്ങള്‍ ഓരോരുത്തരിലേയ്ക്കും കടന്നുകയറ്റം നടത്തുന്നത് എന്നതിനെക്കുറിച്ച് കാര്യമാത്രപ്രസക്തമായ ചിന്തകള്‍ക്ക് ഇടംകൊടുക്കാന്‍ മാറിയ പരിതഃസ്ഥിതിയില്‍ പലരും തയാറാവുന്നുണ്ടോ എന്നാലോചിക്കേണ്ടതാണ്.

മൊത്തം ലോകത്തെയും ഇന്ത്യയുടെ ഇതരഭാഗങ്ങളെയും തത്കാലം മാറ്റിവച്ച് മലയാളി സ്വന്തം ചുറ്റുവട്ടത്തിലേയ്ക്ക് ദൃഷ്ടികള്‍ ചുരുക്കുകയാണെങ്കില്‍ മാറ്റത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയതില്‍ മലയാളിയുടെ ഗാര്‍ഹികാന്തരീക്ഷങ്ങളിലെ സ്വകാര്യതയും ഗ്രാമീണജീവിതത്തിന്റെ കൂട്ടായ്മകളുടെ ബാക്കിപത്രങ്ങളുടെയും ശുഷ്കിച്ചരൂപങ്ങളെ കാണാം.

കാറ്റും വെളിച്ചവും നിര്‍ലോഭം ലഭിച്ചിരുന്ന നമ്മുടെ കാലാവസ്ഥക്കനുയോജ്യമായ പുരകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റിന്റെ ഭദ്രതനല്‍കുന്ന ടെറസ്സു വീടുകള്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയതോടെ പ്രകൃതി നല്‍കുന്ന ചില അനുഗ്രഹാവസ്ഥകലെയാണ് മലയാളി തടവിലിട്ടത്. കാറ്റിനും വെളിച്ചത്തിനും ഋതുഭേദങ്ങള്‍ക്കും വിലങ്ങു വയ്ക്കാന്‍ മലയാളി സ്വയമറിയാതെ കണ്ടു പിടിച്ച മാര്‍ഗമായിട്ടാണ് മാറിയ ഗൃഹസങ്കല്‍പ്പം അവനെ കൊണ്ടു ചെന്നെത്തിച്ചത്.

വീടുകളെ സംബന്ധിച്ചമാറ്റം പൊതുജീവിതത്തെകൂടി ബാധിക്കുന്നു. ‘നാട്ടിന്‍ പുറം നന്മകളാല്‍ സംര്^ദ്ധം’ എന്നത് എല്ലാ അര്‍ത്ഥത്തിലും പഴം വാക്കായി മാറിക്കൊണ്ടിരിക്കുന്നു. വിശാലമായ പറമ്പുകള്‍ വൃക്ഷനിബിഡതയാല്‍ ഗ്രാമങ്ങള്‍ക്കിടയില്‍ അതിര്‍ത്തിരേഖകളായി ഇന്നു നിലനില്‍ക്കുന്നില്ല. തീര്‍ച്ചയായും കൂടിയ ജനസാന്ദ്രതയും കൂട്ടുകുടുംബം അണുകുടുംബമായി വിഭജനം പൂണ്ടതിനാലും അത് പഴയ രീതിയില്‍ നിലനില്‍ക്കുക എന്നത പ്രായോഗികവുമല്ല. പക്ഷേ പ്രശ്നം അവിടെയല്ല. പണ്ട് നാട്ടിടവഴിയിലൂടെ സ്ത്രീകള്‍കും കുട്ടികള്‍ക്കും സ്വൈര സഞ്ചാരം നടത്താമായിരുന്നെങ്കില്‍ ഇന്ന് അതസാദ്ധ്യമാണ്.

