തര്‍ജ്ജനി

കഥ

ശലഭനൃത്തം

1

ഗതകാലപ്രതാപത്തിന്റെ ചിരസ്മരണ പേറിക്കിടക്കുന്ന പ്രവാഹപഥത്തിന്‌ നടുവിലെ പുഴയുടെ മെല്ലിച്ച ശരീരത്തിനരുകില്‍ അവര്‍ നിന്നു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചെടുത്ത ഒരു നിശ്ചല ഛായാചിത്രം പോലെ കുറെ നേരം കൂടി അവര്‍ അങ്ങനെ തുടര്‍ന്നതിനൊടുവില്‍ ശങ്കരന്‍ ചോദിച്ചു
"പവിത്രാ നീ അമ്മയെ മനസ്സില്‍ നന്നായി വിചാരിച്ചോ?"
"ഉവ്വ്‌"
അതു പറയുമ്പോള്‍ അയാള്‍ ഒരു വിസ്ഫോടനത്തിന്റെ വക്കിലാണെന്ന്‌ രമയ്ക്ക്‌ തോന്നി. അവള്‍ അയാളുടെ കൈത്തണ്ടയില്‍ തൊട്ടു. ആ സുഖസ്പര്‍ശത്തിന്റെ സ്നേഹ സുലഭതയില്‍ പവിത്രന്റെ മിഴികള്‍ നിറഞ്ഞു.
"നമുക്ക്‌ ഇച്ചിരെ പിന്നോട്ട്‌ നില്‍ക്കാം" രമ പറഞ്ഞു
അത്‌ ശരിയെന്ന്‌ പവിത്രനും തോന്നി. രമയുടെ സഹായത്തോടെ മാറി നിന്നയിടത്ത്‌ നിന്ന്‌ അയാള്‍ മുകളിലുള്ള ഏതോ അദൃശ്യസാന്നിധ്യത്തിന്റെ കാരുണ്യത്തിനെന്ന പോലെ മുഖമുയര്‍ത്തി, പിന്നെ ശ്രദ്ധയോടെ കൈകൊട്ടി, ബലിക്കാക്കകള്‍ പറന്നുവരുമെന്ന്‌ അയാള്‍ പ്രതീക്ഷിച്ചദിക്കിലേക്ക്‌ കാത്‌ കൂര്‍പ്പിച്ചു.
ഏറെ നേരത്തിനുശേഷവും കാക്കകളൊന്നും വരാത്തതില്‍ ഖേദിച്ച്‌ രമ നാലുപാടും നോക്കി. അവിടെയെങ്ങും ഒരു കാക്കയെപ്പോലും കാണാനില്ല. ആവശ്യമില്ലെങ്കില്‍ ഈ ദേശം മുഴുവന്‍ കാക്കകളായിരിക്കുമെന്ന്‌ അവള്‍ ഓര്‍ത്തു.
"ദൈവങ്ങളെ ഒരു കാക്കയെങ്കിലും ഇങ്ങോട്ട്‌ പാറി വരണേ" പ്രാര്‍ത്ഥനയോടെ നാലുപാടും നോക്കുമ്പോള്‍ പുഴയ്ക്ക്‌ അക്കരെ ആകാശവിതാനങ്ങള്‍ പിളര്‍ന്ന്‌ ഉയര്‍ന്നുനില്‍ക്കുന്ന ആഞ്ഞലിമരത്തിലെ ഫലസമര്‍ദ്ധി ആഘോഷിക്കുന്ന കാക്കക്കൂട്ടത്തെ അവള്‍ കണ്ടു
"മുത്തപ്പാ അതിലൊന്നിനെങ്കിലും ഇങ്ങോട്ട്‌ പാറിവരാന്‍ തോന്നണേ" വലിയൊരു ജീവിതസാഫല്യത്തിനെന്നപോലെ രമയുടെ മനസ്സ്‌ പ്രാര്‍ത്ഥനാഭരിതമായി. പക്ഷേ കാക്കകളൊന്നും അവിടേക്ക്‌ തിരിഞ്ഞു നോക്കിയില്ല. നിറകണ്ണുകളുമായി ആകാശത്തേക്ക്‌ ഏറെനേരം നോക്കിനിന്ന അവളുടെ കാഴ്ചവട്ടത്തിന്റെ അറ്റത്തുനിന്ന്‌ ഒടുവില്‍ കറുത്ത ബിന്ദുപോലെ രുപപ്പെട്ട ബലിക്കാക്ക പിണ്ഡച്ചോറിനരുകില്‍ പറന്നിറങ്ങി. വൈകിയതിലെ ഖേദപ്രകടനം പോലെ ചാഞ്ഞും ചരിഞ്ഞും പരിസരം വീക്ഷിച്ചുകൊണ്ട്‌ ബലിക്കാക്ക പിണ്ഡമുണ്ണുകയെന്ന ആത്മീയവൃത്തിയില്‍ മുഴുകി.

