തര്‍ജ്ജനി

ഒരു സ്മാര്‍ട്ട്സിറ്റി മാത്രം മതിയോ?

മുക്കിനും മൂലയ്ക്കുമെല്ലം തുടങ്ങിയ സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജുകളിലൂടെ ഉന്നത വിദ്യാഭ്യാസമേഖല വിപുലപ്പെടുത്തിയപ്പോള്‍ മനസ്സിലുണ്ടായ ഒരു ആശങ്ക പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ ഭാവിയെക്കുറിച്ചായിരുന്നു. പച്ചപിടിയ്ക്കാതെ പോയൊരു ടെക്നോപാര്‍ക്ക്‌ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്‌. എഞ്ചിനീയറിംഗ്‌ കോളേജുകള്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ വ്യവസായങ്ങളും തുടങ്ങിയില്ലെങ്കില്‍ ഈ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലിയും ജീവിതവും തേടിപ്പോകേണ്ടി വരുമെന്ന്‌ ആരും അപകടമണി മുഴക്കുകയും ചെയ്തില്ല. ഉത്സവത്തിന്‌ നെറ്റിപ്പട്ടം കെട്ടിയെഴുന്നെള്ളിക്കുന്ന ആനകളെപ്പോലെയാണ്‌ പ്രവാസികള്‍ നമ്മുടെ സാമൂഹിക ചുറ്റുപാടുകളില്‍ ജീവിക്കുന്നത്‌. ഇതൊരു നഷ്ടക്കച്ചവടമാണെന്നു പോലും ആരും മനസ്സിലാക്കുന്നില്ല. ഇനിയെത്ര കാലം മറ്റുള്ള വാതിലുകളില്‍ മുട്ടി ജോലി തെണ്ടും? ഇപ്പോഴിതാ, വൈകിയാണെങ്കിലും, ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി ഒരു ചെറിയ പ്രതീക്ഷ തരുന്നുണ്ട്‌. പഠിച്ചിറങ്ങുന്നതില്‍ കുറച്ചു പേര്‍ക്കും തിരിച്ചു വരാനാഗ്രഹിക്കുന്നവര്‍ക്കും ഇതൊരു പച്ചത്തുരുത്താണെന്നത്‌ പ്രതിപക്ഷനേതാവിനു പോലും നിഷേധിയ്ക്കാനാവില്ല. അഴിമതിയാരോപണങ്ങള്‍ മാത്രം രാവിലെയും ഉച്ചയ്ക്കും രാത്രിയും വിളമ്പി ജീവിയ്ക്കാനാവില്ലെന്ന്‌ എന്നാണ്‌ നമ്മുടെ നേതാക്കന്മാര്‍ മനസ്സിലാക്കുക?

ഇനി ഒരു ഇന്റര്‍നെറ്റ്‌ സിറ്റി മാത്രം മതിയോ? കേരളത്തിലെ എഞ്ചിനീയറിംഗ്‌ ബിരുദ്ധാരികളില്‍, അതും ഇലക്ട്രോണിക്സും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടുള്ള, ഇന്റര്‍നെറ്റ്‌ സിറ്റികളില്‍ ജോലിലഭിയ്ക്കാന്‍ ഏറ്റവും സാധ്യതയുള്ള എത്ര പേരുണ്ടാകും? അതിനേക്കാള്‍ എത്രയോ അധികം ബിരുദധാരികള്‍ മറ്റുള്ള വിദ്യാഭ്യാസമേഖലകളില്‍ നിന്ന്‌ പുറത്തിറങ്ങുന്നുണ്ട്‌. അവരെന്തു ചെയ്യണം? വ്യവസായ മേഖലയും വിദ്യാഭ്യാസ മേഖലയും തമ്മിലൊരു ബന്ധമുണ്ടാവണം. അത്‌ വിദ്യാഭാസക്കച്ചവടത്തിനുള്ള ബന്ധം മാത്രമാകരുത്‌. വ്യാവസായിക മേഖലയ്ക്ക്‌ ആവശ്യമായ തോതില്‍ മാനവശേഷി വികസനം സാധ്യമാകാത്തിടത്തോളം കാലം കുറേയധികം സ്വാശ്രയ കോളേജുകളും സ്മാര്‍ട്ട്‌ സിറ്റികളും ഉണ്ടാക്കുന്നതില്‍ കേരളത്തിന്‌ പ്രയോജനപ്രദമായതൊന്നുമില്ല. കയറ്റുമതിയ്ക്കായി മാത്രം വിദ്യ അഭ്യസിപ്പിക്കുന്നത്‌ ഇനിയെങ്കിലും മതിയാക്കണമെന്ന് തോന്നുന്നില്ലേ?

ചിന്ത.കോം പ്രവര്‍ത്തകര്‍