തര്‍ജ്ജനി

കഥ

ബലമുള്ളവര്‍

ചാരായം വാറ്റിയതിന് തൊമ്മന്‍ ചെട്ട്യാരെ പോലീസു പിടിച്ചു. പിടിച്ചു എന്നു മാത്രമല്ല കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ചെട്ട്യാര്‍ ദണ്ഡനമസ്കാരം ചെയ്തു. പിന്നെ ഒരു വിലാപകാവ്യം തുടങ്ങി. ‘യശ്മാനേ...’ എന്ന വിളി മാത്രമേ മജിസ്ട്രേട്ടിനു മനസ്സിലായുള്ളൂ. ബാക്കിയൊക്കെ തൊമ്മന്‍ ചെട്ട്യാരുടെ സ്വന്തം ഭാഷയിലായിരുന്നു. ആ ഭാഷയാവട്ടെ മജിസ്ട്രേട്ടിനോട് മിണ്ടാത്തതും.

നീതിയും ന്യായവും കോടതിയും മാനുഷിക മൂല്യങ്ങള്‍ക്ക് കീഴടങ്ങിയ ഒരു അസുലഭസന്ദര്‍ഭമായിരുന്നു അത്.

‘ഫോ..!’ മജിസ്ട്രേട്ട് ഒരു ആട്ടു കൊടുത്തു.
ചെട്ട്യാര്‍ അത് ശിരസാ വഹിച്ചു കൊണ്ട് പുറത്തേക്കു നടന്നു.

കുടുമയും തോര്‍ത്തു മുണ്ടും ചുമന്നു കൊണ്ട് തൊമ്മന്‍ ചെട്ട്യാര്‍ മൂവന്തിയ്ക്ക് അങ്ങാടിയില്‍ ഹാജരായി.

തദ്ദേശവാസികള്‍ സാകൂതം ചുറ്റും കൂടി. ചെട്ട്യാര്‍ യാത്രാ വിവരണം ആരംഭിച്ചു.

എന്നിട്ട്...?
എന്നിട്ട്.....?
എന്നിട്ട്........?
കോടതീന്നെങ്ങനെ കഴിച്ചിലായീ ചെട്ട്യാരേ...?

“ഏന്‍ കൈല്‍ രണ്ട്മൂന്‍ ബല്‍‌മുള്ളവെരെല്ലാമുണ്ട്.”
കുംഭാരന്മാരുടെ തിരക്കു പിടിച്ച ഈണത്തിലും താളത്തിലും ചെട്ട്യാര്‍ തുടര്‍ന്നു.

““ഒന്ന് കുഞ്ചാല്‍ മാപ്ല. പിന്നെ സഗാവ് ഗോപ, പര്‍പ്പൊര്‍ത്തെ റാമന്‍ നായറ്‌. കുഞ്ചാല്‍ മാപ്ലയ്ക്കി ബല്‍‌മിത്തിരി കൊറവാ...”
“അതെന്താ ചെട്ട്യാറേ...?”
“കുഞ്ചാല്‍ മാപ്ലയ്ക്കി ഒര് കാലല്ലേ ഉള്ളൂ?”
കൂടി നിന്ന പൊതുജനം അസ്തപ്രജ്ഞരായി.
പിന്നെ കൈയും മെയ്യും മറന്ന് തലയറഞ്ഞ് ചിരിച്ചു.

ഇന്ദിര
ആകാശവാണി
തൃശൂര്‍
Subscribe Tharjani |
Submitted by Suresh Nellikode (not verified) on Sat, 2007-09-01 01:09.

കുംഭാരന്മാരില്‍ ചെട്ടിയാരുണ്ടോ?

തൊമ്മന്‍ ഏന്നൊരു ചെട്ടിയാരും?

കഥ കൊള്ളാം.

= സുരേഷ് നെല്ലിക്കോട്