"രമേ.." പവിത്രന്‍ വിളിച്ചു.
"വന്നു പവിത്രേട്ടാ...." അവള്‍ താഴ്‌ന്ന സ്ഥായില്‍ പറഞ്ഞു.
അയാളുടെ കൈകള്‍ അവളെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ സ്വന്തം കൈപ്പത്തി അയാളുടെ കൈയിലേക്ക്‌ വച്ചുകൊടുത്തു. ഉള്ള്‌ പൊള്ളിച്ചു നിന്നൊരു ഉത്കണ്ഠ അകന്നൊഴിഞ്ഞതിന്റെ ആശ്വാസത്തുടുപ്പുകള്‍ ആ കൈകളിലൂടെ അവളുടെ ഹൃയത്തിലേക്ക്‌ പ്രവഹിച്ചു. ആ പ്രവാഹത്തിന്റെ അനുഭവസൗഖ്യത്തില്‍ ലയിച്ച്‌ കുറേനേരം കൂടിയവര്‍ അവിടെ നിന്നതിനു ശേഷം ശങ്കരന്‍ മുന്നിലും രമയും പവിത്രനും പിന്നിലുമായി ഇടവഴിയിലൂടെ ജീവിതമേല്‍പിച്ച പരുക്കുകള്‍ എണ്ണി നടക്കാന്‍ തുടങ്ങി. ഏറെക്കുറെ വിജനവും നിര്‍ജീവവുമായ തെരുവിലേക്കിറങ്ങി ആ യാത്ര തുടരുമ്പോള്‍ പവിത്രന്റെ സാന്നിധ്യം രമയുടെ ചുമലിലെ അയാളുടെ കരസ്പര്‍ശം മാത്രമായി ചുരുങ്ങുന്നത്‌ അവള്‍ അറിഞ്ഞു.
ആ കരസ്പര്‍ശനമേറ്റിരിക്കുന്ന ഈ ശരീരമാണ്‌ പവിത്രേട്ടന്റെ വെളിച്ചം. അവള്‍ ഓര്‍ത്തു. ആ വെളിച്ചമാണല്ലോ ഇത്രയും കാലം അയാളെ നയിച്ചതെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക്‌ അത്ഭുതം തോന്നി.
തെരുവിന്റെ കോണിലോ അനാഥാലയത്തിലോ ഒടുങ്ങേണ്ടതായിരുന്നു തന്റെ ജീവിതം. ഉത്ഭവമറിയാത്തൊരു ഒഴുക്കാണല്ലോ അതെന്നും. എവിടെയെല്ലാമോ തട്ടിത്തടഞ്ഞ്‌ കുറെക്കാലം ഒഴുകി. പിന്നെ ലോകത്തിന്റെ കാഠിന്യത്തിലേക്ക്‌ വരണ്ട്‌ പോകുമെന്ന്‌ പ്രതീക്ഷിച്ച ഏതോ തിരുവില്‍ നിന്ന്‌ പവിത്രേട്ടന്റെ അമ്മ കോരിയെടുക്കുകയായിരുന്നു.....
സ്മരണകള്‍ തിങ്ങിനിറയാന്‍ തുടങ്ങിയപ്പോള്‍ പവിത്രന്റെ അമ്മയോടുള്ള കൃതഞ്ജതയാല്‍ അവളുടെ ഹൃദയം നിര്‍മ്മലമായി.
ജീവിതത്തില്‍ നിന്ന്‌ പ്രകാശം ചോര്‍ന്നുപോകുന്ന മകനുവേണ്ടി ജീവിച്ച ദരിദ്രയാരു വിധവ, ഒരു അനാഥപെണ്‍കുട്ടിയുടെ ജിവിതം ഇഴമുറുക്കമുള്ള അനേകം സ്നേഹപാശങ്ങളാല്‍ ആ മകനു ചുറ്റും ബന്ധിച്ച്‌ നിര്‍ത്തിയിട്ട്‌ കടന്നുപോയിരിക്കുന്നു. സ്നേഹവതിയായ അവളോടൊപ്പം ലോകത്തിന്റെ നിറങ്ങളില്‍ മുഴുകിയവന്‍ ജീവിക്കട്ടെയെന്ന്‌ അവര്‍ തീരുമാനിച്ചിരിക്കണം.
ജീവിച്ചിരിക്കുന്നവര്‍ക്ക്‌ കണ്ണുകള്‍ ദാനം ചെയ്യാനാവില്ലയെന്ന ലോകവിവരമാവണം വിഷക്കായ അമൃത്‌ പോലെ ഭക്ഷിക്കാന്‍ ആ അമ്മയ്ക്ക്‌ ഉള്‍ക്കരുത്ത്‌ നല്‍കിയത്‌.
അമ്മയുടെ കണ്ണുകളിലുടെ ലോകത്തിലെ പ്രിയപ്പെട്ടതെല്ലാം കാണാന്‍ കാത്തിരിക്കുന്ന മകനാകട്ടെ അമ്മ ആത്മഹത്യചെയ്തതാണെന്ന്‌ അറിഞ്ഞിട്ടുമില്ല. ആ അറിവ്‌ അയാളെ തകര്‍ക്കുമെന്നറിയാവുന്നതുകൊണ്ട്‌ ആരുമത്‌ അയാളോട്‌ പറഞ്ഞതുമില്ല. മേലിലാരുമത്‌ പറയരുതേയെന്ന പ്രര്‍ത്ഥനയില്‍ ഉള്ളുരുക്കികൊണ്ടവള്‍ അവനോടൊപ്പം നടന്നു.
തന്റെ കൊപ്രാകളത്തിനരുകിലെത്തിയപ്പോള്‍ ശങ്കരന്‍ പറഞ്ഞു. "പവിത്രാ ഞാനിങ്ങോട്ട്‌ കയറുന്നു. നിയ്യ്‌ നാളെ രാവിലെ തന്നെ തയ്യാറായിരിക്കണം ഞാന്‍ അങ്ങോട്ടെത്തിക്കൊള്ളാം"
"ഉവ്വ്‌" പവിത്രന്റെ ശബ്ദം ഒരു തേങ്ങലിന്റെ നീറ്റലില്‍ പുളഞ്ഞു. ശങ്കരേട്ടന്‍ എന്ന കാരുണ്യത്തിലേക്കുള്ള സ്നേഹദൂരമളക്കാന്‍ ഉപാധികളില്ലാതെ കുഴങ്ങി നിന്ന പവിത്രനെ രമ മെല്ലെ മുന്നോട്ട്‌ നടത്താന്‍ തുടങ്ങി. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, ഈ കൊപ്രാകളത്തിന്റെ പരിധിയിലാണ്‌ തന്റെയും കുടുബത്തിന്റെയും ജീവിതം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നത്‌. കാഴ്ചയില്ലെങ്കിലും ഈ കൊപ്രാകളത്തിലെ പ്രധാന ജോലിക്കാരനാണ്‌ താന്‍. കാഴ്ചയുള്ളവരെക്കാള്‍ നാന്നായി താന്‍ തേങ്ങ പൊളിക്കുമെന്ന്‌ ശങ്കരേട്ടന്‍ എപ്പോഴും പറയാറുണ്ട്‌. അതൊരുപക്ഷേ വാത്സല്യം നിറഞ്ഞൊരു അതിശയോക്തിയാവാം. അല്ലെങ്കില്‍ എല്ലാവരെക്കാളും കൂലി കൂടുതല്‍ തരുമ്പോള്‍ അതൊരു ദയാവായ്പിന്റെ ഇളവായി തനിക്കും മറ്റുള്ളവര്‍ക്കും തോന്നാതിരിക്കാനാവും അങ്ങനെയൊരു മുന്‍കൂര്‍ ജാമ്യം.

