തര്‍ജ്ജനി

മറുപക്ഷം

ഭരണകൂടഭീകരതയുടെ കൊലക്കയറുകള്‍

“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”

ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന പ്രശസ്തമായ നോവലിന്റെ പശ്ചാത്തലമിങ്ങനെയാണ്. പക്ഷേ, ഉയര്‍ന്ന സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക ബോധവും സഹജീവിസ്നേഹവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പിന്നോക്കജില്ലയായ വയനാട്ടില്‍ ഈയടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഓര്‍മ്മയിലെത്തിക്കുന്നത് ഗോവര്‍ദ്ധനെയും അദ്ദേഹത്തിനെ കാരാഗൃഹത്തിലടയ്ക്കുന്ന ചൌപട് രാജാവിനെയുമാണ്. ഒരു വ്യത്യാസം മാത്രം! ഇവിടെ ഗോവര്‍ദ്ധന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരിക്കുന്നു. ആദിവാസി സ്ത്രീകളായ ഉഷ, തങ്കമണി, കറുത്ത, വിദ്യാര്‍ത്ഥിയായ ബിന്‍സി, ഗോത്രവര്‍ഗ്ഗസാമൂഹിക പ്രവര്‍ത്തകനായ ചേകാടി മാധവന്‍, അദ്ധ്യാപകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ സദാശിവന്‍ മാഷ്... അങ്ങനെ നീളുന്നു സമകാലിക ചൌപട് രാജാക്കന്മാരുടെ ‘ഉയര്‍ന്ന നീതി ബോധ’ത്തിനു് ഇരയാക്കപ്പെട്ടവരുടെ നിര.

സഹിയാത്ത വിശപ്പും കൌമാരത്തിന്റെ സാഹസികത നിറഞ്ഞ മനസ്സുമാണ് കൂട്ടുകാരനെ ഉന്തിയിട്ട് അവന്റെ അടുക്കളയില്‍ക്കയറി ഇറച്ചിയും ചോറും എടുത്തു കഴിയ്ക്കാന്‍ ബാബുവിനെയും മൂച്ചയെയും പ്രേരിപ്പിച്ചത്. ബിനുവിന്റെ വീട്ടിനടുത്തുള്ള കളിക്കളത്തില്‍ പന്തുകളിച്ച ക്ഷീണത്തിനും കടുത്ത വിശപ്പിനും കുറച്ച് വെള്ളം കുടിച്ച് താത്കാലികാശ്വാസം കാണാമെന്ന് പ്രതീക്ഷയിലാണ് ബാബുവും മൂച്ചയും ബിനുവിന്റെ വീട്ടില്‍ എത്തുന്നത്.

“ഇറച്ചിയ്ക്ക് പകരം കഞ്ഞിയും പയറും ആയാല്‍ പോലും അന്ന് എടുത്ത് കഴിച്ചേനേ.. അന്ന് അത്രയ്ക്കുണ്ടായിരുന്നു വിശപ്പ്. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല, എത്ര വിശന്നാലും.‌“ -- അപ്പീലിനായി ജാമ്യത്തിലിറങ്ങി, കോളനിയിലെ കൂരയ്ക്ക് മുന്നില്‍ സമൂഹത്തില്‍ നിന്നൊറ്റപ്പെട്ട് മൂ‍ന്നു കുട്ടികളെയും ചേര്‍ത്ത് പിടിച്ചിരിക്കുന്ന ബാബു മനസ്താപത്തോടെ പറയുന്നു.

പക്ഷേ പ്രൊഫ: എ. കെ വര്‍ഗ്ഗീസ് എന്ന ‘അഭിവന്ദ്യ’ പുരോഹിതന് പതിനാലു വര്‍ഷത്തിനു ശേഷവും ഒട്ടും മനസ്താപമില്ല! പാപികളോട് മുഴുവന്‍ ക്ഷമിച്ച്, ലോകപാപങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങി, കുരിശിലേറിയ ക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാരനായി ഭാവിക്കുന്ന ഈ വെളുത്ത കുപ്പായക്കാരന്‍ സ്വന്തം മകന്‍ ബിനുവിനെപ്പോലെ ആദിവാസിക്കുട്ടികളായ ബാബുവിനെയും മൂച്ചയെയും കരുതാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ തമ്മിലുണ്ടായ ഒരു ചെറിയ കശപിശ പൊറുത്തുകളയാന്‍ കഴിയുമായിരുന്നില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സമൂഹം കരുതി ബഹുമാനിക്കുന്ന വൈദികന്റെ ഭാഗത്തു നിന്നാണ് ഇത്തരത്തിലൊരു പ്രകടനം! വിദ്യാര്‍ത്ഥികളുടെ തെറ്റ് തിരുത്തി നേര്‍വഴിയ്ക്ക് നടത്തേണ്ടതിനു പകരം, ഇദ്ദേഹം ബാബുവിനും മൂച്ചയ്ക്കും കള്ളന്മാരും പോക്കറ്റടിക്കാരും മുതല്‍ വലിയ കൊള്ളക്കാര്‍ വരെയുള്ള ജയിലിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നത്! എത്ര അനുകരണീയമായ മാതൃക!

