തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

ചരിത്രവും നിഷ്ക്കളങ്കതയും

"ഏഞ്ചല മെര്‍ക്കല്‍ മാത്രമല്ല, ഹിറ്റ്‌ലര്‍ക്ക്‌ ശേഷം ജര്‍മനി ഭരിച്ചവരെല്ലാം പെണ്ണുങ്ങളായിരുന്നു. അഡോള്‍ഫ്‌ മാത്രമായിരുന്നു ആണ്‍കുട്ടി. അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ മാത്രം"

ഹൈവേയിലൂടെ ചീറുന്ന വാഹനങ്ങളെ അവഗണിച്ച്‌ മരുപ്പരപ്പിനെ ഒരു സൂക്ഷ്മ റഡാര്‍ പോലെ അയാളുടെ കണ്ണുകള്‍ സ്കാന്‍ ചെയ്യുന്നതിനിടയിലാണ്‌ മുറുകിയ സ്വരത്തില്‍ അങ്ങിനെ പ്രതികരിച്ചത്‌. ഏഞ്ചല മെര്‍ക്കലിന്റെ തിരഞ്ഞെടുപ്പിലൂടെ ജര്‍മ്മനിയില്‍ ആദ്യമായി ഒരു വനിത ചാന്‍സലറായതിനെക്കുറിച്ച്‌ അനുകൂലഭാവത്തില്‍ ഞാന്‍ പരാമര്‍ശിച്ചത്‌ അയാള്‍ക്ക്‌ ഇഷ്ടമായില്ല.

എണ്ണക്കമ്പനിയിലെ സ്വദേശികളായി യുവ എഞ്ചിനിയര്‍മാര്‍ക്ക്‌ അവതരണകലയുടെ ഇംഗ്ലീഷ്‌ പാഠങ്ങള്‍ ഓതിയതിനുശേഷം ഞങ്ങള്‍ മടങ്ങുകയായിരുന്നു. അയാള്‍ക്ക്‌ അതില്‍ കാര്യമൊന്നും ഉണ്ടായിരുന്നില്ല. വാരാന്ത്യത്തിന്റെ വിരസത ഒഴിവാക്കാനാണെന്ന്‌ പറഞ്ഞ്‌ എന്റെ സഹായിയായി സ്വയം അവരോധിക്കുകയായിരുന്നു. അറബി ചെറുപ്പക്കാര്‍ക്കായി പ്രസന്റേഷന്‍ സ്കില്‍ വര്‍ക്ക്ഷോപ്പ്‌ ആദ്യമായി ചെയ്യുന്നതിന്റെ നേര്‍ത്ത സമ്മര്‍ദ്ദം എനിക്കുമുണ്ടായിരുന്നു. ലാപ്ടോപ്പും ഓവര്‍ഹെഡ്‌ പ്രൊജക്റ്ററും കൈകാര്യം ചെയ്യാന്‍ സഹായി ഉണ്ടാകുന്നത്‌ സൗകര്യമാണ്‌. പറയുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാം. ചിത്രങ്ങളും ചാര്‍ട്ടുമെല്ലാം അടുക്കായി വന്നുകൊള്ളും. അത്‌ അയാള്‍ വൃത്തിയായി ചെയ്തു. തിരികെ വരുന്ന വഴിയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു.

