![]() |
|||||
വി. കെ പ്രഭാകരന്വടക്കെ കാളാണ്ടിയില്‍, ഫോണ്‍: 0496-2502142 Visit Home Page ... |
കുട്ട്യാലി:- അതെന്തായിരുന്നു സംഭവം?
ഖാസി:- മൂന്നുമാസം മുമ്പ് പൊലര്‍ച്ചക്കൊരു യുദ്ധം ഉണ്ടായില്ലേ? അന്നു സാമൂതിരി പതിവുപോലെ ഒരു എട്ടൊമ്പത് മണിക്ക് യുദ്ധം കാണാന്‍ കൊന്നപ്പറയില്‍ എഴുന്നള്ളി. നോക്കുമ്പം കോട്ടപ്പുഴ നിറയെ പറങ്കികളുടെയും നായന്മാരുടെയും ശവം അങ്ങനെ ഒഴുകിനടക്കുന്നു. എല്ലാവരേയും ശപിച്ചുകൊണ്ടും ചീത്തപറഞ്ഞുകൊണ്ടും മൂപ്പര്‍ ഉടനെ മടങ്ങി. എന്തിനു പറയുന്നു.. സാമൂതിരി പറമ്മേന്ന് താഴെ എത്തി എത്തീല്ലാന്നുള്ളപ്പം അതാ ഒരു പൊട്ടല്. തിരിഞ്ഞു നോക്കുമ്പം എന്താ കഥ ? സാമൂതിരി യുദ്ധം കാണാന്‍ കൊത്തിയുണ്ടാക്കിയ കരിങ്കല്‍ പീഠം ചെതറിത്തെറിക്കുന്നു... ഒരു തലനാരിഴ തലനാരിഴാന്നൊക്കെ പറേന്ന ഒരു രക്ഷപ്പെടലില്ലേ, അത് തന്നെ.
കുട്ട്യാലി:- ഓഹോ ! അങ്ങിനെ സംഭവിച്ചോ? ഇന്നിപ്പം ഫിറങ്കികളുടേയും നായന്മാരുടെയും കൈനിലകളില്‍ എന്താ വിശേഷം..
ഖാസി:-അവരൊക്കെ ഏതാണ്ട് യുദ്ധം തീര്‍ന്നു എന്ന മട്ടിലുള്ള ആഘോഷത്തിലാ.. കോട്ടേല് ഒരു പാട് പൊന്നും പണോമ്മ് ഉണ്ട് ന്നാ വര്‍ നെഗമനം
കുട്ട്യാലി:- യുദ്ധം ഇന്നു തീരുമോ?
ഖാസി:- അതു കുഞ്ഞാലി മരക്കാര്‍ ഇന്നുതീരുമാനിക്കും. എത്രയുദ്ധം കണ്ട ആളാ ഈ മുഹമ്മദ് കുഞ്ഞാലി മരക്കാര്‍. എന്തുതീരുമാനമെടുക്കണമെന്ന് അവര്‍ക്കറിയാം.
കുട്ട്യാലി:-അതാ അമ്മാവന്റെ നിസ്കാരം കഴിഞ്ഞുവെന്നു തോന്നുന്നു. വാതില്‍ തുറക്കുന്നുകണ്ടു.
ഖാസി:അതാ കുഞ്ഞാലി മരക്കാര്‍ ഇറങ്ങുന്നുണ്ട്. പടാച്ചോന്റെ ബിരിശിപ്പെട്ട അനുഗ്രഹം കിട്ടിയ മനുഷ്യനാ. എന്തൊക്കെ ബേജാറുണ്ടയിട്ടും മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. യാ അള്ളാ...
( ഏതാനും കനത്ത കാലൊച്ചകള്‍ )
കുഞ്ഞാലി:- വലിയ ഖാസി കാത്തിരുന്നു മുഷിഞ്ഞോ? ഞാന്‍ എഴുന്നേല്ക്കാന്‍ അല്പം വൈകി.
