തര്‍ജ്ജനി

ഡോ.പി.ഐ.രാധ

Visit Home Page ...

പുസ്തകം

അവസാനമില്ലാത്ത യാത്രകളിലൂടെ

" ...... ജീവിച്ചിരിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ലെങ്കിലും ഉഴറുന്ന കണ്ണുകളും തപിക്കുന്ന ഹൃദയങ്ങളുമായി ആത്മാക്കള്‍ കാത്തിരിപ്പു തുടരുന്നു. അനാഥരും വിസ്മൃതരും നിസ്സഹായരുമായ എല്ലാ പരേതാത്മാക്കള്‍ക്കുമായി സമര്‍പ്പിക്കുകയാണ് ഞാനെന്റെ രചനകള്‍ .......... ( റോസ് മേരി : ആത്മാക്കളുടെ രാത്രി , വൃശ്ചികക്കാറ്റു വീശുമ്പോള്‍ . പു.12 )

ഭൂതകാലത്തിന്റേയും മൃതരുടേയും പിന്‍വിളികളിലൂടെ , വിലാപപര്‍വ്വങ്ങളിലൂടെ ചക്രവാളത്തിനു നേര്‍ക്ക് വ്യഥിതതാളമാര്‍ന്ന നിലയ്ക്കാത്തൊരു യാത്ര - റോസ് മേരിയുടെ വേനലില്‍ ഒരു പുഴ എന്ന സമാഹാരത്തിലെ കവിതകള്‍ ഈയൊരു കേന്ദ്രബിംബത്തിലേക്ക് ഒത്തുചേരുന്നതായി കാണാം. മങ്ങിക്കത്തുന്ന വിദൂരനക്ഷത്രവും വ്യാകുലമായ കാറ്റും അറ്റമില്ലാത്ത പാതയും കവിതകളിലെ ഏകാന്തതയ്ക്ക് അകമ്പടി സേവിക്കുന്നു. മഴയിലേക്കും ഹിമക്കാറ്റിലേക്കും അനിശ്ചിതത്വങ്ങളിലേക്കും നിര്‍ഭയമായ ജീവിതത്തിന്റെ ജാലകക്കാഴ്ചകളും പല കവിതകളിലും ആവര്‍ത്തിച്ചു കാണാം.

ഗംഭീരമായ ഉദാസീനതയുള്ള പ്രാചീനഗേഹങ്ങളെ വിട്ട് സഞ്ചാരി തന്റെ നിയോഗത്തിലേക്ക് നടക്കുന്നതായി മഴയിലൂടൊരാള്‍ , വിലാപപര്‍വ്വം , ശ്മശാനത്തിലെ പൂക്കള്‍ , കാറ്റില്‍ ഒന്നും അവശേഷിക്കുന്നില്ല എന്നീ കവിതകള്‍ ചിത്രീകരിക്കുന്നു. നിലംപൊത്താനായുന്ന പഴയ സത്രത്തിലിരുന്നുകൊണ്ട് പ്രകാശപൂര്‍ണ്ണമായ പുരാവൃത്തസ്മൃതികളെ ഉള്ളിലാവാഹിക്കുകയാണ് മഴയിലൂടെയൊരാള്‍ എന്ന കവിതയിലെ നിതാന്തസഞ്ചാരി. വീടുകളുടെ പ്രകാശപൂര്‍ണ്ണമായ ഉള്‍മുറികള്‍ അയാള്‍ക്കൊരു വിദൂരദൃശ്യം മാത്രമാണ്. തിളങ്ങുന്ന മുഖങ്ങളോടെ താനും സഹോദരങ്ങളും ഊണുമേശയ്ക്കരികെ,അമ്മ വിളമ്പുന്ന രുചികരമായ ഭക്ഷണം കഴിച്ചിരുന്ന ദൃശ്യം ഓര്‍മ്മയില്‍ താലോലിച്ചുകൊണ്ട് കനക്കുന്ന മഴയിലേക്കും പടരുന്ന ഇരുട്ടിലേക്കും ഇടറുന്നപദങ്ങളോടെ അയാള്‍ ഇറങ്ങി നടക്കുന്നു. നിലംപൊത്താനായുന്ന പഴയ സത്രങ്ങള്‍ ഇടത്താവളമാക്കി അയാളുടെ യാത്ര അറ്റമില്ലാതെ തുടരുകയാണ്. ദയാരഹിതമായൊരു വറുതിക്കാറ്റ് വിലാപപര്‍വ്വത്തിലെ അന്നാ മേരിയെ അവളുടെ പുരാവൃത്തത്തിലേക്ക് ആനയിക്കുന്നു. ഉറങ്ങുന്ന, ജീവല്‍സ്പന്ദങ്ങള്‍ നിലച്ചുപോയ പുരാതനഗേഹം അവളുടെ ശബ്ദം കേട്ടുണര്‍ന്നു. പിതൃക്കള്‍ അവളെ വീണ്ടും ശിശുവാക്കുന്നു. താരാട്ടുപാടുന്നു. എന്നാല്‍ വിരുന്നുമേശയില്‍ അവള്‍ തൊട്ടപാടെ പുഴമത്സ്യത്തിന് ജീവന്‍ തുടിക്കുകയും വീഞ്ഞില്‍ രക്തം ചുവയ്ക്കുകയും ചെയ്യുകയാണ്. ഭൂതവും വര്‍ത്തമാനവും മരണവും ജീവിതവും അതോടെ വേര്‍പിരിയുന്നു. മൃതരുടെ മരവിച്ച ഹസ്തങ്ങളെ തട്ടിത്തെറിപ്പിച്ച് ഹൃദയശൂന്യമായ കരുത്തോടെ ജീവന്റെ ഊഷ്മളതയിലേക്ക് അന്നാ മേരി പലായനം ചെയ്യുന്നു.