വിചിത്രമായ ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്‌. ഒരിന്ത്യക്കാരനും ജര്‍മ്മന്‍കാരനുമിടയില്‍ പതിവല്ലാത്ത ഈര്‍പ്പവും അതിനുണ്ടായിരുന്നു. എണ്ണക്കമ്പനിയില്‍ തൊഴിലെടുക്കാനായി ഞങ്ങള്‍ രണ്ടുപേരും ഒരേദിവസമാണ്‌ ദുബായില്‍ വന്നിറങ്ങിയത്‌. ഡെല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ ആറുമണിക്കൂര്‍ വൈകിയതിനാല്‍ മ്യൂണിക്കില്‍ നിന്നുമുള്ള ലുഫ്ഥാന്‍സയ്ക്കൊപ്പം അതും ദുബായിലിറങ്ങി. ജബല്‍ അലിയിലേക്ക്‌ ഒരുമിച്ച്‌ യാത്രചെയ്ത പരിചയം ഉണങ്ങാതെ നിന്നു. റുഡോള്‍ഫ്‌ വില്ലാര്‍മിനെ റൂഡെന്ന്‌ ചുരുക്കിവിളിക്കാന്‍ അയാള്‍ തന്നെയാണ്‌ പറഞ്ഞത്‌. റൂഡെന്ന വാക്കിനര്‍ത്ഥം പരുക്കന്‍ എന്നാണെന്ന്‌ പാതി കളിയായി ചൂണ്ടിക്കാണിച്ചപ്പോള്‍, അത്‌ സാരമില്ല. ഞാന്‍ അല്‍പം പരുക്കന്‍ തന്നെയാണെന്ന്‌ ആവശ്യത്തിലധികം കടുപ്പത്തില്‍ പറഞ്ഞപ്പോളാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. ഇന്‍സ്റ്റലേഷന്‍ എഞ്ചിനിയര്‍ ആയിരുന്നു അയാള്‍. ആരോടും അടുത്തിടപഴകാന്‍ ഇഷ്ടപ്പെട്ടില്ല. ജര്‍മ്മനിയോട്‌ ബന്ധപ്പെട്ട ചരിത്രത്തിലും സാഹിത്യത്തിലുമുള്ള എന്റെ പരിചയം ആവാം അയാളെ അടുപ്പിച്ച്‌ നിര്‍ത്തിയത്‌.

പരിചയപ്പെട്ട ദിവസങ്ങളിലൊന്നില്‍ അയാള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ ഞാന്‍ എറിക്ക്‌ ഹൊനേക്കറുടെ കാര്യം സ്പര്‍ശിച്ചു. ലത്തീന്‍ അമേരിക്കയിലെ ഏതോ രാജ്യത്ത്‌ ഹൊനേക്കര്‍ കാന്‍സര്‍ ബാധിതനായി കഴിയുകയായിരുന്നു. റൂഡിന്റെ പൊട്ടിത്തെറി പെട്ടെന്നായിരുന്നു.

"ആ പട്ടി കമ്യുണിസ്റ്റുകാരനുമല്ല ഏകാധിപതിയുമല്ല. വെറുമൊരു ചെറ്റ. ചാകട്ടെ. അയാള്‍ എങ്ങിനെയെങ്കിലും ചത്തുതുലയട്ടെ."

പിന്നീട്‌ അയാള്‍ ഒന്നും സംസാരിച്ചില്ല. അന്നുമുഴുവന്‍ അയാളുടെ മും വലിഞ്ഞുമുറുകി ഇരുണ്ടിരുന്നു.

പ്രോജക്റ്റില്‍ ഹ്യുമന്‍ റിസോഴ്സിന്റെ ചുമതലയായിരുന്നു എനിക്ക്‌. ആവശ്യമുള്ള സാങ്കേതിക വിദഗ്ദ്ധരെയും തൊഴിലാളികളെയും എത്തിക്കുന്ന ചുമതല. ട്രെയിനിംഗിന്റെ ഏര്‍പ്പാടും എനിക്കുതന്നെയായിരുന്നു. പ്രസന്റേഷന്‍ സ്കില്‍സും കമ്യുണിക്കേഷന്‍ ആന്‍ഡ്‌ ലീഡര്‍ഷിപ്പുമെല്ലാം ഞാന്‍ തന്നെ ചെയ്യേണ്ടിയിരുന്നു. ഇടവേളകള്‍ക്കും വിശ്രമത്തിനുമൊന്നും കുറവുണ്ടായിരുന്നില്ല. ഇടയ്ക്ക്‌ അയാള്‍ വലിയൊരു മഗ്ഗില്‍ കൊഴുത്ത കാപ്പിയുമായെത്തും. അനേകം പോക്കറ്റുകളുള്ള ബാഗിപാന്റിന്റെ എവിടെയോ നിന്നൊക്കെയോ അയാള്‍ വറുത്ത കശുവണ്ടിപ്പരിപ്പ്‌ പുറത്തെടുക്കും. കാപ്പി പ്രിയനല്ലായിരുന്നെങ്കിലും ഞാനും ഒപ്പം കൂടും. വര്‍ത്തമാനം എപ്പോഴും രാഷ്ട്രീയം തന്നെയായിരുന്നു. അസാധാരണങ്ങളായി നിരീക്ഷണങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു. ചരിത്രത്തിലെ യാദൃശ്ചികതയെക്കുറിച്ചുള്ളത്‌ അങ്ങിനെയൊന്നായിരുന്നു.

"ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ചരിത്രത്തിലെ ഒരു യാദൃശ്ചികതയാണ്‌. അത്‌ ഒരിക്കലും ഒഴിവാക്കപ്പെടാനാവുമായിരുന്നില്ല. യാദൃശ്ചികതകള്‍ക്ക്‌ പിന്നിലും ധാരാളം ഒത്തിണങ്ങലുകള്‍ കാണാം. ഒന്നാം മഹായുദ്ധത്തിലെ കൊടും അനീതികളാണ്‌ ഹിറ്റ്‌ലര്‍ക്കും അതുവഴി രണ്ടാം മഹായുദ്ധത്തിനും വഴിയൊരുക്കിയത്‌. സൈനീകമായി മാത്രമായിരുന്നില്ല സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം യൂറോപ്പിന്റെ നേതൃത്വം ജര്‍മ്മനിക്കായിരുന്നു. ഒന്നാം യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാര്‍ ജര്‍മ്മനിയെ ദാസന്മാരും നായ്ക്കളുമാക്കി. യൂറോപ്പിലെ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ ഞങ്ങളോടുള്ള അസൂയയും അസഹിഷ്ണുതയും ആയിരുന്നു അതിനുപിന്നില്‍. ഞങ്ങളുടെ മഹാപ്രതിഭാശാലികള്‍ ഹോട്ടലുകളിലും ക്ലബ്ബുകളിലും മഞ്ഞപ്പത്രങ്ങളിലും വര്‍ക്ക്‌ ഷോപ്പുകളിലും ക്ഷുദ്രജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ജര്‍മ്മന്‍ ജനതയ്ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്‌. ഞങ്ങളിലൊരാള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ ആകാതെ നിവൃത്തിയില്ലായിരുന്നു. പിതൃരാജ്യം ഞങ്ങളോട്‌ അത്‌ ആവശ്യപ്പെട്ടു. ആത്മാഭിമാനം വീണ്ടെടുക്കുന്നതിന്റെ കാര്യമായിരുന്നു അത്‌. നിങ്ങള്‍ക്കത്‌ മനസ്സിലാവില്ല. നിങ്ങള്‍ ജര്‍മ്മന്‍കാരന്‍ അല്ലല്ലോ?"

ഇതെല്ലാം പറയുമ്പോള്‍ ഉപ്പിലിട്ടതുപോലെ അയാളുടെ കണ്ണുകള്‍ വികാരരഹിതമായിരുന്നു.
ഹിറ്റ്‌ലറെ നീതികരിക്കുന്നതിനോടൊപ്പം റൂഡ്‌ വില്ലാര്‍മിന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും ന്യായപ്പെടുത്തി. ഒരുതരം പരുക്കന്‍ യുക്തിയില്‍ അയാള്‍ക്ക്‌ എല്ലാം സംഗതമായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഒടുങ്ങിയ ജൂതന്മാരെക്കുറിച്ച്‌ വലിയ വ്യഥയൊന്നും അയാള്‍ക്ക്‌ ഉള്ളതായി എനിക്ക്‌ തോന്നിയില്ല. ചരിത്രത്തിലെ അനിവാര്യതകള്‍ എന്നത്‌ എങ്ങോട്ട്‌ വേണമെങ്കിലും വലിച്ച്‌ നീട്ടാവുന്ന ഒരു സങ്കല്‍പ്പനം ആയിരുന്നു അയാള്‍ക്ക്‌.