കാഴ്ചകുറഞ്ഞുപോകുന്ന കുഞ്ഞിനെ എവിടെ എങ്ങനെ ചികില്‍സിക്കണമെന്ന അറിവോ കഴിവോ അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ശങ്കരേട്ടന്റെ ഉത്സാഹത്തില്‍ ആദ്യം കുറെ ചികില്‍സ നടന്നിരുന്നു .ഒന്നും ഗുണപ്പെട്ടില്ല.ഫലശൂന്യമായ ഏതൊരു ശ്രമത്തിന്റെയും തുടര്‍ച്ച സാധാരണക്കാരിലുണ്ടാക്കുന്ന ഒരു നിസ്സഹായതയുണ്ടല്ലോ ആ നിസ്സഹായതയില്‍ ശങ്കരേട്ടനുള്‍പ്പടെ എല്ലാവരും ദിക്കറിയാതെ കുഴങ്ങിനിന്നു.
എല്ലാം കേട്ടറിവാണ്‌. എങ്കിലും ഒര്‍മ്മയിലെ പഴയചീന്തുകളിലിപ്പോഴും വര്‍ണ്ണങ്ങളുണ്ട്‌. പിന്നെയെപ്പോഴാണ്‌ ജീവിതത്തില്‍ നിന്ന്‌ വര്‍ണ്ണങ്ങള്‍ മാഞ്ഞ്‌മങ്ങിയതെന്ന്‌ കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല.
അമ്മ മരിച്ചപ്പോള്‍ ശങ്കരേട്ടനാണ്‌ പട്ടണത്തില്‍ നിന്ന്‌ ഡോക്ടന്മാരെ കൊണ്ടു വന്നത്‌. അവര്‍ അമ്മയുടെ കണ്ണുകള്‍ എടുത്ത്‌ സൂക്ഷിച്ചിട്ടുണ്ട്‌. അത്‌ തനിക്ക്‌ വച്ചുതരും. അതിനാണ്‌ നാളെ പട്ടണത്തിലേക്ക്‌ പോകുന്നത്‌.
പവിത്രന്‍ ഗതകാല സ്മരണകളില്‍ മുങ്ങിത്താഴുമ്പോള്‍ രമ വരുംവരായ്കകളില്‍ ചിന്തയിറക്കി മെല്ലെ തുഴയാന്‍ തുടങ്ങി.
പവിത്രന്‌ തുറന്നുകിട്ടാന്‍ പോകുന്ന കാഴ്ചയുടെ അപാരവിസ്തൃതിയില്‍ തന്റെ സ്ഥാനമെവിടെയായിരിക്കുമെന്നവള്‍ ഓര്‍ത്തുനോക്കി. എന്നും ഒരേനിരപ്പില്‍ നടന്ന്‌ ജീവിതം താണ്ടാമെന്ന്‌ ധരിക്കുന്നത്‌ വ്യാമോഹമാണെന്ന്‌ രമയ്ക്ക്‌ അപ്പോള്‍ തോന്നി. അതുകൊണ്ടുതന്നെ മുന്നിലുള്ള നിമ്‌നോന്നതങ്ങളുടെ അദൃശ്യസ്ഥാനങ്ങളെയോര്‍ത്ത്‌ അവള്‍ വ്യാകുലപ്പെടാന്‍ തുടങ്ങി.
"ഇല്ല."
പവിത്രേട്ടന്‍ കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍ അമ്മായിയുടെ കണ്ണുകളല്ലേ? ആ കണ്ണുകള്‍ക്ക്‌ തന്നെ എത്ര ഇഷ്ടമായിരുന്നുവെന്ന ചെറുകാറ്റ്‌ അവളെ തഴുകിത്തുടങ്ങുമ്പോഴേക്ക്‌ അവര്‍ വീട്ടുമുറ്റത്തെത്തിയിരുന്നു.