ഇര കിട്ടിയ തെരുവു നായ്ക്കളെപ്പോലെയായിരുന്നു പോലീസിന്റെ പ്രവര്‍ത്തനക്ഷമത. പതിനാറ് വയസ്സുകാരന്‍ ആദിവാസിക്കുട്ടി ചെയ്ത നിസ്സാര കുറ്റം എന്നതിനു പകരം സെക്ഷന്‍ 394, സെക്ഷന്‍ 450 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഗൌരവകരമായ കുറ്റങ്ങള്‍ ബാബുവിന്റെയും മൂച്ചയുടെയും മേല്‍‌ചാര്‍ത്തിക്കൊടുത്തു. യാതൊരു അന്വേഷണവുമില്ലാതെ, പതിനാറ് വയസ്സ് ഇരുപത്തിരണ്ട് എന്നാക്കി മാറ്റി, ശോഭരാജ് എന്ന് പേരും ചാര്‍ത്തി പ്രഥമാന്വേഷണ റിപ്പോര്‍ട്ടും തയ്യാറാക്കി അന്നു തന്നെ “ഭീകരകൊള്ളസംഘ“ത്തെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നാട്ടിലിറങ്ങി.

നാട്ടുകാരെയും പോലീസിനെയും കണ്ട് ഭയന്നോടിയ മൂച്ചയെ പിന്നീട് ആരും കണ്ടിട്ടില്ല. ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മൂച്ച പോറ്റമ്മയുടെ സംരക്ഷണയിലായിരുന്നു. ആ അമ്മയ്ക്ക് അവനെക്കുറിച്ച് ഇപ്പോഴും നല്ലത് മാത്രമേ പറയാനുള്ളൂ. മൂച്ച ഇപ്പോള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല.

ബാബുവിനെ പോലീസ് പിടിച്ച് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിലിറങ്ങിയ ബാബു കേസിന്റെ അടുത്ത അവധി ദിവസം ബത്തേരി കോടതിയുടെ മുന്നിലെത്തിയെങ്കിലും ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൌരവം കണക്കിലെടുത്ത് കേസ് മേല്‍‌ക്കോടതിയിലേക്ക് അപ്പോഴേക്കും മാറ്റിയിരുന്നു. ഇതറിയാതെ കോടതിയിലെത്തിയ ബാബു വക്കീലിനെ കണ്ടെത്താന്‍ കഴിയാതെ തിരിച്ചു പോയി. സ്വാഭാവികമായും ജാമ്യം റദ്ദായി. പോലീസിനെ ഭയന്ന് ബാബു പിറന്ന നാടും വീടും വിട്ട് കുടകിലേക്ക് ഓടിപ്പോയി. കാലങ്ങളോളം പാതിരാത്രി വീട്ടിലെത്തി ആദ്യവണ്ടിയ്ക്ക് തിരികെപ്പോകേണ്ടി വരുന്ന അരക്ഷിതാവസ്ഥ. ഇതിനിടയില്‍ വിവാഹവും മൂന്നു കുട്ടികളും. (കുടകില്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയെയാണ് ബാബു ജീവിതപങ്കാളിയാക്കിയത്. ഗോത്രാചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ പോലും നടത്താന്‍ കഴിഞ്ഞില്ല)

