തര്‍ജ്ജനി

ബെന്യാമിന്‍

വെബ്: മണലെഴുത്ത്

Visit Home Page ...

കഥ

ബെന്യാമിന്റെ കഥകള്‍

മൂലക്കുരു

ഹിറ്റ്‌ലര്‍ എപ്പോഴും നിന്നുകൊണ്ടേ
ആഹാരം കഴിക്കാറുള്ളായിരുന്നുവത്രേ.!
അത്‌ മൂലക്കുരുവിന്റെ അസുഖമുണ്ടായിരുന്നതുകൊണ്ടാണെന്ന്
എനിക്കു പറഞ്ഞുതന്നത്‌
അവളാണ്‌.
മൂലക്കുരു പാരമ്പര്യമായി ഉണ്ടാവുന്ന അസുഖമാണെന്ന്
എനിക്കു പറഞ്ഞുതന്നത്‌ ഡോക്‌ടറാണ്‌!
ഹിറ്റ്‌ലറില്‍ നിന്നായിരിക്കുമോ എനിക്ക്‌ കിട്ടിയത്‌?
ഹിറ്റ്‌ലറിനോ..? ആദമിനും മൂലക്കുരുവിന്റെ
അസുഖമുണ്ടായിരുന്നിരിക്കണം..!!

രാവണപുരാണം

'അച്ഛാ- രാവണന്‌ എത്ര തലകളുണ്ടായിരുന്നു? '
മകളുടെ സംശയം.
'പത്ത്‌' ഞാന്‍ തീര്‍ത്തുപറഞ്ഞു.
'എങ്കില്‍ അച്ഛാ- അയാളുടെ എത്രാമത്തെ തലയിലായിരുന്നു
ശരീരം ഫിറ്റ്‌ ചെയ്‌തിരുന്നത്‌..?'
'അഞ്ചാമത്തെ - അല്ല ആറാമത്തെ' ഞാന്‍ വിക്കി.
'അപ്പോ രണ്ടു സൈഡിലെയും ബാലന്‍സ്‌ എങ്ങനെ ശരിയാകും?'
ഞാന്‍ ആലോചിച്ചു - അഞ്ചാമത്തേതില്‍ ഫിറ്റു ചെയ്‌താല്‍ ഇടതുവശത്ത്‌ നാലുതലകള്‍,
വലതുവശത്ത്‌ അഞ്ചും! ആറാമത്തേതില്‍ ഫിറ്റു ചെയ്‌താലോ? തിരിച്ചും..!!
രാവണന്‌ പതിനൊന്നു തലകളുണ്ടായിരുന്നു...!!

ലിഫ്‌റ്റ്‌

അവള്‍ വഴിവക്കില്‍ ഒരു 'ലിഫ്‌റ്റിനു' കാത്തുനില്‌ക്കുകയായിരുന്നു
ഞാന്‍ ഒരു യാത്രക്കാരനും!
എന്റെ കൂടെ പോരുന്നോ..? ഞാന്‍ ചോദിച്ചു
'ഏതാണ്‌ വാഹനം? കാറോ ബൈക്കോ..?'
അവളുടെ അന്വേഷണം.
'രണ്ടുമില്ല നടക്കാന്‍ കൈകോര്‍ത്ത്‌ നടക്കാന്‍..!'
അവള്‍ വന്നു
അവള്‍ എന്റെ ഭാര്യയായി..!!

റഷ്യ

വിപ്ലവാനന്തര റഷ്യയില്‍ ഒരൊറ്റ വേശ്യപോലും
ഇല്ലായിരുന്നത്രേ..! എനിക്കതിശയം എന്തൊരു ബോറന്‍ രാജ്യമായിരുന്നു
അതെന്നോര്‍ത്ത്‌..
വിപ്ലവം വന്നപ്പോള്‍ അവിടുത്തെ വേശ്യകളെല്ലാം
പതിവ്രതകളായിത്തീര്‍ന്നോ...
ആയിരിക്കണം - ആഹാരമുണ്ടെങ്കില്‍ ആരും വേശ്യയാവില്ലത്രേ.
ഭോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വേശ്യയെ
ഞാന്‍ വേശ്യേ എന്നു വിളിച്ചതിന്‌ അവളെന്റെ കവിളത്തടിച്ചു!
അവള്‍ സമ്പന്നയായ ഒരു വേശ്യയായിരുന്നു.
ഒരു പാവപ്പെട്ട വേശ്യയെ ഞാന്‍ വേശ്യേ എന്നുവിളിച്ചപ്പോള്‍
അവളെന്നെ ചുംബിക്കുകയാണ്‌ ചെയ്‌തത്‌.
എനിക്ക്‌ റഷ്യയില്‍ പോകണം
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേശ്യകളുള്ള രാജ്യം
റഷ്യയാണത്രേ.!!

Subscribe Tharjani |
Submitted by yathi (not verified) on Tue, 2007-08-21 15:26.

ഓണാശംസകള്‍.....