2

അടുത്ത പ്രഭാതത്തില്‍ സ്നേഹം പോലെ വ്യാപിച്ചുനിന്ന മഞ്ഞിന്റെ ഇളംകുളിരിലൂടെ രമയും പവിത്രനും വയല്‍ വരമ്പിലൂടെ അക്കരയുള്ള ക്ഷേത്രത്തിലേക്ക്‌ നടന്നു. ശ്രീകോവിലിനുള്ളിലെ പ്രഭാപൂരത്തില്‍ മുങ്ങിനിന്ന മൂര്‍ത്തിക്ക്‌ മുന്നില്‍ കാരുണ്യത്തിനും അനുഗ്രഹത്തിനും വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം ശിരസ്സ്‌ നമിച്ചു നില്‍ക്കുമ്പോള്‍ രമയുടെ ഉള്ളില്‍ തിരയടിക്കുന്ന സങ്കടങ്ങളുടെ പെരുങ്കടല്‍ കണ്‍ചിമിഴിലേക്ക്‌ നീട്ടിത്തെറിപ്പിച്ച നീര്‍ത്തുള്ളികള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങി. അവള്‍ പെട്ടെന്ന്‌ മുഖം തുടച്ച്‌ ചുറ്റും നോക്കി.
ഇല്ല ആരും കണ്ടിട്ടില്ല.
പ്രസാദം വാങ്ങി മടങ്ങുമ്പോള്‍ പാല്‍ക്കുപ്പികള്‍ അടുക്കിയ സഞ്ചിയുമായി പാറുവമ്മ എതിരെ വന്നു.അടുത്ത്‌ എത്തിയപ്പോള്‍ അവര്‍ വിളിച്ചു.
"പവിത്രോ".
ശബ്ദപരിചയം നല്‍കിയ തിരിച്ചറിവില്‍ അയാള്‍ പറഞ്ഞു.
"ഞങ്ങള്‍ ആശുപത്രിയില്‍ പോകുന്നു"
"ദൈവാധീനമുണ്ടാകും മക്കളേ" അവര്‍ തന്റെ ജരച്ചവിരലുകള്‍ പവിത്രന്റെ മുഖത്തോട്‌ ചേര്‍ത്തു. അപ്പോള്‍ ഊര്‍ജ്ജത്തിന്റെ ഒരു ചെറുവീചി തന്റെ ഉള്ളിലേക്ക്‌ ഒഴുകുന്നതായും ആ ഒഴുക്കില്‍ അതുവരെ ഉള്ളില്‍ അടിഞ്ഞുകിടന്ന അധൈര്യത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുകിപ്പോകുന്നതായും അയാള്‍ക്ക്‌ തോന്നി.
രമയും പവിത്രനും പാടം കടക്കുവോളം അവരെ നോക്കിനിന്ന പാറുവമ്മ പാല്‍ പകരുന്ന വീടുകളിലെല്ലാം പവിത്രന്‍ ആശുപത്രിയിലേക്ക്‌ പോയ വാര്‍ത്തയും പകര്‍ന്നു. ഇനിയും പിന്‍വാങ്ങാന്‍ വിസമ്മതിക്കുന്നൊരു നന്മയുടെ പ്രേരണയാല്‍ കേട്ടവര്‍ കാലൂഷ്യമില്ലാതെ അത്‌ അടുത്തയാളോട്‌ പറഞ്ഞ്‌, ഗ്രാമം സാവധാനം ആ വാര്‍ത്ത അറിയുമ്പോള്‍ പവിത്രനും രമയും ആശുപത്രിയിലേക്കുള്ള യാത്രയില്‍ ബസ്സിലായിരുന്നു.