ദീര്‍ഘകാലമായി തീര്‍പ്പാകാത്ത കേസുകള്‍ എഴുതിത്തള്ളാന്‍ ഗവണ്മെന്റ് തീരുമാനിച്ച കൂട്ടത്തില്‍ ബാബുവിന്റെകേസും ഉണ്ടായിരുന്നു. (crime no: 239/93). എന്നാല്‍ മുഖ്യസാക്ഷികളായ ബിനുവിന്റെയും ബിനുവിന്റെ വൈദികനായ അച്ഛന്റെയും സഹകരണമില്ലാത്തത് കൊണ്ട് ഇത് നടപ്പിലാക്കാന്‍ പറ്റിയില്ല. ഇവരുടെ അനുവാദത്തിനായി ബത്തേരി ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പലവട്ടം ഇവരെ സമീപിച്ചിരുന്നു. ഇതിനിടയില്‍ പോലീസ് ജാമ്യക്കാരെ ഭീഷണിപ്പെടുത്തി ബാബുവിനെ തന്ത്രപൂര്‍വ്വം കോടതിയില്‍ എത്തിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചയാളെ കോടതി ജയിലിലേക്കും അയച്ചു.

ജയിലില്‍ പോയി ഭര്‍ത്താവിനെ കാണാന്‍ പറ്റുമെന്ന് പോലും അറിയാത്ത ബാബുവിന്റെ ഭാര്യ കറുത്ത ഓരോ പ്രാവശ്യവും കോടതിയില്‍ ഹാജരാകുമ്പോള്‍ കോടതി പരിസരത്തു നിന്നാണ് ബാബുവിനെ കണ്ടിരുന്നത്. ബാബുവിനെ ജയിലില്‍ നിന്നിറക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കറുത്ത മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയകാരെയും ആദിവാസി സംഘടനകളെയും സമീപിച്ചിരുന്നു. എന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നേതാക്കള്‍ക്ക് ഒരു പാവം സ്ത്രീയെ കേള്‍ക്കാന്‍ പോലും സമയമില്ലായിരുന്നു. വയനാട്ടിലെയും കണ്ണൂരിലെയും പാലക്കാട്ടെയും ജയിലുകളില്‍ ജാമ്യമെടുക്കാന്‍ പോലും ആളില്ലാതെ കഴിയുന്ന നിരവധി ആദിവാസികളില്‍ ഒരാളായി പുറം ലോകമറിയാതെ തീരുമായിരുന്നു ബാബുവിന്റെ കഥയും.

സാമൂഹിക നീതിബോധവും മനുഷ്യത്വവും തീര്‍ത്തും വറ്റിപ്പോയിട്ടില്ലാത്ത ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാബുവിന്റെ കഥ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മറ്റും ശ്രദ്ധയില്‍ പെടുന്നത്. ബാബുവിന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ മുഴുവന്‍ പര്‍വ്വതീകരിക്കപ്പെട്ടവയാണ്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ബോധപൂര്‍വ്വം വയസ്സ് തിരുത്തിയതോടെ കുട്ടിയായപ്പോള്‍ ചെയ്ത കുറ്റമെന്ന നിലയില്‍ കിട്ടുമായിരുന്ന നിയമപരമായ ഇളവുകള്‍ നഷ്ടപ്പെടുകയാണുണ്ടായത്. വളരെ വൈകിയാണ് ഈ കേസില്‍ നഗ്നമായ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടതും. പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഫലപ്രദമായി എതിര്‍ക്കപ്പെടാത്തതുകൊണ്ട് കല്‍പ്പറ്റ അതിവേഗകോടതി ബാബുവിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചു. സ്വന്തമായൊരു വക്കീലിനെ വയ്ക്കാന്‍ അറിവോ കഴിവോ ഇല്ലാതിരുന്ന ബാബുവിന് ലീഗല്‍ എയ്ഡ് സെല്ലില്‍ നിന്നാണ് വക്കീലിനെ അനുവദിച്ചത്. ഒന്നും രണ്ടും മൂന്നും സാക്ഷിമൊഴികള്‍ തമ്മിലുള്ള വൈരുദ്ധ്യവും പോലീസിന്റെ മുന്‍‌വിധിയോടെയുള്ള സമീപനവും വയസ്സിന്റെ കാര്യത്തില്‍ കിട്ടാതെ പോയ ആനുകൂല്യവും ചൂണ്ടിക്കാട്ടിക്കൊണ്ട് കല്പറ്റ കോടതിയിലെ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി. പി. യൂസഫ് ഹൈക്കോടതിയെ സമീപിച്ച് ബാബുവിന് അപ്പീല്‍ അനുമതി നേടി. എന്നാല്‍ ജാമ്യക്കാരെ കിട്ടാതെ ബാബു കുറച്ചു ദിവസം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി വിചാരണ കോടതിയോട് എന്തുകൊണ്ട് വയസ് പരിഗണിച്ചില്ല എന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഇപ്പോള്‍.