"സൗത്ത്‌ ആഫ്രിക്കയില്‍ വച്ച്‌ ട്രെയിനിലെ ഒന്നാം ക്ലാസ്‌ കമ്പാര്‍ട്ട്മെന്റില്‍ നിന്നും മോഹന്‍ദാസ്‌ ഗാന്ധിയെ ചവിട്ടിപ്പുറത്താക്കിയ ആ ഇംഗ്ലീഷുകാരനെക്കുറിച്ച്‌ ആലോചിച്ചുനോക്കിയിട്ടുണ്ടോ? അയാള്‍ കുറച്ച്‌ മനുഷ്യപ്പറ്റുള്ള ഒരാള്‍ ആയിരുന്നുവെന്ന്‌ കരുതുക. അയാള്‍ മോഹന്‍ദാസിനെ തൊഴിക്കുമായിരുന്നില്ല. ചിലപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഗാഢസൗഹൃദം തന്നെ ഉടലെടുക്കാനും സാദ്ധ്യതയുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ മോഹന്‍ദാസ്‌ ഇന്ത്യന്‍ സമരത്തിന്റെ നായകനാകുമായിരുന്നില്ല. ഗ്ലോബലൈസേഷന്‍, വേള്‍ഡ്‌ ട്രേഡ്‌ എഗ്രിമെന്റ്‌ എന്നൊക്കെപ്പറഞ്ഞ്‌ രണ്ടാമതും നിങ്ങളെ വരുതിയിലാക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടേണ്ടിയും വരുമായിരുന്നില്ല." അത്രയും പറഞ്ഞ്‌ റൂഡ്‌ പൊട്ടിപ്പൊട്ടിച്ചിരിച്ചത്‌ ഞാനിപ്പോഴും ഓര്‍ക്കുന്നു.

ശരിയാണ്‌, ചില യാദൃശ്ചികതകളെ ഒഴിവാക്കിയാല്‍ ചരിത്രത്തിന്റെ വഴിയും വഴിയമ്പലങ്ങളും മാറിപ്പോകുമായിരുന്നു. ഒരു രാത്രികാവല്‍ക്കാരന്‍ തെല്ലുനേരം ഉറങ്ങിപ്പോയതുകൊണ്ടാണ്‌ നെപ്പോളിയന്‍ വാട്ടര്‍ലൂ യുദ്ധം തോറ്റത്‌. പ്രിയാം രാജാവിന്റെ മകന്‌ ഹെലനോട്‌ കമ്പം തോന്നാതിരുന്നെങ്കില്‍ ട്രോയി യുദ്ധഭൂമി ആവില്ലായിരുന്നു. വീരനായ ഹെക്റ്ററിനെ മുടിയില്‍ ചുറ്റി നിണഭൂമിയാകെ വലിച്ചിഴച്ച്‌ അി‍ല്ലിസ്‌ കലിയടക്കുകയില്ലായിരുന്നു. ഹോമര്‍ ഇലിയഡ്‌ എഴുതുകില്ലായിരുന്നു. യുധിഷ്ഠിരന്റെ ആസക്തികള്‍ ചതുരംഗപ്പലകയില്‍ ആളിപ്പടരാതിരുന്നെങ്കില്‍................... അലഹബാദ്‌ ഹൈക്കോടതിലെ ജഡ്ജി മറ്റൊരു വിധിന്യായം പരിഗണിച്ചിരുന്നെങ്കില്‍.................... കുവെയ്റ്റ്‌ കീഴ്പ്പെടുത്തുന്ന കാര്യം സദ്ദാം ഹുസൈന്‍ സൂചിപ്പിച്ചപ്പോള്‍ ബാഗ്ദാദിലെ അമേരിക്കന്‍ അംബാസിഡര്‍ എന്തെങ്കിലും ഉരിയാടിയിരുന്നെങ്കില്‍............