മലമുകളിലെ ആസന്നമൃത്യുവായ വിജനഗേഹത്തിന്റെ ആത്മാവിനെയും ആത്മഹത്യയ്ക്കൊരുങ്ങുന്ന പിഴച്ചപെണ്ണിന്റെ ഉള്ളിലെ വാത്സല്യത്തേയും നിലംപൊത്തുന്ന മരത്തിന്റെ ഹരിതസ്പന്ദനങ്ങളെയും വ്യഥിതകാമുകന്റെ തിരസ്കൃതപ്രണയത്തെയും ഏറ്റുവാങ്ങിയവനാണ് ശ്മശാനത്തിലെ പൂക്കള്‍ എന്ന കവിതയിലെ സഞ്ചാരി. ഏറ്റുവാങ്ങിയതത്രയും പേറി കവി എന്ന സഞ്ചാരിയുടെ യാത്ര ഒടുവില്‍ ഒരുപിടി മണ്ണോടു ചേര്‍ന്നു. മൂന്നാം നാള്‍ ഉള്ളില്‍ പേറിയതത്രയും കിരുകിരുപ്പോടെ മുളച്ചു പൊന്തുകയും ശ്മശാനത്തില്‍ പൂക്കളായി വിടരുകയും ചെയ്തു. മൃതരുടെ ആത്മാക്കള്‍ സമാന്തരസഞ്ചാരം നടത്തവേ, ജീവിതത്തിന്റെ വ്യഥകളത്രയും കാലഭേദമില്ലാതെ ഏല്ക്കുന്ന കവി വിടര്‍ത്തുന്ന ശ്മശാനപുഷ്പങ്ങള്‍ തന്നെയാണ് കവിതകള്‍ .