ആദിവാസി സമര സംഘം എന്ന സംഘടന ഈ വിഷയത്തെ സമീപിച്ചത് തികച്ചും വ്യത്യസ്ഥവും സാഹസികവുമായ രീതിയിലാണ്. പോലീസും നീതിപീഠവും പൊതുസമൂഹവും സൂക്ഷിക്കുന്ന ആദിവാസിവിരുദ്ധ മനോഭാവം ചൂണ്ടിക്കാട്ടിക്കൊണ്ട് വ്യാപകമായ പ്രചരണം കുപ്പാടി കേന്ദ്രീകരിച്ച് നടത്തുകയുണ്ടായി. ബാബുവിനോടും കുടുംബത്തിനോടും ചെയ്ത അനീതിയ്ക്ക് മാപ്പ് പറഞ്ഞ് നഷ്ടപരിഹാ‍രം നല്‍കണമെന്ന് ഫാ. എ. കെ. വര്‍ഗ്ഗീസിനോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ഫാദറിന്റെ വീട്ടിലേക്ക് ജൂണ്‍ പതിനഞ്ചാം തിയ്യതി വെളുപ്പിന് അതിക്രമിച്ചു കയറുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നോട്ടീസ് വിതരണവും നടത്തി. സംഭവസ്ഥലത്തിന്റെ പരിസരത്ത് നിന്ന് എട്ടോളം പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടയില്‍ ബത്തേരി സ്റ്റേഷനിലെ എ. എസ്. ഐ ജോയിയ്ക്ക് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളപ്പാട്ട് കോളനിയിലും വയനാടിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളിലും സംഭവിച്ചത് മുത്തങ്ങ സമരത്തിന്റെ ശേഷമുണ്ടായ ഭീകരദിനങ്ങളുടെ ചെറുപതിപ്പായിരുന്നു. കോളനിയില്‍ നിന്ന് ബാബുവിന്റെ അമ്മാവന്‍ കറുപ്പന്‍, വികലാംഗനായ സഹോദരന്‍ ഗോപാലന്‍, ഭാര്യ കറുത്ത തുടങ്ങിയവരെ രാവിലെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായും പീഡിപ്പിയ്ക്കുന്നതില്‍ പോലീസ് ഒട്ടും മടിച്ചില്ല.

സംഭവത്തിനു ശേഷം ഒരു വശത്ത് പോലീസും നാട്ടുകാരും മറുവശത്ത് ആദിവാസികളും എന്ന നിലയില്‍ സംഭവിച്ച ധ്രുവീകരണം ആര്‍ക്കും അവിടെയ്ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത വിധത്തില്‍ ശക്തമായിരുന്നു. ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് അവിടെയെത്തിയ സാമൂഹിക പ്രവര്‍ത്തകരെ സ്വീകരിച്ചത് ആണുങ്ങള്‍ മുഴുവന്‍ ഒഴിഞ്ഞു പോയ കോളനിയായിരുന്നു. ഇടയ്ക്കിടയ്ക്ക് കോളനിയിലും പരിസരത്തും കയറിയിറങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭയന്ന് സ്ത്രീകളും കുട്ടികളും ഒരുമിച്ച് ഒരു കൂരയില്‍ കഴിയുന്നതായിരുന്നു അവിടുത്തെ അവസ്ഥ. ബാബുവിന്റെ കുടിലില്‍ അമ്മ കമ്പളത്തിയും കുട്ടികളും മാത്രമായിരുന്നു. സഹികെട്ട ആ അമ്മ “എന്നാല്‍ പിന്നെ എന്നെ കൂടിയങ്ങ് കൊണ്ട് പോകൂ” എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ജാമ്യമെടുക്കാനായി കോടതിയിലെത്തിയ ബാബുവിന്റെ ബന്ധുക്കളായ ഉഷ, തങ്കമണി എന്നീ സ്ത്രീകളെ കോടതി പരിസരത്തു നിന്ന് യാതൊരു ജനാധിപത്യ മര്യാദകളുമില്ലാതെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കൂടി അറസ്റ്റിലായതോടു കൂടി മൂന്നു കുട്ടികളും നിരാലംബയായ ഒരു മുത്തശ്ശിയും അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലും ഗതികേടിലുമായി. കുപ്പാടിസംഭവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ കേള്‍വിക്കാരായി പങ്കെടുത്തതാണ് ഇവര്‍ക്കെതിരെ പോലീസ് ഉയര്‍ത്തിക്കാണിക്കുന്ന ഏകതെളിവ്. ഇതിനു മുന്‍പ് കോളനിയില്‍ നിന്നുള്ള അറസ്റ്റുകള്‍ നടക്കുമ്പോഴൊക്കെ അവിടെയുണ്ടായിരുന്നു ഈ സ്ത്രീകളുടെ പേര് പോലീസിന്റെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥ പ്രതികളെ കിട്ടാതായപ്പോള്‍ കിട്ടിയവരെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണ് ബത്തേരി പോലീസ്. ചേകാടി മാധവനും സദാശിവന്‍ മാഷും കുട്ടിയമ്മയും ബിന്‍സിയുമൊക്കെ ഇത്തരത്തില്‍ ഇരയാക്കപ്പെട്ടവരാണ്. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ആര്‍ക്കും ജാമ്യം കിട്ടിയിട്ടില്ല.

