തര്‍ജ്ജനി

പ്രമോദ് ബാലുശ്ശേരി

Mehar Manzil,
KKRA30, LNCP Road,
Opp.Govt.College,
Kariavattom-post, TVM
ഫോണ്‍‌: 9496408559
ഇ മെയില്‍‌:pramod_balussery@rediffmail.com

Visit Home Page ...

കവിത

ചേറുമീന്‍

ഒറ്റാലും ചൂട്ടുമായ്
എല്ലാ രാത്രിയിലും
അച്ഛന്‍ ഇറങ്ങിപ്പോകും
പൊട്ടു വാളയോ, ആരലോ
ഈര്‍ക്കില്‍ കോര്‍ത്ത്
ചുവടുറയ്ക്കാത്ത കാലുകളില്‍
മടങ്ങി വരും വരെ
അമ്മ നോക്കിയിരിക്കും.

ഞാന്‍ നിന്നെയോര്‍ക്കും.
നീ തന്ന പ്രണയക്കുറിപ്പുകളൊക്കെ
വീണ്ടും എണ്ണിയും മണത്തും നോക്കും.
മുറ്റത്ത് മട്ടിയില വീഴുന്ന രാത്രി
പെട്ടെന്ന് ഉള്ളൊന്ന് കാളി
ഒന്ന് കാണാനില്ല
അല്ലെങ്കില്‍ എണ്ണം തെറ്റിയോ?

ഇല്ല, ഒന്ന് കാണാനില്ല.
അതും, “എന്റെ കൃഷ്ണമണിയാണ് നീ”
എന്നെഴുതിയത്!
അരികില്‍ പൂക്കളുടെ പടമുള്ളത്!

ഉറക്കത്തിലെപ്പൊഴോ
വയലില്‍ നിന്നും മുറിച്ചൂട്ടുമായ്
അച്ഛന്‍ വിളിച്ചു.
ചെന്നു നോക്കിയപ്പോള്‍ കണ്ടു:
അച്ഛന്റെ കയ്യില്‍
പൂക്കളുടെ ചിത്രങ്ങളുള്ള കടലാസില്‍
പിടയ്ക്കുന്ന മുഴുത്തൊരു ചേറുമീന്‍!

Subscribe Tharjani |