കാറ്റില്‍ ഒന്നും അവശേഷിക്കുന്നില്ല എന്ന കവിതയിലെ പിതൃക്കളും പ്രാണിവര്‍ഗ്ഗങ്ങളും അഭയമായി കണ്ട പ്രാചീനഗേഹം ഒരുനാള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ പിടിയിലമരുന്നു. കാറ്റ് അഭയാര്‍ത്ഥികളെയും അവരുടെ വിലാപങ്ങളേയും കടലോളം ആഞ്ഞെറിഞ്ഞു. കാലത്തിന്റെ കാറ്റില്‍ സര്‍വ്വവും തകര്‍ന്നും പൊടിഞ്ഞും നിശ്ശേഷം മാഞ്ഞുപോകുന്ന നിസ്സഹായചിത്രമാണ് ഈ കവിത അവശേഷിപ്പിക്കുന്നത്. കാറ്റ് റോസ്‌മേരിയുടെ കവിതകളിലെ ആവര്‍ത്തിക്കുന്ന ബിംബമാണ്. കാറ്റില്‍ ഒന്നും അവശേഷിക്കുന്നില്ല , ഹിമഭൂമിയില്‍ കാറ്റു വീശുമ്പോള്‍ എന്നീ കവിതകളും വൃശ്ചികക്കാറ്റു വീശുമ്പോള്‍ എന്നു പേരിട്ട സ്മരണകളും ഇതു സാക്ഷ്യപ്പെടുത്തുന്നു. കുളിരും വറുതിയും ധാര്‍ഷ്ട്യവും ദു:ഖവും പേറി കാറ്റുകള്‍ കടന്നുവരികയും പോവുകയും ചെയ്യുന്നത് പല കവിതകളിലും കാണാം. വന്യമൃഗത്തിന്റെ മുരള്‍ച്ചയോടെ ഇരമ്പിയാര്‍ക്കുന്ന ശീതക്കാറ്റില്‍ ലോകത്തിലെ ഏറ്റവും ദുഖിതയായ സ്ത്രീ, ഏറ്റവും ഏകാകിയായ മനുഷ്യന്റെ ആതിഥ്യം സ്വീകരിക്കുന്നു. എന്നാല്‍ ചക്രവാളാതിര്‍ത്തി ലാക്കാക്കിയുള്ള അവളുടെ ഏകാന്തയാത്ര നിയോഗമെന്നപോലെ തുടരുക തന്നെ ചെയ്യുന്നു (ഹിമഭൂമിയില്‍ കാറ്റ് വീശുമ്പോള്‍ ). നീര്‍പക്ഷികളും ഓളങ്ങളും കാറ്റുകളും കൂട്ട് വാഗ്ദാനം ചെയ്ത സഞ്ചാരി കായല്‍ത്തീരത്തൊരു വീടു വെച്ചെങ്കിലും അവരെല്ലാവരും ക്രമേണ ഒഴിഞ്ഞു പോയി അയാളുടെ ജീവിതം ഏകാന്തയിലേക്ക് വീണു പോകുന്നു. സ്വന്തം നിഴല്‍ പോലും കൂട്ടിനില്ലാതെ അയാള്‍ തനിച്ചിരിക്കുന്നു (കായല്‍ത്തീരത്തൊരു വീട്).

കവിതകളില്‍ നിയോഗമായോ പലായനമായോ ആവര്‍ത്തിച്ചു കാണുന്ന ഈ യാത്രയ്ക്ക് സഹചാരിയായി ദു:ഖമുണ്ട്. കഠിനയത്നങ്ങള്‍ക്കോ ലഹരികള്‍ക്കോ യാത്രയ്ക്കോ നഗ്നവന്യതകള്‍ക്കോ തളര്‍ത്താനാവാത്ത സങ്കടത്തിന്റെ ഒരാല്‍മരം തന്നെ ഉള്ളില്‍ വളരുന്നു. മരണത്തോടെ മാത്രമേ അത് പിരിഞ്ഞു പോകൂ (സങ്കടത്തിന്റെ ആല്‍മരം) എന്നറിഞ്ഞ് അതിനോട് ഒടുവില്‍ പൊരുത്തപ്പെടുകയാണ് ജീവിതം.