3

പുറത്തുനിന്ന്‌ അടിച്ചുകയറിയ കാറ്റില്‍ മുങ്ങിയിരിക്കുമ്പോള്‍ പവിത്രന്റെ മനസ്സില്‍ തെളിച്ചമില്ലാതെ കടന്നുവന്നത്‌ മനുഷ്യരും ഉപകരണങ്ങളും നിഴലുകളായി വിന്യസ്സിക്കപ്പെട്ട ഒരു മുറിയുടെ അടവില്‍ ജ്വലിച്ചു നിന്ന തീവ്രദീപ്തിക്ക്‌ കീഴെ മേശമേല്‍ വിശേഷവസ്ര്തങ്ങളണിഞ്ഞ്‌ കിടക്കുന്ന സ്വന്തം രൂപമായിരുന്നു.
അതയാളെ അലോരസപ്പെടുത്താന്‍ തുടങ്ങി. കണ്ണിനുമുന്നില്‍ തങ്ങി നില്‍ക്കുന്ന മൂടല്‍മഞ്ഞിന്റെ കനത്തപാളി ഭേദിക്കാനാവുന്നില്ല. കാറ്റിനുനേരെ മുഖം തിരിച്ച്‌ കണ്ണുകള്‍ അടച്ചിരുന്നപ്പോള്‍ സുഖമുള്ളകുളിരിനോടൊപ്പം ഓപ്പറേഷന്‍ തിയറ്ററിലേതെന്ന്‌ അയാള്‍ കരുതിയ കുറെ ശബ്ദങ്ങള്‍ ഉള്ളിലേക്ക്‌ കടന്നുകയറി.
ഡോക്ടറുടെ മനുഷ്യശബ്ദം
ശസ്ര്തക്രിയാഉപകരണങ്ങളുടെ ലോഹശബ്ദം
ശീതികരണിയുടെ യന്ത്രശബ്ദം.....
ഇപ്പോള്‍ ചിത്രം തെളിഞ്ഞതും വ്യക്തവുമാണ്‌.കഴ്ചയെക്കാള്‍ ശബ്ദം തന്റെ ഭാവനയെപ്പോലും മിഴുവുറ്റതാക്കുന്നുവെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ അതിശയം തോന്നി.
ശബ്ദങ്ങളിലൂടെ തന്നിലേക്കെത്തിയ ലോകത്തിന്റെ വര്‍ണ്ണ വൈപുല്യങ്ങള്‍ കണ്ടറിയാന്‍ വെമ്പുന്ന പവിത്രന്‌ അതിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന തന്റെ ആശ്രയത്വം അവസാനിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച്‌ അപ്പോള്‍ ഭാവനചെയ്യാനായില്ല. എങ്കിലും ലോകത്തിന്റെ സൗന്ദ്യര്യം മുഴുവന്‍ താന്‍ കണ്ണുകളാല്‍ അവാഹിക്കുമെന്ന്‌ അയാള്‍ ഉറപ്പിച്ചു.
സൗന്ദര്യം!
രമയെക്കാള്‍ സൗന്ദര്യം സുജയ്ക്കുണ്ട്‌. കരുണേട്ടന്‍ അങ്ങനെയാണ്‌ പറയാറ്‌. തനിക്കത്‌ കണ്ടറിയാന്‍ സാധിച്ചിട്ടില്ല. ആ ശബ്ദവും സ്പര്‍ശവും വേറിട്ടതാണ്‌. അവള്‍ക്ക്‌ ആരുടേയും മനസ്സിളക്കുന്നൊരു ഗന്ധമുണ്ട്‌.
രമയ്ക്കും ഹൃദ്യമായൊരു ഗന്ധമാണ്‌.
"പവിത്രേട്ടാ ആശുപത്രി അടുക്കാറായി." രമയുടെ പതിഞ്ഞ ശബ്ദം അയാളെ ഉണര്‍ത്തി.