ഖാസി:- ഏയ് മുഷിയാനൊന്നും ആയിട്ടില്ല. എന്നാ നമുക്ക് ചടങ്ങ് ആരംഭിക്കുകയല്ലേ?
കുഞ്ഞാലി:- ആവാം...
ഖാസി:-ഇങ്ങോട്ട് എന്റെ ഉയര്‍ത്തിയ കൈക്ക് കീഴിലേക്ക് നില്ക്കൂ . (അറബിയില്‍ ചില പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു) ഇനി കുഞ്ഞാലി മരക്കാര്‍ക്ക് തീരുമാനം പ്രഖ്യാപിക്കാം. മരുമകന്‍ .. മുഖ്യകപ്പിത്താന്‍ .. കോട്ട വാതിലുകളുടെ കാവല്‍ തലവന്മാര്‍ .. സംഘ നായകന്മാര്‍ എല്ലാവരും മുമ്പോട്ട് വരട്ടെ.
കുഞ്ഞാലി:- നാളിതുവരെ ഈ കോട്ട കാത്തു സംരക്ഷിച്ച് അതിനുവേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ച നായകന്മാരെ.. നമ്മുടേ പള്ളിയിലെ വലിയ ഖാസിയെ സാക്ഷിനിര്‍ത്തി ഇതാ ഞാന്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്‍ .... മുഹമ്മദ് കുഞ്ഞാലിമരക്കാര്‍ ഈ കോട്ട , പുതുപ്പണത്തെ ഈ മരക്കാര്‍ കോട്ട , ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കോട്ടയെ ചുറ്റിയൊഴുകുന്ന മൂരാട് പുഴയെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു നമ്മള്‍ ഇന്ന് പുറപ്പെടുകയാണ്... യുദ്ധത്തിനല്ല ! കീഴടങ്ങുവാന്‍ ! നമ്മുടെ തമ്പുരന്‍ മഹാരാജ രാജശ്രീ സാമൂതിരി തിരുമനസ്സു മുമ്പാകെ കീഴടങ്ങുവാന്‍ .
ആള്‍ക്കൂട്ടം വിളിച്ചുപറയുന്നു:- അങ്ങയുടെ ഏതു തീരുമാനത്തിനും പിന്തുണ നല്കിക്കൊണ്ട് ഞങ്ങള്‍ ഒപ്പമുണ്ടായിരിക്കും, മരണം വരെ.. അല്ല മരണത്തിലും..
കുഞ്ഞാലി:- ഇപ്പോള്‍ ഏല്ലാവര്‍ക്കും പോകാം കാര്യങ്ങള്‍ വിശദമായി കുറച്ചുകഴിഞ്ഞ് അറിയിക്കും. രണ്ട് പേര്‍ വലിയ ഖാസിയെ കോട്ടയുടെ തെക്കേ കവാടം വരെ അനുഗമിക്കട്ടെ. ചൈനാലി.. കുട്ട്യാലി.. കുട്ടിമൂസാ.. വരൂ.. നമുക്കല്പനേരം കൂടിയാലോചനാമുറിയിലിരിക്കാം. കുട്ട്യാമു ചെല്ലൂ. എല്ലാ ഒരുക്കങ്ങള്‍ക്കും നിങ്ങളുടെ ഒരു മേല്‍നോട്ടമുണ്ടായിരിക്കണം.
ആള്‍ക്കൂട്ടത്തിന്റെ വേവലാതിയോടെയുള്ള പിറുപിറുക്കലുകള്‍ അകന്നകന്ന് പോകുന്നു.
കുഞ്ഞാലി:- നിങ്ങള്‍ മൂന്നുപേരും കുറെക്കൂടി അടുത്തുനില്ക്കൂ .... സ്ഥാനമാനങ്ങളുടെയും ബന്ധങ്ങളുടെയും അകല്‍ച്ച ഇനി നമ്മള്‍ തമ്മിലില്ല.
ചൈനാലി:- ഇത്, കീഴടങ്ങലിന്റെ മുഹൂര്‍ത്തമാണ്. യുദ്ധത്തിലെന്നപോലെ, ഇപ്പോഴും അങ്ങ് ഞങ്ങളുടെ നായകനാണ്. ഞാന്‍ എപ്പോഴും അങ്ങയുടെ ആജ്ഞക്കായ് കാതോര്‍ത്തിരിക്കുന്നു. അതേ! അങ്ങയുടെ പ്രിയമിത്രം! ചിനാലി. ചീനാലി എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല. പക്ഷെ അങ്ങയുടെ ചുണ്ടുകളില്‍ നിന്ന് ആ ശബ്ദം പുറപ്പെടുമ്പോള്‍ അത് ലോകത്തോളം ആഴവും പരപ്പും എന്റെ മനസ്സില്‍ ഉണ്ടാക്കുന്നു.
കുട്ടിമൂസ:- അങ്ങയുടെ സൈന്യത്തിലെ മുഖ്യകപ്പിത്താന്‍ കുട്ടിമൂസയായിത്തന്നെ മരണംവരെ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
കുട്ട്യാലി:- അങ്ങയുടെ മരുമക്കളില്‍ മൂത്ത ആള്‍ .. ഈ കുട്ട്യാലി.. ഇതാ യുദ്ധത്തിലെന്നപോലെ അങ്ങയുടെ ആജ്ഞക്കായ് കാതോര്‍ത്തിരിക്കുന്നു. അങ്ങ് പറയുക ഞങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാം.
കുഞ്ഞാലി:- ചീനാലീ.. കുട്ട്യാലീ.. കുട്ടിമൂസാ. നിങ്ങള്‍ മൂന്നുപേരും ഈ മുഹൂര്‍ത്തത്തില്‍ എനിക്കു ചുറ്റുമുണ്ടായിരിക്കണം. ചൈനാലി മലാക്കയില്‍ വെച്ച് ഞാന്‍ പിടിച്ചെടുത്ത പോര്‍ച്ചുഗീസ് കപ്പലിലെ അടിമകളുടെ കൂട്ടത്തിലാണ് നിന്നെ ഞാന്‍ ആദ്യമായി കണ്ടത്.
ചൈനാലി:- അതേ.. ഞാന്‍ അന്നൊരു ചെറിയ ചെക്കനായിരുന്നു. ഈ കോട്ടയില്‍ , ഈ കോട്ടയോടൊപ്പം വളര്‍ന്നു. കോട്ടയോടൊപ്പം വലുതായി. ചെറിയ വയസ്സിലേ ഒരു അടിമയുടെ ജീവിതം എന്റെ മേലേക്ക് വലിച്ചെറിഞ്ഞ പോര്‍ച്ചുഗീസ് കടല്‍ക്കഴുകന്മാര്‍ക്കെതിരെ ആകാവുന്നത്രയും പൊരുതി.
കുഞ്ഞാലി:- ലോകത്തിന്റെ ഏതോഭാഗത്ത് ജനിച്ചുവളര്‍ന്ന നിന്നോട്, ഞങ്ങള്‍ സാമൂതിരിയുടെ പ്രജകള്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ അവസാന നിമിഷങ്ങളില്‍ നീയെന്റെ കൂടെ ഉണ്ടായിരിക്കണം. നീയെന്റെ വലത് ഭാഗത്ത്തന്നെ ഉണ്ടായിരിക്കണം.
ചൈനാലി:-എന്നെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന് ഇടവേളകളോ അവസാനമോ ഇല്ല. അങ്ങയുടെ അജ്ഞയായി ഞാനിത് സ്വീകരിക്കുന്നു.