നഗരമധ്യത്ത് മദ്യശാല തുടങ്ങാന്‍ വേണ്ടി ക്രിസ്ത്യന്‍ പള്ളിയ്ക്ക് ബോംബ് വച്ച് ദൂരപരിധിയെ മറികടന്ന മുന്‍ റവന്യൂ ഇന്‍‌സ്പെക്ടറും കാരപ്പുഴ പദ്ധതി അഴിമതിയില്‍ കോടികളുടെ അഴിമതി ആരോപിതനുമായ ചന്ദ്രനെന്ന പകല്‍മാന്യന്‍ ജാമ്യം നേടി സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നിടത്ത്, ആദിവാസികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയും ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത മനുഷ്യാവകാശ സാംസ്കാരിക വേദി പ്രസിഡന്റ് സദാശിവന്‍ മാഷെ സമരഗൂഡാലോചനയിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തെന്നതടക്കം നിരവധി കുറ്റങ്ങള്‍ ചാര്‍ത്തി ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുമ്പോള്‍ നീതിപീഠം ചൌപട് രാജാവിനെപ്പോലും ലജ്ജിപ്പിക്കുന്നു!

ദരിദ്രരും നിരാലംബരുമായ ആദിവാസികളെ കോടതി വരാന്തയില്‍ നിന്നു പോലും അറസ്റ്റ് ചെയ്യുകയും അതേ വരാന്തയില്‍ നിന്ന് സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍‌ബലത്തില്‍ കൊലക്കേസ് പ്രതിയും ബത്തേരിയിലെ അറിയപ്പെടുന്ന ക്രിമിനലുമായ ജോസ് പോലീസുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ തയ്യാറാക്കി നിര്‍ത്തിയ കാരില്‍ കയറി പോകുമ്പോള്‍, കപട ജനാധിപത്യത്തിന്റെ ജീര്‍ണ്ണമായ മുഖം പുറത്ത് വന്ന് സാധാരണക്കാരനെ അപഹസിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ മനുഷ്യസ്നേഹികള്‍ക്ക് കഴിയില്ല. ബാബുവിന്റെയും കുട്ടികളുടെയും ജീവിതങ്ങള്‍ നമുക്ക് മുന്നിലുയര്‍ത്തുന്ന ഒരു പിടി ചോദ്യങ്ങള്‍ക്ക് ഉത്തരം കേരളസമൂഹം കണ്ടെത്തിയേ മതിയാകൂ. ആദിവാസി വികസനത്തിനായി കോടിക്കണക്കിനു രൂപ വര്‍ഷം തോറും ചെലവഴിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടൊരു ആദിവാസിക്കുട്ടി ഭക്ഷണം മോഷ്ടിച്ചു കഴിക്കേണ്ടി വരുന്നു? ഇവിടെയാണ് ഭരണസമ്പ്രദായത്തിന്റെ ദൌര്‍ബല്യങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിന്റെ സ്വാര്‍ത്ഥതാല്പര്യങ്ങളും വിജയിക്കുന്ന കാഴ്ച നമ്മെ ഞെട്ടിപ്പിക്കുന്നത്. “എന്തൊക്കെ സൌജന്യമായി കൊടുത്താലും വിറ്റും മദ്യപിച്ചും നാശമാക്കിക്കളയും ഇവറ്റകള്‍” എന്ന് ആദിവാസികളെക്കുറിച്ച് ഒരു പൊതുധാരണയും അഭിപ്രായ രൂപീകരണവും ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്ത്, സ്വന്തം ചെയ്തികളെ ഇവര്‍ വെള്ളപൂശുകയും സമര്‍ത്ഥമായി ന്യായീകരിക്കുകയും ചെയ്യും.