റൂഡ്‌ പറയുന്നതിലും കാര്യമില്ലാതില്ല. യാദൃശ്ചികതകളുടെ കേളിമുദ്രകള്‍ എല്ലായിടങ്ങളിലുമുണ്ട്‌. എന്നിട്ടും അമേരിക്കയെ ഒരു കള്ളിയിലേക്കും കൂട്ടാന്‍ റൂഡ്‌ ഒരുക്കമല്ലായിരുന്നു. യൂറോപ്പിന്റെ ശത്രുവാണ്‌ അമേരിക്ക. ഒന്നുകില്‍ യൂറോപ്പ്‌ അല്ലെങ്കില്‍ അമേരിക്ക. അമേരിക്കയുടെ മേല്‍ക്കോയ്മയില്‍ യൂറോപ്പ്‌ ദുര്‍ബലപ്പെടുന്നത്‌ ആരും കാണുന്നില്ലെന്ന്‌ റൂഡ്‌ വിലപിച്ചു. ജര്‍മ്മന്‍ ജനതയ്ക്ക്‌ മാത്രമേ യൂറോപ്പിനും അതുവഴി ലോകത്തിനും നേതൃത്വം നല്‍കാനാവൂ. ജനതകളുടെ പ്രകാശമാണ്‌ ജര്‍മ്മനി. അത്‌ തെളിയണമെങ്കില്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റുകളും സോഷ്യല്‍ ഡമോക്രാറ്റുകളും ഒരുപോലെ തുലയണം. അക്കാര്യത്തില്‍ റൂഡിന്‌ സംശയമേതും ഇല്ലായിരുന്നു. ബീഥോവന്റെയും വാഗനറുടെയും ബാക്കിന്റെയും സംഗീതം. ആ അഭൗമ സംഗീതം രൂപപ്പെടുത്തിയ ജര്‍മ്മന്‍ പ്രതിഭയ്ക്ക്‌ ലോകത്തെ നയിക്കാനാവും. ആ സംഗീതത്തിന്‌ സമാനമായ രാഷ്ട്രീയ നേതൃത്വം. ഇതൊക്കെപ്പറയുമ്പോള്‍ റൂഡോള്‍ഫ്‌ വില്ലാര്‍മിന്റെ കണ്ണുകള്‍ വൈഡൂര്യങ്ങളായി. അപ്പോളയാള്‍ ത്രികാലങ്ങള്‍ കാണുന്നുണ്ടാവുമെന്ന്‌ നമ്മള്‍ സംശയിക്കും. റദ്ദായിപ്പോയ നാസി ആശയങ്ങളുടെ തിരയിളക്കങ്ങളായി മാത്രം അതെല്ലാം അവഗണിക്കാനും എനിക്ക്‌ കഴിഞ്ഞില്ല.

"ഇന്ത്യയില്‍ ഒരിക്കലും ഏകാധിപത്യം ദീര്‍ഘനാള്‍ നിലനില്‍ക്കുകയില്ല. ഒരിക്കലും വിജയിക്കുകയുമില്ല. ഒരോ ജനതയ്ക്കും ഒരോ മൗലീക ഈശ്വരസങ്കല്‍പ്പമുണ്ട്‌. ജനങ്ങളുടെ കലയും സാഹിത്യവും രാഷ്ട്രീയവുമെല്ലാം അവരുടെ ഈശ്വരസങ്കല്‍പ്പത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങള്‍! വെറുതെയല്ല ഞങ്ങളുടെ പുരാതനര്‍ ഇന്ത്യന്‍ സാഹിത്യത്തെ തൊഴുതത്‌."

മതബാഹ്യമായ ഒരു ദൈവവിജ്ഞാനീയം അയാളില്‍ ഊറിക്കൂടിയിരുന്നു. റൂഡിന്റെ വിചിത്ര വ്യക്തിത്വത്തില്‍ എനിക്ക്‌ ഏറ്റവും ആദരണീയമായി തോന്നിയതും അതായിരുന്നു. ദൈവത്തെക്കുറിച്ച്‌, നാനാതരം ദൈവവിജ്ഞാനീയ സമീപനങ്ങളെക്കുറിച്ച്‌ മണിക്കൂറുകള്‍ സംസാരിക്കാന്‍ അയാള്‍ക്കിഷ്ടമായിരുന്നു. ജലപാതങ്ങള്‍ പോലെ മതങ്ങള്‍ അയാളില്‍ കൂടിക്കലര്‍ന്നു. സാഹസികവും അഗ്നിമയവും ആഘോഷപരവുമായിരുന്നു റൂഡിന്റെ ദൈവചിന്തകള്‍. എന്നിട്ടും ദൈവനിഷേധത്തിന്റെ ഓരങ്ങള്‍ ചേര്‍ന്നാണ്‌ അത്‌ എപ്പോഴും പുലര്‍ന്നിരുന്നതെന്നത്‌ എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു.