ഇപ്പോള്‍ ഇരുള്‍മൂടിയ ഇടവഴികളും നീണ്ടു പരന്ന ഒറ്റയടിപ്പാതകളും വാഹനസഞ്ചാരയോഗ്യമായ റോഡുകളായി പരിണമിച്ചെങ്കിലും സഞ്ചാരം ഭീദിതമാവുന്ന അവസ്ഥയിലാണ്. നഗരങ്ങളില്‍ മാത്രം സംഭവിച്ചു കൊണ്ടിരുന്ന കൊലപാതകങ്ങള്‍ കവര്‍ച്ചകള്‍........ എല്ലാമിന്ന് നാട്ടിന്‍ പുറങ്ങളുടെയും മുഖമുദ്രയായി മാറിക്കഴിഞ്ഞു. കുളിച്ച് കുറിയിട്ട് ശാലീന സൌന്ദര്യത്തിന്റെ തികവുറ്റ രൂപങ്ങളായി ഗ്രാമസൌന്ദര്യങ്ങള്‍ക്കൊപ്പം മനസ്സുകലെ മേയാന്‍ വിട്ട് സ്കൂള്‍, കോളേജ്, ബന്ധു വീടുകള്‍ .. ഇവിടെയ്ക്കെല്ലാം നടകൊണ്ടിരുന്ന പെണ്‍കോലങ്ങള്‍ എം.ടി കഥകളില്‍ മാത്രമായി. വേഷങ്ങള്‍ സ്വീകരിക്കുന്നതില്‍ പാരമ്പര്യധാരണകളെ വലിയ പൊളിച്ചെഴുത്തിന് വിധേയരാക്കിയവരാണ് മലയാളികള്‍. ഇതിനെയും കാലത്തിനൊത്ത് കോലം കെട്ടുക എന്ന നാട്ടു നടപ്പു രീതിയെ മാനദണ്ഡമാക്കി നമുക്ക് ന്യായീകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഉടുപ്പുകളും നടപ്പുകളും ‘ഐഡന്റിറ്റി‘യുടെ
സങ്കുചിതവീക്ഷണത്തിലേയ്ക്ക് ചുരുങ്ങിക്കൂടുക എന്ന അവസ്ഥയിലാണ് നാം അസ്വസ്ഥരാവേണ്ടത്.

ഗ്രാമീണജീവിതത്തിന് പൌരസമൂഹത്തിന്റെ പൊതുസ്ഥലമെന്ന ഇടങ്ങള്‍ പഴയ മുടിവെട്ടുകേന്ദ്രങ്ങളായ ബാര്‍ബര്‍ഷോപ്പുകളും ചായക്കൊപ്പം സൊറപറഞ്ഞും പ്ലേകാര്‍ഡ് കളിച്ചും ഒഴിവുസമയങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്ന ചായമക്കാനികളുമെല്ലാം നഗരവത്കരണത്വരയില്‍ തിരിച്ചറിയാനാവാത്ത രൂപമാറ്റത്തിനാണ് വഴിപ്പെട്ടത്. ചാനലുകള്‍ വീട്ടിനകത്ത് വിരല്‍ത്തുമ്പിനാല്‍ മാറ്റിമറിക്കാന്‍ ഇടവന്നപ്പോള്‍ ചായപ്പീടികയിലെ രാഷ്ട്രീയസാമൂഹിക ചര്‍ച്ചകള്‍ക്ക് ആളെക്കിട്ടാതെയായി. വീടുകളിലാണെങ്കില്‍ കാഴ്ചകളെല്ലാം ജീവിതത്തിന്റെ വരണ്ട കാലാവസ്ഥയെയും ദുരന്തങ്ങളുടെയും ചതിക്കുഴികളുടെയും ഉപരിപ്ലവ ലോകം തീര്‍ക്കുന്ന സീരിയല്‍ രംഗങ്ങള്‍ കീഴടക്കുകയും ചെയ്തു. ഹൈ ടെക് യുഗത്തിന്റെഎല്ലാ സൌകര്യങ്ങളും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പഴയകൂട്ടായ്മകള്‍ക്കും പരസ്പരബന്ധങ്ങള്‍ സം‌രക്ഷിച്ചു നിലനിര്‍ത്തേണ്ടതിനും പൊതുഇടങ്ങളായി നാം ചിലതെങ്കിലും ഗ്രാമാന്തരീക്ഷണങ്ങളില്‍ ബാക്കിവയ്ക്കണമായിരുന്നു.