വിധേയത്വമുള്ള നായ്ജന്മം മതിയാക്കി തെരുവിന്റെ അനന്തവിശാലതയിലേക്ക് നിഴല്‍പോലും തുണ വേണ്ടാതെ ഉയര്‍ന്ന ശിരസ്സോടെ ഇറങ്ങുന്ന ഒരുവളെ അകലെ ആകാശകീഴെ , ഈ രാവ് എന്തു തന്നു എന്നീ കവിതകളില്‍ കാണാം. താവളങ്ങളിലെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ പച്ചപ്പ് ആവാം നിതാന്തനിയോഗമായി സഞ്ചാരത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

സ്നേഹം വിലയ്ക്കു വാങ്ങപ്പെടുകയോ ബന്ധനസ്ഥമാക്കുകയോ കബറടക്കപ്പെടുകയോ ചെയ്യുന്ന ചിത്രങ്ങളാണ് സത്രത്തിലെ രാത്രി , ബന്ധനസ്ഥനായ വിഘ്നേശ്വരന്‍ , പറിച്ചുനട്ട ചെടി കബറടക്കപ്പെട്ട കിളി എന്നീ കവിതകളില്‍ കാണാവുന്നത്. പ്രണയത്തിന്റെ കൃത്രിമദ്വീപിലെ നൈമിഷികോത്സവമാണ് സത്രത്തിലെ രാത്രിയില്‍ . വനമഹിഷത്തിലെ നായകന്റെ രതിപര്‍വ്വങ്ങള്‍ താല്ക്കാലികങ്ങളെന്ന് തിരിച്ചറിഞ്ഞ് അയാളുടെ ഏകാന്തതാപഥങ്ങളിലേക്ക് കനിവാര്‍ന്ന മഴയായി പെയ്തിറങ്ങാനാണ് കാമിനി ആഗ്രഹിക്കുന്നത്. ഹാ,വീഞ്ഞും നീയും ഒരു പോലെ എന്ന നായകന്റെ അലയടങ്ങലില്‍ അവള്‍ കൂടുതല്‍ ഏകാകിനിയായി മാറുന്നു. തെരുവിലെ പിള്ളയാര്‍വിശ്വസികളുടെ കോവിലിലെ വിഘ്നേശ്വരനായി തടവിലാക്കപ്പെടുന്നു ; പ്രമാണിത്തത്തിന്റെ കോവിലില്‍ ബന്ധിതനായ മിത്രത്തെപ്പെലെ (ബന്ധനസ്ഥനായ വിഘ്നേശ്വരന്‍ ‍). നിലയ്ക്കാത്ത കാത്തിരിപ്പ് , സമാഗമങ്ങളുടെ ക്ഷണികത - ഇവ ജീവിതത്തിന്റെ സാമാന്യഭാവങ്ങളായി പല കവിതകളും കണ്ടെത്തുന്നു. രാജാവിന്റെ നായാട്ടിനായുള്ള വരവും സുന്ദരിമാരുടെ നൃത്തമേളങ്ങളും ഓര്‍മ്മയില്‍ സൂക്ഷിച്ച് ശാപത്താലുറങ്ങുന്ന സുന്ദരിയെപ്പോലെ വനഹര്‍മ്മ്യം കാത്തിരിക്കുന്നു.(വനഹര്‍മ്മ്യം). വല്ലപ്പോഴും കടന്നുവരുന്ന ഒരേയൊരു ഉത്സവരാത്രിയാണ് അതിന്റെ നിലനില്പിനെ അര്‍ത്ഥവത്താക്കുന്നത്. മൃതര്‍ കാത്തിരിക്കുന്നു; നിലംപൊത്താനായുന്ന ഓരോ വിജനഗേഹത്തിലും. അവരുടെ ആത്മാക്കള്‍ ഹൃദയഭേദകമായി വിലപിച്ചുകൊണ്ട് അനന്തര തലമുറയെ തേടുന്നു. കവയിത്രി പറയുന്നു - ജീവിച്ചിരിക്കുന്നവരെക്കാള്‍ എനിക്കു മമത മണ്‍മറഞ്ഞവരോടാണ്.(ഇതും കൂടി). വിദ്യുല്ലതയുടെ ഗാഢനിദ്രയിലേക്ക് പിതൃക്കള്‍ താരാട്ടു പാടുന്നു (ഉറക്കമായ് വിദ്യുല്ലത).