സമ്പന്നമായൊരു പൈതൃകവും കാര്യവിചാരവും ഉയര്‍ന്ന ധാര്‍മ്മിക ബോധവും ഉണ്ടായിരുന്ന ഒരുജനതയെ മദ്യപാനിയും കള്ളനുമാക്കി വംശനാശത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്കാര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ദീര്‍ഘവീക്ഷണത്തോടെ ഉത്പാദനക്ഷമമായ ക്ഷേമപദ്ധതികള്‍ വിഭാവന ചെയ്ത് നടപ്പിലാക്കാന്‍ നാളിതുവരെയുള്ള ഭരണകൂടങ്ങളൊന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും തന്നെ നടത്തിയിട്ടുമില്ല. കാടിനുള്ളിലെ സ‌മൃദ്ധമായ വിഭവങ്ങള്‍ക്ക് നടുവിലും പരിമിതമായി മാത്രം കാടിനെ ഉപയോഗിച്ച് സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിച്ചിരുന്നവരെ നിയമം വഴി പുറത്താക്കി, കാട്ടിലും നാട്ടിലുമില്ലാതെ പുഴയിറമ്പിലും റോഡ് വക്കിലും അഭയാര്‍ത്ഥികളാക്കുകയാണ് നാം ചെയ്തത്.

ജാതിമതരാഷ്ട്രീയ വേര്‍തിരിവുകളെ മാറ്റിവച്ചുകൊണ്ട് ഏകമനസ്സോട് കൂടിയൊരു മുന്നേറ്റത്തിലൂടെ മാത്രമേ ഈ ദുഷിച്ച വ്യവസ്ഥിതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാന്‍ വരും തലമുറയ്ക്കെങ്കിലും കഴിയൂ. നിരന്തരമായ തിരുത്തലുകളിലൂടെ മാത്രമേ ഇപ്പോഴുള്ള ജനാധിപത്യനീതിന്യായവ്യവസ്ഥകളുടെ മനുഷ്യത്വരഹിതവും വിവേചനപൂര്‍ണ്ണവുമായ മുഖത്തെ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ അധഃകൃതന്റെയും ദരിദ്രന്റെയും പ്രശ്നങ്ങളില്‍ ഭരണകൂടസംവിധാനങ്ങള്‍ പ്രകടിപ്പിക്കുന്ന ചിറ്റമ്മ നയങ്ങളില്‍ ഇടപെട്ട് ചെറുത്ത് തോല്‍പ്പിക്കുമ്പോഴാണ് മനുഷ്യാവകാശ സംഘടനകളുടെ പ്രസക്തിയും ദൌത്യവും പൂര്‍ണ്ണമകുന്നതും.

വൈകിയാല്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മളില്‍ ആരു വേണമെങ്കിലും ‘ഗോവര്‍ദ്ധന’നാകാം. ഭരണകൂടഭീകരതയുടെ കൊലക്കയറുകള്‍ ഏതുനിമിഷവും നിങ്ങളുടെ കഴുത്തിനു പാകമാകാം. ഏതെങ്കിലുമൊരു വ്യാജ ഏറ്റുമുട്ടലില്‍ നിങ്ങളെയും അവസാനിപ്പിച്ചേക്കാം. കാരണം ഈ ഹൈടെക് യുഗത്തിലും നമ്മളെ നയിക്കുന്നവര്‍ ചൌപട് രാജാവിനെപ്പോലും ലജ്ജിപ്പിക്കുന്ന നീതിബോധത്തിന്റെ ഉടമകളാണ്!!

അനിത. ഇ. എ.
ഡോ. ഹരി പി. ജി.

(കുപ്പാടി സംഭവം ജനകീയ അന്വേഷണ കമ്മീഷന്‍ അംഗങ്ങളും വയനാട് മനുഷ്യാവകാശ സാംസ്കാരികവേദി പ്രവര്‍ത്തകരുമാണ് ലേഖകര്‍)

Subscribe Tharjani |