വായനശാലാ പ്രസ്ഥാനത്തിന് ഒരു കാലത്ത് കേരളത്തിന്റെ നാട്ടിന്‍പുറങ്ങളെ സാംസ്കാരികമായി ചലനം കൊള്ളിക്കാന്‍ ഏറെ കഴിഞ്ഞു. അതിന്റെ തുടര്‍ച്ച എവിടെയോ വച്ച് മുറിഞ്ഞു പോയത് തെല്ലൊന്നുമല്ല സാംസ്കാരികാപചയത്തിന് ഇടയാക്കിയത്. വായന ഇന്നും നിലനില്‍ക്കുന്നുവെങ്കിലും അത് ആത്മകഥകളുടെയും കവിതകളുടെയും ലോകത്തില്‍ നിന്നു വഴിമാറിയാണ് സഞ്ചരിക്കുന്നത്. മലയാളിയുടെ ഗ്രാമപശ്ചാത്തലങ്ങളെ ഭംഗിയായി ഒപ്പിയെടുത്തിരുന്ന നോവല്‍ സങ്കല്‍പ്പങ്ങള്‍ തകഴി, ബഷീര്‍ , ഉറൂബ്.... എന്നിവരുടെ രചനകളില്‍ നിന്ന് ഏറെയൊന്നും മുന്നോട്ടു പോയില്ല.

നാട്ടിന്‍പുറങ്ങളുടെ നഷ്ടസ്മൃതികള്‍ പുതിയ തലമുറയെ ഗൃഹാതുരമായി വേട്ടയാടുന്ന സൃഷ്ടികള്‍ അധികമൊന്നും പിറക്കാതെ പോകുന്നത് മലയാളിയുടെ മറവിയോടുള്ള അഭിനിവേശം കൊണ്ടാണ്. കുമാരനാശാന്റെ വീണപ്പൂവിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അക്കദമി പ്രസിഡന്റു കൂടിയായ മുകുന്ദന്‍ ‘മലയാളിക്ക് അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്മൃതിനാശത്തെക്കുറിച്ചു’ പറഞ്ഞത് ഇവിടെ ഓര്‍ക്കാം.

സാഹിത്യവും കലയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം ഗ്രാമ്യമുഖങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ നഗരജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരസ്പരാശ്രയമില്ലായ്മയും വര്‍ണ്ണശബളിമയില്‍ രമിച്ചുകൊണ്ടുള്ള ജീവിതവേഗതയും വ്യക്തികളെ മാത്രമല്ല കുടുംബ പശ്ചാത്തലങ്ങളിലേയ്ക്കു കൂടി പടര്‍ന്നു കയറുകയാണ്. സര്‍വ നാഗരികതയ്ക്കും മേലെ ആധിപത്യം പുലര്‍ത്തുന്ന മനുഷ്യനിലെ ക്രൂരത ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കാന്‍ ഈ പുതിയ ജീവിത സമ്പ്രദായങ്ങള്‍ ഹേതുവാകുന്നുണ്ട്.

വിവിധകുറ്റകൃത്യങ്ങള്‍ക്ക് പത്തും പതിനാലും വര്‍ഷത്തെ തറ്റവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കുറ്റവാളികള്‍ക്കിടയിലെ രോഗികളെ ശുശ്രൂഷിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുത്ത ഇംഗ്ലണ്ടിലെ തിയഡോര്‍ ഡാര്‍ലിമ്പിള്‍ എന്ന ഭിഷഗ്വരന്‍ അവസാനം മനം മടുത്ത് പിന്‍‌മാറാനുണ്ടായ കാരണങ്ങള്‍ വിവരിച്ചത് ഒരു പുസ്തകത്തിലൂടെ പുറത്തു വരികയുണ്ടായി.(ജലരേഖകള്‍ - എസ്. ഗോപാലകൃഷ്ണന്‍) പതിനാലു വര്‍ഷത്തെ ആതുരസേവനത്തിനിടയില്‍ തിയഡോര്‍ കണ്ടെത്തിയ കാര്യം വ്യക്തികള്‍ക്കുള്ളില്‍ ഇര പാര്‍ത്തു നില്‍ക്കുന്ന ക്രൌര്യം നാഗരിക ജീവിതത്തിനുള്ളിലാണ് പരിപോഷിക്കുന്നത് എന്നായിരുന്നു. നാഗരികത പൊങ്ങച്ചം നിറഞ്ഞതും വ്യാജവുമാണെന്ന തിരിച്ചറിവാണ് ഇത്. പരിഷ്കൃത നാഗരികതയെക്കുറിച്ച് അമിതമായി ഊറ്റം കൊള്ളുമ്പോള്‍ മലയാളി സമൂഹത്തിനും ബാധിക്കുന്നത്, തിന്മയെ വാരി പുണരുന്ന സമാനമായ അവസ്ഥയല്ലേ എന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്.

ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞുപിടിക്കുന്ന ഒരുകാലമായിരിക്കും വിപ്ലവത്തിന് പാകപ്പെടുകയെന്ന് ചെയര്‍മാന്‍ മാവോ നൊരീക്ഷിച്ചത് സുവിദിതമാണല്ലോ. എന്നാല്‍ മാവോ സെതുംഗിന്റെ ചൈനയിലടക്കം സംഭവിച്ചത് നഗരങ്ങള്‍ ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങുന്ന കാഴ്ചയാണ്. കേരളത്തിലും നഗരങ്ങളിലേയ്ക്കുള്ള ദൂരം കുറയ്ക്കുന്ന ഗ്രാമങ്ങളുടെ വളര്‍ച്ചയാണ് കാണുന്നത്. ഗ്രാമവിശുദ്ധി അനുഭവിക്കുകയും പിന്നീടത് നഷ്ടപ്പെടുകയും ചെയ്തവരിലാണ് നാട്ടിന്‍പുറജീവിതം ഗൃഹാതുര സ്മരണകളുണര്‍ത്തുന്നത്. ഒരു പക്ഷേ വരും തലമുറയെ അലോരസപ്പെടുത്താന്‍ തക്ക ഗ്രാമീണാനുഭവങ്ങള്‍ക്ക് ഇനിയുള്ള കാലം വലിയ പ്രസക്തിയൊന്നും ഉണ്ടായിരിക്കില്ല.

അപ്പോഴും പുതിയ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് നൈസര്‍ഗികമായ നന്മയുടെ കഴിഞ്ഞകാലം രേഖപ്പെടുത്തി യ തന്റെ പൂര്‍വികരുടെ നേര്‍ചിത്രങ്ങളാവും. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ ഗ്രാമീണത്തനിമ എന്നുള്ളത് ഖസാക്കിന്റെ ഇതിഹാസം പലയാവര്‍ത്തി കുത്തിയിരുന്ന് വായിച്ചാല്‍ മാത്രമേ അനുഭവേദ്യമാവൂ എന്ന അവസ്ഥയുണ്ടായികൂടാ. ഗ്രാമങ്ങള്‍ അതിന്റെ അതിര്‍ത്തിരേഖകള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞ് നഗരാരവങ്ങളിലേയ്ക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുമ്പോള്‍ പഴയ നാട്ടിടവഴികളും ചായമക്കാനികളും വായനശാലകളും ബാര്‍ബര്‍ഷോപ്പുകളും കുളക്കടവും ഒറ്റയടിപ്പാതകളുമൊക്കെ സമ്മാനിച്ച വിശുദ്ധിയും ലാളിത്യവും ശുദ്ധമായ പ്രണയസങ്കല്‍പ്പനങ്ങളും എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന ചിന്ത മലയാളികള്‍ക്കുണ്ടാവേണ്ടിയിരിക്കുന്നു.

കുഞ്ഞിമുഹമ്മദ് എന്‍ എം
അഞ്ചച്ചവിടി പി ഓ
കാളികാവ് വഴി
മലപ്പുറം -676525

N M Kunjimohammed
P B No. 16992
Jeddah 21474
K S A
Phone - 0569296440

Subscribe Tharjani |