കുഞ്ഞാലി:- കുട്ട്യാലി.. അള്ളാഹ്.. അനുവദിക്കുകയാണെങ്കില്‍ അടുത്ത കുഞ്ഞാലിമരക്കാര്‍ ആകേണ്ടവനാണ് നീ.... സമൂതിരിയുടെ അടുത്ത നാവികസൈന്യാധിപന്‍ . എന്റെ സ്വന്തം മരുമകന്‍ . കുഞ്ഞാലി മരക്കാര്‍ അഞ്ചാമന്‍ . കുട്ട്യാലീ .... നമ്മുടെ പൂര്‍വ്വികരുടെ രക്തം വീണ് ചുവന്ന കടലാണിത്. നമ്മുടെ വംശസ്ഥാപകന്‍ വലിയസ്സന്‍ എന്ന പട്ടുമരക്കാര്‍ .. സിംഹളത്ത് വെച്ച് വീരമൃത്യുവരിച്ച പക്കിമരക്കാര്‍ .. എന്റെ നേരമ്മാവന്‍ പാറ്റിമരക്കാര്‍ .. നമ്മെ കടലിലിലെ ഗറില്ലാ യുദ്ധതന്ത്രം പഠിപ്പിച്ച് കടലിന്റെ ആഴവും പരപ്പും മനസ്സിലാക്കിച്ചുതന്ന കുട്ട്യാലി മരക്കാര്‍ ..... എല്ലാവരുടെയും അനുഗ്രഹം നിനക്കുമേല്‍ ഉണ്ടാകും. സര്‍വ്വോപരി ചോമായിപ്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെ വംശത്തിന്റെ ആത്മീയഗുരുനാഥന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അനുഗ്രഹം
കുട്ട്യാലി:-എന്റെ നേരമ്മാവാ.. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ഈ കടലായ കടലിലെല്ലാം നമ്മളുണ്ടായിരുന്നു. ഫിറങ്കികളെ നിരന്തരം വേട്ടയാടിക്കൊണ്ട്. അവരുടെ അധിനിവേശമോഹങ്ങളെ സാദ്ധ്യമായ രീതിയിലെല്ലം നാം തുരത്തി . ബംഗാള്‍ ഉള്‍ക്കടലില്‍ .. സിംഹളതീരങ്ങളില്‍ .. അറബിക്കടലിലുടനീളം ലക്ഷദ്വീപ്‌സമൂഹങ്ങളില്‍ .. ഈ ഹിന്ദ് മഹാസമുദ്രമാകെ പോര്‍ച്ചുഗീസ് കടല്‍ക്കഴുകന്മാര്‍ക്കെതിരെ നിരന്തരം യുദ്ധം നടത്തി. ഭാരതത്തിലെ മറ്റൊരു രാജാവിനും സ്വന്തമായി പേരിനുപോലും ഒരു നാവികസേന ഇല്ലാതിരുന്ന കാലത്ത് സാമൂതിരിയുടെ നാവികസേന കുഞ്ഞാലിമരക്കാര്‍മാരുടെ നേതൃത്വത്തില്‍ കടലായകടലെല്ലാം ഭരിച്ചു. അതേ.. ഭരണം സാമൂതിരിയുടെ പേരില്‍ തുടര്‍ന്നും നടത്താന്‍ പടച്ചോന്‍ എന്നെ ആവതാക്കട്ടെ.. ഇപ്പോള്‍ എന്റെ നേരമ്മാവന്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ എന്നെ അനുഗ്രഹിച്ചാലും.
കുഞ്ഞാലി:-കുട്ട്യാലി ഈ കോട്ടയില്‍വെച്ച് അന്ത്യശ്വാസം വലിച്ച എന്റെ നേരമ്മാവന്‍ ! ഈ കോട്ടയുടെ സ്ഥാപകനായ പാറ്റിമരക്കാര്‍ , എന്റെ കാതില്‍ മന്ത്രിക്കുന്നു .... ഈ തിരിച്ചടികള്‍ താല്ക്കാലികം മാത്രമാണ്.. താല്ക്കാലികം മാത്രം.