4

നന്ദ്യാര്‍വട്ടങ്ങള്‍ പൂത്തുനിന്ന വലിയ വളപ്പിലെ ആശുപത്രിക്കെട്ടിടം ഒരു സുഖസ്വപ്നത്തില്‍ നിന്ന്‌ ഉണരുന്നതുപോലെ സജീവമാകുന്നതേയുള്ളു. ആ സജീവതയിലേക്ക്‌ ആണ്ട്‌മുങ്ങി ആശുപത്രിവരാന്തകളിലൂടെ അലഞ്ഞ്‌, ഒടുവില്‍ പേരു രജിസ്റ്റര്‍ ചെയ്ത്‌ ഡോക്ടറുടെ മുറിക്ക്‌ മുന്നില്‍ കാത്തിരിക്കുമ്പോള്‍ അവരുടെ ആധികള്‍ പ്രാര്‍ത്ഥനതേടിയിറങ്ങി. പ്രതീക്ഷ ചമയങ്ങളണിഞ്ഞ്‌ ദൂരെ കാത്തുനിന്നു.
പേരു വിളിച്ചപ്പോള്‍ പവിത്രനോടൊപ്പം ശങ്കരനും ഉള്ളിലേക്ക്‌ പോയി. തനിച്ചായപ്പോള്‍ രമയോര്‍ത്തത്‌ കൈയിലെ കാശ്‌ തികയുമോയെന്നായിരുന്നു. ഒരുപാട്‌ പണം വേണ്ടിവരുമോ ആവോ?
എങ്കില്‍ കുഴങ്ങിയതു തന്നെ. പിന്നെ ഒരാശ്വാസം ശങ്കരേട്ടനാണ്‌. ആ ആശ്വാസത്തില്‍ അവള്‍ പവിത്രനുമായുള്ള വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി. പണ്ടേ നിശ്ചയിച്ച കാര്യമാണ്‌. ഇനിയത്‌ നീട്ടേണ്ട കാര്യമില്ല.
ഓപ്പറേഷനും വിശ്രമവുമൊക്കെ കഴിയട്ടെ പവിത്രേട്ടന്‍ തന്നെ വിവാഹക്കാര്യം പറയും. അവള്‍ക്ക്‌ ആഹ്ലാദം തോന്നി. എന്നാല്‍ തിരിച്ചറിയാനാവാത്തതൊന്ന്‌ ഉള്ള്‌ മഥിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വരാന്തയിലെ ഇരിപ്പടം വിട്ട്‌ മുറ്റത്തേക്ക്‌ ഇറങ്ങി. പുല്‍ത്തകിടിയുടെ പലഭാഗത്തും വെണ്മതൂകി നന്ദ്യാര്‍വട്ടങ്ങള്‍ പൂത്തുനിക്കുന്നു. അവള്‍ ഒരു ചെടിയുടെ അടുത്തേക്ക്‌ നടന്നു. നേരിയ പൂഗന്ധം വ്യാപിച്ചു നിന്ന ആ പരിസരം അല്‍പം ആശ്വാസം പകര്‍ന്നപ്പോള്‍ അവള്‍ക്ക്‌ കുറ്റബോധം തോന്നി. എന്തിനാണ്‌ താന്‍ പവിത്രേട്ടനെക്കുറിച്ച്‌ അരുതാത്തത്‌ ചിന്തിക്കുന്നത്‌?. ആ സ്നേഹത്തിന്റെ ഇളംചൂട്‌ എത്രയെത്ര സന്ദര്‍ഭങ്ങളില്‍ തന്റെ ഉള്ള്‌ തൊട്ടറിഞ്ഞിട്ടുണ്ട്‌. ഇനിയിപ്പോള്‍ അങ്ങനെയൊന്നുമില്ലെങ്കില്‍ പോലും ആ കണ്ണുകള്‍ക്ക്‌ കാഴ്ച കിട്ടിയാല്‍ മതി. തനിക്ക്‌ സന്തോഷമാവും