സൌമ്യവര്‍ണ്ണങ്ങള്‍ ചാലിച്ച് ആകാശച്ചെരുവില്‍ ആരോ വരഞ്ഞിട്ട ജലച്ചായചിത്രം പോലെ ക്ഷണികതയുടെ ഉത്സവങ്ങള്‍ പൊടുന്നനെ മാഞ്ഞുപോകുന്നു; കാണേണ്ടവര്‍ കാണാതെ ( വസിലിയായി മാറിയ മാരിവില്ല്). ക്ഷണികമാസമാഗമങ്ങള്‍ക്ക് കാത്തിരിക്കുന്ന വിഷാദമൂര്‍ത്തികളുടെ കാഴ്ച ഓരോ യാത്രയെയും ദു:ഖഭരിതമാക്കുന്നു. അച്ഛനെ കാക്കുന്ന ചെറിയ പെണ്‍കുട്ടി, കരളിലെ തീ കെടുത്താന്‍ വരുന്ന കാന്തനെ കാത്തിരിക്കുന്ന പെണ്‍കൊടി, ഇളംകിളികളെ കാക്കുന്ന തള്ളക്കിളി, ആരെങ്കിലും വരുന്നതു കാക്കുന്ന വൃദ്ധതപസ്വിനി- ഇവര്‍ക്കു പശ്ചാത്തലമായി വിളര്‍ത്ത നിലാവും വിഷാദനിര്‍ഭരരാവുകളും (ഇരുളിലൂടാരോ), ജീവിതമാകെ ഒരു നീണ്ട കാത്തിരിപ്പായി ആരോ വരഞ്ഞിട്ടിരിക്കുന്നു.

ഓമനിച്ചു നട്ടതെല്ലാം സ്നേഹരാഹിത്യം പിഴുതെടുത്താലും അവയെ ആത്മാവിലേക്ക് പറിച്ചു നട്ട് ആശ്വസിക്കുന്ന ശുഭാപ്തിവിശ്വാസം പറിച്ചുനട്ട ചെടിയില്‍ കാണാം.സ്നേഹിക്കലെന്ന വരദാനത്തെ ശാപമായി ലഭിച്ചവള്‍ക്ക് അവസാനമില്ലാത്ത യാത്രകള്‍ തന്നെ ശരണമെന്ന് വിട എന്ന കവിത സ്ഥാപിക്കുന്നു. പ്രത്യാശയുടെയും സ്വപ്നങ്ങളുടേയും സാന്ധ്യവര്‍ണ്ണങ്ങള്‍ മാഞ്ഞ്, ദയാരഹിതമായ കാലത്തിന്റെ ഇരുള്‍കാഴ്ചയിലേക്ക് നയിക്കുന്ന വ്യഥയുടെ രാത്രിയാനം; ഹൃദയത്തില്‍ ആളുന്ന തീയോടെ തുടരുന്ന ഈ യാത്ര ഈ സമാഹാരത്തിലെ പല കവിതകളുടെയും ഹൃദയത്തുടിപ്പാണ്.

Subscribe Tharjani |
Submitted by വിനോദചന്ദ്രന്‍.സി.പി (not verified) on Mon, 2007-08-27 10:42.

നിരൂപണം നന്നായിട്ടുണ്ട്.
ഒരു പുസ്തകത്തെ മുന്‍നിറുത്തി എഴുതുന്ന പുസ്തകാഭിപ്രായത്തെക്കാള്‍ സാമാന്യമായി ഒരു കവിയെ / കവയത്രിയെ പഠിക്കുന്ന നിരൂപണലേഖനങ്ങളല്ലേ നല്ലത്.
പുസ്തകാഭിപ്രായം എന്നോ , പുസ്തകപരിചയം എന്നോ ഒരു പംക്തി കൂടിയാകാവുന്നതാണ് , പുതിയ മലയാളപുസ്തകങ്ങള്‍ കേരളത്തിനു പുറത്തുള്ള വായനക്കാര്‍ക്കുവേണ്ടി.

Submitted by shaji (not verified) on Sat, 2010-06-05 01:45.

കാണുവാന്‍ ഒത്തിരി വൈകി.....
നന്നായിരിക്കുന്നു ..ആശംസകള്‍