മാസങ്ങളുടെ ഇടവേളകളില്‍ പിറന്നനാട്ടിലേക്ക്‌ സഞ്ചരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടു. അറബി ഉടമയ്ക്ക്‌ അതിഷ്ടമായിരുന്നില്ല. എന്നാലും റൂഡ്‌ വില്ലാര്‍മിനെപ്പോലൊരാളിനെ പിണക്കാനും നഷ്ടപ്പെടുത്താനും അയാളൂടെ ലാഭക്കണ്ണ്‌ സമ്മതിച്ചില്ല. ലോകമെമ്പാടും കുടുംബങ്ങള്‍ തകരുകയാണെന്നത്‌ റൂഡിന്റെ വ്യഥയായിരുന്നു. അതുകൊണ്ടാണ്‌ മനസ്സില്‍ തോന്നുമ്പോഴെല്ലാം താന്‍ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ പുറപ്പെടുന്നതെന്ന്‌ അയാള്‍ സ്വയം ന്യായീകരിച്ചു. അത്തരം യാത്രകളില്‍ ചിലപ്പോള്‍ ഉദ്ദേശിച്ചതിനെക്കാളും നേരത്തെയെത്തും. ചിലപ്പോള്‍ ആഴ്ചകള്‍ തന്നെ വൈകാനും മതി.

ഈ തവണ പോയിട്ട്‌ ആഴ്ച്ചകള്‍ ഏറെ കഴിയുന്നു. അയാള്‍ മടങ്ങിവരുമോ എന്നുപോലും ഞങ്ങള്‍ ശങ്കിച്ചു. പലരും അയാളെ മറന്നുകഴിഞ്ഞു. ഗള്‍ഫ്‌ ജീവിതം അങ്ങിനെയാണ്‌ ഒന്നിനും ശാശ്വതസ്വഭാവമില്ല. മരുഭൂമിയിലെ മണല്‍ക്കുന്നുകള്‍ നിമിഷങ്ങള്‍കൊണ്ട്‌ മാഞ്ഞുമറയുന്നതുപോലെ എല്ലാം അസ്ഥിരം. എന്നിട്ടും എനിക്ക്‌ റൂഡിനെ അങ്ങിനെയങ്ങ്‌ ഉപേക്ഷിക്കാനായില്ല.

അങ്ങിനെയിരിക്കെയാണ്‌ എണ്ണമറ്റ ടെലിവിഷന്‍ ചാനലുകള്‍ക്കിടയിലൂടെ നിര്‍ലക്ഷ്യം സര്‍ഫ്‌ ചെയ്യുന്നതിനിടയില്‍ അയാളുടെ മുഖം മിന്നായം പോലെ തെളിഞ്ഞുമറഞ്ഞത്‌. പിന്നെ ഞാന്‍ ടെലിവിഷന്റെ മുന്നില്‍ നിന്നും നീങ്ങിയില്ല. വാര്‍ത്താ ചാനലുകളില്‍ മാറിമാറി തേടി. ഒടുവില്‍ അത്‌ കണ്മുന്നില്‍ വന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ വസതിയുടെ സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ നിറതോക്കുമായി റൂഡോള്‍ഫ്‌ വില്ലാര്‍മിനെ അറസ്റ്റ്‌ ചെയ്തു. കൈകള്‍ പിന്നില്‍ പിണച്ച്‌ വിലങ്ങുവച്ച്‌ പോലീസുകാര്‍ നടത്തിച്ചുകൊണ്ടുപോകുമ്പോള്‍ ഉപ്പിലിട്ടതുപോലുള്ള കണ്ണുകളുമായി അയാള്‍ എന്നെ നോക്കി. ഞാന്‍ കാണുന്നുണ്ടാകുമെന്ന്‌ അയാള്‍ക്ക്‌ ഉറപ്പുള്ളതുപോലെ എനിക്ക്‌ തോന്നി.

P.J.J Antony, AYTB Co. Ltd, P.O.Box 849, Jubail 31951, Saudi Arabia.
Email: pjjantony@gmail.com

Subscribe Tharjani |