5

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കണ്ണ്‌ പരിശോധിക്കുന്നതിനായ്‌ പവിത്രന്‍ തന്റെ മുന്നിലുള്ള യന്ത്രത്തില്‍ മുഖം ചേര്‍ത്ത്‌ അതിന്റെ യാന്ത്രികതയിലേക്ക്‌ സ്വയം സമര്‍പ്പിച്ചു. അപ്പോള്‍ ഒര്‍മ്മയില്‍ ഇത്തരമൊരനുഭവത്തിന്റെ രേണുക്കള്‍ ഇല്ലെന്ന കണ്ടെത്തലില്‍ അയാള്‍ പരിഭ്രമിച്ചു. കേട്ടറിവിന്റെ നിശ്ചയങ്ങള്‍ക്ക്‌ വിപരീദമായെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നി. ആ തോന്നലിലൂടെ ഒളിച്ചുകടന്ന ഭീതി മനസ്സിന്റെ സ്ഫടികഭിത്തിയില്‍ മര്‍ദ്ദിച്ച്‌ അയാളുടെ ഏകാഗ്രത കെടുത്തിക്കൊണ്ടിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോഴും ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുമ്പോഴും നിയന്ത്രണമേതുമില്ലാതെ മനസ്സില്‍ കുമിഞ്ഞുകൊണ്ടിരുന്ന ഭീതി തുറന്നുവിടാന്‍ ഒടുവിലയാള്‍ പ്രാര്‍ത്ഥനാജാലകം തുറന്നു. സമയത്തിന്റെ തുടര്‍ച്ചയില്‍ പരിശോധനകളിലൂടെ ഒഴുകുമ്പോള്‍ ആ ജാലകപ്പഴുതിലൂടെ സ്വപ്നത്തിന്റെ ഒരു ചില്ല അയാള്‍ക്ക്‌ ദൃശ്യമായി.
ഒറ്റയ്ക്ക്‌ പാടവരമ്പിലൂടെ കാഴ്ചകള്‍ കണ്ട്‌ നടന്ന്‌...... തോടിന്‌ കുറുകെയിട്ട തെങ്ങിന്‍ തടി കടന്ന്‌ ക്ഷേത്രത്തിലേക്ക്‌. പിന്നെ കൊപ്രാകളത്തിലേക്ക്‌.....
പരിശോധനകള്‍ക്കൊടുവില്‍ ശങ്കരനോപ്പം പുറത്തേക്ക്‌ നടക്കുമ്പോള്‍ ആ സുഖസ്വപ്നം വച്ചുനീട്ടിയ പുത്തന്‍ പ്രതീക്ഷകളില്‍ അയാളുടെ ഹൃദയം താളംതെറ്റി മിടിച്ചു.

6

ആദ്യ പറക്കലിന്‌ ശേഷം കൂടണഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ പവിത്രന്‍ രമയുടെ അരികിലിരുന്നു. രമയോട്‌ പരിശോധനാമുറിയിലെ വിശേഷങ്ങള്‍ പവിത്രന്‍ വിവരിക്കുമ്പോള്‍ ആശുപത്രിവരാന്തയില്‍ ആ സല്ലാപം കണ്ടു നിന്ന ശങ്കരന്‍ എപ്പോഴോ ഒരു ഹര്‍ഷബിന്ദുവിലേക്ക്‌ സ്വയം നഷ്ടപ്പെട്ടു.
"പവിത്രന്റെ കൂടെ വന്നതാരാണെ"ന്നൊരു ശബ്ദം വരാന്തയിലേക്ക്‌ വീശിയ വെണ്മയില്‍ നിന്നുയര്‍ന്നപ്പോള്‍ ശങ്കരന്‍ സ്ഥലകാലങ്ങള്‍ വീണ്ടെടുത്തു കൊണ്ട്‌ പറഞ്ഞു.
"ഞാനാണ്‌"
"ഡോക്ടര്‍ വിളിക്കുന്നു"
നഴ്സിനോടൊപ്പം ഡോക്ടറുടെ മുറിയിലേക്ക്‌ നടക്കുമ്പോള്‍ ഹൃദയം നുറുക്കൊന്നൊരു വാര്‍ത്തയാണ്‌ ഡോക്ടര്‍ പറയാന്‍ പോകുന്നതെന്ന്‌ അയാള്‍ തന്റെ വന്യവിചാരങ്ങളില്‍ പോലും പ്രതീക്ഷിച്ചില്ല.

7

തിരികെ വരാന്തയിലേക്ക്‌ നടക്കുമ്പോള്‍ ഡോക്ടറുടെ ശബ്ദം ശങ്കരന്റെ കര്‍ണ്ണപുടങ്ങളില്‍ ആര്‍ത്തുകൊണ്ടിരുന്നു.
".........പവിത്രന്‌ കാറ്ററാക്റ്റ്‌ എന്ന പ്രശ്നമാണ്‌ അതുകൊണ്ട്‌ കണ്ണ്‌ മാറ്റി വയ്ക്കാന്‍ സാധിക്കില്ല കോര്‍ണിയ്ക്ക്‌ പ്രശ്നമുള്ളപ്പോഴാണ്‌ അത്തരം ശസ്ര്തക്രിയ നടത്തുന്നത്‌........"
"ദൈവമേ ഈ കുഞ്ഞുങ്ങളുടെ പ്രതീക്ഷകള്‍ ക്ഷണികസുന്ദരമായൊരു ശലഭനൃത്തം മാത്രമായിരുന്നോ?" അയാളുടെ ഉള്ള്‌ തേങ്ങി.

8

ശങ്കരന്‍ ഇലകൊഴിഞ്ഞ വൃക്ഷം പോലെ രമയ്ക്കും പവിത്രനും മുന്നില്‍ നിന്നു. ആ നില്‍പിലെ സങ്കടം രമയിലെയ്ക്ക്‌ പ്രസരിച്ചപ്പോള്‍ രമ എഴുന്നേറ്റുകൊണ്ട്‌ ചോദിച്ചു.
"എന്തുണ്ടായി ശങ്കരേട്ടാ കാശ്‌ കൂടുതല്‍ വേണമെന്ന്‌ പറഞ്ഞോ? "
ശങ്കരന്‍ വേരടര്‍ന്ന്‌ ഉലഞ്ഞു. പറയണമോ അതോ.....
പക്ഷേ പുറത്തേക്ക്‌ വരാന്‍ വെമ്പിനിന്ന വാക്കുകള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച്‌ ചുണ്ടില്‍ നിന്നും വിറച്ചു ചിതറി.
"എല്ലാം വെറുതെയായി മോളെ"
രമയ്ക്ക്‌ ആദ്യ അമ്പരപ്പില്‍ ഒന്നും മനസ്സിലായില്ല. എന്നാല്‍ ശങ്കരന്റെ മുഖം രേഖപ്പെടുത്തുന്ന വിപത്തിന്റെ അടയാളങ്ങള്‍ ഉള്ളിലൂടെ ഒരു കൊള്ളിമീന്‍ പായിച്ചുകൊണ്ട്‌ അവളുടെ പ്രജ്ഞയില്‍ തൊട്ടപ്പോള്‍, ഇരമ്പി വന്ന സങ്കടം തൊണ്ടയില്‍ വഴിമുട്ടി അവള്‍ ശബ്ദമില്ലാതെ കരഞ്ഞു.... ശമിക്കാത്ത സങ്കടത്തിന്റെ ഒഴുക്കിനിടയിലെപ്പോഴോ അവള്‍ ചോദിച്ചു.
"ഇതിനായിരുന്നോ ശങ്കരേട്ടാ.... അമ്മായി..."
"മോളേ...."ശങ്കരന്‍ ശാസിക്കുമ്പോലെ മന്ത്രിച്ചുകൊണ്ട്‌ തന്റെ വിറയ്ക്കുന്ന മെല്ലിച്ചവിരലുകളാല്‍ അവളൂടെ ചുണ്ടുകള്‍ മൂടി. അവളാകട്ടെ കൈയില്‍ നിന്നും ഊര്‍ന്നു പോകുന്ന തുണി പോലെ ചുമരിലുരസി താഴെ വീണുചുരുണ്ടു. അപ്പോഴേക്ക്‌ തന്റെ മുന്നില്‍ അരങ്ങേറുന്ന നിഴല്‍നാടകത്തിലെ നായകന്‍ താനാണെന്ന ബോധ്യം പവിത്രന്റെ ഉള്ളിലൊരു സ്ഫോടമുണ്ടാക്കി. എന്നിട്ടും എതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ വരെ താന്‍ താലോലിച്ച സ്വപ്നങ്ങളുടെ കുഴിമാടത്തിനരുകിലിരുന്നയാള്‍ ധൈര്യം സംഭരിക്കാനൊരു ശ്രമം നടത്തി.
"കരയല്ലേ രമേ" തകര്‍ന്നു തരിപ്പണമായ ഹൃദയത്തിന്റെ ആഴത്തില്‍ വാക്കുകള്‍ പരതിക്കൊണ്ട്‌ പവിത്രന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പ്രകാശവും പ്രതീക്ഷയും വറ്റിയ അയാളുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞു കവിഞ്ഞ സങ്കടപ്രവാഹത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ശങ്കരന്‍ മേല്‍മുണ്ട്‌ വായില്‍ തിരുകി അടുത്തുള്ള ബഞ്ചില്‍ ഇരുന്നു.
"രമേ....." കൈകള്‍ മുന്നിലേക്ക്‌ നീട്ടി ആധിയോടെ അവളെ അന്വേഷിക്കുമ്പോള്‍ പവിത്രന്‍ പറഞ്ഞുകൊണ്ടിരുന്നു.
"കരയല്ലെ രമേ.. കരയല്ലേ രമേ........"

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |